
ശീതക്കാറ്റ് വീശി മരവിച്ചുനിൽക്കുന്ന ഒരു സായാഹ്നം. പതിവുപോലെ ഗാർഡനിലൂടെ നടക്കുന്നതിനിടയിലാണ് പൂക്കൾക്കിടയിൽ ആ കുഞ്ഞിക്കിളിയെ കണ്ടത്. ചിറകിലൊന്നിന് പരിക്കേറ്റിരിക്കുന്നു. പറക്കാനാവാതെ, തണുപ്പിൽ വിറച്ച്, ചെടികൾക്കിടയിൽ അഭയം തേടുകയായിരുന്നു അത്.
ശൈത്യകാലം തുടങ്ങുന്നതോടെ മിക്ക പക്ഷികളും ചൂടുള്ള സ്ഥലത്തേക്ക് ദേശാടനം നടത്തും. പിന്നെ വസന്തത്തിന്റെ വരവോടെയാണ് അവ മടങ്ങിയെത്തുക. ഒരുപക്ഷേ, പറക്കാനുള്ള ശേഷി നഷ്ടപ്പെട്ടതുകൊണ്ടാകാം ഈ കുഞ്ഞിക്കിളിക്ക് മറ്റുള്ളവരോടൊപ്പം യാത്ര ചെയ്യാനാവാതെ ഇവിടെത്തന്നെ തങ്ങേണ്ടിവന്നത്.
എന്റെ സാമീപ്യം തിരിച്ചറിഞ്ഞതോടെ അതിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു. മുറിവേറ്റ ചിറകുകൾ ശരീരത്തോടു ചേർത്തുപിടിച്ച് കരിയിലകൾക്കിടയിൽ ഒളിക്കാൻ അത് വിഫലമായി ശ്രമിച്ചു. രക്ഷപ്പെടാനുള്ള തിടുക്കത്തിൽ ഒരു ചെടിയുടെ ശിഖരങ്ങൾക്കിടയിൽ ചിറക് വീണ്ടും കുരുങ്ങി. മുറിവേറ്റ ആ ചിറക് കുഞ്ഞുദേഹത്തിൽനിന്ന് വേർപെട്ടുപോകുമോ എന്നു പോലും തോന്നി. വേദനകൊണ്ട് അത് പിടഞ്ഞു.
ആ കാഴ്ച എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. കുഞ്ഞിക്കാലുകൾ ഇടറി ചരൽമണ്ണിൽ വീണ് കാൽമുട്ടുരഞ്ഞ് 'അമ്മേ...' എന്നു വിളിച്ചുകരയുന്ന സ്വന്തം മക്കളുടെ മുഖം ഓർമയിൽ തെളിഞ്ഞു. ആ കുഞ്ഞിക്കിളിയുടെ പിടച്ചിലിലും കരച്ചിലിലും എനിക്ക് കണ്ടത് നിസ്സഹായതയുടെ അതേ മുഖമായിരുന്നു.
അതിനെ ഒട്ടും വേദനിപ്പിക്കാതെ ചെടികൾക്കിടയിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് പെട്ടെന്ന് എവിടെനിന്നോ ഒരു കിളി പാഞ്ഞെത്തി എന്റെ കൈകളിൽ കൊത്തിയത്. ഇത്തിരിക്കുഞ്ഞനാണെങ്കിലും തന്റെ ഇണയെ രക്ഷിക്കാനുള്ള വ്യഗ്രത ആ ആക്രമണത്തിലുണ്ടായിരുന്നു. പെട്ടെന്നുതന്നെ കൈ പിൻവലിച്ചതുകൊണ്ട് മുറിവൊന്നും പറ്റിയില്ല. നൊന്ത കൈയുമായി, ദേഷ്യത്തേക്കാളേറെ ഭയത്തോടെ ഞാൻ പിന്നോട്ടുമാറി.
ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് തൊട്ടടുത്ത വീട്ടിൽ ജോലിക്കെത്തിയിരുന്ന ഒരു യുവാവ് ഓടിവന്നു പറഞ്ഞു:
"വേണ്ടാ, അതാ മുറിവേറ്റ പക്ഷിയുടെ അമ്മയായിരിക്കും. തന്റെ കുഞ്ഞിനെ ഉപദ്രവിക്കുകയാണെന്ന് കരുതിയിട്ടാവും നിങ്ങളെ ആക്രമിച്ചത്." ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഹേയ്, അതിന്റെ അമ്മയാകണമെന്നില്ല. ഇണയായിരിക്കാനാണ് കൂടുതൽ സാധ്യത."
അവൻ ഉടനെ മറുപടി പറഞ്ഞു:
"അല്ല... ഇങ്ങനെ സ്വന്തം ജീവൻ പോലും പണയംവെച്ച് മറ്റൊരു ജീവനെ രക്ഷിക്കാൻ പോരാടാൻ ഒരമ്മമനസ്സിനേ കഴിയൂ." അതു പറയുമ്പോൾ അവന്റെ മുഖത്ത് ഒരേസമയം ദുഃഖവും രോഷവും നിഴലിച്ചിരുന്നു.
അപ്പോഴും ആ കിളി മുറിവേറ്റ കുഞ്ഞിന്റെ ചുറ്റും വെപ്രാളത്തോടെ ചാടിച്ചാടി നടക്കുകയായിരുന്നു. ഇടയ്ക്കിടെ ചിറകടിച്ച് എന്തോ പറയുന്നതുപോലെ. ആ കാഴ്ച കണ്ടപ്പോൾ എനിക്കും എന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നി.
ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന ഈ ചെറുപ്പക്കാരൻ എന്തിനാണ് ഇങ്ങനെയൊരു ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത് എന്നതായിരുന്നു എന്റെ മനസ്സിലെ ആദ്യത്തെ അത്ഭുതം. "നിന്റെ പേരെന്താണ്?"
ഹോസെ എന്നാണ് . യാർഡ് വൃത്തിയാക്കുന്നതിനിടയിലും അവൻ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. നല്ല പെരുമാറ്റം, വിനയം, സംസാരത്തിലെ പക്വത... അവനോട് വല്ലാത്തൊരു വാത്സല്യം തോന്നി. പതുക്കെ ഞാൻ അവന്റെ ജീവിതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.
"ഞാൻ പഠിച്ചിട്ടില്ല..." അതു പറയുമ്പോൾ അവന്റെ ശബ്ദം പെട്ടെന്ന് താഴ്ന്നു. ഇതുവരെ തെളിഞ്ഞുനിന്ന മുഖത്ത് ഒരു നിഴൽ പടർന്നു. "അമ്മ കഷ്ടപ്പെട്ട് പണിയെടുത്ത് കൊണ്ടുവരുന്ന പണംകൊണ്ട് ഞാനും അമ്മയും ചേട്ടനും സന്തോഷത്തോടെ ജീവിച്ചുപോരുകയായിരുന്നു. അപ്പോഴാണ് അച്ഛനെന്നു പറയുന്ന മനുഷ്യൻ വീണ്ടും ഞങ്ങളുടെ വീട്ടിൽ വന്നുതാമസമാക്കിയത്. എന്നെ അഞ്ചുവയസ്സുവരെ കണ്ടിട്ടുപോലുമില്ലാത്ത ആളായിരുന്നു അയാൾ. ഞങ്ങളെ ഉപേക്ഷിച്ചുപോയിട്ട് അഞ്ചര വർഷം കഴിഞ്ഞാണ് അയാൾ തിരിച്ചുവന്നത്.
ആദ്യത്തെ ഒരാഴ്ച കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നെ വീട്ടിൽ വഴക്കും അടിയും തുടങ്ങി. അമ്മയെ മർദിച്ച് അവശയാക്കുന്നത് കണ്ടുനിൽക്കാനേ എനിക്കും ചേട്ടനും കഴിഞ്ഞിരുന്നുള്ളൂ. ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായതയായിരുന്നു ഞങ്ങൾക്ക്."
ഭാഷ മാറിയാലും നാടുകൾ മാറിയാലും ജീവിതങ്ങളുടെ ദുരിതങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ലല്ലോ എന്ന് ഞാനോർത്തു.
അവന്റെ കണ്ണുകൾ എവിടെയോ ഉറച്ചുനിന്നു. പറയാൻ ബാക്കിയുള്ളത് എത്രയോ വലിയൊരു വേദനയാണെന്ന് ആ നിശ്ശബ്ദത വിളിച്ചുപറയുന്നുണ്ടായിരുന്നു. അവൻ കഥ തുടർന്നു.
"ഒരു ദിവസം അയാൾ ചേട്ടനെ ക്രൂരമായി മർദിച്ചു. ചേട്ടൻ നിലത്തുവീണ് പിടയുന്നത് കണ്ട അമ്മയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. കറിക്കത്തിയെടുത്ത് അയാളെ പിന്നിൽനിന്ന് ആഞ്ഞാഞ്ഞ് കുത്തി. ചേട്ടനെ രക്ഷിക്കാനുള്ള അവസാന ശ്രമമായിരുന്നു അത്.
അടുത്തുനിന്നിരുന്ന എന്റെ മുഖത്തേക്ക് ചോര ചീറ്റിത്തെറിച്ചു. ഒന്നും മനസ്സിലാകാതെ ഭയന്നുനിന്ന എന്നെ അമ്മ അരിക്കലത്തിലെ വെള്ളംകൊണ്ട് മുഖം കഴുകിത്തന്നു. എന്നിട്ട് എന്നെ ഇരുട്ടിലേക്ക് തള്ളിവിട്ടുകൊണ്ട് പറഞ്ഞു,'മോനേ, നീ ഓടിക്കോ... എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ...അതാണ് അമ്മ എന്നോട് അവസാനമായി പറഞ്ഞത്."
അവൻ ഒരു നിമിഷം നിശ്ശബ്ദനായി.
"വീട് വിട്ട് എവിടെയും പോയി പരിചയമില്ലാത്ത എനിക്ക് എങ്ങോട്ടാണ് ഓടേണ്ടതെന്ന് അറിയില്ലായിരുന്നു. പലരുടെയും കൂടെ പല സ്ഥലങ്ങളിലും ജോലിക്ക് പോയി. പല കഷ്ടപ്പാടുകളും അനുഭവിച്ചു. ഒടുവിൽ ഒരു നല്ല മനുഷ്യൻ എന്നെ സഹായിച്ചു. എനിക്ക് മേൽവിലാസവും യാത്രയ്ക്കുള്ള പണവും ഒരുക്കിത്തന്ന് അമേരിക്കയിലേക്ക് അയച്ചു. അദ്ദേഹത്തിന്റെ പരിശ്രമംകൊണ്ടാണ് ഞാൻ ഇവിടെയെത്തിയത്."
അവന്റെ വാക്കുകൾ എന്റെ ഉള്ളിൽ തറച്ചുകയറുകയായിരുന്നു."അമ്മ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും എനിക്കറിയില്ല. അന്ന് ആ മനുഷ്യൻ മരിച്ചോ എന്നും അറിയില്ല. അന്വേഷിച്ചുപോകാൻ എനിക്ക് എന്റെ നാടിന്റെ പേരുപോലും ഇപ്പോൾ ഓർമയില്ല. ഞാൻ ഓടിപ്പോയ വഴികളും ഞാൻ താണ്ടിയ വീഥികളും ഏതൊക്കെയായിരുന്നുവെന്നും ഇപ്പോൾ അറിയില്ല.
ചിലപ്പോൾ വഴിയിൽ കണ്ടുമുട്ടിയ സ്ത്രീകളിൽ ആരെങ്കിലും എന്റെ അമ്മയായിരുന്നോ എന്നും എനിക്കറിയില്ല." അവന്റെ കണ്ണുകൾ നിറഞ്ഞു.
"അത്രയും മങ്ങിയ ഒരു ചിത്രമായിട്ടാണ് അമ്മ ഇന്നും എന്റെ മനസ്സിലുള്ളത്. അമ്മയുടെ മുഖം എനിക്ക് വ്യക്തമായി ഓർമയില്ല. പക്ഷേ, ആ മുഖം ഞാൻ മറന്നിട്ടുമില്ല. എന്തിനാണ് ദൈവം എന്റെ മനസ്സിൽ അമ്മയുടെ മുഖം മാത്രം ഇത്രയും മങ്ങിയ ചിത്രമാക്കി സൂക്ഷിച്ചിരിക്കുന്നത്? ഒരുപക്ഷേ, ഞാൻ കാണുന്ന ഓരോ സ്ത്രീയിലും എന്റെ അമ്മയെ തിരഞ്ഞുകൊണ്ടിരിക്കാനായിരിക്കും..." അവന്റെ ശബ്ദം ഇടറി.
ആ വാക്കുകൾക്കു മുന്നിൽ എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. എന്തു പറഞ്ഞാണ് ആ കുഞ്ഞുമനസ്സിന്റെ മുറിവുണക്കുക? കാലം എത്ര കഴിഞ്ഞാലും ഉണങ്ങാത്ത ചില മുറിവുകളുണ്ട്. ബാല്യത്തിൽ നഷ്ടപ്പെട്ട സ്നേഹവും സുരക്ഷിതത്വവും അത്തരത്തിലുള്ളതാണ്.
മരംകോച്ചുന്ന ആ തണുപ്പിൽ ഹോസെയുടെ കഥ കേട്ട് ഞാൻ വിയർത്തുപോയി. പുറത്ത് ശീതക്കാറ്റ് വീശുന്നുണ്ടായിരുന്നു. എന്നാൽ എന്റെ ഉള്ളിൽ എന്തോ ഉരുകുകയായിരുന്നു. ഒരു ശിശിരത്തിനും തണുപ്പിക്കാൻ കഴിയാത്തത്ര ചൂടുള്ള വേദന.
അപ്പോഴാണ് വേലിക്കമ്പികൾക്കിടയിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ടുകിടക്കുന്ന ആ കുഞ്ഞിക്കിളിയെ ഞാൻ ശ്രദ്ധിച്ചത്. അതിനടുത്ത് മറ്റേ കിളി അപ്പോഴും ചിറകടിച്ചുകൊണ്ട് വട്ടമിട്ടു പറക്കുകയായിരുന്നു. ഇടയ്ക്കിടെ താഴേക്കിറങ്ങി കുഞ്ഞിന്റെ അരികിൽ വന്നുനിന്ന് എന്തോ തിരയുന്നതുപോലെ.
ഇനിയൊരിക്കലും കണ്ണുതുറക്കാത്ത കുഞ്ഞിനെ ഉണർത്താനുള്ള അവസാന ശ്രമമായിരുന്നോ അത്? അതോ നഷ്ടപ്പെട്ടുപോയ ജീവന്റെ സത്യം അംഗീകരിക്കാൻ കഴിയാത്ത ഒരു ഹൃദയത്തിന്റെ വെപ്രാളമോ?
ആ കിളിയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് ഹോസെ പറഞ്ഞ വാക്കുകൾ ഓർമവന്നു.
"സ്വന്തം ജീവൻ പോലും പണയംവെച്ച് മറ്റൊരു ജീവനെ രക്ഷിക്കാൻ പോരാടാൻ ഒരമ്മമനസ്സിനേ കഴിയൂ..."
പെട്ടെന്ന് ആ കുഞ്ഞിക്കിളിയുടെ ചുറ്റും വട്ടമിട്ടുപറന്നിരുന്ന പക്ഷിയുടെ കണ്ണുകളിൽ എനിക്ക് ഒരു അമ്മയുടെ സങ്കടക്കടൽ ഇരമ്പുന്നതുപോലെ തോന്നി. എന്റെ മനസ്സ് വീണ്ടും ഹൊസെയുടെ അമ്മയിലേക്കു പോയി.
എവിടെയോ ജീവിച്ചിരിപ്പുണ്ടാകാം... അല്ലെങ്കിൽ കാലത്തിന്റെ ഏതോ ഇരുണ്ട കോണിൽ മാഞ്ഞുപോയിട്ടുണ്ടാകാം. തന്റെ കുഞ്ഞിനെ അവസാനമായി നെഞ്ചോടുചേർത്ത് യാത്രയാക്കാൻ പോലും കഴിയാതെ, ഇരുട്ടിലേക്ക് ഓടിച്ചുവിടേണ്ടിവന്ന ആ അമ്മയുടെ ഹൃദയം എത്രമാത്രം പിടഞ്ഞിട്ടുണ്ടാകും!
അന്ന് ആ കുഞ്ഞിനെ രക്ഷിക്കാനായി കത്തിയെടുത്ത അമ്മയും, ഇന്ന് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ എന്റെ കൈകളിൽ കൊത്തിയ പക്ഷിയും... രണ്ടുപേരുടെയും ഹൃദയത്തിൽ ഒരേ വികാരമായിരുന്നു. സ്വന്തം ജീവനെക്കാൾ വലുതായി മറ്റൊരു ജീവനെ സ്നേഹിക്കുന്ന മാതൃത്വം.