
അരിസോണയിൽ ചരിത്രമെഴുതി ഇന്ത്യൻ അമേരിക്കൻ ആദ്യമായി സ്റ്റേറ്റ് സെനറ്റ് പ്രസിഡന്റാവുന്നു. 60 വർഷത്തിനു ശേഷം ഡെമോക്രാറ്റുകൾ സഭ തിരിച്ചു പിടിച്ചപ്പോൾ പ്രിയാ സുന്ദരേശനെ പാർട്ടി ആ ചുമതല ഏൽപിച്ചു.
എം ഐ ടി പശ്ചാത്തലമുള്ള എൻജിനിയറായ പ്രിയ യൂണിവേഴ്സിറ്റി ഓഫ് അരിസോണയിൽ നിയമം പഠിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റ കുടുംബത്തിൽ ടക്‌സണിൽ ജനിച്ച പ്രിയ എഞ്ചിനിയറിങ്ങിനു പുറമെ നിയമവും പരിസ്ഥിതിയും പഠന വിഷയങ്ങളാക്കി.
അരിസോണയുടെ 18ആം ഡിസ്ട്രിക്ടിൽ നിന്നാണ് അവർ ജയിച്ചു കയറിയത്.
അരിസോണ ഗവർണർ സ്ഥാനവും നിയമസഭയുടെ ഇരു ചേംബറുകളും നേടിയ ഡെമോക്രാറ്റുകൾക്കു 1966നു ശേഷം സംസ്ഥാന ഭരണം പൂർണമായി കൈവന്നു. സെനറ്റ് മൈനോറിറ്റി ലീഡർ ആയിരുന്ന പ്രിയയെ നവംബർ 6നു ഡെമോക്രാറ്റിക് അംഗങ്ങൾ പ്രസിഡന്റ് സ്ഥാനത്തേക്കു നിയോഗിച്ചു. ജനുവരി 6നു സഭ സമ്മേളിക്കുമ്പോൾ അവരെ ഔപചാരികമായി തിരഞ്ഞെടുക്കും.
ടക്‌സണിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രിയ 1991ൽ പീറ്റ് റയോസ് സെനറ്റ് പ്രസിഡന്റ് ആയ ശേഷം ആ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ദക്ഷിണ അരിസോണക്കാരിയാണ്. തെക്കു നിന്നുള്ളവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിയും തീർന്നുവെന്നു അവർ പറഞ്ഞു.
ജീവിതച്ചെലവിലെ വർധന നിയന്ത്രിക്കാനാണ് ഡെമോക്രാറ്റുകൾ ഇവിടെയും മുൻഗണന നൽകുന്നത്.
Indian American to become Arizona Senate president