Image

എന്റെ കുട്ടനാട് (കവിത: പ്രൊഫസ്സർ ജോസഫ് ചെറുവേലിൽ)

Published on 07 November, 2026
എന്റെ കുട്ടനാട്  (കവിത: പ്രൊഫസ്സർ ജോസഫ് ചെറുവേലിൽ)

(1)
കുട്ടനാടൻ കരികളിൽ ജനിച്ചു വളർന്നവരാം 
കരുമാടി കുട്ടന്മാർക്കെൻ നമസ്കാരങ്ങൾ 
വെയിലിലും  മഴയിലും വിയർത്ത പൂർവികന്മാർക്ക് 
വന്ദനം വണക്കം ഏറെ കൃതജ്ഞതയും 
ഇന്ദ്രപ്രസ്ഥം പോലെ കണ്ണുമയക്കുന്ന കുളങ്ങളും 
പൂനിലാവിൽ വിളങ്ങുന്ന കായലുകളും 
വളഞ്ഞു പുളഞ്ഞൊഴുകും ആറുകളും തോടുകളും 
മേഘങ്ങളെത്തലോടുന്ന തെങ്ങിൻ തുരുത്തും 
പച്ചപ്പട്ടണിഞ്ഞ പുഞ്ചപ്പാടങ്ങളും നിലങ്ങളും 
പച്ചക്കറിത്തോട്ടങ്ങളും മണൽത്തിട്ടയും 
വിശ്വാമിത്രമഹർഷിയ്ക്കും വസിഷ്ഠനും അഗസ്തിനും  
വസിയ്ക്കാൻ മനോജ്ഞമായ പൂവനങ്ങളും 
പരശുരാമൻ മഹർഷി മഴുവെറിഞ്ഞുയർത്തിയ 
പറുദീസയായ കൊച്ചുകേരളത്തിന്റെ 
നടുവിൽ നിറപ്പകിട്ടും ഫലഭൂയിഷ്ടവും ചേർന്ന 
നന്ദനീയോദ്യാനമാണീത്താമരപ്പൊയ്ക 
(2)
ശബരിയിൽ അങ്കുരിച്ച പമ്പയാറും അച്ചൻകോവിൽ 
ആറും മണിമലയാറും പള്ളാത്തുരുത്തീം 
വേമ്പനാട് കായലിൽ വലിച്ചെറിയാൻ കൊണ്ടുപോയ 
എക്കലും ചെളിയും ചപ്പുചവറുകളും 
കാട്ടുതീയിൽ കത്തിവീണ കരുത്തൻ വന്മരങ്ങളും 
കാട്ടുപോത്തും കടുവായും കരടികളും 
പച്ചമാംസം കഴിച്ച് മുളക്കുടിലിൽ ഉറങ്ങിയ
വനവാസികളും ഒപ്പം വാനരങ്ങളും  
ചീക്കവെള്ളത്തിൽ കിടന്ന ചീങ്കണ്ണിയും മുതലയും 
ചീഞ്ഞമാംസം മണത്തെത്തും കഴുകന്മാരും 
എന്നുവേണ്ട സർവ ജീവലജാലങ്ങളും പുനർജന്മം  
സ്വീകരിക്കു ചാരമായി, കുട്ടനാടായി 
(3)
ചാരവും ചെളിയും ചേർന്നു പച്ചയായി മാറിയപ്പോൾ 
മനുഷ്യരും മൃഗങ്ങളും മാറാപ്പും എത്തി 
സംസ്കൃതവും തമിഴും കലക്കിയവർ പുതിയൊരു 
മലയാളം എന്ന മാതൃഭാഷയുണ്ടാക്കി 
കൈനകരി, ചേന്നങ്കരി, ചതുർത്യാക്കരി കൂടാതെ 
കണ്ടങ്കരി, രാമങ്കരി, മിത്രക്കരിയും 
കായങ്കുളം, കരുവാറ്റ, കരുമാടി കൊടുപ്പുന്ന 
കണ്ണാടി കാവാലം എന്നീക്കരകൾ വന്നു. 
ബുദ്ധരായി ജൈനരായി, ഹിന്ദുവായി ക്രിസ്‌ത്യനായി  
പള്ളിയമ്പലങ്ങൾ അവർ പണിതുയർത്തി 
കല്ലുകൊണ്ട് വിഗ്രഹവും  ദീപസ്തംഭവും കുരിസ്സും 
ഓടുകൊണ്ടുരുളികളും മണി വിളക്കും
ആറ്റരികിൽ തോട്ടരികിൽ മാളികപോലുള്ള വീടും 
പള്ളിക്കൂടങ്ങളും ആയുർവേദശാലയും 
നകുലൻ തിരിഞ്ഞുനോക്കും കായികാഭ്യാസക്കടയും 
സഹദേവൻ കൊതിക്കുന്ന കോളേജുകളും  
(4)
ചെമ്പകശ്ശേരിയും പിന്നെ അമ്പലപ്പുഴയുമായ 
അമ്പലത്തിൽ തുടങ്ങിയ പാൽപ്പായസവും 
വഞ്ചിപ്പാട്ടും അതോടൊപ്പം  വള്ളസദ്യവിളമ്പുന്ന 
ഇഞ്ചിക്കറി പാകം ചെയ്യും ആറന്മുളയും  
വള്ളത്തിൽ സാമ്പാറുവച്ചുകൊടുക്കുന്ന കല്ലൂർ കാട്ടു 
പള്ളിക്കൊണ്ടു ധന്യമായ ചമ്പക്കുളവും 
എടത്വായിൽ പള്ളികൊള്ളും ഗീവർഗീസ് പുണ്യവാന്റെ 
പടക്കുതിരയിലുള്ള എഴുന്നൊള്ളത്തും 
ആണ്ടുതോറും ആയിരങ്ങൾ എട്ടുനോയമ്പിൽ മുട്ടുകുത്തും 
അമ്മ മാതാവിന്റെ പുളിങ്കുന്നു പള്ളിയും 
എന്റെ പൂർവ പിതാക്കന്മാർ അന്തിമ വിശ്രമം കൊള്ളും 
കാവാലത്ത് പള്ളിയിലെ ലൂർദ് മാതാവും
പള്ളാത്തുരുത്തിയാറിലെ പുന്നമടക്കായലിന്റെ 
തീരത്തുള്ള വെനീസ്സായ ആലപ്പുഴയും 
പ്രകൃതിസൗന്ദര്യത്തിന്റെ റാണിയായ കുട്ടനാടൻ 
കാഴ്ചകൾ തുറിച്ചുനോക്കും എം സി റോഡും 
ലോകമെങ്ങും വസിക്കുന്ന വിനോദയാത്രക്കാരുടെ 
ലക്ഷ്യമായ നെഹ്‌റുട്രോഫി വള്ളം കളിയും 
കെട്ടുവള്ളത്തിൽപ്പണിഞ്ഞ കൊട്ടാരഹോട്ടലുകളും 
കൊച്ചു മോട്ടോർ വച്ച് പായും കൊച്ചുവള്ളവും 
(5)
കാവാലം ചുണ്ടനും ഒപ്പം കായൽ രാജാവായിരുന്ന 
മുരിയ്ക്കൻ മൂട്ടിലെ മന്നൻ ഔതച്ചേട്ടനും 
സർദാർ കെ എം പണിയ്ക്കരും,നാരായണപ്പണിയ്ക്കരും 
എന്റെ ഗുരുവായ അയ്യപ്പപ്പണിയ്ക്കരും
പാണിനീയപ്രദ്യോതവും ക്രിസ്തുസഹസ്രനാമവും 
രചിച്ച് പ്രസിദ്ധനായ ഐ.സി. ചാക്കോയും 
കുട്ടനാടൻ വിശേഷങ്ങൾ വർണ്ണിച്ചു വിഖ്യാതനായ 
തകഴിയും നെടുമുടി വേണുഗോപാലും 
പാവപ്പെട്ട കുട്ടികൾക്ക് പഠിയ്ക്കുവാൻ പള്ളിക്കൂടം 
പണിത ചാവറ അച്ചൻ പുണ്യവാളനും 
വിശപ്പിന്റെ വിളിയിൽ കരഞ്ഞവർക്ക് കഞ്ഞിവച്ച 
വിശുദ്ധനാം പരുമലത്തിരുമേനിയും
ആരുമാരും അറിയാതെ മണ്ണിനടിയിൽ മറഞ്ഞ
ആര്യചരിതന്മാരായ കുചേലന്മാരും 
എല്ലാവരും രാപകലും വേല ചെയ്തു വളർത്തിയ 
ഏദൻ തോട്ടത്തിലെ ആദം അല്ലയോ നമ്മൾ?
(6)
ഇനിയും ഞാൻ അൽപ്പനേരം ഭൂമിയുടെ ഇന്തുപ്പായ 
ഇടയന്മാരുടെ കാര്യം ഉരച്ചിടുന്നെൻ  
കുരവയും കരച്ചിലും പായസവും പട്ടിണിയും 
കേട്ടും  കണ്ടും നട്ടെല്ലോടെ നടന്ന ഭീമർ.
