
യൂറോപ്പിൽ, സീറോ മലബാർ സഭയുടെ അപ്പസ്തോലിക വിസിറ്റേഷൻ പരിശുദ്ധ സിംഹാസനം അനുവദിച്ചിട്ട്, പത്തു വർഷങ്ങൾ പൂർത്തിയാകുന്ന അവസരത്തിൽ, നവംബർ മാസം ഒന്നാം തീയതി, മധ്യാഹ്ന പ്രാർത്ഥനാവേളയിൽ, പരിശുദ്ധ പിതാവ്, സഭയുടെ വളർച്ചയെ പറ്റി പരാമർശിക്കുകയും, അതിനായി ദൈവത്തിനു നന്ദിയർപ്പിക്കുന്നുവെന്നും പറഞ്ഞു.
"സീറോ-മലബാർ വിശ്വാസികളെ, അവരുടെ അജപാലകർക്കൊപ്പം ഞാൻ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. പ്രിയമുള്ളവരെ, യൂറോപ്പിലുടനീളമുള്ള നിങ്ങളുടെ സമൂഹത്തിന്റെ വളർച്ചയ്ക്ക്, നിങ്ങളോടൊപ്പം ഞാനും കർത്താവിന് നന്ദി അർപ്പിക്കുന്നു", യൂറോപ്പിൽ, സീറോ മലബാർ സഭയുടെ അപ്പസ്തോലിക വിസിറ്റേഷൻ പരിശുദ്ധ സിംഹാസനം അനുവദിച്ചിട്ട്, പത്തു വർഷങ്ങൾ പൂർത്തിയാകുന്ന അവസരത്തിൽ, സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ, വത്തിക്കാൻ ചത്വരത്തിൽ വച്ച് നയിച്ച മധ്യാഹ്ന പ്രാർത്ഥനാവേളയിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞ വാക്കുകളാണിവ. പ്രാർത്ഥനയ്ക്കായി, നിരവധി സീറോ മലബാർ വിശ്വാസികൾ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ എത്തിയിരുന്നു.

മധ്യാഹ്ന പ്രാർത്ഥനാവേളയിൽ സീറോ-മലബാർ വിശ്വാസികൾ (VATICAN MEDIA)
യൂറോപ്പിന്റെ വിവിധ ഇടങ്ങളിൽ കഴിയുന്ന സീറോ മലബാർ വിശ്വാസികൾക്ക് അവരുടെ ആരാധന ക്രമം പിൻചെന്നുകൊണ്ട്, കൂദാശകളിൽ സംബന്ധിക്കുന്നതിനും അജപാലന ശുശ്രൂഷ ലഭിക്കുന്നതിനും വേണ്ടിയാണ്, 2016 ൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ, യൂറോപ്പിൽ സീറോ മലബാർ അപ്പസ്തോലിക വിസിറ്റേഷൻ ആരംഭിച്ചുകൊണ്ട്, മാർ സ്റ്റീഫൻ ചിറപ്പണത്തിനെ ആദ്യ വിസിറ്റേറ്ററായി നിയോഗിക്കുന്നത്.
പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, യൂറോപ്പിന്റെ പ്രത്യേകമായും, ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ, സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, മറ്റു മെത്രാന്മാർ, വൈദികർ, സന്യസ്തർ എന്നിവർക്കൊപ്പം, ഇറ്റലിയിലെ പോംപെ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലേക്ക്, ജപമാല പ്രദക്ഷിണം നടത്തുകയും, വിശുദ്ധ കുർബാനയർപ്പിക്കുകയും ചെയ്തിരുന്നു.