Image

ശരത്ക്കാലഭൂമി (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 03 November, 2026
ശരത്ക്കാലഭൂമി (കവിത: മാര്‍ഗരറ്റ് ജോസഫ്)

കനക വിഭ്രഷകളാടിയുലഞ്ഞ്
പുളകം കൊള്ളും കന്യകയായ്,
ശാരദഭൂവിന്‍ ലീലകള്‍ കണ്ണിന്,
ചാരുതയോലും കനവായി,
മഞ്ഞയുടുത്തും കാവിപുതച്ചും,
മാടിവിളിക്കും മരമെല്ലാം,
ചമയിക്കുന്ന ശരത്ക്കാലത്തിന്,
താലപ്പൊലിയായ് നിലക്കുകയോ?
ഹരിതം മായിച്ചിലകളില്‍ പുതിയ,
വര്‍ണ്ണങ്ങള്‍ സുന്ദരമായി,
ഏതോ മായാജാലം പ്രകൃതിയി-
ലസ്തമയത്തിനൊളിപോലായ്,
എങ്ങും കൊന്നപ്പൂങ്കണിയെന്നോ?
പവിഴത്തൊങ്ങല്‍ തോരണമോ?
കാടും മേടും കുന്നും വഴിയും,
താഴ് വരയും പൊന്‍വേദികയോ?
അഴകേ, അഴലിന്നലകളിലെന്തേ,
കൊഴിയുന്നു സ്വയമതിവേഗം?
കാണെക്കാണെ കണ്ണീര്‍ത്തുള്ളികള്‍,
ധരണിക്കെന്തൊരു വേദനയായ്!
ഋതുവിന്‍ പീലികളടരുന്നൊപ്പം,
ശൂന്യത മൂടുപടം ചാര്‍ത്തി;
മൂകത യവനിക വീഴ്ത്തി നീളെ,
തരുനിരയെല്ലിന്‍ പഞ്ജരമായ;
കൈത്തലമൊക്കെ രാപ്പകലെന്യേ,
കാറ്റടിയേറ്റു പതിക്കുകയായ്,
പാദത്തിങ്കല്‍ പിടഞ്ഞുപിടഞ്ഞ്,
ജീവന് ജീര്‍ണ്ണത വിധിയെത്ര.

വായിവില്‍ രേഖാചിത്രങ്ങള്‍പോല്‍,
ഹേമന്തത്തില്‍ മരവിച്ച്,
ആശ്രിതരെല്ലാം വിട്ടുപിരിഞ്ഞ്,
ആമയമൂര്‍ത്തികളായെങ്ങും,
നിയതിനിയോഗം ദുര്‍ദശയേകി,
മണ്ണിന്നരുമകളേ, നിങ്ങള്‍!
തളിരുകളണിയും നാളുകളിനിയും,
അരികത്തണയുവതറിയില്ലേ?
സുഖംദുഃഖമയം ജീവതമെന്ന്,
തെന്നലിടയ്ക്കിടെ മൊഴിയുമ്പോള്‍,
സ്ഥിരമായെന്തീ ഭൂമിയിലെങ്ങും?
മാറ്റങ്ങള്‍ക്ക് വിധേയങ്ങള്‍;
മുകിലിന്നിടയില്‍ മഴവില്ലൊളിപോല്‍,
ആമയമൊടുവില്‍ സൗഭഗമായ്;
കാലക്കേടുകള്‍ മാറ്റുവതാര്?
കാലം, ചെപ്പടി വിദ്യകളാല്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക