Image

എം.എ ബേബി - എഴുപത്തിരണ്ടിന്റെ യൗവ്വനവുമായി ഒരു നേതാവ് (എം കെ നാരായണ മൂര്‍ത്തി)

Published on 03 November, 2026
എം.എ ബേബി - എഴുപത്തിരണ്ടിന്റെ യൗവ്വനവുമായി ഒരു നേതാവ് (എം കെ നാരായണ മൂര്‍ത്തി)

സമര വീര്യം വീണ്ടെടക്കുന്ന  മുന്‍ വിദ്യാര്‍ഥി നേതാവ് .ശീതീകരിച്ച മുറികളിലിരുന്ന് വിപ്ളവം പറയുന്ന ലോക്കൽ കമ്മറ്റി സെക്രട്ടറിമാരുള്ള കാലത്താണ് സി.പി.എമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറി തെരുവിൽ ഇറങ്ങി തല്ലു കൊണ്ടതും സമരങ്ങൾക്ക് നേതൃത്വം വഹിച്ചതുമെന്നത് ചെറിയ കാര്യമല്ല,ഇത്തരത്തിൽ അദ്ദേഹം തെരുവിൽ നിറഞ്ഞത് ഒരു ദിവസം മാത്രമായിരുന്നില്ല.

ജനകീയ പ്രശ്നങ്ങളില്‍  ഇടപെടാനും രാജ്യതാൽപര്യം മുൻനിറുത്തിയുള്ള സമരപരിപാടികളിൽ നേതൃത്വം വഹിക്കാനും നിയമസഭയിലും പാർലമെന്റിലും നിശ്ചിത എണ്ണം സീറ്റ് വേണമെന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് ഡൽഹിയിൽ നാം കാണുന്നത്.നേഹാ ബോറയായാലും ഐഷീഘോഷ് ആയാലുമൊക്കെ അവരുടെ പാർട്ടികളുടെ സീറ്റെണ്ണത്തിന്റെ ബലത്തിലല്ല ദേശീയ രാഷ്ട്രീയത്തിൽ കളം നിറഞ്ഞ് നിൽക്കുന്നത്.ഇവിടെ എടുത്ത് പറയേണ്ട പ്രധാന പേരാണ് എം.എ ബേബിയുടേത്.എഴുപത്തിരണ്ടാം ചുറുചുറുക്കോടെ നിരത്തിൽ പോലീസിനോട് ഏറ്റുമുട്ടി അണികൾക്കും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും ആവേശം പകരാൻ അദ്ദേഹത്തിന് സാധിച്ചു.മാത്രമല്ല പ്രതിപക്ഷം എന്നത് വെറുമൊരു ആൾക്കൂട്ടമല്ലെന്നും കൃത്യമായ ദിശാബോധത്തോടെയാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും രാജ്യത്തെ സാധാരണക്കാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് ബേബി നടത്തിയ പലതലത്തിലുള്ള ഇടപെടലുകൾ കാരണമാണ്.അതിൽ ഏറ്റവും പ്രധാനവും ശ്ളാഘനീയവുമായ കാര്യം ബംഗാളിൽ സി.പി.എമ്മിനെ കഴിയുന്നിടത്തോളം ദ്രോഹിച്ച മമത ബാനർജിയെ സമരമുഖത്തേക്ക് കൊണ്ടു വരാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ്.രാജ്യത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് ഒരുമിക്കേണ്ട സമയമാണിതെന്ന ഉന്നതമായ രാഷ്ട്രീയ ബോധമാണ് എം.എ ബേബിയെന്ന കമ്മ്യൂണിസ്റ്റ് നേതാവ് കാണിച്ചത്.മുമ്പ് ഹർകിഷൻ സിംഗ് സുർജിത് പലപ്പോഴും ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തിയിരുന്നു.

എം എ ബേബി 

വോട്ടുവെട്ടിമാറ്റൽ പ്രക്രിയയെ കുറിച്ച് രാഹുൽ ഗാന്ധി പത്രസമ്മേളനം നടത്തി കഴിഞ്ഞപ്പോൾ തന്നെ എം.എ ബേബി പ്രതിപക്ഷത്തെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കൾക്കും അദ്ദേഹം കത്തെഴുതി.എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നേരിട്ടു കണ്ട് കാര്യങ്ങളുടെ തീക്ഷ്ണത ബോധ്യപ്പെടുത്തി.എ.എ.പി വ്യത്യസ്തമായെങ്കിലും സമരമുഖത്തുള്ളത് ഈ ഇടപെടലിനെ തുടർന്നാണ്.കോൺഗ്രസ്സുമായുള്ള അഭിപ്രായവ്യത്യാസം തുടരുമ്പോഴും സമരമുഖത്ത് എ.എ.പി ഉണ്ടാകേണ്ടതിന്റെ രാഷ്ട്രീയ കാരണങ്ങൾ എം.എ ബേബി അരവിന്ദ് കെജ്രിവാളിന്റെ മുന്നിൽ അക്കമിട്ടു നിരത്തി.അതുൾക്കൊള്ളാതിരിക്കാൻ കെജ്രിവാളിനും കഴിയുമായിരുന്നില്ല.സമരത്തിന് ഒരു രൂപം വരുന്നതിന് മുമ്പ് തന്നെ സി.പി.എമ്മിന്റെ അവയ്ലബിൾ പോളിറ്റ്ബ്യൂറോ ചേർന്ന് ഇന്ത്യാസഖ്യത്തിന് പുറത്ത് നിൽക്കുന്ന കക്ഷികളുമായി സംസാരിക്കാൻ തീരുമാനിക്കുകയും അതിനായി ബേബിയെ ചുമതലപ്പെടുത്തുകയും ചെയ്തു.പഞ്ചാബിലെ ശിരോമണി അകാലിദൾ,ഒറീസ്സയിലെ ബിജു ജനതാദൾ,തമിഴ്നാട്ടിൽ മക്കൾ നീതി മെയ്യം തുടങ്ങിയ കക്ഷികളുമായി ഉടൻ തന്നെ എം.എ ബേബി ബന്ധപ്പെടുകയും അവരെയല്ലാം സമരമുഖത്തേയ്ക്ക് കൊണ്ടു വരാൻ സാധിക്കുകയും ചെയ്തു.ഇതിനെ തുടർന്നാണ് സെപ്റ്റംബർ മാസം മുപ്പതാം തീയതി ഇന്ത്യാ സഖ്യത്തിന്റെ കോർഡിനേഷൻ കമ്മിറ്റി ഡൽഹിയിൽ യോഗം ചേർന്ന് വോട്ടർ പട്ടിക ക്രമക്കേടിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുമുള്ള സമരപരിപാടികൾക്ക് രൂപം നൽകിയതും.

എം എ ബേബിയുംമുല്‍ക്ക്  രാജ് ആനന്ദും 

എം.എ ബേബിയുടെ നേതൃഗുണം കൊണ്ടു മാത്രമാണ് തൊഴിലാളികളേയും കർഷകരേയും വിദ്യാർത്ഥികളേയും കലാകാരന്മാരേയും ബുദ്ധിജീവികളേയും ഒക്കെ സജീവമായി സമരമുഖത്തേക്ക് എത്തിക്കാൻ സാധിച്ചത്.ഭരണത്തിന്റെ ഭാഗമല്ലെങ്കിലും സി.പി.എമ്മിന്റെ സംഘടനാ സംവിധാനം ഇതിനായി കൃത്യമായി ചലിച്ചു.ഈ സമയത്തൊക്കെ വടക്കു കിഴക്കൻ ഇന്ത്യയിൽ സഞ്ചരിക്കുകയായിരുന്ന ഞാൻ ഇതിന് ദൃക്സാക്ഷിയാണ്.ത്രിപുരയിൽ നിന്നും ഒരു സാധാരണക്കാരന് ട്രെയിൻ മാർഗ്ഗം ഡൽഹിയിൽ എത്തണമെങ്കിൽ അഞ്ചുദിവസം വേണം.ധാരാളം പണവും.ഇതൊക്കെ തരണം ചെയ്ത് ആവേശത്തോടെ ത്രിപുരയിൽ നിന്നുള്ള സർവകലാശാല വിദ്യാർത്ഥികൾ ഡൽഹിയിലേക്ക് വണ്ടി കയറി.ത്രിപുരയിലെ സി.പി.എം സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ ജിതേന്ദ്ര ചൗധരിയോട് ഞാനിതേ പറ്റി ചോദിച്ചപ്പോൾ ഞങ്ങളുടെ ദേശീയ സെക്രട്ടറിയെ ഡൽഹി പോലീസ് കൈകാര്യം ചെയ്ത രീതി നിങ്ങളും കണ്ടതല്ലേ എന്നായിരുന്നു ചോദ്യം.ശീതീകരിച്ച മുറികളിലിരുന്ന് വിപ്ളവം പറയുന്ന ലോക്കൽ കമ്മറ്റി സെക്രട്ടറിമാരുള്ള കാലത്താണ് സി.പി.എമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറി തെരുവിൽ ഇറങ്ങി തല്ലു കൊണ്ടതും സമരങ്ങൾക്ക് നേതൃത്വം വഹിച്ചതുമെന്നത് ചെറിയ കാര്യമല്ല,ഇത്തരത്തിൽ അദ്ദേഹം തെരുവിൽ നിറഞ്ഞത് ഒരു ദിവസം മാത്രമായിരുന്നില്ല.അദ്ദേഹത്തിന്റേത് ഒരു ടോക്കൺ പ്രതിഷേധവുമായിരുന്നില്ല.വാർത്താമാധ്യമങ്ങൾക്ക് മുന്നിൽ വന്ന് നിന്ന് അവകാശവാദങ്ങൾ ഉന്നയിക്കാനും എം.എ ബേബിയെന്ന ഉത്തമ കമ്മ്യൂണിസ്റ്റ് തയ്യാറായിരുന്നില്ല.രാഹുൽ ഗാന്ധിയുൾപ്പടെയുള്ള കോൺഗ്രസ്സ് നേതൃത്വത്തോട് രാഷ്ട്രീയമായി വിയോജിക്കുമ്പോൾ തന്നെ ജനാധിപത്യ സംരക്ഷണാർത്ഥം സ്നേഹമസൃണമായ ബന്ധം സൂക്ഷിക്കാനും എം.എ ബേബിക്ക് കഴിയുന്നുണ്ട്.മുമ്പ് ഹർകിഷൻ സിംഗ് സുർജിതിനും സീതാറാം യച്ചൂരിയ്ക്കും മാത്രം സാധിച്ചിരുന്ന കാര്യമാണിത്.എം.എ ബേബിയുടെ ഇത്തരത്തിലുള്ള ഇടപെടൽ നോയിഡയിലെ തൊഴിലാളി സമരത്തിലും ജന്തർമന്ദറിലെ സി.ജെ.പി സമരകാലത്തും രാജ്യം കണ്ടതാണ്.

യുവാവായ ബേബി പ്രമുഖര്‍ക്കൊപ്പം 

സമരദിവസങ്ങളിലൊന്നിൽ ഞാൻ എം.എ ബേബിയെ ഫോണിൽ വിളിച്ചിരുന്നു.പോലീസ് ബലപ്രയോഗത്തിനിടയിൽ ആരോഗ്യം ശ്രദ്ധിക്കണമെന്ന എന്റെ നിർദ്ദേശത്തോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു."ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി ധാരാളം പേർ മരിച്ചു വീണ പാർട്ടിയാണ് എന്റേത്.തൽക്കാലം ആരോഗ്യമൊക്കെ അവിടെ നിൽക്കട്ടെ.രണ്ടിലൊന്ന് അറിഞ്ഞിട്ട് അതൊക്കെ ശ്രദ്ധിക്കാം."ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയായി ഡൽഹിയിൽ വന്ന കാലം മുതലേ എനിക്ക് എം.എ ബേബിയെ അറിയാമെന്നത് കൊണ്ട് ഞാൻ മൗനം കൊണ്ട് മറുപടി പറഞ്ഞ് ഫോൺ കട്ടു ചെയ്തു.പ്രായത്തിൽ ചെറുതായ നേഹബോറയ്ക്കും ഐഷിഘോഷിനും വഴികാട്ടിയും തുണയുമായി അവരെക്കാൾ ചെറുപ്പക്കാരനായി ഈ എഴുപത്തിരണ്ടുകാരൻ മുന്നിലുണ്ട്.അത് രാഹുൽ ഗാന്ധിയുൾപ്പടെയുള്ള നേതൃനിരയ്ക്ക് നൽകുന്ന ആവേശം ചെറുതല്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക