
ന്യൂയോര്‍ക്ക്/ഹ്യൂസ്റ്റണ്‍ : ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (OCI) കാര്‍ഡ് ഉടമകള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട്, പാസ്പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലെ കാലതാമസത്തിന് ഈടാക്കിയിരുന്ന പിഴത്തുകയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ (ഹ്യൂസ്റ്റണ്‍) ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചു.
പുതിയ പാസ്പോര്‍ട്ട് ലഭിച്ച് 90 ദിവസത്തിനകം ഇ-ഒസിഐ (e-OCI) പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി കഴിഞ്ഞുനല്‍കുന്ന അപ്‌ഡേറ്റുകള്‍ക്ക് 25 യു.എസ് ഡോളര്‍ പിഴ ഈടാക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഈ പിഴത്തുകയില്‍ നിന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി ഇളവ് അനുവദിച്ചിരിക്കുന്നത്.
2026 ഒക്ടോബര്‍ 31 വരെ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ക്ക് 25 ഡോളര്‍ പിഴയില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റത്തവണ ഇളവ് ലഭിക്കുന്നതാണ്.
2026 നവംബര്‍ 1 മുതല്‍ 2026 ഡിസംബര്‍ 31 വരെ സമര്‍പ്പിക്കുന്ന പാസ്പോര്‍ട്ട് അപ്‌ഡേറ്റ് അപേക്ഷകള്‍ക്കും ഈ പിഴ ബാധകമായിരിക്കുന്നതല്ല.
ഈ ഇളവിന്റെ ആനുകൂല്യം അര്‍ഹരായ മുഴുവന്‍ ഒസിഐ കാര്‍ഡ് ഉടമകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി www.cgihouston.gov.in ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.