പള്ളിയിലും പഞ്ചായത്ത് ഹാളിലും അമ്പലത്തിലും 
വീമ്പടിച്ചു പുളയുന്ന വിരുത്തന്മാരും 
ദാഹമേറും ശുദ്ധാത്മാക്കൾ ആടിയാടി ഉലയുന്ന 
കള്ളുഷാപ്പിൽ വിളമ്പുന്ന വിഭവങ്ങളും
വാഴയിലയിൽ പൊള്ളിച്ച കരിമീനും ചിരുതയും 
വെളിച്ചെണ്ണയിൽ വറുത്ത ഉണക്കമീനും 
കോക്കോലാമത്തിയും കൊഞ്ചും പരൽമീനും പള്ളത്തിയും 
ക ക്കയിറച്ചിയും കൂടെ പീരച്ചെമ്മീനും 
എന്തിനോ ഞാൻ ഇന്നിതൊക്കെ എഴുതുമ്പോൾ എന്റെ വായിൽ 
കൊതിയുടെ  വെള്ളപ്പൊക്കം ഉരുൾ പൊട്ടുന്നു 
കള്ളും മീനും മറന്നിട്ട് കുറെ നേരം നമ്മളുടെ 
സനാതന ധർമ്മങ്ങളെ സ്വാഗതം ചെയ്യാം 
പരബ്രഹ്മം നമുക്കായിപ്പണ്ടുതന്നെ പണിയിച്ച 
പുണ്യഭൂമിയിൽ പിറന്നൊരല്ലയോ നമ്മൾ?
ഇനിയും ഈ നല്ലമണ്ണിൽ ഒന്ന്  കൂടി  നടക്കുവാൻ 
ഈശ്വരൻ നമ്മളിലെല്ലാം പ്രസാദിക്കട്ടെ !
******

Join WhatsApp News
എ. സി. ജോർജ് 2026-11-07 02:02:17
ഞാനൊരു കിഴക്കൻ ആണെങ്കിലും, കുട്ടനാടൻ ബന്ധം എനിക്കുമുണ്ട്. പ്രൊഫസർ ജോസഫ് ചെറുവേലി സാർ കുട്ടനാടിനെയും, കുട്ടനാടൻ ജീവിതങ്ങളെയും, അതേപടി ഹൃദയത്തിൻറെ ഭാഷയിൽ വളരെ മനോഹരമായി ഈ കവിതയിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ജോസഫ് ചെറുവേലി സാറിന് എൻറെ എളിയ അനുമോദനങ്ങൾ.
poetry or pros? 2026-11-07 03:56:04
This is poetry or pros? Interesting anyway, if originally written.
Jayan varghese 2026-11-07 07:21:19
ഗൃഹാതുരത്വത്തിന്റെ വളപ്പൊട്ടുകൾ തേടി ജീവിതത്തിന്റെ കൊതുമ്പുവള്ളം തുഴഞ്ഞുള്ള ഒരു ചരിത്ര യാത്രയാണീ കവിത. കുട്ടനാടൻ നീർത്തോടുകളുടെ കരയിൽ വിരിഞ്ഞ സ്വച്ഛ ജീവിതത്തിന്റെ പച്ചത്തുരുത്തുകളിൽ നിന്ന് പടിഞ്ഞാറൻ സ്വപ്നങ്ങളുടെ പറുദീസയിലേക്ക് ഒരു പറിച്ചു നടൽ ! നാഗരികതയുടെ പ്രലോഭങ്ങളിൽ കാലിടറി വീണു പോകാതെ കേരളീയ ജീവിത വിശുദ്ധി കുട്ടനാടൻ ചെളി മണത്തിന്റെ ധർമ്മിക തിരിനാളമാക്കിയ ഒരാശയുഷ്‌ക്കാലം ! അറിഞ്ഞതും അനുഭവിച്ചതുമായ ആയിരമായിരം ജീവിത സമസ്യകൾ പ്രത്യാശയുടെ തിരശീലകൾ ചികഞ്ഞ് കണ്ടെടുക്കുമ്പോൾ കാലാതിവർത്തിയായ കാവ്യോപാസകനായി കവി പരിണമിക്കുന്നു. വഞ്ചിപ്പാട്ടിന്റെ ഈണവും താളവും മാത്രമല്ല അതിൽ ഇഴചേർന്നു രൂപപ്പെട്ട മാനവികതയുടെ മാറ്റൊലിത്തേങ്ങൽ കൂടി പ്രതിഫലിപ്പിക്കുന്ന ഈ കവിത കഴിഞ്ഞ ശതകത്തിന്റെ കാഴ്ചക്കണ്ണാടിയായി തലമുറകൾക്ക് വേണ്ടി നില കൊള്ളുന്നു. പ്രിയ കവിക്ക് അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
Sudhir Panikkaveetil 2026-11-07 13:29:18
ഒരു വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ഗ്രാമ സൗന്ദര്യങ്ങളുടെ കാഴ്ചകൾ നൽകികൊണ്ട് ഒരു കൊച്ചോടം മുന്നിലൂടെ നീങ്ങുന്ന അനുഭവം. വിട്ടുപോന്ന ജന്മനാടിന്റെ ഓർമ്മകളിലേക്ക് ഒരു പ്രവാസിയുടെ കാവ്യയാത്ര. കുട്ടനാടിനെ അനശ്വരമാക്കുന്ന വരികൾ. അങ്ങേക്ക് ഭാവുകങ്ങൾ പ്രൊഫസ്സർ സാർ.
Elcy Yohannan Sankarathil 2026-11-07 16:16:25
Vanchippattinneenathil ozhukunna ee kavithakku snehanjali!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക