
ന്യൂയോർക്ക്: എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും എറണാകുളം ഡി.സി.സി. സെക്രട്ടറിയുമായ. ഉല്ലാസ് തോമസിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ന്യൂയോർക്കിൻ്റെ ആഭിമുഖ്യത്തിൽ ഊഷ്‌മള സ്വീകരണം നൽകി. ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് അഞ്ചിന് കോങ്ങേഴ്‌സിൽ നടന്ന സ്വീകരണ ചടങ്ങിൽ ചാപ്റ്ററിലെ ഭൂരിഭാഗം അംഗങ്ങളും സന്നിഹിതരായിരുന്നു.

പ്രവാസി മലയാളികളുടെ സ്നേഹവും സൗഹൃദവും ഐക്യവും വിളിച്ചോതുന്ന വേദിയായി ചടങ്ങ് മാറി. നാട്ടിൽനിന്ന് എത്തിയ പ്രിയപ്പെട്ട ജനപ്രതിനിധിയെ പ്രവാസലോകത്ത് സ്വീകരിക്കാനായത് സംഘടനയ്ക്കും പ്രവാസി സമൂഹത്തിനും അഭിമാനകരമായ നിമിഷമായിരുന്നുവെന്ന് നേതൃത്വം വിലയിരുത്തി.

തദ്ദേശ സ്വയംഭരണ രംഗത്തും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സംഘടനാ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നേതാവാണ് ഉല്ലാസ് തോമസ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിലും ഡി.സി.സി. സെക്രട്ടറി എന്ന നിലയിലും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തി പ്രവർത്തിച്ച അദ്ദേഹത്തിന് നൽകിയ സ്വീകരണം, പ്രവാസി മലയാളികൾ നാടിനോടും നാട്ടിലെ നേതൃത്വത്തോടും കാത്തുസൂക്ഷിക്കുന്ന ആത്മബന്ധത്തിൻ്റെ പ്രതിഫലനമായിരുന്നു.

പ്രവാസി ഇന്ത്യക്കാരെയും മലയാളികളെയും മാതൃരാജ്യത്തിൻ്റെ ജനാധിപത്യ, സാമൂഹിക പ്രവർത്തനങ്ങളുമായി നിരന്തരം ബന്ധിപ്പിക്കുന്നതിൽ ചാപ്റ്റർ വഹിക്കുന്ന പങ്ക് ചടങ്ങിൽ പ്രത്യേകം ശ്രദ്ധേയമായി. നാട്ടിലെ നേതാക്കളുമായി പ്രവാസി സമൂഹത്തിന് നേരിട്ട് സംവദിക്കാനും ആശയങ്ങൾ പങ്കുവെക്കാനും ഇത്തരം കൂടിച്ചേരലുകൾ അവസരമൊരുക്കുന്നു.

കേരള ചാപ്റ്റർ നാഷണൽ പ്രസിഡൻ്റ് പോൾ കറുകപ്പിള്ളിൽ, കേരള ചാപ്റ്റർ ന്യൂയോർക്ക് പ്രസിഡന്റ് നോഹ ജോർജ്, കേരള ചാപ്റ്റർ ന്യൂയോർക്ക് സെക്രട്ടറി ജോജി കാവനാൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രവാസി മലയാളികളുടെ ഐക്യവും സഹോദര്യവും കൂടുതൽ ശക്തിപ്പെടുത്തുന്ന ഇത്തരം സംഗമങ്ങൾ ഇനിയും തുടരുമെന്ന പ്രതീക്ഷയും ചടങ്ങ് പങ്കുവെച്ചു.
