Image

പ്രവാസി യുവാക്കൾക്ക് പിബിഡി 2027ൽ പങ്കെടുക്കാൻ അവസരം; ഉപന്യാസ മത്സരവുമായി ഇന്ത്യൻ എംബസി

Published on 07 November, 2026
പ്രവാസി യുവാക്കൾക്ക് പിബിഡി 2027ൽ പങ്കെടുക്കാൻ അവസരം; ഉപന്യാസ മത്സരവുമായി ഇന്ത്യൻ എംബസി

വാഷിങ്ടൺ: ഇന്ത്യൻ വംശജരായ പ്രവാസി യുവാക്കൾക്ക് ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്താനും 2027ലെ പ്രവാസി ഭാരതീയ ദിവസ് (PBD) ആഘോഷങ്ങളിൽ പങ്കെടുക്കാനും അവസരമൊരുക്കി ഇന്ത്യൻ എംബസി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു.

21നും 25നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ വംശജരായ യുവാക്കൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയുടെ കോൺസുലർ പരിധിയിൽ താമസിക്കുന്നവർക്കാണ് അപേക്ഷിക്കാനാകുക.

‘From Roots to Return: Reigniting Diaspora Connect with Bharat’ എന്നതാണ് ഉപന്യാസത്തിന്റെ വിഷയം. മത്സരത്തിൽനിന്ന് ലോകമെമ്പാടുമുള്ള മികച്ച 100 പേരെ തിരഞ്ഞെടുക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) തീരുമാനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലേക്കുള്ള യാത്രാച്ചെലവ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സർക്കാർ വഹിക്കും. ഇവർക്ക് 2027 ജനുവരി 7 മുതൽ 9 വരെ കൊൽക്കത്തയിൽ നടക്കുന്ന യൂത്ത് പ്രവാസി ഭാരതീയ ദിവസ്, പ്രവാസി ഭാരതീയ ദിവസ് പരിപാടികളിൽ പങ്കെടുക്കാം.

താൽപര്യമുള്ളവർ നവംബർ 15നകം psminca.washington@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. പൂർണമായ പേര്, ജനനത്തീയതി, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം.

രജിസ്റ്റർ ചെയ്യുന്നവർക്ക് നവംബർ 15നു ശേഷം മത്സരത്തിന്റെ തീയതി, വേദി, മറ്റു വിശദാംശങ്ങൾ എന്നിവ അറിയിക്കും. എംബസി നിശ്ചയിക്കുന്ന കേന്ദ്രത്തിൽ നേരിട്ടെത്തി കടലാസിൽ കൈകൊണ്ട് ഉപന്യാസം എഴുതണം. മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കുറിപ്പുകൾ, റഫറൻസ് സാമഗ്രികൾ എന്നിവ ഉപയോഗിക്കാനോ മറ്റുള്ളവരുടെ സഹായം തേടാനോ അനുവദിക്കില്ല. ലഭിക്കുന്ന ഉപന്യാസങ്ങൾ എംബസി വിലയിരുത്തി മികച്ചവ തുടർപരിഗണനയ്ക്കായി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും.

ഇന്ത്യൻ വംശജരായ യുവതലമുറയ്ക്ക് മാതൃരാജ്യവുമായുള്ള ബന്ധം പുതുക്കുന്നതിനും ഇന്ത്യയുടെ പൈതൃകവും സംസ്കാരവും അടുത്തറിയുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക