
ചിക്കാഗോ: ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ സകല വിശുദ്ധരുടെയും തിരുനാൾ (All Saints’ Day) ഭക്തിനിർഭരമായി ആഘോഷിച്ചു. ഇടവകയിലെ കുട്ടികളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം ആഘോഷങ്ങൾക്ക് കൂടുതൽ മനോഹാരിത പകർന്നു. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10 മണിക്ക് ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാലിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. വിശുദ്ധരുടെ ജീവിതമാതൃക നമ്മുടെ കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും വളരാൻ എന്നും പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കുർബാനയെത്തുടർന്ന്, മതബോധന വിദ്യാർത്ഥികൾ തങ്ങളുടെ സ്വർഗീയ മധ്യസ്ഥരുടെ വേഷവിധാനങ്ങളണിഞ്ഞ് ദേവാലയത്തിലേക്ക് മനോഹരമായ ഒരു പ്രദക്ഷിണം നടത്തി. വിവിധ വിശുദ്ധരുടെ വേഷങ്ങളണിഞ്ഞെത്തിയ കൊച്ചുകുട്ടികളാൽ ദേവാലയം നിറഞ്ഞത് ഏറെ ഹൃദ്യമായ കാഴ്ചയായിരുന്നു. വിശുദ്ധരുടെ ജീവിതവും മാതൃകയും കുട്ടികളിലൂടെ പുനരാവിഷ്കരിക്കപ്പെട്ട ഈ കാഴ്ച വിശ്വാസികൾക്ക് വലിയ ആത്മീയ സന്തോഷം പകർന്നു. ഇതിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും ഇടവക വികാരി ഫാ. എബ്രഹാം കളരിയ്ക്കൽ അഭിനന്ദിക്കുകയും അവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനയും ആശീർവാദവും നടത്തുകയും ചെയ്തു. വിശുദ്ധരുടെ ജീവിതമാതൃക പിന്തുടർന്ന് വിശ്വാസത്തിലും വിശുദ്ധിയിലും വളരാൻ അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. മതബോധന ഡയറക്ടർ കൊളീൻ കീഴങ്ങാട്ടും മറ്റ് മതബോധന അധ്യാപകരും ചേർന്ന് പരിപാടികൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു.
ഇംഗ്ലീഷ് വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളിയുടെ പാർക്കിംഗ് ഏരിയയിൽ കുട്ടികൾക്കായി ട്രങ്ക് ഓർ ട്രീറ്റ് (Trunk-or-Treat) പരിപാടിയും സംഘടിപ്പിച്ചു. ഇടവക കുടുംബങ്ങൾ ആവേശപൂർവം പങ്കെടുത്ത ഈ പരിപാടിയിൽ വിവിധ വാഹനങ്ങളുടെ പിൻഭാഗങ്ങൾ വിശുദ്ധരുടെ ചിത്രങ്ങളും രൂപങ്ങളും ഉപയോഗിച്ച് മനോഹരമായി അലങ്കരിച്ചിരുന്നു. കുട്ടികൾ ഓരോ വാഹനത്തിനരികിലും എത്തി പ്രാർത്ഥനാ കാർഡുകളും മിഠായികളും സ്വീകരിച്ചു. വിശ്വാസവും വിനോദവും ഒത്തുചേർന്ന ഈ പരിപാടി കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി.
ഇത്തരം ആഘോഷങ്ങൾ കുട്ടികളുടെ മനസ്സിൽ മനോഹരവും മായാത്തതുമായ ഓർമ്മകൾ സൃഷ്ടിക്കുന്നുവെന്നും കത്തോലിക്കാ വിശ്വാസത്തിൽ വളരാനും വിശുദ്ധമായ ജീവിതത്തിലേക്ക് മുന്നേറാനും ഇത്തരം അനുഭവങ്ങൾ അവരെ സഹായിക്കുമെന്നും ഇടവക വികാരി ഫാ. എബ്രഹാം കളരിയ്ക്കൽ തന്റെ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ആവേശകരമായ പങ്കാളിത്തവും കുടുംബങ്ങളുടെ സഹകരണവും മതബോധന അധ്യാപകരുടെ ആത്മാർത്ഥമായ സേവനവും ഒത്തുചേർന്നപ്പോൾ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷം ഏറെ മനോഹരവും വിജയകരവുമായി.