Image

ഞാനതിൽ രസികനേകൻ (കവിതകൾ) - ഡോ. സുകുമാർ കാനഡ (പുസ്തക പരിചയം – 49 : ബാജി ഓടംവേലി, ഡാലസ്)

Published on 08 November, 2026
ഞാനതിൽ രസികനേകൻ (കവിതകൾ) - ഡോ. സുകുമാർ കാനഡ (പുസ്തക പരിചയം – 49 : ബാജി ഓടംവേലി, ഡാലസ്)

കഴിഞ്ഞ മുപ്പത്തിയാറ് വർഷമായി കാനഡയിലുള്ള, പേരിൽ തന്നെ കാനഡയുള്ള എഴുത്തുകാരൻ ഡോ. സുകുമാർ കാനഡയുടെ കവിതകളുടെയും ഭാവഗീതങ്ങളുടെയും ലളിതഗാനങ്ങളുടെയും സമാഹാരമാണിത്.

ഏതു കവിതയുടെയും ആദ്യ ആസ്വാദകൻ കവി തന്നെയാണ്. കവിത എഴുതുമ്പോൾ, അത് താളാത്മകമായി മനസ്സിൽ രൂപം കൊള്ളുമ്പോൾ എഴുതുന്ന കവി അത് സ്വയം നന്നായി ആസ്വദിക്കാറുണ്ട്. കവി ആസ്വദിച്ചെഴുതിയ ആസ്വാദന തലത്തിലേക്കെത്താൻ ഓരോ വായനക്കാരനും നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കണം. വായനക്കാരനും കവിയും ഒരേ തലത്തിലെത്തുമ്പോൾ ആ കവിത വായനക്കാരന് പൂർണ്ണ അർത്ഥത്തിൽ ആസ്വദിക്കാനാവും. 
'മധുരമൽപ്പം ചവർപ്പും പുളിയുമി,
ത്തിരി കൈപ്പുമാവട്ടെ.
നമ്മിലിഴചേരുന്ന നിത്യജീവിത
ക്കാഴ്ച്ചതന്നുപ്പാവട്ടെ,
കണ്ണുനീരിറ്റുന്ന നീറ്റമാവട്ടെ, നാം
നെഞ്ചേറ്റും തണുപ്പാവട്ടെ,
സൂര്യനു കീഴിലെന്തിനേയും തുറന്നു
പാടിപ്പരത്താനാഞ്ഞടിക്കുന്ന
കാറ്റാവട്ടെ....'  
എന്ന വിചാരത്തിൽ തന്നെയാണ് കവി വിതയ്‌ക്കുന്നത് എന്ന് ആമുഖ കവിതയായ 'കവിയാണിതിന്നാദ്യരസികൻ' എന്ന കവിതയിൽ കവി സാക്ഷ്യപ്പെടുത്തുന്നു.

'എഴുത്തിൻ്റെ അച്ഛൻ' എന്ന കവിതയിൽ വിവേചനങ്ങൾക്ക് എതിരായ പ്രതികരണം സാമൂഹ്യമാറ്റത്തിന് നാന്ദികൂറിക്കുന്ന കാവ്യങ്ങളാകുന്ന അസുലഭ വിപ്ളവമാണ് എഴുത്തശ്ശനിലൂടെ നാം കാണുന്നത്. വർണ്ണത്തിമിരം എഴുത്താണികൊണ്ട് നീക്കിയ എഴുത്തച്ഛൻ, എഴുത്തിൻ്റെ അച്ഛനാവുന്നത് അക്ഷരവിപ്ളവത്തിലൂടെ അക്ഷരാതീതത്തിൻ്റെ പൊരുൾകാണിച്ചു തരുന്നതിലൂടെയാണ്.
'നൂറിൻ്റെ നിറവിലൊരു പുഞ്ചിരിപ്പൂവുമായ്
നിൽക്കുന്നു കൈകൂപ്പി നല്ലിടയൻ....' 
എന്ന് തുടങ്ങുന്ന 'തിരുമേനിയിൽ തെളിഞ്ഞ ദീപപ്രഭ' എന്ന കവിതയിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനി നൂറു വയസ്സ് പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തിൻ്റെ ജീവിതവും സൗഹൃദവും ദർശനവും നർമ്മ സംഭാഷണങ്ങളും അനുസ്മരിച്ചിരിക്കുന്നു. 
'ആത്മീയ സായൂജ്യ സംപൂജ്യ ജീവിതം
സാർത്ഥകം സഫലമാം പുണ്യജന്മം.' 
എന്ന് പാടി മനോഹരമായി അവസാനിപ്പിച്ചിരിക്കുന്നു.
2016 ജനുവരിയിലെ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ഓ.എൻ.വി യുടെ അവസാന നാളുകളിലെ കവിതയായ "അഹം" വായിച്ചുറക്കുടിയ ദുഃഖം പകരാൻ ശ്രമിക്കുന്ന കവിതയാണ് 'മഹാകവി ഓഎൻവി യുടെ അഹം'.  
'അഹമെന്ന വാക്കിനെ വെറുക്കുന്നു' നീയെന്ന-
സന്നിദ്ധമായിപ്പറഞ്ഞതുമുൺമയോ?
ഏറെ അശ്ളീലമാണഹം എന്നു നീ പാടിയതു-
മറിവിൻ്റെയുറവകൾ വറ്റി വരണ്ടപ്പഴോ?
എന്തിന്നഹമെന്ന വാക്കിനെ വെറുത്തു നീ
അഹമില്ലയെങ്കിലീ നീയില്ല ഞാനില്ല
എന്നഹം നിന്നഹമാണെന്നൊരറിവുള്ളിൽ
അറിയാതെയെങ്കിലും ഉണരാതിരിക്കുവാൻ
അവസാന നിദ്രതൻ മുൻപ് നിൽ തൂലികയിൽ
വെറുപ്പിൻ്റെ കാർമഷി പടർത്തിയതല്ലയോ'
എന്ന അനേകം അരാധകരിൽ ഒരാളായ എഴുത്തുകാരൻ്റെ സ്വകാര്യ നോവിൻ്റെ നേർക്കാഴ്ച വായനക്കാരെയും സ്പർശിക്കുകയും ഈറനണിയിക്കുകയും ചെയ്യും. 
'നീ തന്നെയെഴുതി മായ്ച്ചു വീണ്ടും വീണ്ടും മെഴുതും
തീരാമഹാകാവ്യം മാത്രമീ പുസ്തകത്താൾകളിൽ
മന്വന്തരങ്ങളായി നിൻ കാവ്യമതു തുടരുന്നു.
ക്രാന്തദർശിയായ്, കവിയായ്, വേദാന്തിയായ്,
ഗുണവാനായ്, ഗുണാതീതൻ, നിദ്രയാണ്ടിരിക്കുന്നു
അക്ഷരത്തിനു മേലെ അക്ഷരാതീതത്തിനും
പൊരുളായി നിന്നിലലിവു, മറിവു, മുറയ്ക്കുന്നു.
എന്ന് പാടുന്ന 'ഞാനതിൽ രസികനേകൻ' എന്ന കവിതയിൽ നിസ്സംഗനായി ജീവിതത്തെ നോക്കിനിൽക്കുന്ന ദാർശനിക ചിന്ത കാണാം.
'കാലദേശാവധിഭ്യാം നിർമുക്തനായ' ഭഗവാനെ അറിഞ്ഞാൽ ആ ഭഗവാനോട് താദാത്മ്യം പ്രാപിച്ചാൽ നമ്മുടെ നിത്യ പ്രവാസം തീരും എന്ന് 'പ്രവാസം' എന്ന കവിതയിൽ മനോഹരവും അർത്ഥഗർഭവുമായി പറഞ്ഞിരിക്കുന്നു.
'അങ്ങു ജീവിച്ചു കാണിച്ചതാം നേരറിവിൻ്റെ
നേരിയ പാതയിലേകനായൊരു യാത്ര...
പോകും വഴിയിലെനിക്കു പാഥേയം ആ
പാവനഗ്രന്ഥമാം പവിത്രജന്മം' 
എന്ന് പാടുന്ന 'മർത്ത്യസാദ്ധ്യതകൾ' എന്ന കവിതയിൽ കരിങ്കൽ ഭിത്തികളാൽ അലങ്കരിച്ച പള്ളി, ആളനക്കമില്ലാത്ത ദേവാലയത്തിനുള്ളിൽ ചില്ലുജാലകത്തിലൂടെ കടന്നു വരുന്ന സൂര്യപ്രഭയിൽ ക്രിസ്തുദേവൻ്റെ ജീവിതയാത്ര ഓരോരോ ഘട്ടങ്ങളായി തെളിഞ്ഞുണരുന്നു. 


'കണ്ണനെ കാണുമ്പോളെന്തു തോന്നി?
കായാമ്പൂവിതളെന്നു തോന്നി
മായാമയനാം കണ്ണനെ കണ്ടപ്പോൾ
കരിമുകിലെന്തോ കുറുമ്പു ചൊല്ലി'
എന്ന് തുടങ്ങുന്ന 'കണ്ണനെ കാണുമ്പോൾ' എന്ന കവിത ഗുരുവായൂരപ്പനെപ്പറ്റിയാണ്. കൃഷ്ണപ്രേമികൾക്ക് ഇതുവായിക്കുമ്പോഴുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല.
 "കണ്ണനെ കാണാഞ്ഞിട്ടെന്തു തോന്നി?
ഒന്നുമേ തോന്നാനില്ലെന്നു തോന്നി
മായക്കണ്ണനെൻ കൺമുന്നിലില്ലെങ്കിൽ
ഞാനില്ല.., ജീവിതരംഗമില്ല"
എന്നു പറഞ്ഞാണ് ഈ കവിത അവസാനിപ്പിച്ചിരിക്കുന്നത്. ഏകാദശിനാൾ, കണ്ണാടി, വാതാലയേശൻ്റെ വാതിൽക്കൽ, എന്നു തുടങ്ങി നിരവധി കവിതകൾ ഗുരുവായൂരപ്പനെപ്പറ്റി ഭക്തിയുടെ നിറവിൽ പാടിയിരിക്കുന്നവയാണ്. 
'കുഞ്ഞിനെ താരാട്ടു പാടിയുറക്കിയപോൽ
നിർവൃതിയടയുന്ന സേവകൻ
അമ്മ ചൊരിയുമ്പോൽ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയ താതൻ'
എന്നു പാടുന്ന ' അയ്യപ്പതൃപ്പാദ പങ്കജപൂജ' എന്ന കവിത അയ്യപ്പസ്വാമിയുടെ മേൽശാന്തിയാവാൻ അവസരം കിട്ടുന്ന പുറപ്പെടാ ശാന്തിയെക്കുറിച്ചാണ്. അദ്ദേഹത്തിന് അയ്യപ്പൻ തൻ്റെ പ്രിയപുത്രനെന്ന പോലെ സത്യമായും, പൊന്നു പതിനെട്ടാം പടിയിൽ വാണരുളുന്ന, കണ്മുന്നിൽ ദിവസവും കണികാണുന്ന പ്രത്യക്ഷ ദൈവതമാണ്. അതിരാവിലെ ശ്രീകോവിൽ തുറക്കുന്നതു മുതൽ വൈകുന്നേരം അയ്യപ്പനെ ഉറക്കി നടയടച്ച് ഹരിവരാസനം പാടി പടിയിറങ്ങി മടങ്ങി പോകുന്നതുവരെയുള്ള സഗുണോപാസന മേൽശാന്തിയ്ക്ക് കൈവല്യമാണ്. മുജ്ജമ്മ സുകൃതമാണ്.  
കവിതകളിൽ, സ്വാമി വിവേകാനന്ദനേയും ചിന്മയാനന്ദ സ്വാമിയേയും മാതാ അമൃതാനന്ദമയിയേയും എല്ലാം ബഹുമാനപൂർവ്വം സ്മരിച്ചിട്ടുണ്ട്. ചാറ്റൽ മഴയുടെ നനവ്, തെങ്ങ് തിങ്ങി നിറഞ്ഞ നാട്, പിറന്ന വീടിൻ്റെ ഉമ്മറക്കാഴ്ചകൾ, പൂമണം തുടങ്ങിയ കവിതകളിലെ പുഞ്ചപ്പാടങ്ങളും തോരാത്ത മഴയും മറ്റും നമ്മിൽ ഗൃഹാതുരത്വം ഉണർത്തും എന്നതിൽ സംശയമില്ല. ആർദ്രം എന്ന കൊച്ചു കവിത നമ്മുടെ ഹൃദയത്തെ ആർദ്രമാക്കുന്നു.


മലയാണ്മ, മലയാളമേ മലയാളമേ, മധുരം മധുരം മലയാളം, മാർകുഴി പോലൊരു മധു വസന്തം, വെണ്ണയല്ലേ ഉണ്ണിക്കണ്ണനല്ലേ, തിരുസന്നിധാനം, അകത്തിരുന്നാരോ ശരണം വിളിക്കുന്നു, കലിയുഗവരദാ, കനിവോലും മിഴി തുടങ്ങിയ ഭാവഗീതങ്ങളും ലളിതഗാനങ്ങളും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്.
പറയാതറിഞ്ഞു നീ.., പാതിയായെൻ പരിഭവം, ഞാനും നീയും, പ്രണയനിലാക്കുളിർ, നന്ദനോദ്യാനം തുടങ്ങിയ ഗസലുകളും നിരവധി നുറുങ്ങുകളും ഈ പുസ്തകത്തിലുണ്ട്.
ഒരു കവി സഞ്ചരിക്കുന്ന വഴികളിലെല്ലാം പുഷ്പദളങ്ങൾ ദർശിക്കാനാവുക അപൂർവ്വമാണ്. എന്തെന്നാൽ കൂരിരുട്ടിൻ്റെ രാത്രികൾ അയാൾക്കായി / അവൾക്കായി കാത്തിരിക്കുന്നുണ്ടാവും. സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ കെട്ടു പിണയുന്ന നേരത്ത് ബാഹ്യാഢംബരങ്ങളൊഴിഞ്ഞ്, തന്നെ ഏതൊരുവനും അറിയുന്ന പൊലെതന്നെ കവിയും അറിയുന്നുണ്ട്. പക്ഷേ ഈ അറിവുകൾ തമ്മിൽ വ്യത്യാസമുണ്ട്. അമൂർത്തതലത്തിൻ്റെ പ്രജ്ഞയിലാണ് കവി അത് തിരിച്ചറിയുന്നതെന്നതിനാൽ കവിയിലെ സാധാരണക്കാരനവിടെ ഒഴിവാക്കപ്പെടുകയും, വിശ്വചേതനയുമായി സാത്മ്യം പ്രാപിക്കുകയുമാണ് ഒരു കവി പ്രാഥമികമായി ചെയ്യുന്നത്. ചെയ്യുകയെന്നു പറഞ്ഞാൽ സാധ്യാമാകാത്തവിധം ഒരു ലയനമാണവിടെ സംഭവിക്കുന്നത്. അത്തരം ഒരു ലയം ഈ കവിതകളുടെ ആന്തരശോഭയായി വർത്തിക്കുന്നു എന്ന് ആമുഖക്കുറിപ്പിൽ ശ്രീ. കാവാലം അനിൽ പറഞ്ഞിരിക്കുന്നു.
അമേരിക്കയിലെ ഫ്ളോറിഡയിലുള്ള എഴുത്തുകാരി ശ്രീമതി. സാവിത്രി പുറം ആണ് അവതാരിക എഴുതിയിരിക്കുന്നത്. 'കാവ്യവൃക്ഷത്തിലൊരു കുയിൽ പാടുമ്പോൾ' എന്ന പേരിൽ എഴുത്തുകാരനും കാവ്യ സാഹിതിയുടെ പ്രസിഡൻ്റും കുരുക്ഷേത്ര ബുക്സിൻ്റെ എഡിറ്ററുമായ ശ്രീ. കാവാലം അനിലിൻ്റെ ആമുഖക്കുറിപ്പും കൂടെ ചേർത്തിട്ടുണ്ട്. ആലടീയം ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 158 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ വില 365 രൂപയാണ്.

ഡോ. സുകുമാർ കാനഡ

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശിയാണ്. ആത്മീയ വിഷയങ്ങളെപ്പറ്റി ധാരാളം എഴുതിയിട്ടുള്ള ആലടി എ. പി. നായരുടെ മകനാണ്. മുത്തച്ഛൻ വിദ്വാൻ വട്ടോളി കൊച്ചുകൃഷ്ണൻ നായർ അറിയപ്പെടുന്ന ഭക്തകവിയായിരുന്നു. 
കോഴിക്കോട് ആറീസിയിൽ അധ്യാപകനായിരുന്നു. കാനഡയിൽ ഒരു കമ്പനിയിൽ ചീഫ് എൻജിനീയർ ആയി ജോലി ചെയ്യുന്നു.
ഭാഗവതം നിത്യപാരായണം, ശ്രീമദ് ദേവി ഭാഗവതം നിത്യപാരായണം, യോഗവാസിഷ്ഠം നിത്യപാരായണം 1 & 2, ഞാനതിൻ രസികനേകൻ (കവിത), ശരണ കീർത്തനങ്ങൾ, സൗന്ദര്യലഹരി ലളിതപാഠം, മണ്ഡലം മനോഭിരാമം, നചികേതസ് - ഉള്ളുണർവ്വിൻ്റെ നിതാന്തസാന്നിദ്ധ്യം, സനാതനം - ബഹുസ്വരം (ലേഖനം), മോക്ഷമുഗലദാ (കഥ), ആൽമരത്തിന്റെ രഹസ്യം - തത് ത്വം അസി, ഭക്തിഭാവഗാനങ്ങൾ, ഭാഷാ നാരായണീയം, കൈലാസ ദർശനം (യാത്രാ വിവരണം) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമകാലീന പ്രസിദ്ധീകരണങ്ങളിൽ ലേഖനവും കഥയും കവിതയും യാത്രാവിവരണവും ഫോട്ടോ ഫീച്ചറും എഴുതാറുണ്ട്. 
Bhagavad Gita 108 Notes, Mandalam Musings, Moonnaamoozham - Droupadi, The Third Avatar, Soundaryalahari - Simplified meanings, Ramayana in 30 Days - Prose, Hindu temples - ISO 9000, Narayanaeeyam - The Divine Nectar of Solace, English poetic and prose translation, Chithra Ramayanam, Kailsa Darshan എന്നീ പുസ്തകങ്ങൾ ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ Amazon.com , Pothi.com എന്നിവിടങ്ങളിൽ ലഭ്യമാണ്. Moonnaamoozham - Droupadi, the third avatar എന്ന പുസ്തകത്തിനാണ് മികച്ച പരിഭാഷയ്ക്കുള്ള ഫൊക്കാനയുടെ അവാർഡ് ലഭിച്ചത്. 
1990 മുതൽ കാനഡയിലെ വാൻകൂറിൽ കുടുംബ സമേതം താമസിക്കുന്നു. 
ഭാര്യ :- ബിന്ദു, മക്കൾ :- ആദിത്യ, അച്യുത
ഇമെയിൽ :- sukumarcanada@gmail.com

--

ഇന്നു പ്രഖ്യാപിച്ച (11/07/2026) മികച്ച കഥയ്‌ക്കുള്ള പതിമൂന്നാമത് സംസ്‌കൃതി ഖത്തർ - സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ഡോ. സുകുമാർ കാനഡയ്ക്കാണ്. 'മാനസിയുടെ നോവലുകൾ' എന്ന കഥയ്‌ക്കാണ് പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയും പ്രശസ്തി ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 
 

Join WhatsApp News
Jayan varghese 2026-11-08 12:41:17
ഇരുത്തം വന്ന ഒരു നിരൂപകന്റെ നിലയിലേക്ക് ശ്രീ ബാജി ഓടംവേലീ വളരുന്നത്‌ അഭിമാനത്തോടെയും ആനന്ദത്തോടെയും തിരിച്ചറിയുന്നു. അതിലുപരി പസഫിക്കിന്റെയും അറ്റ്ലാന്റിക്കിന്റെയും ഈ സംഗമ തീരത്ത് ഇത്രമേൽ സാഹിത്യ സപര്യ നടത്തിയ ഒരു മലയാളി മനുഷ്യൻ ജീവിച്ചിരിക്കുന്നു എന്ന അറിവിൽ അകത്തു തിളയ്ക്കുന്ന അഭിമാനത്തിന്റെ ആഴക്കടൽ ! അമേരിക്കൻ മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്താവുന്ന പ്രതിഭാശാലികളായി ഡോ. സുകുമാറും ശ്രീ ബാജിയും നിറഞ്ഞു നിൽക്കുന്നു- രണ്ടുപേർക്കും അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക