
ഹൂസ്റ്റൺ: അമേരിക്കൻ ഐക്യനാടുകളിലെ തിരഞ്ഞെടുപ്പ് ചൂടിനിടയിൽ കേരളത്തിന് ഒന്നടങ്കം അഭിമാനിക്കാൻ വകനൽകുന്ന ഒരു വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച് മൂന്ന് മലയാളികൾ മിന്നും വിജയം കരസ്ഥമാക്കിയിരിക്കുന്നു. സുരേന്ദ്രൻ കെ. പട്ടേൽ, ജൂലി എ. മാത്യു, മാർട്ടിൻ ജോൺ എന്നിവരാണ് അമേരിക്കൻ ജനതയുടെ വിശ്വാസം ആർജിച്ച് ഈ സുവർണ്ണ നേട്ടത്തിന് അർഹരായത്.
തികച്ചും ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് മൂവരും തങ്ങളുടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിജയക്കൊടി പാറിച്ചത്.
ഡെമോക്രാറ്റിക് നിരയിൽ കരുത്തുകാട്ടി സുരേന്ദ്രൻ കെ. പട്ടേൽ
240-ാം ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജി (District Judge, 240th Judicial District) സ്ഥാനത്തേക്ക് ജനവിധി തേടിയ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സുരേന്ദ്രൻ കെ. പട്ടേൽ തന്റെ വിജയത്തിന്റെ ഭൂരിപക്ഷം വൻതോതിൽ വർദ്ധിപ്പിച്ചു. പുതിയ ഫലങ്ങൾ പ്രകാരം അദ്ദേഹം 1,58,897 വോട്ടുകൾ (59.89%) സ്വന്തമാക്കിയിട്ടുണ്ട്. എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആശാ റെഡ്ഡിക്ക് 1,06,418 വോട്ടുകൾ (40.11%) മാത്രമാണ് നേടാനായത്. ആകെ 2,65,315 വോട്ടുകളാണ് ഈ ഡിസ്ട്രിക്റ്റിൽ രേഖപ്പെടുത്തിയത്.
നീതിന്യായ മേഖലയിൽ വീണ്ടും ജൂലി എ. മാത്യു
നീതിന്യായ മേഖലയിലെ മറ്റൊരു ശ്രദ്ധേയമായ പോരാട്ടത്തിൽ, കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3-ലെ (County Court at Law No. 3) ജഡ്ജി സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടിയുടെ മലയാളിയായ ജൂലി മാത്യു (Juli Mathew ) ഉജ്ജ്വല വിജയമാണ് കരസ്ഥമാക്കിയത്. നിലവിലെ ജഡ്ജിയായ ജൂലി 1,68,321 വോട്ടുകൾ (60.10%) ലഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ജെസ്സിക്ക ജെറമില്ലോയെയാണ് അവർ പരാജയപ്പെടുത്തിയത്. ജെസ്സിക്കയ്ക്കു 1,111,760 വോട്ടുകളാണ് (39.90%) ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ആകെ 2,65,519 പേർ വോട്ട് രേഖപ്പെടുത്തി.
പാർട്ടി ഭേദമന്യേ വിജയം കൊയ്ത് മാർട്ടിൻ ജോൺ
രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളില്ലാതെ നടന്ന (Non-Partisan) ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് തിരഞ്ഞെടുപ്പിലെ പുതിയ കണക്കുകൾ പ്രകാരം മാർട്ടിൻ ജോൺ തന്റെ ലീഡ് വലിയ രീതിയിൽ ഉയർത്തി. മാർട്ടിൻ ജോൺ 1,22,131 വോട്ടുകൾ (57.68%) നേടി ഉജ്ജ്വല വിജയം സ്വന്തമാക്കി. എതിരാളിയായ ഷൈസാദ് 'സാം' ചത്രിവാലയ്ക്ക് 89,616 വോട്ടുകൾ (42.43%) മാത്രമേ നേടാനായുള്ളൂ. ഈ മത്സരത്തിൽ ആകെ 2,11,747 വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടു. മാർട്ടിൻ ജോൺ പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാനാണ്.
അമേരിക്കൻ പ്രാദേശിക ഭരണകൂടങ്ങളിലും നീതിന്യായ വ്യവസ്ഥയിലും പ്രവാസി മലയാളികൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നും, ജനങ്ങൾക്കിടയിൽ അവർക്ക് എത്രത്തോളം സ്വീകാര്യതയുണ്ടെന്നും തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. സ്വന്തം പ്രയത്നവും നേതൃപാടവവും കൊണ്ട് അമേരിക്കൻ രാഷ്ട്രീയത്തിൽ വേരുറപ്പിക്കുന്ന ഈ മലയാളികളുടെ നേട്ടം, ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന് വലിയൊരു പ്രചോദനം കൂടിയാണ്.