
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരുടെയും നിര്‍ദേശപ്രകാരം ചെയ്യേണ്ടതല്ലെന്ന് നടന്‍ മമ്മൂട്ടി. സ്വയം ബോധ്യത്തില്‍ ചെയ്യേണ്ട കാര്യങ്ങളാണ്. സഹജീവിസ്‌നേഹം എല്ലാവരുടെയും കടമയാണെന്നും മമ്മൂട്ടി പറഞ്ഞു. പരുമല പെരുന്നാള്‍ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരും പറഞ്ഞിട്ട് ചെയ്യേണ്ട കാര്യമല്ല. നമുക്ക് തോന്നിയിട്ട് ചെയ്യേണ്ടതാണ്. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണ്. ദൈവം കാരുണ്യവാനാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ദൈവം കാലത്തെ ഓട്ടോറിക്ഷ പിടിച്ചുവന്ന് ആര്‍ക്കും ഒന്നും കൊടുക്കാന്‍ പോവുന്നില്ല. പക്ഷേ. കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച് സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് ദൈവം പറയുന്നത്. അങ്ങനെ കാരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവ സ്നേഹവും ഭക്തിയും. പള്ളിയിലും മറ്റ് തലത്തിലും നിങ്ങള്‍ചെയ്യുന്ന ഓരോ തുട്ടും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്കാണ് പോവുന്നത്. ഭക്തിയുടെ ഓരോ തുട്ടും, ദൈവം നിങ്ങളെ ഏല്‍പ്പിച്ച ഓരോ പൈസയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തന്നെയാണ് പോവുന്നത്', മമ്മൂട്ടി പറഞ്ഞു.
ഞായറാഴ്ചയായിരുന്നു പരുമല തിരുമേനിയുടെ 124-ാമത് ഓര്‍മപ്പെരുന്നാള്‍ സമാപന സമ്മേളനം. പരുമല ആശുപത്രിയും മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പാക്കുന്ന സൗജന്യ കാന്‍സര്‍ ചികിത്സ പദ്ധതിയായ സുകൃതം 2.0 ചടങ്ങില്‍ പ്രഖ്യാപിച്ചു. കാതോലിക്കാ ബാവ രചിച്ച മലങ്കര സഭാ ചരിത്ര സ്പന്ദനം എന്ന പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു.