
ചെന്നൈ: 'എന്റെ മുന്‍ കാമുകി മറ്റൊരാളുമായി പ്രണയത്തിലാണോ?', 'അവള്‍ എത്ര പുരുഷന്മാരെ വഞ്ചിച്ചിട്ടുണ്ട്? അവള്‍ വിവാഹിതയാണോ? അവള്‍ എവിടെയാണ് ജീവിക്കുന്നതും ജോലി ചെയ്യുന്നതും?' വിഴുപ്പുറം സ്വദേശിയായ സന്തോഷ് എന്ന യുവാവാണ് വിവരവകാശ നിയമപ്രകാരം 1,887 ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി 97 അപേക്ഷ നല്‍കിയത്. അപേക്ഷകള്‍ തള്ളിയ വിവരാവകാശ കമ്മീഷണര്‍ ചൊവ്വാഴ്ച ഇയാളോട് നേരിട്ട് ഹാജരാകാനും വിവരാവകാശം നിയമം ദുരുപയോഗം ചെയ്താല്‍ മാനസികാരോഗ്യ ചികിത്സയ്ക്ക് അയക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
'വിവരാവകാശ നിയമത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം അര്‍ത്ഥശൂന്യമായ അപേക്ഷകള്‍ നല്‍കിയാല്‍ നിങ്ങളെ നിര്‍ബന്ധമായും മാനസികാരോഗ്യത്തിനായി കൗണ്‍സിലിങിന് അയക്കേണ്ടി വരും,' വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ കമ്മീഷണര്‍ വ്യക്തമാക്കി.
മുന്‍ കാമുകിയായ യുവതിയെക്കുറിച്ച് വ്യക്തിപരമായ വിവരങ്ങള്‍ തേടിയാണ് ഹര്‍ജിക്കാരന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ സംസ്ഥാന വിവരവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
2024ല്‍ സന്തോഷ് തന്റെ കോളജിലെ സഹപാഠിയുമായി പ്രണയത്തിലായിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഫോണ്‍ കോളുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സന്തോഷ് നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും 2025 ജൂണില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാവുകയും ചെയ്തതായി കടലൂര്‍ ജില്ലാ പൊലീസ് അഡീഷണല്‍ സൂപ്രണ്ടും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ഉദ്യോഗസ്ഥന്‍ കമ്മീഷനെ അറിയിക്കുകയും ചെയ്്തു.
തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ അറിയാനാണ് ഹര്‍ജിക്കാരന്‍ വിവരാവകാശ നിയമം ഉപയോഗിച്ചതെന്നും അല്ലാതെ യാതൊരുവിധ പൊതുതാല്‍പ്പര്യവും ഇതിനു പിന്നിലില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
വിവരാവകാശ നിയമത്തിന്റെ ദുരുപയോഗം അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ആയുധമായി ഈ നിയമത്തെ മാറ്റാന്‍ സമ്മതിക്കില്ല. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന ഭയത്തില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിന് തടസമാകുന്ന രീതിയില്‍ ഇനിയും വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍, വിവരവകാശ കമ്മീഷനില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഇയാളെ ഒരു വര്‍ഷത്തേക്ക് വിലക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനുപുറമെ, ഇത്തരം പെരുമാറ്റം തുടരുകയാണെങ്കില്‍ ജില്ലാ ആരോഗ്യ വകുപ്പ് മുഖേന ഇയാള്‍ക്ക് മാനസികാരോഗ്യ കൗണ്‍സിലിങ് നല്‍കാന്‍ ഉത്തരവിടുമെന്നും കമ്മീഷന്‍ വ്യക്തമാക്കി