Image

പ്രവാസിയുടെ നേരും നോവും (ലേഖനം) - കോരസൺ (പുസ്തക പരിചയം – 48: ബാജി ഓടംവേലി, ഡാലസ്)

Published on 04 November, 2026
പ്രവാസിയുടെ നേരും നോവും (ലേഖനം) - കോരസൺ (പുസ്തക പരിചയം – 48:  ബാജി ഓടംവേലി, ഡാലസ്)

ഈ പുസ്തകത്തിലെ ലേഖനങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ കേന്ദ്രബിന്ദു പലപ്പോഴും കേരളത്തിനു പുറത്താണ്. എങ്കിലും ഒരു കേരളീയൻ്റെ അനുഭത്തിൻ്റെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനം ഇവയ്ക്കുണ്ട്. ഉറച്ച മാനവികതാബോധത്തോടെയാണ് ഇതിലെ ഓരോ വിഷയങ്ങളെയും ലേഖകൻ സമീപിച്ചിരിക്കുന്നത്. 

ഈ ലേഖനങ്ങൾ ഒരു ജീവിതാവസ്ഥയെ ചിത്രീകരിക്കുന്നതിലോ ഒരു വാദമുഖത്തെ വൈകാരികസ്പർശത്തോടെ മുന്നോട്ടു വെയ്ക്കുന്നതിലോ ആണ് ശ്രദ്ധിച്ചിരിക്കുന്നത്. ഇതിൻ്റെ ആവിഷകാരരീതി സ്വച്ഛന്ദമാണ്. ആഖ്യാനത്തിൻ്റെയും അവതരണത്തിൻ്റെയും കാര്യത്തിൽ കഥകളോടാണിവ ചേർന്നു നിൽക്കുന്നത്. മനോഹരമായ ഒരു കഥവായിക്കുന്നതുപോലെ ഓരോ ലേഖനത്തിലൂടെയും സഞ്ചരിക്കാനാവും.

'വീഞ്ഞിൻ്റെ സുവിശേഷം; ല-ഖൈമ്മ് ' എന്ന ലേഖനത്തിൽ അടുത്ത വീട്ടിലെ യഹൂദനായ സ്‌കോട്ടിൻ്റെ കുടുംബത്തോടൊപ്പം താങ്ക്സ് ഗിവിങ്ങ് ആഘോഷിക്കാൻ പോയതിൻ്റെ വ്യത്യസ്ഥമായ വിവരണമാണ്. എല്ലാവരും മേശയ്ക്കു ചുറ്റും ഇരുന്ന്, പോയവർഷം അവരവർക്ക് പ്രീയപ്പെട്ട കാര്യങ്ങൾ നടന്നതിന് ഈശ്വരനോട് നന്ദി പറയും. ഓരോരുത്തരും പറഞ്ഞു കഴിയുമ്പോൾ വൈൻ ഗ്ളാസ്സ് ഉയർത്തി 'ല - ഖൈമ്മ് ' എന്ന ഹീബ്രു വാക്ക് ഉച്ചത്തിൽ പറഞ്ഞ് ഗ്ളാസ്സുകൾ മുട്ടിച്ച് ടോസ്റ്റ് ചെയ്യുമായിരുന്നു. ഈ വാക്കിൻ്റെ അർത്ഥം 'റ്റൂ ലൈഫ് ' (ജീവനു വേണ്ടി) എന്നാണ്. എഴുത്തുകാരൻ്റെ നന്ദി വാക്കുകൾക്കു ശേഷം എഴുത്തുകാരനു വേണ്ടിയും അവരത് പറഞ്ഞു. അവസാനം എഴുത്തുകാരനും കുടുംബവും മനസ്സറിഞ്ഞ്  ല - ഖൈമ്മ് പറഞ്ഞാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.

ഈ നിശ്ശബ്ദതകൾ ആത്മവഞ്ചനയാണ് എന്നു തുടങ്ങുന്ന 'അവകാശമില്ല നമുക്ക് നിശ്ശബ്ദരായിരിക്കുവാൻ' എന്ന ലേഖനത്തിൽ എവിടെയോ കൈമോശം വന്ന നമ്മുടെ ധാർമ്മിക കവചങ്ങൾ കണ്ടു പിടിക്കാൻ ശ്രമമൊന്നും ഉണ്ടാകുന്നില്ലെന്ന്  ചൂണ്ടിക്കാണിക്കുന്നു. ഭയമാണ് നമ്മളെ ഒന്നിനും കൊള്ളാത്ത കൂട്ടങ്ങളാക്കുന്നത്. നാം ആരെയൊക്കെയോ എപ്പോഴും ഭയന്നാണ് ജീവിക്കുന്നതെന്ന സത്യം ഓരോ നിമിഷവും വ്യക്തമാവുകയാണ്. ജോലിയിലും വീട്ടിലും സമൂഹത്തിലും സംസാരത്തിലും ആരാധനാകേന്ദ്രങ്ങളിലും വഴിനടക്കുമ്പോളും മാത്രമല്ല, ഉറക്കത്തിൽ പോലും എന്തോ, ഏതോ ഭീതിയുടെ അടിമകളായി നാം മാറിയിരിക്കുന്നു. നിർഭയമായിരിക്കുക എന്നത് ചിന്തിക്കാൻ പോലും സാധിക്കാത്ത നമ്മുടെ അവസ്ഥയെ വാക്കുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നു. 
'ഫിലോസഫർ കിംഗ് ' എന്ന ലേഖനത്തിലെ ചുവടെ ചേർത്തിരിക്കുന്ന ഭാഗം ഒരു കഥ പോലെ മനോഹരമാണ്.

അമേരിക്കയിലുള്ള മിനിയാപ്പോളീസിലുള്ള ഒരു ടാർഗറ്റ് സ്റ്റോറിലേക്ക് ഒരു കസ്റ്റമർ കടന്നു വന്ന് മാനേജരെ കാണണം എന്നു പറഞ്ഞ് ബഹളം വെച്ചു. "നിങ്ങളുടെ കടയിൽ നിന്നും കുട്ടികൾക്കുള്ള ഉടുപ്പുകളുടെയും തൊട്ടിലിൻ്റെയും മറ്റും കൂപ്പണൂകളാണ് എൻ്റെ മകൾക്കു തപാലിൽ ലഭിച്ചത്. അവൾ ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടിയാണ്. എന്താ അവളെ ഗർഭം ധരിപ്പിക്കാൻ നിങ്ങൾ പ്രേരിപ്പിക്കുകയാണോ?" അയാൾ അലറി. കാര്യങ്ങൾ മനസ്സിലാവാതിരുന്ന സ്റ്റോർ മാനേജർ ക്ഷമ പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും ക്ഷമ പറയാൻ കസ്റ്റമറെ വിളിച്ചു. ഇത്തവണ കസ്റ്റമർ പതിഞ്ഞ രീതിയിലാണ് പ്രതികരിച്ചത്. "ഞാൻ അറിയാത്ത ചില കാര്യങ്ങൾ എൻ്റെ കുടുംബത്തിൽ നടക്കുന്നുണ്ട്. മകൾ ഗർഭിണിയാണ്.., ഞാനാണ് നിങ്ങളോട് ക്ഷമ ചോദിക്കേണ്ടത്."
ഒരു സ്ത്രീ ഗർഭം ധരിച്ചു എന്ന് അവളുടെ വീട്ടുകാർ അറിയും മുൻപേ ടാർഗറ്റ് കമ്പനി അറിയുന്നു. അവരുടെ ഭാവി കസ്റ്റമർ ആയേക്കാവുന്ന ഉപഭോക്താവിനെ അവൾക്കു വേണ്ടി വന്നേക്കാവുന്ന ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ അറിയിക്കുന്നു. ബിഗ് ഡാറ്റാ അതിൻ്റെ പ്രയാണം ആരംഭിച്ചതേയുള്ളൂ. നാം അറിയാതെ നമ്മിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളിൽ നിന്നും അതിൻ്റെ ദ്രുതഗതിയിലുള്ള വിശകലനങ്ങളിൽ നിന്നും അത്ഭുതകരമായ ഒരു ലോകത്തിലേക്കാണ് നമ്മൾ അറിയാതെ നടന്നുടുക്കതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

'ബ്ളാക്ക് വോൾസ്ട്രീറ്റ് കത്തിച്ചാമ്പലാക്കിയതിൻ്റെ ശതവാർഷികം' എന്ന ലേഖനത്തിൽ 100 ൽ അധികം വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1921 ജൂൺ 1 ന് ഒക്കലഹോമയിലെ ടെൽസയിൽ നടന്ന വംശീയ നരനായാട്ടിനെക്കുറിച്ച് പറയുകയാണ്. തീർച്ചയായും ഇത് അമേരിക്കയുടെ ചരിത്രത്തിലെ ലജ്ജിക്കേണ്ട അധ്യായമാണ്. മുന്നൂറോളം കറുത്ത വർഗ്ഗക്കാർ കൂട്ടക്കൊല ചെയ്യപ്പെടുകയും അവരുടെ വീടുകളും ബിസിനസ് കെട്ടിടങ്ങളും തീ വച്ചു നശിപ്പിക്കുകയും ചെയ്ത ടെൽസ കൂട്ടക്കൊലയുടെ പിന്നാമ്പുറകഥകൾ ഭീതിയോടെയെ വായിച്ചു തീർക്കുവാനാകൂ.
'റിബെക്ക - ഒരു മിന്നാമിനുങ്ങിൻ്റെ നക്ഷത്രത്തിളക്കം' എന്ന ലേഖനം ഏറെ അടുപ്പമുള്ള അയൽപക്കത്തെ യഹൂദകുടുംബത്തിലെ സ്കോട്ടിൻ്റെ മകൾ റിബെക്കയെക്കുറിച്ചാണ്. അവൾ എഴുത്തുകാരൻ്റെ മകളുടെ അടുത്ത കൂട്ടുകാരിയാണ്. ഐസ് സ്‌കീയിംഗിനിടയിൽ അപകടം പിണഞ്ഞ് കഴുത്തിനു താഴെ ചലനമറ്റ അവസ്ഥയിൽ കഴിയുന്ന റിബെക്ക ജീവിതത്തോട് പുലർത്തുന്ന പോസിറ്റീവായ സമീപനം ചിത്രീകരിക്കുന്ന ലേഖനം ഏറെ ഹൃദയസ്പർശിയും വായനക്കാർക്ക് പ്രതിസന്ധികളെ നേരിടാനുള്ള മനോവീര്യം പകരുന്നവയുമാണ്.

പലസ്തീൻ പ്രശ്നം, റോഹിഗ്യൻ അഭയാർത്ഥി പ്രശ്നം തുടങ്ങിവയെ കുറിച്ചുള്ള ലേഖനങ്ങൾ ഉള്ളിൽ തട്ടുന്ന വായനാനുഭവം സമ്മാനിക്കും. വെള്ളക്കാരുടെ പറുദീസയായ നാട്ടിൽ കറുത്തവരും തവിട്ടു നിറക്കാരും നേരിടുന്ന വിവേചനങ്ങളും അതുളവാക്കുന്ന ഭീതിയും മറ്റും അനുഭവബോധ്യത്തോടെ എഴുതിയിരിക്കുന്നു. മാറേണ്ടതുണ്ട് മലയാളികൾ എന്ന ലേഖനത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറേ പ്രായോഗിക നിർദ്ദേശങ്ങളുണ്ട്. അങ്ങനെ വായനക്കാർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട 22 വിഷയങ്ങളെക്കുറിച്ചുള്ള മികവുറ്റ ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്.
ചുറ്റുമുള്ള ചെറുതും വലുതുമായ കാര്യങ്ങളെ തുറന്ന കണ്ണോടെ കാണാനും സന്തുലിതമായി വിലയിരുത്താനും ശ്രമിച്ചിരിക്കുന്നു. സാഹിത്യപരിചയത്തിൻ്റെ പശ്ചാത്തലവും സാമകാലികമായ ലോകാവസ്ഥയെക്കുറിച്ചുള്ള യഥാർത്ഥ്യനിഷ്ഠമായ തിരിച്ചറിവുകളും ചരിത്രബോധത്തിൻ്റെ അടിസ്ഥാന ബോധ്യങ്ങളും ഈ ലേഖനങ്ങളുടെ അടിത്തറയാകുന്നു എന്ന് അവതാരികയിൽ ഡോ. കെ. എസ്. രവികുമാർ സാക്ഷ്യപ്പെടുത്തുന്നു.

ഈ പുസ്തകത്തെക്കുറിച്ചുള്ള, മലയാളത്തിൻ്റെ പ്രിയ കഥാകാരൻ സക്കറിയയുടെ വിലപ്പെട്ട വാക്കുകൾ ആമുഖമായി ചേർത്തിട്ടുണ്ട്. അവതാരിക എഴുതിയിരിക്കുന്നത് സഹപാഠിയും സുഹൃത്തും പ്രശസ്ത മലയാള സാഹിത്യ വിമർശകനും എഴുത്തുകാരനുമായ ഡോ. കെ. എസ്. രവികുമാർ ആണ്. മംഗളോദയം ഗ്രീൻ ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 144 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ വില 140 രൂപയാണ്.

കോരസൺ (കോരസൺ വർഗീസ്)

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ജനനം. കുടുംബം നിരണം വിയപുരം മുളമൂട്ടിൽ. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കൾ പന്തളത്ത് താമസിക്കുന്നു. പന്തളം എൻ.എസ്.എസ്. കോളേജിൽ പഠനം. കേരള സർവ്വകലാശാലയിൽ നിന്നും കോമേഴ്സിൽ ബിരുദാനന്തര ബിരുദം. യു.എ.ഇ. യിൽ എട്ടു വർഷത്തോളം ജോലി ചെയ്തു. ഇപ്പോൾ ന്യൂയോർക്ക് സിറ്റി സർക്കാർ ഉദ്യോഗസ്ഥനാണ്.

മലയാള മനോരമയിൽ 'വാൽക്കണ്ണാടി' എന്ന കോളം നിരവധി വർഷങ്ങളായി തുടരുന്നു. ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ശ്രദ്ദേയമായ ലേഖനങ്ങൾ എഴുതുന്നു.
വാൽക്കണ്ണാടി (ലേഖനം), പ്രവാസിയുടെ നേരും നോവും (ലേഖനം) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ന്യൂയോർക്കിൽ താമസിക്കുന്നു. സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവമാണ്.
ഭാര്യ :- സന്തോഷ് കോരസൺ
മക്കൾ :- ക്രിസ്റ്റീൻ, ജോനാഥാൻ, ക്രിസ്റ്റൽ
ഇ-മെയിൽ :- vkorason@yahoo.com

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക