Image

മാതാപിതാക്കളോടൊപ്പം കടപ്ലാമറ്റത്ത് (ഗുരു കൂവള്ളൂര്‍ - നീതിയുടെ ജ്വാല : ഭാഗം - 20)

Published on 06 November, 2026
മാതാപിതാക്കളോടൊപ്പം കടപ്ലാമറ്റത്ത്  (ഗുരു കൂവള്ളൂര്‍ - നീതിയുടെ ജ്വാല : ഭാഗം - 20)

'നാളെ ചെയ്യേണ്ടത് ഇന്നുതന്നെ ചെയ്യൂ,
ഇന്നു ചെയ്യേണ്ടത് ഇപ്പോള്‍ത്തന്നെയും.
കാരണം, ഞൊടിയിടയിലൊരു
പ്രളയം വന്നാല്‍ യാതൊന്നുമേ
പൂര്‍ത്തിയാക്കാനാവില്ല.'
(കബീര്‍ദാസ് - ദോഹ)

ഗുരു കൂവള്ളൂരിനെ സംബന്ധിച്ചിടത്തോളം അദ്ദേഹവുമായി ഞാന്‍ കഴിഞ്ഞ ഒന്നരമാസത്തെ സഹവാസത്തിന്റെ ആകെത്തുകയാണ് മേലുദ്ധരിച്ച കബീര്‍ദാസിന്റെ ദോഹ.

അദ്ദേഹത്തിന്റെ പിതാവ് ജോസഫ് കൂവള്ളൂര്‍ മാതാപിതാക്കളുടെ ഇളയമകനായിരുന്നുവെങ്കിലും ഗുരു കൂവള്ളൂര്‍ (ജി.കെ) ജനിച്ചശേഷം കൂവള്ളൂര്‍ തറവാട്ടില്‍നിന്നും ഏറെക്കുറെ മൂന്നുഫര്‍ലോങ് അകലെയുള്ള, കൂവള്ളൂര്‍ കുളത്തിന്റെ വടക്കുവശത്തുള്ള ഏറ്റവും ഉയര്‍ന്ന ഭാഗമായ ചേന്നാട്ട് പുരയിടത്തിലേക്ക് താമസം മാറി. ഇളയ മകനുവേണ്ടി കൂവള്ളൂര്‍ തറവാട്ടിലെ വലിയകാരണവരായ തൊമ്മന്‍ ലൂക്കാ എന്ന, എല്ലാവരും പാപ്പന്‍ എന്നു വിളിച്ചിരുന്ന, തൊമ്മന്‍ ചേട്ടന്‍ വാങ്ങിച്ചതാണ് പ്രസ്തുതസ്ഥലം. നാലുവശവും തൊണ്ടുകളായിരുന്നു ആ പുരയിടത്തിന്. ജി.കെ. തന്റെ ചെറുപ്പകാലത്തിലേയ്ക്ക്, അതായത് 1950 കളിലേയ്ക്ക് തന്റെ ചിന്തയെ കൊണ്ടുപോയി. തന്റെ കുട്ടിക്കാലത്ത് ഓടിട്ട വീടുകള്‍ കൂവള്ളൂര്‍ കുന്നിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നില്ല. ഓടിട്ട ഏകവീട് കൂവള്ളൂര്‍ തറവാട് മാത്രം. തറവാടിന്റെ മുറ്റം അതിവിശാലമായിരുന്നു. മുറ്റമടിക്കാനും വെള്ളം കോരാനും പാചകം ചെയ്യാനും, കന്നുകാലികളെ നോക്കാനും പറമ്പില്‍ പണിയാനുമെല്ലാം പ്രത്യേകം പ്രത്യേകം ആള്‍ക്കാരെ നിയോഗിച്ചിരുന്നു. സമ്പന്നമായ ഒരു കുടുംബം. അതേസമയം ജി.കെ.യുടെ വീട് ഒരു മണ്‍കുടില്‍. രണ്ടു മുറികളും, ഒരു അടുക്കള ചാര്‍ത്തും.

ആകെക്കൂടി ആ വീടിന് ഒരു ജനല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുമുറിയില്‍ മക്കളും, മറ്റേ ഇടുങ്ങിയ മുറിയില്‍ മാതാപിതാക്കളും കിടന്നുറങ്ങിയിരുന്നു. ജി.കെ.യ്ക്ക് ഏഴുവയസ്സ് ആയപ്പോഴേക്കും തന്റെ ഇളയരണ്ടുപേര്‍ ഉണ്ടായി. നേരേ ഇളയത് ജോസ്, അതിന്റെ താഴെ റോസ എന്ന പേരില്‍ അറിയപ്പെടുന്ന ലീലാമ്മയും. പിതാവ് ഒരു യോഗാഭ്യാസി ആയിരുന്നതിനാല്‍ നന്നേ ചെറുപ്പത്തില്‍തന്നെ ഒരു യോഗാഭ്യാസിയെ വീട്ടില്‍വരുത്തി യോഗ പഠിപ്പിച്ചു. അങ്ങിനെ പ്രൈമറി സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ഒരു യോഗാമാസ്റ്റര്‍ ആയി എന്നു പറയാം.

കുട്ടിക്കാലത്തെപഠനം കടപ്ലാമറ്റം പള്ളിയോടു ചേര്‍ന്നുള്ള പള്ളിവക എല്‍പി സ്‌കൂളില്‍ ആയിരുന്നു (സെയ്ന്റ് ജോസഫ് എല്‍.പി സ്‌കൂളും, യു.പി. സ്‌കൂളും) കടപ്ലാമറ്റം പള്ളിയോടു ചേര്‍ന്ന് ഇന്നും കാണാം ജി.കെ.യോടൊപ്പം താമസിച്ച ഒരു ദിവസം സ്‌കൂള്‍ കാണാന്‍ ഞങ്ങള്‍ പോയിരുന്നു. പുതിയ ടീച്ചര്‍മാരില്‍ ഒരാള്‍ മാത്രം അദ്ദേഹത്തെ തിരിച്ചറിഞ്ഞു.

' ഞാന്‍ ചെറുപ്പത്തിലെ കളരി അഭ്യാസവും യോഗവിദ്യയും പഠിച്ചിരുന്നു.' ഗുരു കൂവള്ളൂര്‍ വ്യക്തമാക്കി. 'പിതാവ് ഒരു അഭ്യാസി ആയിരുന്നതിനു പുറമെ അഭ്യാസികളുടെ ഒരു സംഘവും അദ്ദേഹത്തിനുണ്ടായിരുന്നു. അവരുടെ അഭ്യാസങ്ങള്‍ നന്നേ ചെറുപ്പത്തില്‍ത്തന്നെ ഞാന്‍ കണ്ടുപഠിച്ചു. പുരാണകഥയിലെ ഏകലെവ്യനെപ്പോലെ.' യഥാര്‍ത്ഥയോഗ പ്രകൃതിയില്‍നിന്നുമാണ് പഠിക്കേണ്ടത്. ഒരുകുട്ടി ജനിക്കുമ്പോള്‍ മുതല്‍ മലര്‍ന്നുകിടന്ന് കാലുകള്‍ രണ്ടും മുകളിലേക്കു കൊണ്ടുവന്ന് കാലിന്റെ പെരുവിരലുകള്‍ കടിക്കുന്നതും, പിന്നീട് കമിഴ്ന്നു വീഴുന്നതും, നിലത്തുകൂടി ഇഴയുന്നതും, മുട്ടില്‍ നീന്തുന്നതും എന്തിനേറെ പിച്ചവച്ചു നടക്കുന്നതും, കരണംമറിയുന്നതും എല്ലാം യോഗയുടെ വിവിധ രൂപങ്ങളാണ്. ഇവയെയെല്ലാം ക്രോഡീകരിച്ചാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് യോഗിമാര്‍ യോഗാശാസ്ത്രം രൂപാന്തരപ്പെടുത്തി എടുത്തത്. ഗുരു തന്റെ അറിവ് പുറത്തേക്കിട്ടു. പിന്നീട് മയൂരാസനം, ധനുരാസനം, കോബ്രോപോസ്, വിവിധയിനം ശ്വസനക്രിയകള്‍ എല്ലാം ജ്ഞാനികളായ ഗുരുക്കന്മാര്‍ രൂപാന്തരപ്പെടുത്തിയെടുത്തു.

ഇതിനിടെ ആകാംക്ഷഭരിതനായ ഞാന്‍ എത്രയിനം യോഗാപോസുകള്‍ ഉണ്ടെന്നു ചോദിച്ചപ്പോള്‍ അപ്പോള്‍ത്തന്നെ മറുപടി ലഭിച്ചു - എണ്‍പതുലക്ഷത്തി നാല്‍പതിനായിരം പോസുകള്‍. ഞാന്‍ ആദ്യമായി കേള്‍ക്കുന്നതാണ്. വിശ്വാസിക്കാന്‍ വിഷമം. പക്ഷേ, ഗുരു അതും നിര്‍വചിച്ചു. ഒരു മനുഷ്യന്‍ അമ്മയുടെ ഉദരത്തില്‍ ജനിക്കുന്നതു മുതല്‍ മരണം വരെയുള്ള വിവിധ അവസ്ഥകളെ പോസുകളായി എടുക്കാമത്രേ. ശവാസനം മനുഷ്യന്‍ നിശ്ചലനായി കിടക്കുന്ന പോസ.് ഇവിടെയാണ് ഗുരുവിന്റെ യോഗയിലുള്ള അഗാധ ജ്ഞാനം. സാധാരണമനുഷ്യര്‍ക്ക് ഗ്രഹിക്കാന്‍ പോലും വിഷമം. വിവിധയിനം പക്ഷികളുടെ പോസുകളും, എല്ലാം യോഗാപോസുകളുടെ വിവിധ രൂപങ്ങളാണത്രേ. ഒറ്റകാലില്‍ നില്ക്കുന്നതും, സിംഹത്തെപ്പോലെ നാക്കുപുറത്തേയ്ക്കിട്ടു കണ്ണുമിഴിച്ചുള്ള സിംഹ ആസനവും.

യോഗയിലെ ഏറ്റവും പ്രധാനമായതത്വം മനസ്സിനെയും ശരീരത്തെയും തുലനാവസ്ഥയില്‍ കൊണ്ടുവരുന്നതിനാണ്. ഗുരു തുടര്‍ന്നു. താന്‍ കടപ്ലാമറ്റം പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ ഉണ്ടായിരുന്ന കിണറിന്റെ വക്കത്ത് മയൂരാസനത്തില്‍ പകുതി ഭാഗം - അതായത് കൈയുടെ മുമ്പോട്ടുള്ള ഭാഗം നെഞ്ചും, തലയും കിണറ്റിലേയ്ക്കും കാലുകള്‍ രണ്ടും കിണറിന്റെ മതിലിനു പുറത്തേക്കും ഇട്ട് കുട്ടിക്കാലത്ത് നില്‍ക്കുന്ന കാഴ്ച കണ്ടിട്ടുള്ള ബേബി എന്ന സുഹൃത്ത് സാക്ഷ്യപ്പെടുത്തി. സ്‌കൂളില്‍ ചെറുപ്പകാലത്ത് ഡ്രില്ലിനുവേണ്ടി, അതായത് കുട്ടികള്‍ക്ക് വ്യായാമത്തിനുവേണ്ടി ഒരുമണിക്കൂര്‍ കിട്ടും.

അപ്പോഴായിരുന്നു ഗുരുവിന്റെ അഭ്യാസപ്രകടനങ്ങള്‍. അന്നത്തെക്കാലത്ത് ഡ്രില്‍മാസ്റ്റര്‍ ഇല്ലായിരുന്നതിനാല്‍ കുട്ടികളില്‍ തകൃതമുള്ളവര്‍ നേരേ താഴെയുള്ള പള്ളിത്തോട്ടിലേക്ക് ഒരു ഓട്ടമാണ്. തുണി പറിച്ചിട്ടിട്ട് വെള്ളത്തിലേയ്ക്ക് ചാടുക ജി.കെ.യെപ്പോലുള്ള അഭ്യാസികളുടെ വിനോദമായിരുന്നു. തോടിന്റെ ആഴമുള്ള ഭാഗത്ത് ജി.കെ. പത്മാസനത്തില്‍ ഇരിക്കുന്നതുകണ്ടിട്ടുള്ള സഹപാഠി ബേബി സാക്ഷ്യപ്പെടുത്തുന്നു. മാതാപിതാക്കളും അധ്യാപകരും ഇല്ലാത്ത അവസരം. സ്‌കൂള്‍ കുട്ടികള്‍ എന്തെല്ലാം കോമാളിത്തരങ്ങള്‍ക്കാണിക്കും. അതെല്ലാം കടന്നുവന്ന ഒരാളാണ് ജി.കെ. എന്ന ഗുരു കൂവള്ളൂര്‍. ജി.കെ.യുടെ ഒരു വലിയ അങ്കിള്‍ ആയിരുന്ന വടാന വലിയച്ചനും ഒരു യോഗാഭ്യാസി ആയിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. വൈദികനായിരുന്ന അദ്ദേഹം റിട്ടയര്‍മെന്റില്‍ കടപ്ലാമറ്റം പള്ളിയിലാണ് അവസാനകാലം വിനിയോഗിച്ചത്. അദ്ദേഹവും വയസ്സുകാലത്ത് യോഗ ചെയ്തിരുന്നുവത്രേ.

ചുരുക്കത്തില്‍ കൂവള്ളൂര്‍ കുടുംബത്തില്‍പ്പെട്ട മുന്‍ തലമുറക്കാര്‍ പലരും യോഗാഭ്യാസികള്‍ ആയിരുന്നുവത്രേ. പക്ഷേ, ഇന്നത്തെ തലമുറ അധികവും വീട്ടില്‍ നില്ക്കാതെ ബോര്‍ഡിങ്ങ് സ്‌കൂളുകളിലാണ് പഠിക്കുന്നത്. പണ്ടുകാലത്തെപ്പോലുള്ള ട്രെയിനിങ്ങ് കിട്ടുന്നവര്‍ വളരെ കുറവാണ്. ചില കുട്ടികള്‍ യോഗയില്‍ നാഷണല്‍ ലവലില്‍ വരെ പോയിട്ടുള്ളതായി അറിയാമെന്ന് ജി.കെ. പറഞ്ഞു.


ഗുരു കൂവള്ളൂരിന്റെ മാതാവുമൊത്ത് ഏതാനും മണിക്കൂറുകള്‍

ഗുരുവിനോടൊപ്പം കടപ്ലാമറ്റത്തുനിന്നും ഞങ്ങള്‍ നേരേ പോയത് കൂവള്ളൂര്‍ കുന്നും കോളനിയും പിന്നിട്ട് കുന്നിന്റെ ഉച്ചിയിലുള്ള ഗുരുവിന്റെ വീട്ടിലേയ്ക്കാണ്. തൊണ്ണൂറ്റിമൂന്നു വയസ്സു പിന്നിട്ട ആ അമ്മ ഞങ്ങളെ സ്വാഗതപൂര്‍വ്വം സ്വീകരിച്ചു. വയസ്സു തൊണ്ണൂറ്റിമൂന്നു കഴിഞ്ഞിട്ടും തലമുടി നരച്ചിട്ടില്ല. പ്രായത്തിന്റേതായ ഒരു അസുഖങ്ങളും കാണാന്‍ കഴിഞ്ഞില്ല. നല്ല സുസ്‌മേരവദനയായ ഒരു അമ്മ. നിരവധികാര്യങ്ങള്‍ ആ അമ്മയോടു ചോദിക്കുകയുണ്ടായി. മറവി എന്ന രോഗം അവരെ തൊട്ടുതീണ്ടിയിരുന്നില്ല.

'കുടുംബത്തിലെ മൂത്തമകനായിരുന്നതിനാല്‍ വാവച്ചനാണ് എന്നെ എല്ലാകാര്യത്തിലും സഹായിച്ചിരുന്നത്. നന്നേ ചെറുപ്പം മുതല്‍ വീട്ടില്‍ എല്ലാ പണികളും ചെയ്യാന്‍ അമ്മയെ സഹായിച്ചിരുന്നതായി ആ അമ്മ പറഞ്ഞു. 'ഇളയകുട്ടിയെ നോക്കാനും, കൃഷിപ്പണികള്‍ ചെയ്യാനും, പാചകത്തിനും എല്ലാം എന്നോടൊപ്പം നിന്നത് വാവച്ചനാണ്' ആ അമ്മ സാക്ഷ്യപ്പെടുത്തുന്നു. 'എല്ലാറ്റിനും നല്ല ഉത്സാഹമായിരുന്നു എന്റെ വാവച്ചന്. വിറകുവെട്ടുന്നതും, പറമ്പില്‍ കിളയ്ക്കുന്നതുമെല്ലാം ഞാന്‍ ചെയ്യുന്നതു കാണുമ്പോള്‍ എന്നെക്കാള്‍ നന്നായി അവന്‍ ചെയ്തിരുന്നു.'

അതെ, ആ അമ്മയുടെയും മകന്റെയും ആരോഗ്യത്തിന്റെ രഹസ്യം കൃഷിപ്പണിക്കായുള്ള അധ്വാനം ആണെന്ന് നിസ്സംശയം പറയാം. മകന് കൃഷിയോടൊപ്പം യോഗവിദ്യയും ചേര്‍ന്നപ്പോള്‍ ആരോഗ്യം പരിപൂര്‍ണ്ണമായി. 'യോഗ ഒരാള്‍ ഏതു പ്രായത്തില്‍ തുടങ്ങിയാലും പ്രായം താഴെ നില്‍ക്കും. പ്രായമേറുമ്പോഴുള്ള കോശങ്ങളുടെ നാശം യോഗ ചെയ്യുന്നതിലൂടെ ഗണ്യമായി കുറയുന്നു. മനസ്സും ശരീരവും അതുവഴി ആരോഗ്യമുള്ളതായിത്തീരും.' ഗുരു കൂവള്ളൂര്‍ വിശദീകരിക്കുന്നു. എന്നെക്കാള്‍ ഇരുപതുവയസ്സ് കൂടുതല്‍ അദ്ദേഹത്തിന് ഉണ്ടെങ്കില്‍പോലും ഫലത്തില്‍ എന്നെക്കാള്‍ ഇരുപതുവയസ്സ് അദ്ദേഹത്തിന് കുറവായിതോന്നിക്കുന്നു!

കിഴക്കോട്ടു ദര്‍ശനമായി ആയിരുന്നു വീട്. നേരേ കിഴക്കോട്ടു നോക്കിയാല്‍ മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ ഇല്ലിക്കല്‍കല്ലും സമീപപ്രദേശങ്ങളും കാണാന്‍ കഴിയും. പ്രകൃതിരമണീയമായ കാഴ്ച. 'ഞങ്ങളുടെ വീടിനു മുമ്പില്‍ താഴത്തുവശത്ത് ഒരു വലിയ കുടംപുളി ഉണ്ടായിരുന്നു. ആ പുളിയുടെ താഴെ വീണു കിടക്കുന്ന പുളിപെറുക്കാന്‍ ഒരുകാലത്ത് കടപ്ലാമറ്റത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആള്‍ക്കാര്‍ വന്നിരുന്നു. അത്രമാത്രം പുളി ഉല്‍പാദിപ്പിച്ചിട്ടുള്ള ഒരുപുളി വാസ്തവത്തില്‍ എന്റെ ജീവിതത്തില്‍ ഇന്നെവരെ കണ്ടിട്ടില്ല. ആ പുളി എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു എന്നു പറയാം.'

ഇത്രയും പറഞ്ഞപ്പോള്‍ അതെന്താണെന്നറിയാനുള്ള ജിജ്ഞാസ എനിക്കുണ്ടായി. 'ആ പുളി ഹിന്ദു പുരാണത്തിലെ കാമധേനുവിനു തുല്യമായിരുന്നു. എന്റെ ചെറുപ്പത്തില്‍ ഞങ്ങള്‍ക്ക്' ഏറ്റവും കൂടുതല്‍ വരുമാനം എന്റെ പിതാവിനു കിട്ടിയിരുന്നത് ആ പുളിയില്‍ നിന്നായിരുന്നു.' ഗുരു കൂവള്ളൂര്‍ തന്റെ ചെറുപ്പക്കാലത്തെ അയവിറക്കി. നാലുവശത്തേക്കും കൈകള്‍ വീശിനിന്നിരുന്ന ആ പുളി നിറയെ നല്ല വലുപ്പമുള്ള കുടംപുളി നിറഞ്ഞുനില്‍ക്കുമ്പോള്‍ കാണാന്‍ രസമായിരുന്നു. കുടംപുളി പഴുത്തുനില്‍ക്കുന്നതു കാണാന്‍ ഒരു പ്രത്യേകരസമുണ്ടായിരുന്നു, നല്ല സ്വര്‍ണ്ണനിറം.

മാതാപിതാക്കളുടെ എട്ടുമക്കളില്‍ ഏറ്റവും മൂത്ത ഞാന്‍ ആദ്യമായി മരംകയറ്റം പഠിച്ചത് ആ പുളിമരത്തിലാണ്. മരം കയറ്റം പഠിച്ചുകഴിഞ്ഞപ്പോള്‍ ഒരു കുരങ്ങിനെപ്പോലെ ഞാന്‍ കമ്പുകളില്‍ പിടിച്ച് തൂങ്ങി പുളിയുടെ എല്ലാഭാഗത്തും ചെന്നിരുന്നു. ആ പുളിയുടെ ഏറ്റവും മുകളില്‍ കയറി കിഴക്കോട്ടുനോക്കിയാല്‍ പാലാപ്രദേശത്തുള്ള മുഴുവന്‍ കെട്ടിടങ്ങളും, പാലാ കുരിശുപള്ളിയും, കിഴക്കന്‍ മലകളും, ഇല്ലിക്കല്‍കല്ലും എല്ലാം നല്ല ഭംഗിയായി കാണാമായിരുന്നു.

പഴുത്ത പുളി പറിച്ച് അത് പൊട്ടിച്ച് അതിനകത്തെ കുരുവിന്റെ പുറത്തുള്ള പള്‍പ്പ് വായിലിട്ടു തിന്നാന്‍ നല്ല രസമായിരുന്നു. പക്ഷേ കുരുവിന് അരോചകരമായ രൂചി ആയിരുന്നു. അമേരിക്കയില്‍ എത്തിയശേഷമാണ് കുടംപുളി ഒരു ദിവ്യ ഔഷധമാണെന്നു മനസ്സിലാക്കിയത്. വയര്‍ സംബന്ധമായ പല രോഗങ്ങള്‍ക്കും കുടംപുളി പഴുത്തത് ഔഷധമായിരുന്നു എന്നു ശാസ്ത്രം കണ്ടുപിടിച്ചുപോലും. ഈ പുളിയുടെ കമ്പുകള്‍ ഇരുമ്പു കമ്പിപോലെ നല്ല ബലമുള്ളതായിരുന്നതിനാല്‍ ഞാന്‍ കയറും, കമുകിന്റെ പാളയുമുപയോഗിച്ച് കമ്പില്‍ ഊഞ്ഞാല്‍ കെട്ടി എന്റെ പെങ്ങള്‍മാരെ ആട്ടിയിരുന്നു. എനിക്ക് രണ്ടു സഹോദരിമാരും അഞ്ച് അനുജന്മാരും ഉണ്ട്. എല്ലാവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. എന്റെ നേരേതാഴെയുള്ള ജോസ് എന്നെപ്പോലെതന്നെ എല്ലാ പണികളിലും സമര്‍ത്ഥന്‍ ആയിരുന്നു. ജോസ് പഠനത്തില്‍ പിറകോട്ട് ആയതിനാല്‍ കൃഷിപ്പണികളുടെ മുഴുവന്‍ ചുമതലയും പില്‍ക്കാലത്ത് അവനായിരുന്നു. പഠനത്തില്‍ സമര്‍ത്ഥനായിരുന്ന എന്നെ പിതാവ് കഴിവതും പണികളില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു.

ഞാന്‍ ഏറ്റവും കൂടുതല്‍ ഊഞ്ഞാലില്‍ ആട്ടിയിട്ടുള്ളത് ജോസിന്റെ നേരേ താഴെയുള്ള റോസ എന്ന പേരില്‍ അറിയപ്പെടുന്ന ലീലാമ്മയെയാണ്. അവള്‍ക്കാണെങ്കില്‍ ഊഞ്ഞാലില്‍ ആടാന്‍ വലിയ ഇഷ്ടവും. എന്റെ സഹോദരിമാര്‍ എന്നെ കുഞ്ഞാങ്ങള എന്നാണ് വിളിച്ചിരുന്നത്. ഇപ്പോഴും അങ്ങിനെ തന്നെ. ഗുരു തന്റെ കുട്ടിക്കാലത്തെ ഓരോ സംഭവങ്ങളും ഓരോന്നോരോന്ന് മനസ്സില്‍ നിന്നും പുറത്തുവിട്ടു. ഒരു കൊച്ചുകുട്ടി കഥ പറയുന്ന ലാഘവത്തോടെ. ഇന്നത്തെ തലമുറയ്ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങളോ കഥകളോ അജ്ഞാതമാണ്. എട്ടുമക്കളുള്ള മാതാപിതാക്കളുമൊത്ത് രണ്ടരപതിറ്റാണ്ടിലധികം കഴിഞ്ഞുകൂടുക എന്നത് വളരെ അപൂര്‍വ്വവും അചിന്തനീയവുമാണ്. റോസ എന്ന സഹോദരി പണ്ടത്തെ കോട്ടയം ജില്ലാ സഹകരണബാങ്കില്‍ ജോലിയില്‍ കയറി ദീര്‍ഘകാലം ബാങ്ക് മാനേജരും, പിന്നീട് എക്‌സിക്യൂട്ടീവ് ഓഫീസറായി റിട്ടയര്‍ ചെയ്തു. പ്രസ്തുത കോട്ടയം ജില്ലാ സഹകരണബാങ്ക് പില്‍ക്കാലത്ത് കേരളാ സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക് എന്ന പേരിലും കേരളാ ബാങ്ക് എന്ന പേരിലും അറിയപ്പെടുന്നുവല്ലോ. കാലത്തിന്റെ മാറ്റം.

പിതാവ് മരിക്കുന്നതിനു മുമ്പുതന്നെ മക്കള്‍ക്കെല്ലാം വീതംവച്ചുകൊടുത്തിരുന്നു. 1987 ല്‍ പിതാവ് മരിക്കുന്നസമയം അദ്ദേഹത്തിന്റെ എട്ടുമക്കളും സമീപം ഉണ്ടായിരുന്നു. മൂത്തമകന്‍ വാവച്ചനോട് അടുത്തുവരാനും ആവശ്യപ്പെട്ടു കെട്ടിപ്പിടിച്ച് ഒരു ഉമ്മയും അനുഗ്രഹവും കൊടുത്തു എന്നും തന്റെ സമയമായി, പള്ളിയില്‍ പോയി അച്ചനെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്നും സ്‌നേഹമയിയായ ആ അമ്മ വളരെ വിഷമത്തോടെ പറഞ്ഞു. എന്റെ മകന്‍ വാവച്ചന്‍ ഒരിടത്തും, ഭാര്യ കുവൈറ്റിലും, മകള്‍ അഞ്ജലി കുറുപ്പന്തറയിലും അവരെ ഒന്നിപ്പിക്കണേ എന്ന് ആ പിതാവ് ദിവസവും പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും പിതാവിന്റെ പ്രാര്‍ത്ഥനകേട്ടതിനു തെളിവാണ്, പിതാവ് മരിച്ച് താമസിയാതെ തന്നെ അവര്‍ക്ക് അമേരിക്കയ്ക്കുപോകാനുള്ള വിസ കിട്ടിയതും, പിന്നീട് അവര്‍ ഒന്നിച്ചതും എന്ന് ആ അമ്മ പറഞ്ഞപ്പോള്‍ അവരുടെ വിശ്വാസം എത്രമാത്രം വലുതായിരുന്നു എന്ന് ഒരു എഴുത്തുകാരനായ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു.

യേശുക്രിസ്തുവിനെ സാത്താന്‍ പരീക്ഷിച്ചതുപോലെ തന്നെയാണ് എന്റെ മകന്റെയും ബാല്യകാലം. ഈ ലോകത്തില്‍ സാത്താന്റെ പരീക്ഷണം ഉണ്ടാകുമെന്നും നന്മതിന്മകള്‍ വേര്‍തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകണമെങ്കില്‍ ദൈവ വിശ്വാസവും പ്രാര്‍ത്ഥനയും വേണമെന്ന് ആ അമ്മ പറഞ്ഞു. തന്റെ മക്കളെ തമ്മില്‍ അകറ്റാന്‍ പല ദൂഷ്ടാരൂപികളും ഉണ്ടായിരുന്നുവെന്നും മക്കളെ തമ്മില്‍ അകറ്റാന്‍ കൂടോത്രം വരെ വച്ചകാര്യവും ആ അമ്മ പറഞ്ഞപ്പോള്‍ എനിക്ക് കേരളത്തിലെ കൂടോത്രവും മന്ത്രവാദവുമായി കഴിയുന്നവരുടെ കാര്യം ഓര്‍മ്മവന്നു. ആ അമ്മയില്‍നിന്നും കൂടോത്രത്തെപ്പറ്റി കൂടുതല്‍ കേള്‍ക്കാനുള്ള ജിജ്ഞാസ എനിക്കുണ്ടായി. ആ അമ്മ കഥ തുടര്‍ന്നു.

എന്റെ മകന്‍ ജീവിതത്തില്‍ മൂന്നുതവണ വീടുവിട്ടുപോയിരുന്നു. ഒന്ന് യേശു ക്രിസ്തുവിനെ 12-ാം വയസ്സില്‍ കാണാതെപോയതുപോലെ. അന്ന് അവനെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്ന എന്റെ ഹൃദയം യേശുവിന്റെ അമ്മ പരിശുദ്ധ മറിയത്തിന്റെ ഹൃദയം പിളര്‍ന്നതുപോലെയുള്ള അനുഭവം ആയിരുന്നു. ഏതായാലും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് എല്ലാവരുടെയും പ്രാര്‍ത്ഥനയും നേര്‍ച്ചകാഴ്ചകളുംകൊണ്ട് വീട്ടില്‍ നിന്നും പുറപ്പെട്ടുപോയ മൂന്നുപേരും തൊട്ടയല്‍പക്കംകാരന്‍ ആയിരുന്ന കുഴിക്കാട്ട് ജോസും, കൊച്ചുപറമ്പില്‍ കുഞ്ഞും, വാവച്ചനും തിരികെ എത്തി. അവന്റെ പിതാവ് കുഞ്ഞിപ്പാപ്പന്‍ എന്ന് എല്ലാവരും വിളിക്കുന്ന എന്റെ ഭര്‍ത്താവ് മൂത്തമകന്‍ വാവച്ചനെ നല്ല ശിക്ഷണത്തില്‍ വളര്‍ത്തിയിരുന്നു എങ്കിലും ഏറ്റവും കൂടുതലായി സ്‌നേഹിച്ചിരുന്നു. കാരണം അവന്റെ ഹൃദയം ശുദ്ധവും കപടത ഇല്ലാത്തതും, മറ്റുള്ളവരോട് ദയയും കരുണയും ഉള്ളതായിരുന്നു. തൊട്ട അയല്‍പക്കത്തെ പറമ്പില്‍ താമസിച്ചിരുന്ന വേട്ടോമ്മാരുടെ വീട്ടില്‍ ചെറുപ്പത്തില്‍ അവന്‍ പോകുന്നത് പിതാവിന് തീരെ ഇഷ്ടമല്ലായിരുന്നു. അവനാണെങ്കില്‍ അവരുടെ കുട്ടികളോടൊപ്പം കളിക്കുന്നതും കഥകള്‍ പറഞ്ഞിരിക്കുന്നതും വളരെ ഇഷ്ടമായിരുന്നു.

വേട്ടവരും പറയരും പുലയരുമെല്ലാം നല്ല ആള്‍ക്കാരാണ്. എങ്കിലും ഓരോരുത്തര്‍ക്കും ഒരു വിലയും നിലയുമുണ്ടല്ലോ. 'കാര്യമായി നിയമം വേണം, കാര്യം വിട്ടുകളിക്കൊലാ, നേരു കേടില്‍ പേടിവേണം നേരു ചൊല്ലണമെപ്പോഴും' എന്ന് പിതാവ് സദാ മൂത്തമകന്‍ വാവച്ചനെ ഉപദേശിച്ചിരുന്നകാര്യം 93 വയസ്സിന്റെ നിറവില്‍ ആയിരുന്ന ആ വൃദ്ധമാതാവ് പറഞ്ഞപ്പോള്‍ പണ്ടുകാലത്ത് പൂര്‍വ്വീകര്‍ ഉണ്ടാക്കിവച്ചിരുന്ന ജാതിസമ്പ്രദായമാണല്ലോ ഇതിനെല്ലാം കാരണമാക്കിയതെന്നും, ഗുരു കൂവള്ളൂര്‍ പൂര്‍വ്വീകരുടെ നിയമങ്ങളെ തെറ്റാണെന്നു തിരിച്ചറിഞ്ഞ് പിന്നീട് സമൂഹത്തിലെ ഒരു വിപ്ലവകാരി ആയിത്തീരാനുള്ള കാരണങ്ങളും കണ്ടെത്തി.

എന്റെ കടപ്ലാമറ്റം സന്ദര്‍ശനം ഏറെക്കുറെ നാലഞ്ചുദിവസം ഉണ്ടായിരുന്നതിനാല്‍ ഗുരു കൂവള്ളൂരിനെപ്പറ്റിയുള്ള നിരവധി കാര്യങ്ങള്‍ ആ വൃദ്ധമാതാവില്‍നിന്നും നേരിട്ടു ശേഖരിക്കാന്‍ എനിക്കു കഴിഞ്ഞു. എട്ടു മക്കളുള്ള ആ അമ്മ കുട്ടികളെ പ്രസവിച്ചത് ഹോസ്പിറ്റലുകളില്‍ ആയിരുന്നോ, അതോ വീട്ടില്‍ ആയിരുന്നോ എന്ന് ഒരവസരത്തില്‍ ജിജ്ഞാസയോടെ ഞാന്‍ ചോദിച്ചു. മൂത്തമകന്‍ വാവച്ചനെ പ്രസവിച്ചത് എന്റെ സ്വന്തം വീടായിരുന്ന കുളങ്ങര തറവാട്ടില്‍ ആയിരുന്നുവെന്നും അന്നത്തെക്കാലത്ത് ഇന്നത്തെപ്പോലെ ഹോസ്പിറ്റലുകള്‍ ഉണ്ടായിരുന്നില്ല എന്നും വയറ്റാട്ടി ആയിരുന്നത് എന്റെ അമ്മ, വാവച്ചന്റെ വല്ല്യമ്മ ആയിരുന്നു എന്നും ആ അമ്മ പറഞ്ഞു. പിന്നീട് ഏറ്റവും ഇളയമകന്‍ റോബര്‍ട്ട് ഒഴികെ എല്ലാവരും ഇന്നുള്ള വീടിനോടു ചേര്‍ന്ന് പഴയ ഓലകൊണ്ടുമേഞ്ഞ വീട്ടില്‍ ആയിരുന്നുവെന്നും, മിക്കവരുടെയും വയറ്റാട്ടി ആയിരുന്നത് വാവച്ചന്റെ പിതാവിന്റെ അമ്മ, കൂവള്ളൂരെ വലിയമ്മ ആയിരുന്നുവെന്നും ആ അമ്മ പറഞ്ഞപ്പോള്‍ ഇന്നത്തെക്കാലത്ത് ചിന്തിക്കാന്‍പോലും പറ്റാത്ത ഒന്നാണെന്ന് എനിക്കു മനസ്സിലായി. ഏറ്റവും ഇളയവന്‍ റോബര്‍ട്ടിനെ പ്രസവിച്ചത് എനിക്ക് ഏറെക്കുറെ നാല്‍പതു വയസ് ആകാറായപ്പോള്‍ ആയിരുന്നു. എന്തെങ്കിലും കോംബ്ലിക്കേഷന്‍സ് ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് കോട്ടയം ജില്ലാ ഹോസ്പിറ്റലില്‍ വാവച്ചന്റെ പിതാവ് കൊണ്ടുപോയി. കൂടെ കൊണ്ടുപോയത് വി.റ്റി.ജോസ് വെട്ടിക്കക്കുഴിയുടെ അമ്മയെ ആയിരുന്നു. അവര്‍ എന്റെ ഒരു അമ്മാവന്റെ ഭാര്യയും കാര്യശേഷിയുമുള്ള ആളും ആയിരുന്നുവെന്ന് ആ അമ്മ, മേരി ജോസഫ് കൂവള്ളൂര്‍, ഗുരു കൂവള്ളൂരിന്റെ അമ്മ പറഞ്ഞു.

അമ്മച്ചിയുടെ മകന്‍ വാവച്ചന്‍ ഇരവിമംഗലത്തെ വീട്ടിലെ പറമ്പില്‍ സാധാരണക്കാര്‍ക്ക് എടുത്തു പൊക്കാന്‍ പറ്റാത്ത തൂമ്പകൊണ്ട് കപ്പയ്ക്കും, കയ്പവല്ലരിക്കും, വെണ്ടയ്ക്കും ചേനയ്ക്കും വാഴയ്ക്കുമെല്ലാം തടമെടുക്കുകയും നിലമൊരുക്കുകയും ചെയ്യുന്നത് എനിക്ക് കാണാനിടയായി എന്നും ഒരു പടയാളിയുടെ കൈയില്‍ കിട്ടിയ വാളുപോലെയാണ് തൂമ്പകൊണ്ടു മണ്ണില്‍ പണിയെടുക്കുന്നത് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ 'എന്റെ മകനെക്കുറിച്ച് ഇതു കേള്‍ക്കുന്നത് വലിയ ഭാഗ്യം. കൃഷിയുടെ മര്‍മ്മം നന്നേ ചെറുപ്പത്തിലെ അവന്‍ മനസ്സിലാക്കിയതാണ് എന്ന് ആ അമ്മ പറഞ്ഞു.' അമേരിക്കയിലൊക്കെ പോയി ലോക പ്രശസ്തനായെങ്കിലും ചെറുപ്പത്തില്‍ എന്നോടൊപ്പം നിന്ന് പഠിച്ച കാര്യങ്ങളൊന്നും തന്നെ അവന്‍ ഈ എഴുപത്തിയഞ്ചാം വയസ്സിലും മറന്നുപോയിട്ടില്ല.' ആ അമ്മ പറഞ്ഞു. എന്നെ അമേരിക്കയില്‍ കൊണ്ടുപോകാനും അവന്‍ ധാരാളം പണം ചിലവാക്കി. ആറു മാസത്തോളം അവനോടും കുടുംബത്തോടുമൊത്ത് ഞാന്‍ ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സിലുള്ള വീട്ടില്‍ അവന്റെ ഭാര്യ സിസിലിയുടെ മാതാപിതാക്കളോടുമൊപ്പം വളരെ സഹകരണത്തോടെ ജീവിച്ചതാണ്.

സിസിലിയുടെ മാതാപിതാക്കളെയും എന്നെയും, കുടുംബത്തെയുംകൊണ്ട് വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുകളില്‍ കയറിയ കാര്യങ്ങളും, നയാഗ്ര വെള്ളച്ചാട്ടം, വാഷിങ്ഡണ്‍ ഡി.സി. എല്ലാംകൊണ്ടുപോയത് ഞാനിന്നും ഓര്‍ക്കുന്നു. ആ അമ്മ പറഞ്ഞു. അവന്റെ ഭാര്യ സിസിലിക്കും മക്കള്‍ അഞ്ജലിക്കും, ജോസഫിനുമെല്ലാം എന്നെ വലിയ ഇഷ്ടമാണ്. ആ വൃദ്ധ മാതാവ് പറഞ്ഞു. ഗുരു കൂവള്ളൂരിന്റെ മാതാവ് 2026 ഫെബ്രുവരി 24ന് മരിക്കുന്നതിന് മുന്‍പ് മകള്‍ അഞ്ജലിയുടെ മോന്‍ ജോഷ്വയെയും, മകന്‍ ജോസഫിന്റെ മകന്‍ മിഖായേലിനെയും കാണുന്നതിനും അവര്‍ക്ക് അനുഗ്രഹം നല്‍കുന്നതിനും ആ വൃദ്ധമാതാവിന് ഭാഗ്യമുണ്ടായി. ആരെയും ബുദ്ധിമുട്ടിക്കാതെ, ഒരുപണിക്കാരെപോലും വീട്ടില്‍ നിര്‍ത്താതെ മരിക്കുന്നിടംവരെ എല്ലാകാര്യങ്ങളും സ്വന്തമായി ചെയ്ത ഭാഗ്യവതിയായ ഒരു അമ്മ. അമ്മയെ കാണാനും അവരെ ഇന്റര്‍വ്യൂ ചെയ്യാനും കഴിഞ്ഞത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.

ഇതിനു മുന്‍പ് കുടുംബത്തെ നശിപ്പിക്കുന്നതിന് ക്ഷുദ്രപ്രയോഗം നടത്തിയ കാര്യത്തെപ്പറ്റി ഞാന്‍ ചോദിച്ചു. ജി.കെ.യുടെ ഇളയ അനുജന്‍ ലൂക്കാച്ചനും, കറിയാച്ചനും ചെറുപ്പത്തില്‍ കൂവള്ളൂര്‍ കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ക്ക് ഒരു ചിരട്ടക്കൊണ്ടുള്ള ഒരു കുടുക്കയ്ക്കുള്ളില്‍ നീളത്തിലുള്ള ഒരു ചെമ്പു തകിടു കിട്ടി. അത് നിധി ആണെന്നു കരുതി അവര്‍ വീട്ടില്‍കൊണ്ടുവന്നു കളിച്ചുതുടങ്ങി. പിതാവ് അതുകണ്ട് ആരോ ക്ഷുദ്രപ്രയോഗം ചെയ്തതാണെന്ന വിശ്വാസത്തില്‍ നേരേ പള്ളി വികാരി ആയിരുന്ന ജേക്കബ് മണ്ണനാല്‍ അച്ചന്റെ അടുക്കല്‍ കൊണ്ടുപോയി കാണിച്ചപ്പോള്‍ ആ ചെമ്പുതകിടില്‍ അറബിക് ഭാഷയില്‍ എഴുതിയിരുന്നതായും കുടുംബം നശിക്കുന്നതിനുവേണ്ടി ചെയ്തിരിക്കുന്ന ക്ഷുദ്രപ്രയോഗം ആണെന്നും അത് ക്രിസ്തീയ വിശ്വാസപ്രകാരം ചേര്‍പ്പുങ്കല്‍പള്ളിയിലെ മാര്‍ശ്ലീഹാപള്ളിയില്‍ കൊണ്ടുപോയി സമര്‍പ്പിക്കാനും പറഞ്ഞു. പിതാവ് അങ്ങനെ ചെയ്തു. ഏതായാലും പിതാവ് മരിക്കുന്നിടംവരെ കുടുംബം ഒന്നായിത്തന്നെ നിന്നു. പിന്നീട് മാതാവിന്റെ മരണശേഷവും യോജിപ്പോടെ നില്‍ക്കുന്ന ഒരു കുടുംബമാണ് കൂവള്ളൂരിന്റെ കുടുംബം. എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുപോകാന്‍ ഇതേവരെ ജി.കെയ്ക്ക് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ നേതൃത്വ പാടവത്തിന് ഉദാഹരണമാണ്.

'പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാന്‍ കഴിവുള്ള വണ്ണം ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രേ മനുഷ്യനെ പാരിലേയ്ക്കയച്ചതീശന്‍'

എന്ന് ആ അമ്മ ചെറുപ്പത്തില്‍ മകനെ പഠിപ്പിച്ച പാട്ട് ചൊല്ലി കേള്‍പ്പിച്ചപ്പോള്‍ ആ അമ്മയുടെ ജ്ഞാനത്തിനു മുമ്പില്‍ ഞാന്‍ ശിരസ്സു നമിച്ചു.

തുടരും...

Read More: https://www.emalayalee.com/writer/114

 

Join WhatsApp News
Dr Sivakaran Namboothiri 2026-11-06 05:23:04
Very interesting and informative.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക