Image

എളിമകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ സയ്യിദ് അലി ബാഫഖി തങ്ങൾ (ആരിഫ് ഹാശിമി കളത്തൂർ)

Published on 03 November, 2026
എളിമകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ സയ്യിദ് അലി ബാഫഖി തങ്ങൾ (ആരിഫ് ഹാശിമി കളത്തൂർ)

കേരളീയ സുന്നി സമൂഹത്തിന്റെ ആത്മീയവും വൈജ്ഞാനികവുമായ മുന്നേറ്റങ്ങളിൽ ബാഫഖി കുടുംബത്തിനുള്ള സ്ഥാനം പ്രത്യേകം അടയാളപ്പെടുത്തേണ്ടതാണ്. പാരമ്പര്യത്തിന്റെ മഹിമയും മതവിജ്ഞാനത്തിന്റെ വെളിച്ചവും സാമൂഹിക ഉത്തരവാദിത്വവും ചേർന്നുനിൽക്കുന്ന ചരിത്രമാണ് ആ കുടുംബത്തിന്റേത്. ആ പാരമ്പര്യത്തിന്റെ മഹിമ ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു സയ്യിദ് അലി ബാഫഖി തങ്ങൾ. ജീവിതത്തിലുടനീളം പുലർത്തിയ വിനയവും മത-സാമൂഹിക രംഗങ്ങളിൽ നിർവഹിച്ച ഉത്തരവാദിത്വങ്ങളും കേരളീയ സുന്നി സമൂഹത്തിന്റെ ചരിത്രത്തിൽ തങ്ങളുടേതായ ഇടം അവിടുത്തേക്ക് നേടിക്കൊടുത്തു.സയ്യിദ് അഹ്മദ് ബാഫഖിയുടെയും ശരീഫ നഫീസ ബീവിയുടെയും മകനായി 1938ൽ കൊയിലാണ്ടിയിൽ ജനിച്ച തങ്ങൾ ബാല്യകാലം മുതൽ മതവിദ്യാഭ്യാസത്തിന്റെ വഴികളിലൂടെയാണ് സഞ്ചരിച്ചത്. തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളജ്, വിവിധ പള്ളിദർസുകൾ, തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളിലെ പഠനങ്ങളിലൂടെ വിജ്ഞാനത്തിന്റെ ലോകം വിശാലമാക്കി. ജാമിഅ നൂരിയ്യയിലെ പഠനകാലം ജീവിതത്തിലെ പ്രധാനപ്പെട്ട അധ്യായമായിരുന്നു. അവിടുത്തെ വിദ്യാർഥി കൂട്ടായ്മയായ നൂറുൽ ഉലമയുടെ പ്രഥമ പ്രസിഡന്റായി പ്രവർത്തിച്ചത് സംഘടനാപരമായ കഴിവിന്റെയും സഹപാഠികളുമായുള്ള ബന്ധത്തിന്റെയും തെളിവാണ്.

പഠനം പൂർത്തിയാക്കിയശേഷം കച്ചവടരംഗത്ത് സജീവമായപ്പോഴും പൊതുപ്രവർത്തനത്തോടുള്ള താൽപര്യം കുറഞ്ഞില്ല. സംഘടനാ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മുന്നേറ്റങ്ങളിലും നിരന്തരം ശ്രദ്ധ പതിപ്പിച്ചു. സമസ്തയുമായുള്ള ബന്ധം കൂടുതൽ സജീവമായതോടെ പ്രവർത്തനമേഖലയും വിശാലമായി. സംഘടനയുടെ വിവിധ കീഴ്ഘടകങ്ങളുടെ വളർച്ചയിലും സുന്നി പ്രസ്ഥാനത്തിന്റെ വ്യാപനത്തിലും തങ്ങൾ നിർവഹിച്ച പങ്ക് ശ്രദ്ധേയമാണ്. എസ്.വൈ.എസ് സംഘടനാ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാധ്യക്ഷൻ, സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പ്രസിഡന്റ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ പ്രസിഡന്റ്, മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റ് തുടങ്ങി നിരവധി പ്രധാന ഉത്തരവാദിത്വങ്ങൾ തങ്ങളെ തേടിയെത്തി. പദവികൾക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നില്ല; ഏറ്റെടുത്ത പദവികളോട് നീതി പുലർത്തുകയായിരുന്നു തങ്ങളുടെ രീതി.മതവിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ ഇടപെടലുകൾ പ്രത്യേകം പരാമർശിക്കേണ്ടതാണ്. ഒരു സമൂഹത്തിന്റെ യഥാർഥ വളർച്ച അതിന്റെ വിദ്യാഭ്യാസ അടിത്തറ എത്രത്തോളം ശക്തമാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ തിരിച്ചറിവ് തങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രകടമായിരുന്നു. മദ്റസാ വിദ്യാഭ്യാസത്തിന്റെ വ്യാപനം, അധ്യാപകരുടെ ക്ഷേമം, സ്ഥാപനങ്ങളുടെ പുരോഗതി, വിദ്യാർഥികൾക്ക് മതവിജ്ഞാനം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ മേഖലകളിൽ നിരന്തരം ശ്രദ്ധ ചെലുത്തി. സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോൾ അധ്യാപകരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരങ്ങൾക്കായി ഇടപെടാനും തങ്ങൾ ശ്രമിച്ചു. ഒരു മദ്റസയുടെ വളർച്ചയിൽ അധ്യാപകന്റെ വിയർപ്പുണ്ടെന്നും ആ അധ്യാപകന്റെ ജീവിതത്തിൽ സംഘടനയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും തിരിച്ചറിഞ്ഞ നേതൃത്വമായിരുന്നു അത്.

മർകസുമായുള്ള ബന്ധവും തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അധ്യായമാണ്. മർകസിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കൂടെനിന്ന തങ്ങൾ 1988 മുതൽ വൈസ് പ്രസിഡന്റായും പിന്നീട് 2010ൽ പ്രസിഡന്റ് സ്ഥാനത്തും പ്രവർത്തിച്ചു. മർകസ് എന്നത് ഒരു സ്ഥാപനത്തിന്റെ പേര് മാത്രമല്ല, കേരളത്തിന്റെ അതിരുകൾ കടന്ന് വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ച ഒരു ദൗത്യമാണ്. ആ ദൗത്യത്തിന്റെ വളർച്ചയിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ സാന്നിധ്യവും പിന്തുണയും നിർണായകമായിരുന്നു. ഒരു സ്ഥാപനത്തിന്റെ മുന്നേറ്റത്തിന് കെട്ടിടങ്ങളും സംവിധാനങ്ങളും മാത്രം പോരാ; അതിനെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന നേതൃത്വവും വേണം. മർകസിന്റെ പ്രവർത്തനങ്ങളോട് അവസാനകാലംവരെ തങ്ങൾ പുലർത്തിയ അടുപ്പം അതിന്റെ തെളിവാണ്.

സുൽത്താനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായുള്ള തങ്ങളുടെ ആത്മബന്ധം ഈ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ പ്രത്യേകം ഓർക്കേണ്ടതാണ്. അത് ഔദ്യോഗികമായ സംഘടനാ ബന്ധത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല. ദീർഘകാലത്തെ സൗഹൃദവും ഒരുമിച്ചുള്ള യാത്രകളും പരസ്പര വിശ്വാസവും ചേർന്നുണ്ടായ ആത്മബന്ധമായിരുന്നു അത്. ഏകദേശം അരനൂറ്റാണ്ട് മുമ്പുള്ള കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ ആ ബന്ധത്തിന്റെ തുടക്കം കൊയിലാണ്ടിയിലെ ഒരു റാത്തീബ് ഖാനയിലേക്കാണ് എത്തുന്നത്. മതപ്രഭാഷണ യാത്രകൾക്കിടെ കാന്തപുരം ഉസ്താദിന് ആശ്വാസവും സൗകര്യവുമൊരുക്കിയിരുന്ന ആ റാത്തീബ് ഖാന ബാഫഖി കുടുംബത്തിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് ചെറുപ്പക്കാരനായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങൾക്കായിരുന്നു അതിന്റെ ഒരു കാലത്തെ ചുമതല. അവിടെനിന്ന് ആരംഭിച്ച പരിചയം പിന്നീട് ആത്മബന്ധമായി വളർന്നു.
കാന്തപുരം ഉസ്താദിന്റെ ഓർമകളിൽ ആ ബന്ധത്തിന്റെ ആഴം വ്യക്തമാണ്. തങ്ങൾ തന്നേക്കാൾ ഒരു വയസ്സിന് മുതിർന്നയാളായിരുന്നിട്ടും അവിടുത്തെ വിനയവും താഴ്മയും തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നുവെന്നാണ് ഉസ്താദ് അനുസ്മരിച്ചത്. ചെറിയ കാര്യങ്ങളിൽ പോലും കൂടിയാലോചിക്കുന്ന സ്വഭാവവും കൂടിക്കാഴ്ചകൾക്ക് ഇടവേള കൂടുമ്പോൾ നേരിട്ട് എത്തി സൗഹൃദം പുതുക്കുന്ന രീതിയും ആ ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഒരുമിച്ചുള്ള യാത്രകൾക്കും പ്രവർത്തനങ്ങൾക്കും ജീവിതത്തിന്റെ അവസാനകാലംവരെ തുടർച്ചയുണ്ടായി. ഒരു നേതാവിന്റെ മഹത്വം അദ്ദേഹം വഹിച്ച പദവികളിൽ മാത്രമല്ല, സഹപ്രവർത്തകരുടെ ഹൃദയത്തിൽ എത്രത്തോളം സ്നേഹവും വിശ്വാസവും നേടിയെന്നതിലും കൂടിയാണ്. കാന്തപുരം ഉസ്താദിന്റെ വാക്കുകളിൽ ആ സ്നേഹത്തിന്റെ തെളിച്ചം കാണാം.

ഈ ബന്ധം സുന്നി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ മനോഹരമായൊരു അധ്യായമാണ്. വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തുകൊണ്ട് ഒരേ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനായി പരസ്പരം കൈകോർത്തുനിന്ന രണ്ട് മഹത്തായ വ്യക്തിത്വങ്ങൾ. സംഘടനാ വളർച്ചയുടെ കഠിനമായ കാലങ്ങളിൽ പരസ്പരം താങ്ങായും സ്ഥാപനങ്ങളുടെ മുന്നേറ്റത്തിൽ സഹയാത്രികരായും അവർ നിലകൊണ്ടു. അത്തരം ബന്ധങ്ങളാണ് ഒരു പ്രസ്ഥാനത്തിന്റെ ചരിത്രത്തെ കൂടുതൽ സമ്പന്നമാക്കുന്നത്. സുൽത്താനുൽ ഉലമയും സയ്യിദ് അലി ബാഫഖി തങ്ങളും തമ്മിലുള്ള സൗഹൃദം പുതിയ തലമുറയ്ക്ക് പകർത്താവുന്ന സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മാതൃക കൂടിയാണ്.

ബാഫഖി തങ്ങളുടെ വ്യക്തിത്വത്തിൽ എന്നെ ഏറെ ആകർഷിച്ചത് അവിടുത്തെ സംസാരത്തിലെ എളിമയും തെളിമയുമാണ്. ഹാശിമിയ്യ സമ്മേളനത്തിന്റെ ഭാഗമായി സയ്യിദവറുകൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ തങ്ങളെ സ്വീകരിക്കാൻ പോകാനുള്ള ഒരു ഭാഗ്യം എനിക്കും ലഭിച്ചിരുന്നു. വലിയൊരു വ്യക്തിത്വത്തെ നേരിൽ കാണാനും സ്വീകരിക്കാനും കഴിഞ്ഞ ആ നിമിഷം എന്റെ ജീവിതത്തിലെ മനോഹരമായ ഓർമകളിലൊന്നാണ്. ആ കൂടിക്കാഴ്ചയിൽ തങ്ങളുടെ സംസാരവും പെരുമാറ്റവും അടുത്തറിയാൻ സാധിച്ചു. വലിയ സ്ഥാനങ്ങളും ഉത്തരവാദിത്വങ്ങളും വഹിച്ചിരുന്ന ഒരാളിൽനിന്ന് പ്രതീക്ഷിക്കുന്നതിലുമപ്പുറം ലളിതമായിരുന്നു ആ ഇടപെടൽ. വാക്കുകളിൽ ഗാംഭീര്യം കാട്ടാനുള്ള ശ്രമമില്ല, സംസാരത്തിൽ അകലം സൃഷ്ടിക്കുന്ന ഭാവമില്ല. കേൾക്കുന്നവരെ ചേർത്തുനിർത്തുന്ന ഒരു പ്രത്യേകത ആ സംസാരത്തിലുണ്ടായിരുന്നു. എളിമയും തെളിമയും ഒരുമിച്ചുനിന്ന ആ വ്യക്തിത്വം മനസ്സിൽ ആഴത്തിൽ പതിഞ്ഞു.

ചില കൂടിക്കാഴ്ചകൾ ദൈർഘ്യംകൊണ്ടല്ല ഓർമിക്കപ്പെടുന്നത്. അവശേഷിപ്പിക്കുന്ന അനുഭവംകൊണ്ടാണ്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ആ സ്വീകരണവും അത്തരത്തിലൊന്നാണ്. ഒരുപാട് കാലത്തെ സഹവാസമോ നിരന്തരമായ കൂടിക്കാഴ്ചകളോ എനിക്കവകാശപ്പെടാനില്ല. എന്നാൽ അൽപസമയം അടുത്തുനിന്ന് സംസാരിച്ചപ്പോൾ ലഭിച്ച അനുഭവം ഒരു മനുഷ്യന്റെ വ്യക്തിത്വത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നതായിരുന്നു. വിനയം എന്നത് വാക്കുകളിൽ പറയാനുള്ള ഒരു ഗുണമല്ലെന്നും ജീവിതത്തിൽ പുലർത്തേണ്ട ഒരു സ്വഭാവമാണെന്നും അന്ന് കൂടുതൽ ബോധ്യപ്പെട്ടു. അധികാരവും പദവിയും കൂടുമ്പോൾ മനുഷ്യരിൽ അകലം കൂടുന്ന കാലത്ത്, വലിയ ഉത്തരവാദിത്വങ്ങൾക്കിടയിലും ലാളിത്യം കാത്തുസൂക്ഷിച്ച ആ ജീവിതം ഏറെ പ്രസക്തമാണ്.

നിരവധി മഹല്ലുകളുടെ ഖാളിയായി പ്രവർത്തിച്ച തങ്ങൾ മതപരമായ ഉത്തരവാദിത്വങ്ങളിലും ശ്രദ്ധ പുലർത്തി. കൊയിലാണ്ടി വലിയകം ജുമാമസ്ജിദിലെ ദീർഘകാല ഖത്വീബ് എന്ന നിലയിലും നാട്ടുകാരുടെ ആത്മീയ ജീവിതത്തോട് അടുത്തുനിന്നു. പ്രഭാഷണ വേദികളിലും സംഘടനാ യോഗങ്ങളിലും സ്ഥാപനങ്ങളുടെ പരിപാടികളിലും തങ്ങളുടെ സാന്നിധ്യം പതിവായിരുന്നു. എവിടെയെങ്കിലും ഒരു പരിപാടിയുണ്ടെങ്കിൽ കഴിയുന്നിടത്തോളം എത്തിച്ചേരാൻ ശ്രമിക്കുന്ന സ്വഭാവം അവസാനകാലംവരെയും തുടർന്നു. പ്രായവും ശാരീരിക പ്രയാസങ്ങളും കൂടിയപ്പോഴും പ്രസ്ഥാനത്തിന്റെ പരിപാടികളിൽ പങ്കെടുക്കാനുള്ള ആഗ്രഹം തങ്ങളിൽ നിലനിന്നിരുന്നു. ചിലർക്ക് നേതൃത്വം ഒരു പദവിയാണ്; മറ്റുചിലർക്ക് അത് ജീവിതത്തിന്റെ ഭാഗമാണ്. ബാഫഖി തങ്ങളുടെ കാര്യത്തിൽ രണ്ടാമത്തേതാണ് ശരി.കാലം മാറുമ്പോൾ തലമുറകൾ മാറും. സംഘടനകൾ വളരും, സ്ഥാപനങ്ങൾ വികസിക്കും, പുതിയ നേതാക്കൾ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. എന്നാൽ ഒരു കാലഘട്ടത്തെ രൂപപ്പെടുത്തിയ മനുഷ്യരുടെ സംഭാവനകൾ അത്ര എളുപ്പത്തിൽ മായുകയില്ല. സയ്യിദ് അലി ബാഫഖി തങ്ങൾ ജീവിച്ച കാലത്ത് പങ്കെടുത്ത യോഗങ്ങളും നടത്തിയ യാത്രകളും നൽകിയ പിന്തുണയും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളും ഇന്ന് പലരുടെയും ഓർമകളിൽ നിലനിൽക്കും. തങ്ങളുടെ പ്രവർത്തനങ്ങൾ ഒരു വ്യക്തിയുടെ ജീവിതചരിത്രമായി മാത്രം വായിക്കേണ്ടതല്ല. കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ വളർച്ചയുടെ പല ഘട്ടങ്ങളും അതിലൂടെ വായിച്ചെടുക്കാൻ കഴിയും.

ഒരു വലിയ മനുഷ്യന്റെ ജീവിതം നമ്മോട് ചോദിക്കുന്നത് എത്രകാലം ജീവിച്ചു എന്നല്ല, ജീവിച്ച കാലം എങ്ങനെയാണ് ഉപയോഗിച്ചത് എന്നതാണ്. പദവികൾ മാറിയിട്ടും ഉത്തരവാദിത്വങ്ങളിൽനിന്ന് മാറിനിൽക്കാതിരുന്ന ജീവിതം, സൗഹൃദങ്ങളെ ആത്മാർഥമായി ചേർത്തുപിടിച്ച മനസ്സ്, മതവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കായി ചെലവഴിച്ച സമയം, സ്ഥാപനങ്ങളുടെ മുന്നേറ്റത്തിനായി നൽകിയ പിന്തുണ, എല്ലാവരോടും പുലർത്തിയ വിനയം എന്നിവയെല്ലാം തങ്ങളുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു.

ഇന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ആ കൂടിക്കാഴ്ച ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് തങ്ങളുടെ സംസാരത്തിലെ ആ എളിമയാണ്. ഒരിക്കൽ നേരിൽ കണ്ടപ്പോൾ അനുഭവിച്ച ആ ലാളിത്യം, ഇന്ന് ഓർമകളിലൂടെ വീണ്ടും മനസ്സിൽ തെളിയുന്നു. വലിയ മനുഷ്യരെക്കുറിച്ച് എഴുതുമ്പോൾ അവരുടെ പദവികൾ എണ്ണിപ്പറയാൻ എളുപ്പമാണ്. എന്നാൽ അവരുടെ ജീവിതത്തിൽനിന്ന് നമുക്ക് പഠിക്കാനുള്ളത് കണ്ടെത്തുക എന്നതാണ് കൂടുതൽ പ്രധാനം. സയ്യിദ് അലി ബാഫഖി തങ്ങളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് അതുതന്നെയാണ്:അറിവും പാരമ്പര്യവും സ്ഥാനമാനങ്ങളും മനുഷ്യനെ വിനയത്തിൽനിന്ന് അകറ്റരുത്. മറിച്ച് അവയെല്ലാം കൂടുതൽ എളിമയുള്ളവരാകാനുള്ള കാരണങ്ങളായി മാറണം.ഒരു കാലഘട്ടത്തിന്റെ ആത്മീയ യാത്രയിൽ തങ്ങളുടേതായ അടയാളങ്ങൾ പതിപ്പിച്ച സയ്യിദ് അലി ബാഫഖി തങ്ങൾ ഇനി ഓർമകളിലാണ്. പക്ഷേ തങ്ങൾ ചേർത്തുപിടിച്ച സ്ഥാപനങ്ങളും കരുത്തുപകർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളും സ്നേഹിച്ച പ്രസ്ഥാനവും ആ ജീവിതത്തിന്റെ തുടർച്ചയായി നിലനിൽക്കും. മനുഷ്യർ വിടപറയുമ്പോഴും അവർ പകർന്നുനൽകിയ നന്മകൾക്ക് വിടപറയാനാവില്ലല്ലോ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക