
സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കായി നൽകുന്ന ഔദ്യോഗിക പുരസ്കാരങ്ങളിൽ യുഎസിലെ മലയാളി മാധ്യമപ്രവർത്തകരെക്കൂടി പരിഗണിക്കണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. മുഖ്യമന്ത്രി വി. ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഐപിസിഎൻഎ ഈ ആവശ്യം മുന്നോട്ടുവെച്ചത്. നിർദേശം സർക്കാർ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി ഐപിസിഎൻഎ പ്രസിഡന്റ് രാജു പള്ളത്ത് അറിയിച്ചു.
ജനുവരി 8-ന് വൈകിട്ട് 5 മണിക്ക് കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഐപിസിഎൻഎ ദേശീയ മാധ്യമ പുരസ്കാര സമർപ്പണ ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനെത്തിയപ്പോഴാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്.
മാധ്യമരംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് നൽകുന്ന 'മാധ്യമശ്രീ', മികച്ച പ്രവർത്തന മികവിനുള്ള 'മാധ്യമരത്ന' പുരസ്കാരങ്ങളാണ് ചടങ്ങിലെ മുഖ്യ ആകർഷണം. മാധ്യമശ്രീ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്ന ജേതാവിന് 50,000 രൂപയും പ്രശംസാഫലകവുമാണ് സമ്മാനിക്കുക.
മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബ്, പ്രശസ്ത കാൻസർ രോഗ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. എം. വി. പിള്ള, മുതിർന്ന മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ ജോസ് പനച്ചിപ്പുറം എന്നിവരടങ്ങുന്ന വിദഗ്ധ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.
അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമ മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് പുറമെ മികച്ച വാർത്താ കവറേജ്, ഫീച്ചറുകൾ, ന്യൂസ് ഫോട്ടോഗ്രാഫി, മികച്ച ടിവി ന്യൂസ് പ്രസന്റർ, അന്വേഷണാത്മക വാർത്ത, മികച്ച വെബ് മീഡിയ ലേഔട്ട്, യുവ മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് അംഗീകാരങ്ങൾ നൽകുന്നത്.
പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ നവംബർ 30-നകം സമർപ്പിക്കാമെന്ന് ഐപിസിഎൻഎ നേതൃത്വം അറിയിച്ചു. സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ കൊച്ചിയിലെ പുരസ്കാര സന്ധ്യയിൽ സംബന്ധിക്കും.