Image

പ്രൊഫ. കോശി തലയ്ക്കലിൻ്റെ മാസ്റ്റർ പീസ് 'ഉല്പത്തിയുടെ പുനർജനി' ഫിലഡൽഫിയയിൽ പ്രകാശനം ചെയ്തു

(ജോർജ്ജ് നടവയൽ) Published on 07 November, 2026
പ്രൊഫ. കോശി തലയ്ക്കലിൻ്റെ മാസ്റ്റർ പീസ് 'ഉല്പത്തിയുടെ പുനർജനി' ഫിലഡൽഫിയയിൽ പ്രകാശനം ചെയ്തു

ഫിലഡൽഫിയ: പ്രഗത്ഭ സാഹിത്യകാരനും അധ്യാപകനും മലയാള സാഹിത്യ പണ്ഡിതനും ഗാനരചയിതാവുമായ പ്രൊഫ. കോശി തലയ്ക്കലിൻ്റെ സർഗ വിസ്മയ നോവൽ 'ഉല്പത്തിയുടെ പുനർജനി',  ഫിലഡൽഫിയയിൽ പ്രൗഢഗംഭീരമായ സാഹിത്യ സമ്മേളനത്തിൽ പ്രകാശനം ചെയ്തു.

കോശി തലയ്ക്കലിൻ്റെ, സ്വത സിദ്ധവും തപസ്സുനുഷ്ഠാന പൂർണ്ണവുമായ സർഗ വേദനയുടെ, എണ്ണ വറ്റുന്ന ദീപ യാമങ്ങളിലെ, ഉൾപ്പിടച്ചിലിലൂടെയും മിഴിനീർ പെയ്ത്തിലൂടെയും, വിരിഞ്ഞു പൊന്തിയ, ഉഷകാല പ്രഭയായി,  'ഉല്പത്തിയുടെ പുനർജനി' എന്ന നോവൽ, വഴ്ത്തപ്പെടും  എന്നാണ്, പുസ്തക പ്രകാശന സമ്മേളനം   പ്രവാചക  ശബ്ദമായി പ്രതിധ്വനിച്ചത്.

ബൈബിളിൽ മൗനം കൊണ്ടു ത്രസ്സിക്കുന്നതും,  മനസ്സെന്ന മഹാ സമുദ്രത്തിൻ്റെ ആഴങ്ങളിലെ സ്പന്ദനങ്ങളാൽ അപ്രതിരോദ്ധ്യങ്ങളുമായ,  നീറ്റലുളവാക്കുന്ന അനുഭവങ്ങളെ, അനുവാചക ഹൃദയ ധമനികളിലേയ്ക്ക്, പ്രാണ വായു പോലെ നിറയ്ക്കുന്നതുമായ, "ഉൽപ്പത്തിയുടെ പുനർജനി" എന്ന നോവൽ,  426 പേജിൽ ബീജാവാപം  കൊണ്ട്, കാലാതിവർത്തിയാകാൻ  ജനിച്ച, സദ് വാർത്തയുടെ വിളമ്പരമായിരുന്നു, പുസ്തക പ്രകാശന സമ്മേളനം.

കവിത തുളുമ്പുന്ന ഭാഷ തിരതല്ലുന്നതും, നാടകീയ മുഹൂർത്തങ്ങൾ ഇടതടവില്ലാതെ തിളങ്ങി മിന്നുന്നതുമായ, ആധുനിക മാസ്റ്റർ പീസാണ്, കോശി തലയ്ക്കലിൻ്റെ " ഉല്പത്തിയുടെ പുനർജനി" എന്നാണ്,  നോവൽ വായിച്ച സാഹിത്യകുതുകികൾ,  മുക്തകണ്ഠം പ്രഭാഷണങ്ങളിൽ അവതരിപ്പിച്ചത്.

ഭാഷയോ, അതീവ കാവ്യ സുന്ദരം. ഈ ഒരൊറ്റകൃതിയിലൂടെ, പ്രൊഫസർ കോശി തലയ്ക്കലിൻ്റെ രചനാ സൗകുമാര്യം, അമേരിക്കയിൽ ജീവിക്കുന്ന മലയാളിയുടെ, ഏറ്റം സുന്ദരമായ കൃതി ഏതെന്ന  ചോദ്യത്തിന്,  ഉത്തരം കുറിക്കുന്നുണ്ട്.

ഫിലഡൽഫിയ ഇമ്മാനുവൽ സി.എസ്.ഐ ചർച്ച് വികാരി റവ. സന്ദീപ് ജേക്കബിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ,  ചേസ് ജോൺ കോശി സ്വാഗതവും സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് വികാരി റവ. ലിജോ ജോർജ് അധ്യക്ഷ പ്രസംഗവും നടത്തി.  സാംസ്കാരിക  പ്രവർത്തകനും പുസ്തക പ്രേമിയുമായ ഫാദർ എം കെ കുര്യാക്കോസ് ഉദ്ഘാടന പ്രസംഗം നിർവഹിച്ചു.

ജോർജ്ജ് നടവയൽ വിഷയാവതരണവും ആമുഖ സന്ദേശവും നൽകുന്ന 'വിജ്ഞപ്തി പ്രഭാഷണം' നിർവ്വഹിച്ചു.

പ്രശസ്തസാഹിത്യകാരനും അറ്റേണിയുമായ മുരളി ജെ. നായർ 'ഉല്പത്തിയുടെ പുനർജനി' നോവലിനെ പരിചയപ്പെടുത്തി പ്രഭാഷണം അവതരിപ്പിച്ചു.

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി റവ. ജോയൽ ചാക്കോയും പ്രശസ്ത വാഗ്മി പ്രൊഫസർ സാം പനംകുന്നേലും  അനുഗ്രഹ പ്രഭാഷ ണം ചെയ്തു,

മുൻ ഫോമാ പ്രസിഡൻ്റും സോഷ്യൽ ലീഡറുമായ ജോർജ്ജ് മാത്യു, പ്രശസ്ത എഴുത്തുകാരൻ അശോകൻ വേങ്ങശ്ശേരി, സാംസ്കാരിക പ്രവർത്തകൻ ഫാ. ഫിലിപ്പ് മോഡയിൽ, "മുന്നാം ഊഴം" നോവൽ രചനയിലൂടെ  പുകളറിഞ്ഞ നോവലിസ്റ്റ് ഷീല എം.പി, എന്നിവർ ഒരുമിച്ച് പുസ്തക പ്രകാശന കർമ്മം നിർവഹിച്ചു. ഡോ. ബെറ്റി എൽസാ ജേക്കബ്, ജോർജ്ജ് മാത്യു, അശോകൻ വേങ്ങശ്ശേരി, ഫാ. ഫിലിപ്പ് മോഡയിൽ, ഷീല എം.പി, സുമോദ് നെല്ലിക്കാലാ,  ബെന്നി കൊട്ടാരത്തിൽ, കോശി വർഗീസ്, വർഗീസ് കൊച്ചുമടം എന്നിവർ  ആശംസകളും പുസ്തക അവലോകനങ്ങളും പങ്കുവെച്ചു.

റെയ്സ് കോശി മാസ്റ്റർ ഓഫ് സെറിമണിയായി സമ്മേളനം ക്രമീകരിച്ചു.

അമേരിക്കയിലെ മലയാളി സമൂഹത്തിലെയും ദേവാലയങ്ങളിലെയും പ്രമുഖരും സാഹിത്യാഭിലാഷികളും പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. ലിൻ സാമുവൽ നന്ദിയും റവ. ലിജോ ജോർജ് ആശീർവാദ പ്രാർത്ഥനയും നിർവ്വഹിച്ചതോടെ പ്രകാശന സമ്മേളനം സമാപിച്ചു.

പ്രശസ്ത പ്രസാധകരായ പരിധി പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ബൈബിളിലെ ഉല്പത്തി പുസ്തകത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലത്തെ ആസ്പദമാക്കി തയാറാക്കിയിട്ടുള്ള വേറിട്ട പുനർവായനയാണ് 'ഉല്പത്തിയുടെ പുനർജനി' എന്ന നോവൽ. പുരാതന പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും സർഗ്ഗാത്മകമായി സമീപിക്കുന്ന ഇതിലെ ചില ആഖ്യാനങ്ങൾ വായനക്കാരിൽ പുതിയ ചിന്തകൾക്കും സംവാദങ്ങൾക്കും വഴിതെളിച്ചേക്കാം എന്ന് ഗ്രന്ഥകർത്താവ് ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

കൃതിയിലെ ഉദ്വേഗഭരിതമായ ഒരു ഭഗമിതാ:

“സാറാ അന്വേഷിച്ചു, ഉദ്ദേശപൂർവ്വം.

ഏലിയേസർ നിന്നു പരുങ്ങി.

തന്നോടെല്ലാം പറഞ്ഞേൽപ്പിച്ചിട്ടാണ് യജമാനൻ പോയത്.

എല്ലാം സാറായോട് പറയാൻ പറഞ്ഞേൽപ്പിച്ചതാണ്.

പക്ഷേ, എവിടെ തുടങ്ങും? എങ്ങനെ പറയും?

തനിക്ക് മാത്രമേ ഈ രഹസ്യം അറിയാവൂ.

ഒടുവിൽ എല്ലാം പറഞ്ഞു, ഏലിയേസർ.

എല്ലാം കേട്ടപ്പോൾ താൻ ഒരു ശിലയാകുകയാണോ എന്നു തോന്നി സാറയ്ക്ക്. പിന്നെ അവർ ഉറക്കെ വിളിച്ചു കരഞ്ഞു:

'യിസ്ഹാക്കേ.. എന്റെ പൊന്നു മോനേ' സാറാ യുടെ മുഖം മാറി.

അത് രൗദ്രമായതുപോലെ..

എങ്കിലും എന്നെ  മറച്ച്.. എന്നെ മറന്ന്..

ഒരു വാക്കു പറയാമായിരുന്നല്ലോ.

ഒരു വാക്ക്. കഠിനഹൃദയൻ.

വിശ്വാസത്തിന്റെ കാവൽക്കാരൻ. ഒരേയൊരു കാവൽക്കാരൻ.

സ്വന്തം കുടുംബത്തെ തള്ളിക്കളഞ്ഞിട്ട് എന്തു വിശ്വാസം?

എന്തു യാഗം.. എന്തനുഷ്ഠാനം..

അതും ഒരേയൊരു മകനെ.

വാർദ്ധക്യ കാലത്ത് താൻ നൊന്തുന്തുപ്രസവിച്ച കുഞ്ഞിനെ കുരുതി കൊടുക്കാൻ പോയിരിക്കുന്നു പിതാവ്..

പെറ്റവയറേ ഉരുകു.

'മോനേ, യിസ്ഹാക്കേ.. കുഞ്ഞേ യിസ്ഹാക്കേ..' സാറാ നിലവിളിച്ചു.

ദിഗന്തങ്ങൾ ഭേദിക്കുന്ന നിലവിളി.

ദാസന്മാരും ദാസിമാരും ഓടിക്കൂടി.

ആടുകളും കാളകളും എല്ലാം കാതുകൂർപ്പിച്ചുനിന്നു.

'നിങ്ങളുടെ യജമാനൻ പോയിരിക്കുകയാ. മകനെ ദൈവത്തിന് യാഗം കഴിക്കാൻ.'

ഒരു ഭ്രാന്തിയെപ്പോലെ അവൾ വിളിച്ചു പറഞ്ഞു. 'ദൈവം ഇതിനായിട്ടാണോ അവനെ തന്നത്.

അവന്റെ ചോരയ്ക്കുവേണ്ടി, തന്നവർക്ക് തിരിച്ചെടുക്കുവാനും അവകാശം ഉണ്ടാക്കും.

ജാതികളുടെ ഇടയിൽപോലും പതിവില്ലാത്തകാര്യം. എന്നിട്ടും ഇങ്ങനെ ചെയ്തല്ലോ എന്റെ ദൈവമേ.'

ഏറെനേരം അവർ തളർന്നിരുന്നു.

പിന്നെ, എന്തോ കല്പിച്ചുറച്ചതുപോലെ എഴുന്നേറ്റ് കൂടാരത്തിലേക്ക് പോയി.

അല്പം കഴിഞ്ഞ് - രണ്ടു ദാസന്മാരെ വിളിച്ച് രണ്ടു ചുമട് എടുപ്പിച്ച് തന്റെ ദാസിമാരേയും വിളിച്ചുകൂട്ടി സാറാ വീടുവിട്ടിറങ്ങി.

ഏലിയേസർ ഉദ്വേഗത്തോടേ നോക്കിനിന്നു.

'ഞാൻ പോവുകയാണ്, ഹെബ്രോനിലേക്ക്. നിന്റെ പ്രിയപ്പെട്ട യജമാനനോട് പറഞ്ഞേക്കൂ: ഈ ആയുസ്സിൽ അയാൾ എന്റെ മുഖം കാണില്ല, കാണിക്കില്ല എന്ന്.'

ഇത്രയും പറഞ്ഞ് സാറാ തിടുക്കത്തിൽ നടന്നു. ഇരുപതു നാഴിക ദൂരെയുള്ള ഹെബ്രോനിലേക്ക്. ബേർശെബയോട് യാത്ര പറഞ്ഞുള്ള യാത്ര”.

മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ഉൾപ്പെടെ പ്രശസ്ത കലാലയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച പ്രൊഫ. കോശി തലയ്ക്കൽ ഫൊക്കാന (FOKANA) ഗുരു അവാർഡ്, ലാന (LANA) ലുമിനറി അവാർഡ്, എം.ഇ. ചെറിയാൻ അവാർഡ് ട്രൈസ്റ്റേറ്റ് " സിസ്റ്റർ മേരി ബനീഞ്ഞാ അവാർഡ്"തുടങ്ങിയ നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. പ്രശസ്ത വാഗ്മിയും കവിയും നിരൂപകനും കഥാകാരനും ഗാന രചയിതാവുമായ പ്രൊഫസർ കോശി  തലയ്ക്കൽ, പ്രഥമമായും,  തനി കാവ്യ യോഗിയാണ്.,പ്രൊഫസർ കോശി തലയ്ക്കൽ മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ മൂന്ന് പതിറ്റാണ്ട് മലയാളം വിഭാഗം തലവൻ ആയിരുന്നു. നിരൂപകൻ, പരിഭാഷകൻ, കവി, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. പ്രശസ്തങ്ങളായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ് പ്രൊഫസർ കോശിതലക്കൽ.  “കാലാന്തരം” എന്ന കവിതാസമാഹാരം പ്രസിദ്ധമാണ്.  കേരളത്തിൽ കോൺഗ്രസിനെയും തുടർന്ന് ജനതാ പാർട്ടിയുടെയും തീപ്പൊരിപ്പ്രസംഗ നേതാവുമായിരുന്നു. രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ച്  മിസ്റ്റിക് കാവ്യ സരണിയിൽ ജീവിത ശ്രദ്ധ സമർപ്പിക്കുകയായിരുന്നു.

"പള്ളി", ബഡവാഗ്നി" എന്നീ നോവലുകളും, "വെളിച്ചം ഉറങ്ങുന്ന പാതകൾ" എന്ന ചെറുകഥാ സമാഹാരവൂം, "ഡിങ് ഡോങ്" , "മൈനയും മാലാഖയും" എന്നീ ബാല സാഹിത്യ രചനകളും, " ആത്മ സംകീർത്തനം"എന്ന ഗാന സമാഹാരവും, ആത്മീയ ബിന്ദുക്കൾ, പഞ്ചവർണ്ണ കഥകൾ, കുരിശിലെ മൊഴികൾ എന്ന ട്രിലജി- രചനാത്രയവും പ്രൊഫ. കോശി തലക്കലിൻ്റെ  സാഹിത്യ കൃതികളാണ്.

"കുരിശിലെ മൊഴികൾ" എന്ന കൃതി,   രചനയുടെ വര പ്രസാദം കൊണ്ട്, ശ്രദ്ധേയമാ യമാണ്.   ഉദാര സൗന്ദര്യ പ്രതീകമായ ദൈവപുത്രൻ്റെ നിണച്ചാലിനൊപ്പം, ഉരുകിയൊഴുകിയ  സപ്തമന്ത്രമാണ് ഈ പുസ്തകത്തിലുള്ളത്.

"ആത്മീയ ബിന്ദുക്കൾ"എന്ന കൃതി, മുപ്പതു അതിഗഹന പ്രമേയങ്ങളുടെ ലളിതോദാരമായ, തേൻ തുളുമ്പുന്ന, കാവ്യ പുഷപങ്ങൾ, അഥവാ ഒരിക്കലും വാടാത്ത പൂവുകൾ വിരിഞ്ഞു, താനേ നൃത്തം വയ്ക്കുന്ന, ഒരു പുഷ്പകോദ്യാനം പോലെ, വശ്യസുന്ദരം. വർത്തമാനകാല ജീവിതാവസ്ഥകളെയും ഒരിക്കലും മരിക്കാത്ത ഗ്രന്ഥക ഥാ സന്ദർഭങ്ങളെയും കോർത്തിണക്കി, മനനത്തിൻ്റെ ആഴങ്ങളിലേയ്ക്ക്  നയിക്കുന്ന ആത്മീയ സംവാദങ്ങളായ ഈ രചനകൾ, ഹൃദയ കവാടം കടന്ന് ഉള്ളിനെ ഉണർത്തുന്ന നീഹാരബിന്ദുക്കളാകുന്ന, പരിവർത്തനത്തിൻ്റെ അനുഭവവും, ഭാഷയുടെ വര പ്രസാദവും പേറി, വിലമതിക്കാനാവാത്ത ഉപഹാരമായി മാറുന്നതെങ്ങനെയെന്ന് വായിച്ചനുഭവിച്ചാലേ മതിയാകൂ.

“പഞ്ച വർണ്ണ കഥകൾ” എന്ന കൃതിയാകട്ടെ, ഇളം മനസ്സുകൾക്ക് പാലമൃതൂട്ടുന്ന അമ്മമനസ്സിൻ്റെ  മൃദുത്വത്തോടെയും, ഗുരുകുലാധിപൻ്റെ അദ്ധ്യാപന സിദ്ധികളോടെയും, ജീവിത പരിവർത്തനത്തിൻ്റെ അനന്ത വിഹായസ്സിലേയ്ക്ക്, കുട്ടികളെയും, ഒപ്പം മുതിർന്നവരെയും ഒരേ പോലെ കൂട്ടിക്കൊണ്ടു പോകുന്ന പതിനൊന്നു കഥകളുടെ സമാഹരമാണ്. " ഹൃദയത്തിൻ്റെ ആർദ്ര തലങ്ങളിലൂടെ, ചിന്താ മണ്ഡലങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന കഥകളുടെ കർമ വ്യാപാരം" എന്നതാണ് ഈ കൃതിയുടെ അനന്യത.

അമേരിക്കയിലെ റേഡിയോ നെറ്റ്‌വർക്ക് ഫാമിലി റേഡിയോയിൽ മലയാളി വിഭാഗത്തിന് ചുമതലക്കാരനായിരുന്നു പ്രൊഫ. കോശി തലക്കൽ. "ലാ ന"യുടെ 2018 ലെ മികച്ച സാഹിത്യ പ്രവർത്തകനുള്ള പുരസ്കാരജേതാവാണ് പ്രൊഫ. കോശി തലക്കൽ. നാടകാ ഭിനയ രംഗത്തും കോശിതലക്കൽ മുദ്ര ചാർത്തിയിട്ടുണ്. ഏറ്റവും നല്ല ഗാനരചനയ്ക്കുള്ള പ്രഥമ എം പി ചെറിയാൻ അവാർഡ്,  ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ്, ഫൊക്കാനാ സാഹിത്യ അവാഡ്,  എന്നീ  പുരസ്കാരങ്ങൾ ആദരവായി ലഭിച്ച അനവധി പുരസ്കാരങ്ങളിൽ പ്രഥമമാണ് .

കുന്നം ഗവൺമെൻറ് ഹൈസ്കൂളിലും,  തിരുവല്ല മാർത്തോമാ കോളേജിലും ചങ്ങനാശ്ശേരി എസ് ബി കോളജിലും പ്രൊഫ. കോശി തലക്കൽ പഠിച്ചു.  സഹധർമ്മിണി: പരേതയായ കുഞ്ഞു മോൾ . പിതാവ്: പടിഞ്ഞാറേ തലയ്ക്കൽ ജോൺ, മാതാവ്: മറിയാമ്മ. ചെയ്സ്, റെയ്സ് എന്നിവർ മക്കൾ. രഞ്ജിനി, മായ എന്നിവർ മരുമക്കൾ. ഹാന, സോയ, കൊഷോ, കോശി എന്നിവർ ചെറുമക്കൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക