Image

ഇത് ദീപാവലിയാണ് (രമാ പിഷാരടി)

Published on 08 November, 2026
ഇത് ദീപാവലിയാണ് (രമാ പിഷാരടി)

ഇത് മൺചെരാതിൻ്റെ

ദീപദീപാവലി

മഴയത്ത് മൗനം കുടിച്ചിരിക്കും

ഗ്രാമകഥകൾക്ക് മഞ്ഞിൻ്റെ

തരി വീണ കനലിന്

കലഹകാലത്തിൻ്റെ

ഗോത്രങ്ങളിൽ നിന്ന്

തിരികെ വന്നെത്തുന്ന

കടലിൻ്റെ പാട്ടിന്

കനവൊന്ന് തൊട്ടാൽ

ചിരിക്കുന്ന പൂവിന്

മധുരക്കരിമ്പിൻ്റെ

ബാല്യകാലത്തിന്

നിരതെറ്റിയവിടവിടെ

പൂത്തിരിക്കുലകൾക്ക്\

തിരിയുന്ന തിരിയുന്ന

ചക്രവേഗങ്ങൾക്ക്

മയിലാഞ്ചിമണമുള്ള

സായാഹ്നവെയിലിന്

പൊടിയുന്ന പൂക്കുന്ന

മിന്നലിൻ തിരികൾക്ക്

ജനലഴികളുമ്മവയ്ക്കും

ശതാവരികൾക്ക്

നിഴലും വെളിച്ചവും

തൂവുന്ന രാവിന്

അതിർ രേഖ

ലംഘിച്ചകത്തേക്ക്

ദശമുഖർ വരുമെന്നറിഞ്ഞ

രാമായണക്കഥകൾക്ക്

ജപധ്യാനമന്ത്രം

മറന്ന യുദ്ധങ്ങൾക്ക്

ഇരുളിൻ്റെ മീതെ

പറക്കുന്ന പക്ഷിക്ക്

ചിറകറ്റു വീഴും പ്രതീക്ഷക്ക്

തെളിനീരിനുറവയ്ക്ക്

തെരുവിൻ്റെ മക്കൾക്ക്

ഇടവിട്ട് ഭൂമിയുടെ

വെള്ളോട്ടുമണികളിൽ

വരികൾ കുറിയ്ക്കുന്ന

കാറ്റിൻ്റെ ഗസലിന്

ഇത് മഴക്കാറിൽ

തെളിഞ്ഞ ദീപാവലി

 

മലമുകലിലെങ്ങോ

കറുപ്പാർന്നമാവാസിയിരുൾ

വീണ് മങ്ങുന്ന

മിഴിയിലെ വിളക്കിന്

കവിതയ്ക്ക് മീതേ പറന്ന

കാലാളിൻ്റെ  മുഖമുള്ള

കാലപ്പെരുക്കക്കണക്കിന്

വഴിയിൽ വിരിഞ്ഞ പൂവരശ്ശിൻ്റെ പൂവിന്.

കടവിൽ വിരിഞ്ഞൊരാമ്പൽപ്പൂവിനിതളിന്

പഴയചങ്ങാടം തുഴഞ്ഞ് പോകും

ആറ്റുമണമുള്ള വഞ്ചിക്ക്

കനകാംബരം നട്ട

മണ്ണിൻ്റെ കനലിന്

മനസ്സിലായ് തുള്ളിയാടുന്ന

തോറ്റങ്ങൾക്ക്

മരവിച്ച് നിൽക്കുന്ന

മാനത്തുകണ്ണിയ്ക്ക്

വെളിപാട് കാലം കടന്നുപോകും

വെള്ളിമുനവാളുമായ് വരും

കോമരപ്പിറവിക്ക്

തിരുമുറിവിലിറ്റുന്ന

ഭീതിയുടെ കലകൾക്ക്

നിരയൊത്ത് പോകും

ഉറുമ്പിൻ്റെ കഥകൾക്ക്

സ്മൃതികൾക്ക് ഭൂതകാലത്തിൻ്റെ

ചിമിഴിലായ് വെറുതെ

കിടന്നുറങ്ങീടുന്ന  വരികൾക്ക്

ഇതിഹാസകാവ്യം  പകുത്ത് പോകും

കടൽത്തിരകൾക്ക്

രാമേശ്വരത്തിലെ മണലിന്

ധ്രുവതാരകത്തിൻ്റെ സങ്കീർത്തനം പോലെ

കവിതയ്ക്ക് ശംഖ് തൊട്ടുണരരും കടൽപോലെ

മഴയിൽ തിളങ്ങുന്നു മൺചിരാതരികിലായ്

മണലിലായ് അമ്മയന്നെഴുതിച്ചൊരക്ഷരം

അരികിലെ ഭൂമിയ്ക്കെഴുത്തിൻ്റെ ദീപങ്ങൾ

അവിടെയുണ്ടെന്നുമാ ദീപദീപാവലി
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക