
നെയ്റോബി: യേശുക്രിസ്തുവിനെ നേരിൽ കാണിക്കാമെന്ന് അവകാശപ്പെട്ട് നൂറുകണക്കിന് അനുയായികളെ ഉപവാസത്തിലൂടെ മരണത്തിലേക്ക് തള്ളിയിട്ട സംഭവത്തിൽ ‘ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച്’ തലവൻ പോൾ മക്കൻസിക്ക് (Paul Mackenzie) കെനിയൻ കോടതി 200 വർഷത്തെ തടവുശിക്ഷ വിധിച്ചു. മൊംബാസ ഹൈക്കോടതി ജസ്റ്റിസ് ഡയാന കവേദ്സയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും, നേരിട്ടുള്ള കൊലപാതകങ്ങൾക്ക് 100 വർഷവും വീതമാണ് ശിക്ഷ.
യേശുവിനെ കാണാനായി മരണം വരെ ഉപവസിക്കാനാണ് പാസ്റ്റർ അനുയായികളോട് ആവശ്യപ്പെട്ടിരുന്നത്.
കെനിയയുടെ തെക്കുകിഴക്കൻ പ്രദേശമായ കിലിഫി കൗണ്ടിയിലെ മക്കെൻസി പള്ളിയിൽ നിന്ന് 15 ഇടവകക്കാരെ പോലീസ് രക്ഷപ്പെടുത്തിയതോടെയാണ് ഭയാനകമായ ഈ സംഭവം പുറംലോകമറിയുന്നത്. തുടർന്ന് സമീപത്തെ ശാഖാഹോള വനമേഖലയിൽ നടത്തിയ തിരച്ചിലിൽ 400-ലധികം കുഴിമാടങ്ങൾ കണ്ടെത്തി. ഇയാളുടെ നിർദ്ദേശം അക്ഷരാർത്ഥത്തിൽ പാലിച്ചതിനേ തുടർന്ന് 190 കുട്ടികളും ഒരു മുതിർന്ന വ്യക്തിയും ഉൾപ്പെടെ 191 പേർ ദാരുണമായി മരണപ്പെട്ടിരുന്നു. വനത്തിൽ തള്ളിയ നിലയിലും ശ്വാസംമുട്ടിച്ചും മർദ്ദിച്ചും കൊല്ലപ്പെട്ട നിലയിലുമായിരുന്നു മൃതദേഹങ്ങൾ.
ദിവസങ്ങളോളം പട്ടിണി കിടന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ ശ്രമിച്ചപ്പോൾ അവരെ ക്രൂരമായി മർദ്ദിക്കുകയും മുറികളിൽ പൂട്ടിയിട്ട് മരണത്തിന് വിട്ടുകൊടുക്കുകയുമായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയിൽ തെളിയിച്ചു.
2003-ലാണ് മക്കെൻസി ‘ഗുഡ് ന്യൂസ് ഇന്റർനാഷണൽ മിനിസ്ട്രീസ്’ സ്ഥാപിക്കുന്നത്. മുൻപ് ടാക്സി ഡ്രൈവറായിരുന്ന ഇയാൾ ‘ടൈംസ് ടിവി’ എന്ന സ്വന്തം ടെലിവിഷൻ ചാനലിലൂടെയുള്ള പ്രസംഗങ്ങളിലൂടെ ആയിരക്കണക്കിന് അനുയായികളെ ആകർഷിച്ചു.
കുട്ടികളെ സ്കൂളിൽ അയക്കുന്നതിനെയും രോഗികൾ ചികിത്സ തേടുന്നതിനെയും ഇയാൾ എതിർത്തിരുന്നു. 2017 മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്ന മക്കെൻസി, 2019-ൽ പള്ളി അടച്ചുപൂട്ടിയ ശേഷം അനുയായികളുമായി കാട്ടിലേക്ക് മാറുകയാണുണ്ടായത്. ഉപവാസം അനുഷ്ഠിക്കാൻ വിസമ്മതിക്കുന്നവരെ മർദ്ദിച്ച് വധിക്കാൻ ഇയാൾ നിർദ്ദേശം നൽകിയിരുന്നു. ഗർഭിണിയായ ഒരു സ്ത്രീയോട് നവജാതശിശുവിന് പാൽ നൽകരുതെന്ന് ആവശ്യപ്പെടുകയും, 12 ദിവസത്തിന് ശേഷം കുഞ്ഞ് മരണപ്പെടുകയും ചെയ്ത ദാരുണസംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണം വരെ ഉപവസിക്കാനും കുഞ്ഞിനെ പിന്തുടരാനുമായിരുന്നു അമ്മയ്ക്ക് മക്കെൻസി നൽകിയ ഉപദേശം.
വിശ്വാസത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഹീനമായ തട്ടിപ്പുകളിലും കൊലപാതകങ്ങളിലും ഏറ്റവും ദാരുണമായ ഒന്നായാണ് ഈ സംഭവം ചൂണ്ടിക്കാണിക്കപ്പെടുന്നത്.