
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഒമാനിലെ ലിമയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം എംഎസ്വി അൽ ജുസുഫി (MSV AL JUSUFI) എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യക്കാരിൽ 13 പേരെ രക്ഷപ്പെടുത്തിയതായും പരിക്കേറ്റ ഒരാൾ പിന്നീട് മരിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.
ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും മരിച്ചയാളുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുമായി ഒമാൻ അധികൃതരുമായി എംബസി ഏകോപനം നടത്തിവരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. സംഘർഷം ഉടൻ കുറയ്ക്കണമെന്നും നയതന്ത്ര പരിഹാരത്തിനായുള്ള ചർച്ചകൾ പൂർത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമുദ്രപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതവും വ്യാപാരവും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഒമാൻ തീരത്ത് ഇന്ത്യൻ നാവികർ ഉൾപ്പെട്ട കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
ഒക്ടോബർ 11ന് ഒമാനിലെ സൊഹാർ ആങ്കറേജിൽ നിക്കരാഗ്വൻ പതാകയുള്ള എംടി പെട്രോ ഡോൾഫിൻ എന്ന ടാങ്കറിന് നേരെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ നാവികരിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേരെ കാണാതായതായി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചിരുന്നു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
ഒക്ടോബർ 6ന് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എംടി ഓൺ പീസ് എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 17 ഇന്ത്യക്കാരിൽ 11 പേർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.
മേഖലയിലെ സമുദ്രഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ പ്രതികരണം.