Image

2029ല്‍ മോദി അധികാരത്തിൽ നിന്ന് പുറത്ത് പോകും: 120 വർഷം ഭരിച്ചാലും അംബേദ്കറേക്കാളും നെഹ്റുവിനേക്കാളും വലുതാകാൻ മോദിക്ക് കഴിയില്ല ; രൂക്ഷ വിമര്‍ശനവുമായി അഭിജീത് ദീപ്‌കെ

Published on 07 November, 2026
2029ല്‍ മോദി  അധികാരത്തിൽ നിന്ന് പുറത്ത് പോകും: 120 വർഷം  ഭരിച്ചാലും അംബേദ്കറേക്കാളും  നെഹ്റുവിനേക്കാളും വലുതാകാൻ മോദിക്ക് കഴിയില്ല ; രൂക്ഷ വിമര്‍ശനവുമായി അഭിജീത് ദീപ്‌കെ

കൊച്ചി:  കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷവിമർശനവുമായി സിജെപി നേതാവ് അഭിജീത് ദിപ്കെ. കൊച്ചിയിൽ സിജെപി സംഘടിപ്പിച്ച 'ജന്തർ മന്തർ @ കൊച്ചി' പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌ഐആറിനെതിരെയും ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുമായിരുന്നു സിജെപി പ്രതിഷേധം.

2029ൽ മോദി അധികാരത്തിൽ നിന്ന് പുറത്ത് പോകുമെന്നും അധികാര മാറ്റം തെരഞ്ഞെടുപ്പിലൂടെയാകുമെന്നും അഭിജീത് പറഞ്ഞു. നെഹ്‌റുവിനും ഗാന്ധിക്കും ഒപ്പം നിൽക്കാൻ മോദിക്ക് കഴിയില്ലെന്നും 120 വർഷം അധികാരത്തിൽ തുടർന്നാലും ബി.ആർ. അംബേദ്കറേക്കാളും ജവഹർലാൽ നെഹ്റുവിനേക്കാളും മഹാത്മാ ഗാന്ധിയേക്കാളും വലിയ ആളാകാൻ മോദിക്ക് കഴിയില്ലെന്നും ദിപ്കെ പറഞ്ഞു.  ട്രംപിന് മുന്നിൽ കീഴടങ്ങിയതും രാജ്യത്തെ വിറ്റതും മോദിയാണ്.

ഗുജറാത്തിൽ കലാപം ഉണ്ടാക്കിയത് ആരെന്ന് എല്ലാവർക്കും അറിയാമെന്നും പക്ഷേ സിജെപി കലാപം ഉണ്ടാക്കാൻ വന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുന്നില്ലെന്ന് അഭിജീത് ദിപ്കെ ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങൾക്ക് മുന്നിൽ വരാതെ ഒളിവിലാണ്. എന്തിനാണ് അദ്ദേഹം ചോദ്യങ്ങളെ ഇത്രയധികം ഭയക്കുന്നത്. 56 ഇഞ്ചുകാരൻ എന്ന് സ്വയം അവകാശപ്പെടുന്ന പ്രധാനമന്ത്രി എത്രത്തോളം ഭീരുവാണെന്നാണ് സമരങ്ങളോടുള്ള കേന്ദ്ര സർക്കാരിന്‍റെ ഈ സമീപനം വ്യക്തമാക്കുന്നത്.

ജനങ്ങളുടെ ഭക്ഷണ ശീലങ്ങൾ, വ്യക്തിബന്ധങ്ങൾ, വോട്ടവകാശം എന്നിവയെല്ലാം നിയന്ത്രിക്കാനും സ്വാധീനിക്കാനുമാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡൽഹിയിലെ സമരങ്ങൾക്കിടെ തങ്ങളെ അറസ്റ്റ് ചെയ്‌ത നടപടിയെ ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ നടപടിയോടാണ് ദിപ്കെ ഉപമിച്ചത്. ദേശീയ പതാക വീശിയതിനാണ് ഞങ്ങളെ ജയിലിലടച്ചത്. ഇതിനു മുൻപ് ഇന്ത്യയിൽ ഇങ്ങനെ സംഭവിച്ചിട്ടുള്ളത് ബ്രിട്ടീഷുകാരുടെ കാലത്താണ്.

എത്ര തവണ തടവിലിട്ടാലും രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കാൻ ഈ ത്രിവർണ്ണ പതാകയുമായി താൻ ഇന്ത്യയിലുടനീളം യാത്ര ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സിജെപിയുടെ സമരങ്ങൾക്ക് പിന്നിൽ അമേരിക്കയുടെയും പാകിസ്ഥാന്‍റെയും പിന്തുണയുണ്ടെന്ന ബിജെപി ആരോപണങ്ങളെ ദിപ്കെ പരിഹസിച്ചു. കേന്ദ്ര സർക്കാർ ആരോപിക്കുന്ന ഈ വിദേശപ്പണം എവിടെ നിന്നാണ് വരുന്നത്? ധൈര്യമുണ്ടെങ്കിൽ സർക്കാർ ഇതിന് തെളിവ് പുറത്തുവിടട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

സിജെപിക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന ബിജെപി ആരോപണത്തെയും അഭിജീത് ചോദ്യം ചെയ്തു. വിദേശ ഫണ്ട് ലഭിക്കുന്നത് സിജെപിക്കല്ല, മോദിക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. രാജ്യത്തെ വിറ്റത് മോദിയാണെന്നും ട്രംപിന്റെ താരിഫ് ഭീഷണിക്ക് മുന്നില്‍ പ്രധാനമന്ത്രി കീഴടങ്ങിയെന്നും ആരോപിച്ചു. വിദേശ രാജ്യങ്ങളുടെ പാവയായി മോദി മാറിയെന്നും പ്രത്യേകിച്ച് ട്രംപിന് വിധേയപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക