
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) 2026-ലെ വാർഷിക കൺവൻഷൻ നവംബർ 13 മുതൽ 15 വരെ സ്റ്റാഫോർഡിലെ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ചിൽ (845 Staffordshire Road, Stafford, TX 77477) നടക്കും. ആത്മീയ ഉണർവിനും വിശ്വാസികളുടെ ഐക്യത്തിനും പ്രാധാന്യം നൽകുന്ന ത്രിദിന സമ്മേളനത്തിൽ പ്രമുഖ ദൈവദാസന്മാർ വചനശുശ്രൂഷ നിർവഹിക്കും.
നവംബർ 13 വെള്ളിയാഴ്ചയും 14 ശനിയാഴ്ചയും വൈകിട്ട് 6.30നും 15 ഞായറാഴ്ച രാവിലെ 9നും യോഗങ്ങൾ ആരംഭിക്കും. ആരാധന, വചനശുശ്രൂഷ, പ്രത്യേക പ്രാർഥനകൾ, ആത്മീയ ഗാനശുശ്രൂഷ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
റവ. വില്യം ലീ, റവ. ഡോ. വി.ടി. ഏബ്രഹാം എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. വനിതാസമ്മേളനത്തിൽ ആക്സ പീറ്റേഴ്സൺ വചനസന്ദേശം നൽകും. ഹ്യൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും വിവിധ പെന്തക്കോസ്ത് സഭകളിൽനിന്നുള്ള വിശ്വാസികളും ശുശ്രൂഷകന്മാരും സമ്മേളനത്തിൽ പങ്കെടുക്കും.
എച്ച്പിഎഫ് പ്രസിഡന്റ് പാസ്റ്റർ ബിജു തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ സൈമൺ, സെക്രട്ടറി അജി ഇടിക്കുള, ട്രഷറർ ജോൺ മാത്യു പുനലൂർ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളന ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.
വർഷിപ്പ് കോർഡിനേറ്റർ സ്റ്റീഫൻ സാമുവൽ, ചാരിറ്റി കോർഡിനേറ്റർ വിനോദ് ഈപ്പൻ, മീഡിയ കോർഡിനേറ്റർ ജോയ് തുമ്പമൺ, പ്രയർ ആൻഡ് കെയർ കോർഡിനേറ്റർ പാസ്റ്റർ ജോൺ ഐസക്, ഹിന്ദി വർഷിപ്പ് കോർഡിനേറ്റർ ഡാനിയേൽ ഏബ്രഹാം എന്നിവരും വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
സമ്മേളനത്തിന്റെ മീഡിയ പാർട്ണറായ പ്രയർ മൗണ്ട് മീഡിയ (Prayer Mount Media) കൺവൻഷനിലെ യോഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് തത്സമയ സംപ്രേഷണത്തിലൂടെ സമ്മേളനത്തിൽ പങ്കുചേരാൻ അവസരമുണ്ടാകും.
ഹ്യൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും കുടുംബസമേതം സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 832-971-3761.