Image

അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ (എറ്റ്ന - നോവൽ) - പോൾ യൂൺ (തയാറാക്കിയത്: എസ് സുന്ദര്‍ദാസ്)

Published on 05 November, 2026
അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ  (എറ്റ്ന - നോവൽ) - പോൾ യൂൺ (തയാറാക്കിയത്: എസ് സുന്ദര്‍ദാസ്)

എറ്റ്ന എന്ന നായയുടെ ആത്മഭാഷണമാണ് പോൾ യൂണിന്റെ ഈ പുതിയ നോവൽ. നായയുടെ ജീവിതത്തേക്കാൾ മോശമായ മനുഷ്യജീവിതത്തെ അത് വെളിപ്പെടുത്തുന്നു


ചരിത്രാതീതകാലം മുതൽ മനുഷ്യന്റെ സന്തതസഹചാരിയായിട്ടുള്ള ഒരു മൃഗമാണ് നായ. ഇതിഹാസങ്ങളിലും പുരാണങ്ങളിലും മാത്രമല്ല, ആധുനിക കഥകളിലും നായ  ശ്രദ്ധേയ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന സന്ദർഭങ്ങൾ ഏറെ. മഹാഭാരതത്തിൽ, മഹാപ്രസ്ഥാനത്തിൽ ധര്മപുത്രരെ പിന്തുടരുന്ന നായയെ ഓർമയില്ലേ? പാശ്ചാത്യ ഇതിഹാസങ്ങളിലാണെങ്കിൽ ഒഡീസിയിൽ ട്രോജന്‍ യുദ്ധാനന്തരം വേഷ പ്രച്ഛന്നനായി തിരിച്ചെത്തുന്ന  ഒഡീസിയസിനെ വര്ഷങ്ങളോളം വീട്ടിൽ കാത്തിരുന്ന അദ്ദേഹത്തിന്റെ വളർത്തുനായ തിരിച്ചറിയുന്നതും താമസിയാതെ മരണപ്പെടുന്നന്നതും ഹൃദയസപ്ര്ശിയായ  സന്ദർഭമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രചിക്കപ്പെട്ട കാൾ ഓഫ് ഡി വൈൽഡ് എന്ന ജാക്ക് ലണ്ടന്റെ നോവലിൽ മുഖ്യകഥാപാത്രം തന്നെ ഒരു നായയാണ്. പല എജമാനന്മാരെ സേവിച്ച് കൊണ്ട്, പല തരം യാതനകൾ സഹിച്ച് കാലം കഴിച്ച ബക്ക് എന്ന ആ നായ അവസാനം കാട് കയറുന്നു. പുതിയകാലത്തും പുതിയ ലോകത്തും സംഭവിക്കുന്ന  മറ്റൊരു ശ്വാനജീവിതമാണ്  എറ്റ്ന എന്ന നോവലിൽ ആവിഷ്കൃതമാകുന്നത്.എറ്റ്നയുടെ ആത്മഭാഷണരൂപത്തിലാണ് ഈ നോവൽ രചിച്ചിട്ടുള്ളത്. ഇന്നത്തെ ലോകത്ത് എവിടെയുമാകാം ഈ കഥ (ശ്വാനജീവിതം )നടക്കുന്നത്. യുദ്ധഭീഷണി നേരിടാത്ത രാജ്യം ഏതാണ് ഇന്നുള്ളത്? ഒരു യുദ്ധം കഴിഞ്ഞാൽ സമാധാനമല്ല ഉണ്ടാകുന്നത് ; പുതിയ അതിജീവനയുദ്ധമാണ്. " ജലാശയത്തിനടുത്തതാണ് ഞാൻ ജനിച്ചത് " (I was born near water)എന്ന പറഞ്ഞുകൊണ്ടാണ് എറ്റ്ന തന്റെ ജീവിത കഥ തുടങ്ങുന്നത്.ഏതോ കടൽ തീരദേശത്തെ ഒരു കൃഷിക്കളത്തിലായിരുന്നു അവന്റെ ജനനം. ഒരു സങ്കരയിനം ഷെപ്പേർഡ് ഡോഗ്. അമ്മയും സഹോദരങ്ങളുമൊത്ത് ഒരു വർഷത്തോളം അവൻ അവിടെ ജീവിച്ചു. ആടുകൾ, പന്നികൾ, വിവിധ ഇനം പക്ഷികൾ എന്നിവയുടെയൊക്കെ സംരക്ഷണമാണ് ഈ ശ്വാനകുടുംബത്തിന്റെ ദൗത്യം. എറ്റ്നയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ബാല്യം.

യാദൃശ്ചികമായാണ് ഒരു ദിവസം സൂജിൻ എന്ന് പേരുള്ള  ഒരു സൈനികഉദ്യോഗസ്ഥ അവിടെ എത്തുന്നത്.  അവർ എറ്റ്നയുടെ യജമാനനും യജമാനത്തിയുമായി സംസാരിച്ചു. യുദ്ധത്തിന്റെ ഇരമ്പം ആ സംസാരത്തിലുണ്ടായിരുന്നു. യുദ്ധഭൂമിയിൽ സ്‌നിഫർ ഡോഗ് ആയി സേവനം ചെയ്യാൻ ആ സൈനികഉദ്യോഗസ്ഥ എറ്റ്നയെ  കൊണ്ടുപോകുന്നു. സൈനിക വാഹനത്തിൽ അവനെ കോണ്ടുപോകുന്ന  നേരത്താണ് ആ സൈനികഉദ്യോഗസ്ഥ  അവന്  എറ്റ്ന എന്ന പേരിടുന്നത്. സിസിലിയിലെ ഒരു അഗ്നിപർവതത്തിന്റെ പേരാണ് എറ്റ്ന എന്ന് ആ സൈനികഉദ്യോഗസ്‌ഥ  അവനോട് പറയുന്നുണ്ട്.  ആ  അഗ്നിപർവതത്തിൽ ഒരു കാലത്ത് സന്യാസിമാർ ജീവിച്ചിരുന്നുവത്രെ.അ ങ്ങനെയൊരു  ജീവിതം തേടി ഒരിക്കൽ പോകണമെന്നും അവർ പറയുന്നു. സൈനികക്യാമ്പിലേക്കുള്ള ആ യാത്രയിൽത്തന്നെ അവൻ ഫുജി എന്ന പട്ടിയെ പരിചയപ്പെടുന്നു.

പുതിയ കൂട്ടുകാരും പുതിയ യജമാനൻമാരും പുതിയ ദൗത്യങ്ങളുമായി എറ്റ്നയുടെ സായി നികജീവിതം തുടങ്ങുന്നു, തുടരുന്നു. നാലുവര്ഷത്തോളം സംഭവബഹുലമായിരുന്നു അവന്റെ യുദ്ധകാല ജീവിതം. ശത്രുക്കൾ നിക്ഷേപിച്ച മൈനുകൾ മണത്തറിയാൻ അവൻ പ്രാവീണ്യം നേടി. സൈനിക ഔട്‍പോസ്റ്റുകൾക്ക് കാവൽ നിൽക്കാനും വേണ്ടിവന്നാൽ ശത്രുസൈനികരെ ആക്രമിക്കാൻ പോലും അവൻ സജ്ജനായി. അപ്പോഴൊക്കെയും കൃഷിക്കളത്തിൽ അമ്മയും സഹോദരങ്ങളുമൊത്തുജീവിച്ച കാലം ഗൃഹാതുരത്വം  നിറഞ്ഞ ഓർമയായി അവനിൽ തുടർന്നു.

യുദ്ധം അവസാനിച്ചപ്പോൾ നേട്ടങ്ങളല്ല, നഷ്ടങ്ങൾ മാത്രം. കൂട്ടുകാരിലും യജമാനന്മാരിലും പലരും മരണപ്പെട്ടു. പുതിയ ദൗത്യങ്ങളൊന്നുമില്ലാതെ യുദ്ധഭൂമിയിൽ അവൻ അലഞ്ഞു. ഒരു രാത്രിയിൽ പെട്ടെന്ന് അവൻ 'വീടി'നെ  കുറിച്ച് ഓർത്തു. അഭയമായി, ആശ്വാസമായി അങ്ങനെ ഒരിടം തനിക്കുണ്ടല്ലോ എന്ന അവൻ ആശ്വസിച്ചു. അങ്ങനെ അവൻ ആ മടക്കയാത്ര ആരംഭിച്ചു. യുദ്ധം തകർത്ത വിശാലഭൂപ്രദേശത്തിലൂടെ യായിരുന്നു ആ മടക്കയാത്ര. യുദ്ധം അവസാനിച്ചാലും ദുരിതങ്ങൾ അവസാനിക്കുന്നില്ലെന്ന് ആയാത്രയിലുടനീളം അവൻ കണ്ടു. യുദ്ധം തീർന്നാൽ എല്ലാം തീരുന്നില്ല ; പിന്നീട് അതിജീവനയുദ്ധത്തിന്റെ കാലമാണ്. ഇന്നത്തെ ലോകത്തെ കുറിച്ചുള്ള ഒരു വലിയ അറിവാണത്.

ഹൃദയഭേദകമായ ഒരു യാത്രാനുഭവമായിരുന്നു അത്. സ്നേഹത്തിന്റെ ഭാഷ ഏറ്റവും നന്നായി അറിയുകയും പ്രയോഗിക്കുകയും ചെയ്യുന്ന ജീവിയാണല്ലോ നായ.അമ്മയുടെ ചൂടും ചൂരും പിടിച്ച്, സഹോദരങ്ങളുടെയും ആ കൃഷിക്കളത്തിലെ മറ്റു ജീവജാലങ്ങളുടെയും പഴയ യജമാനന്റെയും ഓർമകളുടെ ഗന്ധം പിടിച്ച് എറ്റ്ന ആ കൃഷിക്കാലത്തിൽ എത്തുക തന്നെ ചെയ്യൂന്നു. എന്നാൽ യുദ്ധം ആ സ്ഥലം ആകെ മായ്ച്ചുകളഞ്ഞിരിക്കുന്നു!

എറ്റ്നയുടെ വാക്കുകളിലൂടെയാണ് പോൾ യൂൺ ഈ കഥ പറയുന്നത്. അതുകൊണ്ടുതന്നെ അത് സ്നേഹത്തിന്റെയും വിശ്വസ്ഥതയുടെയും ഭാഷയാകുന്നു. പഞ്ചതന്ത്രകഥകളിലൊക്കെ മൃഗങ്ങളുടെ നേരിട്ടുള്ള ആഖ്യാനരൂപത്തിലുള്ള കഥകൾ നാം കേട്ടിട്ടുണ്ട് ; വായിച്ചിട്ടുണ്ട്. ഇവിടെ എറ്റ്ന നിർവഹിക്കുന്നത് പുതിയ കാലത്തിലെ ജീവിതവിപര്യങ്ങളുടെ ആഖ്യാനമാകുന്നു. ഒരു നായയെപ്പോലെ ജീവിക്കുക (living a dog's life) എന്ന നാം പലപ്പോഴും പറയാറുണ്ട്. എന്നാൽ അതിനേക്കാൾ മോശപ്പെട്ട ഒരു ജീവിതമാണോ നാം ജീവിക്കുന്നത്?

വർത്തമാനകാല ജീവിത ശൈഥില്യങ്ങളെ ഏകാഗ്രയായ ഒരു വായനയുടെ വിഷയമാക്കിമാറ്റുക എന്നത് എളുപ്പമല്ല. അതും ഒരു നായയുടെ ബോധധാരയിലൂടെ. ആ ദുഷ്‌കരദൗത്യമാണ് പോൾ യൂൺ അനായാസതയോടെ നിർവഹിച്ചിരിക്കുന്നത് യുദ്ധത്തെപ്പോലെ, യുദ്ധാനന്തരകാലവും യാതനാപൂര്ണമാണെന്ന് ഈ നോവൽ കാണിച്ചുതരുന്നു. പഴയ കാലത്തേക്കുള്ള ഒരു മടക്കയാത്ര സാധ്യവുമല്ല. പഴയ 'വീട്' ഓർമമാത്രം. ഒരുപക്ഷെ, തിരിച്ചെത്തലല്ല, മടക്ക യാത്രാമാത്രമാണ് സത്യം. പോൾ യൂണിന്റെ ഈ നോവൽ പുറത്തിറങ്ങിയ കാലത്തുതന്നെയാണ് ക്രിസ്റ്റഫർ നോളന്റെ ഒഡിസ്സി സിനിമയും പുറത്തിറങ്ങിയത്. തികച്ചും യാദൃശ്ചികമായിരുന്നു അതെങ്കിലും  എറ്റ്നയുടെ യുദ്ധാനന്തരമുള്ള മടക്കയാത്രയെ ഒഡിസ്സിക്ക് സമാന്തരമായി വായിച്ചുപോകാം എന്നത് കൗതുകകരമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക