Image

സൺഡേ സ്കൂൾ കാലങ്ങൾ... തലമുറകൾ... (ദേശകാലങ്ങൾ 11:കുര്യൻ കെ തോമസ്)

Published on 04 November, 2026
സൺഡേ സ്കൂൾ കാലങ്ങൾ... തലമുറകൾ... (ദേശകാലങ്ങൾ 11:കുര്യൻ കെ തോമസ്)

സൺഡേ സ്കൂളും ബാല്യകാല ബൈബിൾ അറിവുകളും ദേശകാലങ്ങളിൽ തീർത്ത അടയാളങ്ങൾ… മണർകാട്, പുതുപ്പള്ളി ഗ്രാമങ്ങളുടെ സാംസ്കാരിക ഭൂമികയിൽ വിരിയുന്ന ചരിത്ര ദൃശ്യങ്ങൾ…

“അമ്മച്ചി സൺഡേസ്‌കൂളിൽ പഠിപ്പിച്ചിരുന്നു. ശനിയാഴ്ച സന്ധ്യയായാൽ വേദപാഠം പഠിക്കണമെന്നാണ് വ്യവസ്ഥ. പാഠഭാഗം ഉറക്കെ വായിക്കുകയും ബൈബിൾ വാക്യങ്ങൾ കാണാതെ പഠിക്കുകയും ചെയ്യണം. ഈ സൺഡേസ്‌കൂൾ പഠനത്തിന് എന്റെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. ശിശുവകുപ്പ്, ബാലവകുപ്പ്, കുമാരവകുപ്പ്, ജ്യേഷ്‌ഠവകുപ്പ് എന്നീ ക്രമത്തിലായിരുന്നു ക്ലാസ് കയറ്റം.

ഞായറാഴ്‌ച സൺഡേസ്‌കൂൾ കഴിഞ്ഞ് കുട്ടികൾക്ക് അവലും പഴവും കിട്ടിയിരുന്നു. ഓരോ വർഷവും കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് സമ്മാനങ്ങളും ലഭിക്കും. സ്കൂളിൽ പോകാത്ത കുട്ടികളും അന്ന് സൺഡേസ്‌കൂളിൽ വന്നിരുന്നു. ഹോംവർക്കും ചൂരൽകഷായവുമൊന്നും അവിടെ ഇല്ലല്ലോ. എല്ലാവരും വീട്ടിൽനിന്ന് ഒരു കടലാസിൽ അരി കൊണ്ടുവരും. അത് പള്ളിയിൽ സ്തോത്രകാഴ്‌ചയായി സമർപ്പിക്കും.  

റോബർട്ട് റൈക്സ് (1735 -1811), സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് (ലണ്ടനിലെ നാഷണൽ പോർട്രെയ്റ്റ് ഗാലറിയിലുള്ള എണ്ണച്ചായ ചിത്രം) 

നിത്യജീവിതത്തിലെ സംഭവങ്ങളുമായി ചേർത്താണ് അധ്യാപകർ ഞങ്ങളെ വേദപാഠങ്ങൾ പഠിപ്പിച്ചിരുന്നത്. ബൈബിളിലെ ആദാമിന്റെയും ഹവ്വായുടെയും കഥ, നോഹയുടെ കാലത്തെ ജലപ്രളയം, യിസ്രയേൽ ജനതയുടെ പ്രവാസകാലം എന്നിങ്ങനെ കുട്ടികളിൽ കൗതുകമുണർത്തുന്ന കഥകളിലൂടെ ഞങ്ങളുടെ ഭാവനയുടെ ചിറകുമുളച്ചു. അമ്മച്ചിയുടെ അറിവും സമ്മതവും കൂടാതെ അടുക്കളയിലെ ഭക്ഷണശേഖരത്തിൽനിന്ന് വിലക്കപ്പെട്ട കനി ഭക്ഷിച്ചുപരിചയമുള്ള എനിക്ക് ബൈബിളിലെ ഹവ്വാ വല്യമ്മയുടെ കഥ മനസ്സിലാക്കാൻ എളുപ്പമായിരുന്നു. വലിയ വെള്ളപ്പൊക്കത്തിൽ വീടുകൾ ഒഴുകിപ്പോകുന്നതു നേരിൽ കണ്ടു പരിചയമുള്ളതുകൊണ്ട് നോഹയുടെ കാലത്തെ ജലപ്രളയം കൺമുമ്പിലെന്നതുപോലെ ഞാൻ കണ്ടു. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ പമ്പാനദി കരകവിഞ്ഞൊഴുകും. കടത്തുവഞ്ചിയിൽ ഞങ്ങൾ അക്കരെ കടക്കും. മെയ്-ജൂൺ മാസങ്ങളിൽ മണൽപ്പരപ്പിലൂടെ കാൽനടയായി ആറു കടന്നുപോകും. അതുകൊണ്ട് പഴയനിയമത്തിൽ യിസ്രായേൽ ജനങ്ങൾ ചെങ്കടൽ തരണം ചെയ്ത‌ത് ഞങ്ങൾക്ക് ഒരു അത്ഭുതമായി തോന്നിയില്ല…” (ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ ആത്മകഥയിൽനിന്നും, പുറം 27-28.)

സൺഡേസ്കൂൾ വാർഷിക സമ്മേളനാനന്തരം ലഭിക്കുന്ന അവലും പഴവും പ്രതീക്ഷിച്ചു കുട്ടികൾ അവസാനത്തോളം സഹിച്ചുനിൽക്കുമ്പോൾ ജ്യേഷ്ഠവകുപ്പിലെ വിദ്യാർത്ഥിയായ കെ. റ്റി. മത്തായിയോട് ഭക്ഷണത്തിനുമുമ്പുള്ള പ്രാർഥനചൊല്ലാൻ ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ട അവസരത്തിൽ  ശിശുവകുപ്പുമുതൽ പത്തുവർഷമായി പ്രാർഥന കേട്ടുകൊണ്ട് അവൽ തിന്നവനായിട്ടും പ്രാർത്ഥന അറിയാത്തവനായ മത്തായി എല്ലാവരും പ്രാർഥനയ്ക്കായി കണ്ണുകളടച്ച തക്കംനോക്കി ഇറങ്ങിയോടിയ രസകരമായ കഥ തന്റെ സ്വതസിദ്ധമായ ശൈലിയിൽ വിവരിക്കുമ്പോഴാണ് പഴയ സൺ‌ഡേസ്കൂൾ ക്ലാസ്സുകളുടെ ചരിത്രം ചിത്രത്തിലെന്നപോലെ ചിരികളുടെ വലിയ തമ്പുരാൻകൂടിയായ വലിയ തിരുമേനി വരച്ചുകാട്ടുന്നത്.

ഫിലിപ്പ് ബി. ക്ലിഫ് രചിച്ച ഇംഗ്ലണ്ടിലെ സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ഉദയവും വളർച്ചയും (1780-1980) എന്ന പുസ്തകത്തിന്റെ പുറംചട്ട 

സൺ‌ഡേസ്കൂൾ. സ്കൂളുകളിലെപോലെ പള്ളികളിൽ നടത്തിയിരുന്ന വേദപഠന ക്ലാസുകൾ. ബൈബിളും സഭാചരിത്രവും ക്രൈസ്തവമൂല്യ  അറിവുകളും ചെറിയ പ്രായത്തിൽ പഠിപ്പിക്കുന്ന പാഠശാലകൾ. തലമുറകളായി ലോകയുവതയുടെ സ്വഭാവരൂപീകരണത്തിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്ന സാമൂഹിക സ്ഥാപനങ്ങൾ.

മധ്യതിരുവിതാംകൂറിലെ മണർകാട്, പുതുപ്പള്ളി ഗ്രാമങ്ങളുടെ ആത്മീയ-സാംസ്കാരിക ചരിത്രത്തിൽ സൺഡേ സ്കൂളുകൾക്ക് നിർണ്ണായകമായ ഇടമുണ്ട്. ഈ ദേശങ്ങളിലെ വിവിധ ക്രൈസ്തവ ധാരകളുടെയെല്ലാം ആത്മീയ അടിത്തറ രൂപപ്പെടുത്തിയതിൽ നാട്ടിലെ സി. എസ്. ഐ, മാർത്തോമാ, കത്തോലിക്കാ അടക്കം വിവിധ സഭകളുടെ ആത്മീയ-ബാല്യകാല കൂട്ടായ്മകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബാല്യകാല ബൈബിൾ അറിവുകൾ ഈ ഗ്രാമങ്ങളുടെ പ്രാദേശിക ചരിത്രത്തിൽ തീർത്ത അടയാളങ്ങൾ തേടിയുള്ള ഒരന്വേഷണമാണിത്.  

സൺ‌ഡേസ്കൂൾ പ്രസ്ഥാനത്തിന്റെ ചരിത്രം  

ഞായറാഴ്ചകളിൽ തെരുവിൽ അലഞ്ഞുനടന്ന കുട്ടികൾക്ക് മതപരമായ പഠനം എന്നതിലുപരി, അക്ഷരാഭ്യാസവും സാമൂഹികമൂല്യങ്ങളും പകർന്നുനൽകാൻ 1780-ൽ ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റർഷെയറിൽ ആരംഭിച്ച ചെറിയ കൂട്ടായ്മ ഏതാണ്ട് രണ്ടര നൂറ്റാണ്ടിനിടയിൽ ഒരു മഹാപ്രസ്ഥാനമായി ലോകമെമ്പാടും വളർന്ന കഥയാണ് സൺഡേ സ്കൂൾ ചരിത്രം. പത്രപ്രവർത്തകനായ റോബർട്ട് റൈക്സ് (1735-1811) ആയിരുന്നു ഈ മഹത്തായ തുടക്കത്തിന് പിന്നിൽ. ക്രിസ്തുമത മൂല്യങ്ങളോടൊപ്പം സൺ‌ഡേസ്കൂൾ ലോകമെമ്പാടും പടർന്നുവളർന്നു.  

 വില്യം കേരി (1761-1834), ഇന്ത്യയിലെ ആദ്യത്തെ സൺഡേസ്കൂളിന്റെ തുടക്കക്കാരൻ 

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്രിസ്ത്യൻ മിഷനറിമാരോടൊപ്പം സൺ‌ഡേസ്കൂൾ പ്രസ്ഥാനം ഇന്ത്യയിലും സുസംഘടിതമായി. ഇംഗ്ലണ്ടിൽ ജനിച്ച മിഷനറിയും ഭാഷാപണ്ഡിതനും സാമൂഹിക പരിഷ്കർത്താവുമായ വില്യം കേരിയുടെ (1761-1834) നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യത്തെ സൺഡേസ്കൂളിനു പശ്ചിമ ബംഗാളിൽ 1800 ൽ തുടക്കംകുറിച്ചു.  

പണ്ടേ പള്ളികളോടുചേർന്ന് 'പള്ളിക്കൂടങ്ങൾ' നിലനിന്നിരുന്ന തിരുവിതാംകൂറിൽ ആധുനിക രീതിയിലുള്ള സൺഡേസ്കൂൾ സംവിധാനത്തിനു അടിത്തറയിട്ടത് .1816-ൽ കോട്ടയത്തെത്തിയ സി.എം.എസ് മിഷനറിമാരാണ്. ക്രമേണ വിവിധ സഭകളുടെ നേതൃത്വത്തിൽ സ്വന്തമായ സൺഡേസ്കൂൾ പ്രസ്ഥാനങ്ങൾ രൂപീകൃതമായി. പരിശുദ്ധനായ പൗലോസ് മാർ അത്താനാസ്യോസ് വലിയ തിരുമേനി 1920 ധനു 12 നു പിറവം സെമിനാരിയിൽ വിളിച്ചുകൂട്ടിയ പൊതുയോഗത്തിലാണ് യാക്കോബായ സുറിയാനി സഭയുടെ മലങ്കര സൺഡേസ്‌കൂൾ അസോസിയേഷൻ (എം.എസ്.എസ്.എ) എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ തുടക്കം.  

പരിശുദ്ധനായ പൗലോസ് മാർ അത്താനാസ്യോസ് വലിയ തിരുമേനി (1869-1953),മലങ്കര സൺഡേസ്‌കൂൾ അസോസിയേഷന്റെ തുടക്കക്കാരൻ  

മണർകാട് ദേശത്തെ ക്രൈസ്തവ മൂല്യപഠനത്തിന്റെ ആദ്യ കളരിയായിരുന്നു 2026 ൽ ശതാബ്ദി ആഘോഷിച്ച സെന്റ് മേരിസ് സൺഡേസ്കൂൾ. 1926-ൽ മണർകാട് താഴത്തെ പള്ളിയുടെ പഴയ നാടകശാലയിൽ 50 കുട്ടികളും 4 അദ്ധ്യാപകരുമായി സെന്റ് മേരിസ് സൺഡേസ്കൂൾ (ഇന്നത്തെ സെൻട്രൽ സൺ‌ഡേസ്കൂൾ) സമാരംഭിച്ചു. വെട്ടിക്കുന്നേൽ പാപ്പി, കാവുംകുന്നേൽ ഇട്ടി അവിര, മണിമല കുഞ്ഞ്, കിഴക്കേടത്ത് കൊച്ച്, കൂറുമല വർഗീസ്, പടിഞ്ഞാറേപ്പുറത്തു പാപ്പി, വേങ്കടത്തു സ്‌കറിയ, പീടിയേക്കൽ സ്‌കറിയ എന്നിവരുടെ കഠിനശ്രമങ്ങളും വെട്ടിക്കുന്നേൽ കുറിയാക്കോസ് കത്തനാരുടെ (വല്യച്ചൻ) ആത്മീയ നേതൃത്വവുമാണ് ഈ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. പള്ളിയുടെ നാടകശാലയിൽനിന്ന് പിന്നീട് കരോട്ടെ പള്ളിയുടെ വടക്കേ വരാന്തയിലേക്കും, 1950-ൽ ഹൈസ്‌കൂൾ കെട്ടിടത്തിലേക്കും ക്ലാസുകൾ മാറി. വളർച്ചയുടെ പാതയിൽ കുറ്റിയക്കുന്ന് (1939), അമ്മയന്നൂർ (പള്ളിയുടെ കീഴിൽ 1940, തുടക്കം 1930), മാലം (1945, തുടക്കം1926), കീച്ചാൽ(1952), വെള്ളൂർ നോർത്ത് (1952), അരീപ്പറമ്പ് (1954), വെള്ളൂർ സൗത്ത് (1954), പറമ്പുകര (1963, തുടക്കം1933 നവംബർ 5), തിരുവഞ്ചൂർ നോർത്ത് (1963), തിരുവഞ്ചൂർ സൗത്ത് (1967), കുഴിപ്പുരയിടം (1968), മാങ്ങാനം(1973), വടവാതൂർ(1983), പത്തായക്കുഴി(1986), വെള്ളൂർ ഈസ്റ്റ്(1995) ഇങ്ങനെ 2026 ൽ ശതാബ്ദി വർഷത്തിൽ വിവിധ കരകളിലായി 16 സൺഡേ സ്കൂളുകളും ആയിരത്തിലേറെ കുട്ടികളും 246 അധ്യാപകരും ചേർന്ന് മഹാപ്രസ്ഥാനമായി മണർകാട് സെന്റ് മേരിസ് സൺഡേസ്കൂൾ മാറിയ  ഒരു നൂറ്റാണ്ടു കാലത്തെ ചരിത്രം സൺഡേസ്കൂൾ ശതാബ്ദി സ്‌മ‌രണികയിൽ (2026) ഉണ്ട്.

സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ  

പത്തനംതിട്ട ജില്ലയിൽ കുമ്പനാട് കലമണ്ണിൽ കെ. ഇ. ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27 നു ജനിച്ച ഫിലിപ്പ് ഉമ്മൻ എന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ ബാല്യകൗമാര കാലങ്ങൾ ആത്മീയവും വൈദികവുമായ അടിത്തറയിൽ ബൈബിൾ പഠനവും സഭാക്രമങ്ങളും കണ്ടും അറിഞ്ഞും വളർന്നതായിരുന്നു. ഇക്കഥകൾ നവതിയുടെ നിറവിൽ ചിരിയിൽ ചിന്ത പടർത്തിയ ഈ മനീഷി സഭാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ചപ്പോൾ പുറത്തുവന്ന 'കഥപറയും കാലം’ എന്ന ഓർമ്മപുസ്തകത്തിൽ എന്നപോലെ ജന്മശതാബ്ദി വേളയിൽ പ്രസിദ്ധീകരിച്ച 'ഫിലിപ്പോസ് മാർ ക്രിസോസ്റ്റം,' എന്ന സമഗ്രമായ ആത്മകഥയിലുമുണ്ട് (രണ്ടും ഡോ തോമസ് കുരുവിള രചിച്ചത്).  

ആത്മകഥ, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, ഏഴാം എഡിഷൻ, 2017 

തന്റെ സാംസ്കാരിക-രാഷ്ട്രീയ ബോധ്യങ്ങളുടെ അടിത്തറ തൃശൂരിൽ കണ്ടശാങ്കടവിലെ യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിൽ ലഭിച്ച ബാല്യകാല പരിശീലനം ആയിരുന്നുവെന്ന് സാഹിത്യവിമർശകനും രാഷ്ട്രീയ നേതാവുമായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ആത്മകഥയിൽ (കൊഴിഞ്ഞ ഇലകൾ, 1978) സാക്ഷ്യപ്പെടുത്തുന്നു. പുലർച്ചെയുള്ള പ്രാർത്ഥനകളും വേദപുസ്തക പാരായണവുംവഴി കുട്ടിക്കാലത്തു ലഭിച്ച ബൈബിൾ വിജ്ഞാനമാണ് പിന്നീട് മലയാളത്തിലെ ആദ്യത്തെ ബൈബിൾ നിഘണ്ടുവായ 'വേദശബ്ദരത്നാകരം' രചിക്കാൻ തനിക്കു കരുത്തായതെന്നു ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന ഡി. ബാബു പോൾ ഐ. എ. എസ്., 'കഥ ഇതുവരെ' എന്ന ഓർമ്മകുറിപ്പുകളിൽ കുറിച്ചിട്ടുണ്ട്.

കാരുണ്യം, സാമൂഹികനീതിപോലെ ക്രൈസ്തവ മൂല്യങ്ങളുടെ തെളിമ ഉമ്മൻ ചാണ്ടി, കെ. എം. മാണി, ഡോ. തോമസ് ഐസക് അടക്കമുള്ള രാഷ്ട്രീയ പ്രമുഖരുടെ ജനകീയപദ്ധതികളിൽ പ്രതിഫലിക്കുന്നുണ്ട്. കർശനമായ കുടുംബ പ്രാർത്ഥനാശീലങ്ങൾ, മുടങ്ങാതെ പങ്കാളിയായ പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച കുർബാനകളടക്കം ഉമ്മൻ ചാണ്ടിയുടെ വ്യക്തിജീവിതത്തിൽ ക്രൈസ്തവ മൂല്യങ്ങൾ കടന്നുവന്ന ബാല്യകാല സാഹചര്യങ്ങൾ നിരവധി ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട് (കാലം സാക്ഷി, ആത്മകഥ, സണ്ണിക്കുട്ടി ഏബ്രഹാം, മാതൃഭൂമി ബുക്ക്സ്;  ഉമ്മൻ ചാണ്ടി, ഒരു നിഷ്കാമ കർമ്മയോഗി, അഡ്വ. പി.എസ്. ശ്രീകുമാർ, ഗ്രീൻ ബുക്ക്സ്;  A Gracious Voice: Life of Oommen Chandy, P. T. Chacko and Dr. C.C. Thomas, Konark Publishers). ചെറുപ്പംമുതൽ പ്രാർത്ഥനാ യോഗങ്ങളിലും, സൺഡേസ്കൂൾ പ്രവർത്തനങ്ങളിലും, യുവജന പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു എന്നത് അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ സഭയും നൽകിയിട്ടുള്ള സാക്ഷ്യങ്ങളാണ്. 'ജനസമ്പർക്ക പരിപാടി'യിലൂടെ അദ്ദേഹം അശരണരായ അഗതികൾക്കു ചികിത്സാസഹായവും പെൻഷനും നേരിട്ടെത്തിച്ച്‌ ബൈബിൾ വചനങ്ങളുടെ സാമൂഹികമാതൃക തീർത്തു.  

ഉമ്മന്‍ ചാണ്ടി 

കേരളാ കോൺഗ്രസ്സ് നേതാവ് കെ. എം. മാണിയുടെ അദ്ധ്വാനവർഗ്ഗ സിദ്ധാന്തം' ബൈബിൾ മൂല്യങ്ങളിലൂന്നിയ സാമൂഹിക, രാഷ്ട്രീയ പദ്ധതിയായും വിലയിരുത്തപ്പെടുന്നു. 'കാരുണ്യ' പദ്ധതിയിലൂടെ നിരാലംബരായ രോഗികൾക്ക് സൗജന്യ ചികിത്സയിലൂടെ സാന്ത്വനമേകി. മരങ്ങാട്ടുപിള്ളിയിലെ സ്കൂളിൽ പഠിക്കുന്ന കാലത്ത് അബോധമനസ്സിൽ ഉണ്ടായിരുന്ന വൈദികൻ ആകണമെന്ന ആഗ്രഹത്തെക്കുറിച്ച് ആത്മകഥയിൽ (കെ. എം. മാണി, മാതൃഭൂമി ബുക്സ്, 2023) വിവരിക്കുന്നു. മാണിയുടെ രാഷ്ട്രീയജീവിതത്തെ രൂപപ്പെടുത്തിയ ഘടകങ്ങളിൽ ബാല്യകാല ആത്മീയശിക്ഷണവും (Catechism/Sunday School)  സഭാമൂല്യങ്ങളും സുപ്രധാനമായിരുന്നു എന്നാണ് കെ. എം. മാണിയുടെ ജീവചരിത്രം (രാഷ്ട്രീയത്തിലെ കരുണ, 2026) തയ്യാറാക്കിയ മുതിർന്ന മാധ്യമപ്രവർത്തകൻ ടി. ദേവപ്രസാദ് പറയുന്നത്. സാമൂഹികനീതിയുടെ സദ്ഫലങ്ങൾ ദരിദ്രരിലും സ്ത്രീകളിലും എത്തിക്കാൻ മന്ത്രിയായിരിക്കെ ഡോ. തോമസ് ഐസക് ആവിഷ്കരിച്ച കുടുംബശ്രീ, ജനകീയാസൂത്രണം പദ്ധതികളുടെ ആശയപരമായ അന്തർധാരയും കൊടുങ്ങല്ലൂർ കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ ഇടവകയിലെ  അൾത്താരാ ബാലനായ അനുഭവങ്ങളിലൂടെയും കത്തോലിക്കാ സഭയുടെ വിശ്വാസപരിശീലനത്തിലൂടെയും അടുത്തറിഞ്ഞ ഉന്നതമായ ക്രൈസ്തവമൂല്യങ്ങൾ തന്നെയായിരുന്നു.

സാഹിത്യത്തിൽ

കഴിഞ്ഞ 70 വർഷത്തിനിടയിൽ മലയാളസാഹിത്യ ഉള്ളടക്കത്തിൽ ബൈബിളും ക്രൈസ്തവ മൂല്യങ്ങളും വലിയ വികാസവും സ്വാധീനവും നേടി. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരുടെ സർഗ്ഗാത്മക രചനകളിൽ ബാല്യകൗമാരങ്ങളിൽ ലഭിച്ച ബൈബിൾ അറിവുകളും അനുഭവങ്ങളും ആഴത്തിലുള്ള സ്വാധീനം കണ്ടെത്താനാകും. ഈ അറിവുകൾ മലയാള ഭാഷയെയും ഭാവനയെയും എങ്ങനെ രൂപപ്പെടുത്തിയെന്ന് ‘ബൈബിളും മലയാളവും’ (റോസി തമ്പി, 2009), ‘കേരള ക്രൈസ്തവ സംസ്കാരം’ (റവ മാത്യു ഡാനിയൽ, 2015), പോൾ മണലിൽ സമാഹരിച്ച ‘ക്രിസ്തുദർശനം മലയാള സാഹിത്യത്തിൽ’ (2019), ‘കലയും ക്രൈസ്തവീയത’യും (2021) അടക്കമുള്ള പഠനങ്ങൾ വിലയിരുത്തുന്നു.

കെ എം മാണി 

മദ്ധ്യതിരുവിതാംകൂറിലെ സാധാരണ ക്രൈസ്തവ കുടുംബങ്ങളുടെ ജീവിത പശ്ചാത്തലമായിരുന്നു മുട്ടത്തുവർക്കി, പൊൻകുന്നം വർക്കി, പാറപ്പുറത്ത്, പോഞ്ഞിക്കര റാഫി, അടക്കമുള്ളവർ രചിച്ച ആധുനികകാല നോവലുകളുടെ പൊതുവായ കഥാപരിസരം. ബാല്യകാല ബൈബിൾ അറിവുകൾ നിഷ്കളങ്കമായ ഗൃഹാതുര സ്മരണ എന്നതിലേറെ കഥാപാത്രങ്ങളുടെയും കുടുംബങ്ങളുടെയും  ആത്മീയ അഭയകേന്ദ്രവും ധാർമ്മികതയുടെ കാവലാളുമായിരുന്നു. ക്രൈസ്തവ മിത്തുകളെ മാനവികതയുമായി സമന്വയിപ്പിച്ച പോഞ്ഞിക്കര റാഫിയുടെ 'സ്വർഗ്ഗദൂതൻ' (1958) എന്ന മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവൽ ബൈബിൾ പശ്ചാത്തലത്തിൽ പറുദീസാപർവ്വം, പ്രളയപർവ്വം, പെട്ടകപർവ്വം എന്നീ മൂന്ന് ഖണ്ഡങ്ങളായി സൈമൺ എന്ന ബാലന്റെ മാനസിക വ്യാപാരങ്ങൾ വിവരിക്കുന്നു. പാറപ്പുറത്തിന്റെ അരനാഴികനേരം (1967) തൊണ്ണൂറു വയസ്സുള്ള കുഞ്ഞേനാച്ചൻ എന്ന കഥാപാത്രത്തിലൂടെ കുടുംബബന്ധങ്ങളിലെ തകർച്ചകൾ, വാർദ്ധക്യം, പാപബോധം, മരണം ഇവ ക്രൈസ്തവ കുടുംബപശ്ചാത്തലത്തിൽ ചർച്ചചെയ്യുന്ന ക്ലാസിക് നോവലായി.

കാക്കനാടൻ, സക്കറിയ (ആദ്യകാല രചനകൾ), ജോൺ എബ്രഹാം അടക്കമുള്ളവരുടെ അത്യന്താധുനികകാല രചനകൾ ബാല്യകാല മതപഠനമേൽപ്പിച്ച പാപബോധത്തോടും വ്യവസ്ഥിതിയോടുമുള്ള കലഹങ്ങളായി പരിണമിക്കുന്നു. ക്രിസ്തുവും ബൈബിൾ ബിംബങ്ങളുമൊക്കെ രചനകളിൽ അസ്തിത്വദുഃഖ പ്രതീകങ്ങളും ആത്മസംഘർഷ രൂപകങ്ങളുമാവുന്നു.  

തോമസ്‌ ഐസക്‌ 

സാറാ ജോസഫ്, സക്കറിയ (പിൽക്കാല രചനകൾ), ബെന്യാമിൻ, വി.ജെ. ജെയിംസ്, ഫ്രാൻസിസ് നെറോണ അടക്കമുള്ളവർ നിരക്കുന്ന ഉത്തരാധുനിക കാലം ബൈബിൾ പുനർവായനകളുടെയും അപനിർമ്മാണത്തിന്റെയും കാലമാണ്. ബാല്യകാല ബൈബിൾ അറിവുകളെ പ്രാദേശികചരിത്രം, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ, പ്രവാസം അടക്കമുള്ള സാമൂഹിക വിഷയങ്ങളുമായി കൂട്ടിയിണക്കുന്നു. ‘പഠിപ്പിക്കപ്പെട്ട ക്രിസ്തു'വിനേക്കാൾ, ബൈബിൾ വചനങ്ങൾ സ്വയം വ്യാഖ്യാനിക്കുന്ന പച്ചയായ മനുഷ്യകഥാപാത്രങ്ങൾ ഭാവുകത്വ പരിസരങ്ങളിൽ നിരക്കുന്നു. യുക്തികൊണ്ടും സന്ദേഹംകൊണ്ടും അവർ വിചാരണ ചെയ്യുന്നു. ദലിത് ക്രൈസ്തവ എഴുത്തുകാർ (ബാബു തടിയൂർ, സി. അയ്യപ്പൻ) ബൈബിൾ അറിവുകളെ ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ വ്യത്യസ്തതലത്തിൽ നോക്കിക്കാണുന്നു.  

ഇതര മതവിഭാഗങ്ങളിൽ ജനിച്ച ഒ. വി. വിജയനും എൻ. എസ്. മാധവനും സി. വി. ബാലകൃഷ്ണനും സുഭാഷ് ചന്ദ്രനുമൊക്കെ തങ്ങളുടെ സാർത്ഥകമായ സാഹിത്യസപര്യയിൽ ബാല്യം മുതൽ സാമൂഹികമായി അടുത്തറിഞ്ഞ ക്രൈസ്തവ ജീവിതപശ്ചാത്തലവും ബൈബിൾ മിത്തുകളുമൊക്കെ രചനകളിൽ ആവിഷ്കരിച്ചവരാണ്.  

ബൈബിളും ബാല്യകാല മതപഠനവും മലയാള സാഹിത്യത്തിന്റെ ചരിത്രവഴിയിൽ കേവലം മതപരമായ അടയാളപ്പെടുത്തലല്ല. അവ പഴയ-പുതിയനിയമ കഥകളെ സമകാലിക സാമൂഹിക-രാഷ്ട്രീയ ഭൂമികയിലേക്ക് പറിച്ചുനടുന്നു. കുട്ടിക്കാലത്ത് മനസ്സിൽ പതിഞ്ഞ ക്ലാസിക് ബൈബിൾ പരിഭാഷകളുടെ ഗൗരവമാർന്ന ശൈലിയും കാവ്യഭംഗിയുമാണ് ഈ എഴുത്തുകളുടെയെല്ലാം പൊതുവായ ഭാഷാടിത്തറ. ബൈബിൾ രൂപകങ്ങളും ബിംബങ്ങളും പുനർവ്യാഖ്യാനത്തിലൂടെ സമകാലിക സാമൂഹിക യാഥാർത്ഥ്യ നിർമ്മിതിയുടെ സർഗ്ഗാത്മക ഉപകരണങ്ങളാകുന്ന ഈ സാഹിത്യം ഇരുൾ മൂടിക്കിടക്കുന്ന ഗൗരവതരമായ സംസ്കാര ഗവേഷണപഠന മേഖലയാണ്.

എന്റെ സൺഡേസ്കൂൾ കാലങ്ങൾ  

നിലയ്ക്കൽ പള്ളി സൺഡേസ്കൂളായിരുന്നു ബൈബിൾ പഠനത്തിന്റെ ബാല്യകാലകളരി. സഭാവിഹായസ്സിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറന്നിരുന്ന കാലം. അന്ന് അമ്മ പുതുപ്പള്ളി സെൻറ് ജോർജ് ഹൈസ്കൂളിൽ ഹിന്ദി അധ്യാപിക. 1991 ൽ മണർകാട് എത്തുന്നവരെ താമസം പുതുപ്പള്ളി എറികാട് പിണ്ണാക്കുമല-ആശാരിക്കുന്ന് ചെരുവുകൾക്കിടയിൽ മഠത്തിൽ പറമ്പിൽ.  

ഞങ്ങളുടെ പഠനകാലത്തിന് തൊട്ടുമുമ്പായിരുന്നു സൺഡേസ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതും പത്താം ക്ലാസ്സിനു മുകളിൽ ക്ലാസുകൾ ആരംഭിക്കുന്നതും. പുതുപ്പള്ളി ഗവ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരായിരുന്ന വി സി മാത്യു വട്ടച്ചാണയ്ക്കൽ, എം ഐപ്പ്, ടി ചെറിയാൻ ആൻഡ്രൂസ്, ഇ എൻ കുര്യൻ എന്നിവർ സൺഡേസ്കൂളിലെയും ഹെഡ്മാസ്റ്റർമാർ. കുറ്റിക്കൽ കെ വി തോമസിനെയും ഗ്രന്ഥകാരനും നാലുപതിറ്റാണ്ട് മലയാള മനോരമ പത്രാധിപസമിതി അംഗവുമായിരുന്ന കെ വി മാമനെയുംപോലെ മികച്ച അദ്ധ്യാപകർ. നിലയ്ക്കൽ സൺ‌ഡേ സ്കൂളിൽനിന്നും വർഷംതോറും അഖില മലങ്കര മത്സരങ്ങളിൽ സമ്മാനങ്ങൾ വാങ്ങിക്കൂട്ടുന്നവരുടെ പട്ടികയിൽ സഹോദരി സാറാമ്മ തോമസിനൊപ്പം (ഇപ്പോൾ ഡോ സാറാ ചിറയിൽ) ഞാനുമുണ്ടായിരുന്ന സുവർണ്ണകാലങ്ങൾ കെ വി മാമ്മൻ രചിച്ച 'തേന്മാവിൻറെ കഥ' എന്ന ചരിത്രപുസ്തകത്തിലുണ്ട്.

പള്ളിക്കും ശവക്കോട്ടക്കും വടക്ക് ‘T’ ആകൃതിയിലുള്ള പഴയ സൺ‌ഡേ സ്കൂൾ കെട്ടിടം, എം ഐപ്പ് സാറിന്റെ കണ്ണടച്ചുള്ള ക്ലാസുകളും പ്രസംഗങ്ങളും, ആണ്ടറുതിയിൽ പഴയ പള്ളിയുടെ തെക്കേമുറ്റത്ത് ഓലപ്പന്തലിൽ മുടങ്ങാതെ നടന്നിരുന്ന നിലക്കൽ കൺവെൻഷൻ, കൺവെൻഷൻകാലത്ത് വീടുതോറും കയറിയിറങ്ങിയുള്ള ആദ്യഫലപ്പിരിവും തുടർന്നു കൺവെൻഷൻ പന്തലിൽ നടക്കുന്ന ആദ്യഫലലേലവും, കൺവെൻഷൻ നിരന്തര സാന്നിദ്ധ്യത്തിലൂടെ നാട് ആരാധനയോടെ ഇന്നുമോർക്കുന്ന ഐറിഷ് ആംഗ്ലിക്കൻ മിഷനറി റൈറ്റ് റവ. ഹെർബർട് പാക്കൻഹാം വാൽഷ് (1871–1959),  അദ്ദേഹം സ്ഥാപിച്ച  കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലേക്കു അമ്മ മരണംവരെ മുടങ്ങാതെ അയച്ചിരുന്ന മാസസംഭാവനകളുടെ മണിയോർഡർ രസീതുകൾ. ഇങ്ങനെ ആറ് പതിറ്റാണ്ട് പിന്നിട്ട സണ്ടേസ്കൂൾ കാലത്തിന്റെ പ്രസാദാത്മകമായ ഓർമ്മകൾ...  

സൺഡേസ്കൂൾ കേവലം മതപഠന ക്ലാസ് മാത്രമായിരുന്നില്ല. ഭാവനയെയും ഭാഷയെയും ഉണർത്തിയ ആദ്യത്തെ പാഠശാലയും ഗൃഹാതുരമായ ഓർമ്മച്ചെപ്പുമായിരുന്നു. സാഹിത്യത്തിന്റെ പൊതുവായനയിൽനിന്ന് ചരിത്രം, വ്യക്തിത്വപഠനം, സംസ്കാരപഠനം തുടങ്ങിയ സൂക്ഷ്മഇടങ്ങളിലേക്ക് ചുരുങ്ങിയ വായനാലോകത്തിന്, സർഗ്ഗാത്മക ക്രൈസ്തവ ജീവിതപരിസരങ്ങളും അവയുടെ സംസ്കാരപഠനങ്ങളും പുതിയൊരു വെളിച്ചം നൽകുന്നു. ഈ പുതുസഞ്ചാരങ്ങൾ ചിന്തകൾക്ക് കൂടുതൽ ആഴവും പുതിയ മാനവും  സമ്മാനിക്കുന്നു.

മണർകാട്ടെയും പുതുപ്പള്ളിയിലെയും സൺഡേ സ്കൂൾ ഓർമ്മകൾ അവിടെയും അവസാനിക്കുന്നില്ല. നാട്ടിലെ സി. എസ്. ഐ, മാർത്തോമാ സഭകളുടെ സൺഡേ സ്കൂളുകളും സജീവമായ ആത്മീയ-ബാല്യകാല കൂട്ടായ്മകളായിരുന്നു. പുതുപ്പള്ളി കവലയിലെയും എറികാട്ടെയും കോച്ചുമാറ്റത്തെയും മാർത്തോമാ പള്ളികളും, പുതുപ്പള്ളി കോഴിമലക്കുന്നിലെയും മണർകാട് ആറാം മൈലിലെയും ചെറുതെങ്കിലും ആംഗ്ലിക്കൻ ശിൽപ്പഭംഗിയും പ്രൗഢിയുമുള്ള സി.എസ്.ഐ പള്ളികളും അവിടുത്തെ കുട്ടികൾക്കായി ചിട്ടപ്പെടുത്തിയ മതപഠന ക്ലാസുകളും ആ ഓർമ്മകളുടെ ഭാഗമാണ്. ഇതിനൊപ്പം തന്നെ പുതുസഭകളുടെ തനതായ സൺഡേ സ്കൂൾ ഗാനങ്ങളും ബൈബിൾ പഠനരീതികളും അക്കാലത്ത് സജീവമായിരുന്നു. വ്യത്യസ്ത സഭകളുടെ രീതികളിൽ മാറ്റങ്ങളുണ്ടായിരുന്നെങ്കിലും, അവയെല്ലാം കുട്ടികളിൽ വളർത്തിയെടുത്ത ക്രിസ്തീയ മൂല്യങ്ങളുടെ വിശാലമായ അടിത്തറ ഒന്നുതന്നെയായിരുന്നു.

കഴിഞ്ഞ 70 വർഷത്തിനിടയിൽ

ബാലസാഹിത്യശാഖയുടെ ഉദ്ഭവവികാസത്തോടൊപ്പം മലയാളത്തിലെ കുട്ടികളുടെ ബൈബിൾ സാഹിത്യത്തിൽ ഭാഷ, അച്ചടി, ചിത്രീകരണം, ഉള്ളടക്കം എന്നിവയിലും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഭക്തിപ്രവർത്തനമെന്ന നിലയിൽനിന്ന് ആധുനിക ബാലസാഹിത്യ ശാഖയായി ഇത് പരിണമിച്ചു.

ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച കുട്ടികളുടെ ബൈബിൾ, കുട്ടികൾക്കുവേണ്ടി പുതിയനിയമത്തിൽനിന്നും തയ്യാറാക്കിയ 100 ബൈബിൾ കഥകൾ, എസ്. ശിവദാസ് ബൈബിൾ കഥകൾ തികച്ചും ലളിതവും മനോഹരവുമായ ശൈലിയിൽ പുനരാവിഷ്കരിക്കുന്ന ‘കുഞ്ഞുമാലാഖയുടെ ദൈവകഥകൾ’പോലെ (ലിവിങ് ലീഫ് പബ്ലിക്കേഷൻസ്, കോട്ടയം, 2023) ഒട്ടനവധി മൾട്ടികളർ ഹൈടെക് ഹൈ പ്രൊഫൈൽ സാഹിത്യവിരുന്നുകൾ ഇന്ന് ലഭ്യമാണ്.  ആവർത്തനങ്ങൾക്കും ദീർഘമായ വാക്യങ്ങൾക്കുംപകരം ലളിതവും കഥാപരവുമായ ആധുനിക ശൈലി, ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടംത്തിലെ അച്ചടി സാങ്കേതികവിദ്യക്കും രൂപകൽപ്പനക്കുംപകരം ഓഫ്സെറ്റ് പ്രിന്റിങ്ങും ആർട്ട് പേപ്പറുമായി. പെട്ടെന്ന് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള കാർട്ടൂൺ ശൈലിയിലുള്ള ചിത്രങ്ങളും, ഡിജിറ്റൽ പെയിന്റിങ്ങുകളും ഇവയുടെ പൊതുവായ സ്വഭാവമാണ്.  

കഥാപുസ്തകങ്ങൾക്കൊപ്പം കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ്, പസിലുകൾ, കളറിംഗ് പേജുകൾ, മൊബൈൽ ആപ്പുകൾ എന്നിവ ഉൾപ്പെടുത്തി ആധുനിക ഇൻഫോടെയ്ൻമെന്റ് (Infotainment) മാധ്യമവും സാഹിത്യവുമായി കുട്ടികളുടെ ബൈബിൾ അറിവുകൾ മാറി. എന്നാൽ  സൺ‌ഡേസ്കൂൾ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുടെ ഉള്ളടക്കവും അച്ചടിയിലടക്കം രൂപഘടനയും കാലാനുസൃതമായ ഭാവുകത്വ പരിണാമത്തിന്റെ തെളിച്ചവും നിറങ്ങളും അണിഞ്ഞോ എന്നത് പരിശോധിക്കേണ്ടതാണ്.

സമകാലിക വെല്ലുവിളികൾ  

കേരളത്തിൽ ജനസംഖ്യാ നിരക്കിലുണ്ടായ കുറവും ആഗോള കുടിയേറ്റവും സൺഡേസ്കൂൾ കുട്ടികളുടെ എണ്ണകുറവിന് നിമിത്തമായി. ഞായറാഴ്ചകളിലെ എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ, ട്യൂഷനുകൾ, കായിക പരിശീലനങ്ങൾ ഇവയൊക്കെ കുട്ടികൾക്കെന്നപോലെ മാതാപിതാക്കൾക്കും മുൻഗണന പട്ടികയിൽ ഒത്തിരി മുന്നിലായപ്പോൾ സൺഡേസ്കൂളുകളുടെ ഇടം ഏറെ പിന്നിലായി. അണുകുടുംബങ്ങളുടെ സ്വഭാവസവിശേഷതകൾ പൊതുഇടങ്ങളിലെ അറിവും അനുഭവവും സാമൂഹിക പ്രതിബദ്ധതയുമുള്ള സംഖ്യാശോഷണത്തിന് നിമിത്തമായപോലെ സൺഡേസ്കൂൾ പോലെയുള്ള നിസ്വാർത്ഥ മേഖലകളിലെ അധ്യാപനമെന്ന സന്നദ്ധപ്രവർത്തനവും പൊതുബോധത്തിൽ പൊതുവെ അനാകർഷകവുമായി.

സ്ഥൂല-സൂക്ഷ്മ വിശകലനത്തിൽ ചില ചോദ്യങ്ങൾ ശേഷിക്കുന്നു. ഇന്നത്തെ കുട്ടികൾ നേരിടുന്ന ഡിജിറ്റൽ അഡിക്ഷൻ, ലഹരി ഉപയോഗത്തിന്റെ വെല്ലുവിളികൾ, കൗമാര മാനസിക സമ്മർദ്ദങ്ങൾ എന്നിവയെ മറികടക്കാൻ ഇന്നത്തെ സൺഡേസ്കൂൾ പാഠ്യപദ്ധതികളും അനുബന്ധ ഇൻഫോടെയ്ൻമെന്റ് മാധ്യമങ്ങളും മതിയാവുമോ ? പുതിയ കാലത്തിന്റെ കാമനകൾക്കിടയിൽനിന്നും സൺ‌ഡേസ്കൂൾ കൂട്ടായ്മകളെ കുടുംബ പരിഗണനകളുടെ മുൻഗണനാ പട്ടികയിൽ എങ്ങനെ മുന്നിലെത്തിക്കാം? ചോദ്യങ്ങൾ നമ്മോട് തന്നെയാണ്. അതുകൊണ്ട് ഉത്തരം കണ്ടെത്താനുള്ള ബാധ്യതയും നമുക്കുതന്നെയാണ്.

ഒരു ബഹുസ്വര സമൂഹത്തിൽ വിവിധ മതവിഭാഗങ്ങൾ പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും സഹവർത്തിത്വം പുലർത്തേണ്ടതുണ്ട്. ഇതര മതങ്ങളെ ബഹുമാനിക്കാനും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പുതുതലമുറയെ പ്രാപ്തരാക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണ്. ഇതര മതസ്ഥരായ എഴുത്തുകാർ തങ്ങളുടെ സർഗ്ഗാത്മക രചനകളിൽ ക്രൈസ്തവ ജീവിതപശ്ചാത്തലത്തെയും ബൈബിൾ മിത്തുകളെയും മനോഹരമായി ആവിഷ്കരിച്ചത് കേരളീയ സമൂഹം പണ്ടുമുതലേ പുലർത്തുന്ന ഈ ബഹുസ്വരതയുടെ മികച്ച തെളിവാണ്.

വിദ്വേഷ രാഷ്ട്രീയത്തിന്റെ ഈ പുതിയ കാലത്ത്, കുട്ടികളിൽ ചെറുപ്പം മുതലേ ഇതര മതസ്ഥരോടുള്ള സമഭാവന വളർത്താൻ സൺഡേ സ്കൂളുകൾപോലെ മതങ്ങളുടെ സമാന പഠനശാലകൾക്കു വലിയ പങ്ക് വഹിക്കാൻ കഴിയും. മതപരമായ അറിവുകൾ  അകറ്റിനിർത്താനല്ല,   ഒന്നിപ്പിക്കാനാണ് എന്നു  പഠിപ്പിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. ആരോഗ്യകരമായ സംവാദങ്ങളും സഹകരണവും സാധ്യമാക്കണമെങ്കിൽ മതേതര സമീപനം മതപഠനത്തിന്റെ ഭാഗമാകേണ്ടതുണ്ട്. കലുഷിതമായ രാഷ്ട്രീയ കാലാവസ്ഥയിലും  മൂല്യബോധമുള്ള, പരസ്പര ബഹുമാനമുള്ള  പുതിയ തലമുറ ഇന്നത്തെ ഇന്ത്യക്ക് അനിവാര്യമാണ്‌.  

കുര്യൻ കെ തോമസ് (കരിമ്പനത്തറയിൽ) 
പബ്ലിക്കേഷൻ ഡയറക്ടർ (റിട്ട.), എം. ജി. യുണിവേഴ്സിറ്റി  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക