Image

സാത്താന്റെ സ്വർഗ്ഗം (ചിത്രീകരണം: ജയൻ വർഗീസ്)

Published on 05 November, 2026
സാത്താന്റെ സ്വർഗ്ഗം (ചിത്രീകരണം: ജയൻ വർഗീസ്)

അവാർഡ് കമ്മറ്റിയുടെ അകത്തേ മുറിയിൽ ചെയർമാന്റെ കസേരയിൽ  ഉപവിഷ്ടനായ  സാത്താന്റെഅദ്ധ്യക്ഷതയിൽ യോഗം. 
“ ഇത്തവണത്തെ അവാർഡ്  ആ  പത്രോസിന് കൊടുക്കണം” കമ്മറ്റിയുടെ മൂലയിൽ നിന്ന്‌ ദൈവത്തിന്റെക്ഷീണിത സ്വരം.
അത്‌ കേട്ടതേ ചെയറിന്റെ വക ഒരലർച്ചയായിരുന്നു :
“ എടോ അധികാരം തെറിച്ച ദൈവമേ, താനൊന്നും പറയേണ്ട - ഞാൻ പറയുന്നത് വെറുതേയങ്ങു കേട്ടിരുന്നാൽമതി. “
“ ഇക്കൊല്ലത്തെ ഏറ്റവും നല്ല രചന പത്രോസിന്റെ കൃതിയാ - അതുകൊണ്ടാ ഞാൻ ? “  എന്ന് ദൈവം. 
“ അതൊക്കെ തന്റെ ഭരണ കാലത്ത് . ഇപ്പോൾ ഞാനാ ഭരിക്കുന്നത്. ഇത്തവണത്തെ അവാർഡ് തോമ്മായ്ക്കാ “
“തോമ്മായുടെ കൃതി വെറും ചാവറല്ലേ സാത്താൻ സഹോദരാ ? “ 
“ചവറെങ്കിൽ ചവറ്. അതൊന്നും താനറിയണ്ട. ഇത്തവണത്തെ അവാർഡ് തോമ്മായ്ക്ക്. ഞാനിതാപ്രഖ്യാപിച്ചിരിക്കുന്നു. “

അവാർഡ് നിർണ്ണയ യോഗം കഴിഞ്ഞു പുറത്തിറങ്ങിയ ദൈവം അക്കാദമിയുടെ വാതിൽക്കൽ തലകറങ്ങി വീണു. ഓടിയെത്തിയ പത്രോസും മറ്റാളുകളും മുഖത്ത് വെള്ളം തളിച്ചപ്പോൾ ദൈവം ഉണർന്നു. 
“ അങ്ങേയ്ക്ക് നല്ല ക്ഷീണമുണ്ട് “
“ അത് ശരിയാ. നേരാംവണ്ണം  കഞ്ഞീം വെള്ളോമൊന്നും കിട്ടാതായിട്ട് കാലം കുറെയായി. ഞാനിതൊന്നുംആരോടും പറഞ്ഞില്ലെന്നേയുള്ളു പത്രോസേ. “ 
“ ഇനിയിപ്പോ എന്താ പരിപാടി ? “
“ ഒന്നുമില്ല. സത്യവും നീതിയും പറഞ്ഞോണ്ട് നടന്ന് ഒരു ജീവിതം പാഴാക്കി. എന്റെ കൂടെ നടന്നാൽ നിന്റെജീവിതവും പാഴായിപ്പോകും..ആ തോമ്മായെപ്പോലെ ജീവിതം ആസ്വദിക്കാൻ നോക്ക് പത്രോസേ. കേട്ടില്ലേഅവന്റെ ഡീജേ പർട്ടിയുടെ കുടിയും വെടിയും ? “
“ അങ്ങയെ വിട്ട്‌ ഞാനെങ്ങോട്ടുമില്ല. അവാർഡൊന്നും എനിക്കൊരു പ്രശ്നമല്ല. “ 
“ എനിക്കിനി അധികകാലം ഇല്ല പത്രോസേ. നീ ആ സോഫോക്ളീസിനെ ഒന്ന് വിളി. ഈഡിപ്പസ് രാജാവിന്റെ കഥഅവസാനിപ്പിച്ച പോലെ എന്റെ കഥയുടെയും അവസാനം ഒന്നെഴുതിത്തരണമെന്ന് പറയ്‌.”
“ ഓ ! നമ്മുടെ ഗ്രീക്കിലെ .. ? “
“ അതെയതെ. . തീബ്സിലെ രാജാവായിരുന്ന ഈഡിപ്പസ് താനറിയാതെ സംഭവിച്ച ജീവിത ദുരന്തങ്ങളുടെപേരിൽ സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിച്ച് ക്രയോണിന്റെ തോളിൽ ചാരി കളമൊഴിഞ്ഞില്ലേ ? കൊളോണസ്സിലെതെരുവുകളിൽ അനാഥരായ സ്വന്തം പെണ്മക്കളോടൊപ്പം ഒരു യാചകനെപ്പോലെ അലഞ്ഞു മരിക്കേണ്ടിവന്നില്ലേ? 
“ അങ്ങേയ്ക്ക് ആ നില വന്നില്ലല്ലോ? “
“ വന്നു പത്രോസേ.  നീയറിഞ്ഞില്ലെന്നേയുള്ളു. എന്റെ മക്കളായി ഞാൻ മനുഷ്യരെ സൃഷ്ടിച്ചു. അവർ അവരുടെപിതാവായി ആ സാത്താനെ അവരോധിച്ചു. അവന്റെ ആട്ടും തുപ്പും കേട്ടും കണ്ടും ഞാൻ മടുത്തു. നിനക്കർഹതപ്പെട്ട ആ അവാർഡ് പോലും അവൻ ആ തോമ്മായ്ക്കു ചുമ്മാ കൊടുത്തിട്ട് എനിക്ക്പ്രതികരിക്കാൻ സാധിച്ചോ ? അവന്റെ മുന്നിൽ പിച്ചച്ചട്ടിയുമായി പെൻഷന് തെണ്ടേണ്ട അവസ്ഥയാണ് എനിക്ക്. മതിയായി. ഈഡിപ്പസിനെപ്പോലെ ഞാനും ഇറങ്ങുകയാണ്. “ 
വേച്ചുവേച്ച് നടക്കുന്നതിനിടയിൽ ഇത്രയും കൂടി ദൈവം പറഞ്ഞു : എന്റെ സ്വർഗ്ഗം ഇനി അവനെടുത്തോട്ടെപത്രോസേ.” ?  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക