Image

യുഎൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് ഗ്രിൻസ്പാൻ മുന്നിൽ; യുഎഇ സ്ഥാനാർഥി നുസൈബയ്ക്ക് തിരിച്ചടി

Published on 01 November, 2026
യുഎൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് ഗ്രിൻസ്പാൻ മുന്നിൽ; യുഎഇ സ്ഥാനാർഥി നുസൈബയ്ക്ക് തിരിച്ചടി

ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറലാകാനുള്ള മത്സരത്തിൽ കോസ്റ്റാറിക്കൻ സ്ഥാനാർഥിയും യുഎൻ വ്യാപാര വികസന സമ്മേളനത്തിന്റെ (UNCTAD) മേധാവിയുമായ റെബേക്ക ഗ്രിൻസ്പാൻ മുന്നേറ്റം തുടരുന്നു. യുഎഇയുടെ വിദേശകാര്യ സഹമന്ത്രി ലാന നുസൈബെയ്ക്ക് ആദ്യ മത്സരത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

വെള്ളിയാഴ്ച നടന്ന ഏഴാമത് അനൗദ്യോഗിക വോട്ടെടുപ്പിൽ ഗ്രിൻസ്പാനെ അനുകൂലിച്ച വോട്ടുകൾ 11 ആയി ഉയർന്നു. കഴിഞ്ഞ വോട്ടെടുപ്പിനെക്കാൾ രണ്ട് വോട്ടുകളുടെ വർധനയാണിത്. എതിർ വോട്ടുകൾ അഞ്ചിൽനിന്ന് നാലായി കുറഞ്ഞു. എന്നാൽ എതിർ വോട്ടുകൾ സ്ഥിരാംഗങ്ങളിൽനിന്നാണോ എന്നത് വ്യക്തമല്ല. സ്ഥിരാംഗത്തിന്റെ വീറ്റോ ഗ്രിൻസ്പാന്റെ സാധ്യതകൾക്ക് തിരിച്ചടിയാകും.

ഏഴ് വോട്ടെടുപ്പുകളിൽ ആറെണ്ണത്തിലും ഗ്രിൻസ്പാനാണ് മുന്നിലെത്തിയത്. രണ്ടാഴ്ച മുമ്പ് നടന്ന ആറാം വോട്ടെടുപ്പിൽ സ്ഥിരാംഗങ്ങളിൽനിന്ന് രണ്ട് എതിർ വോട്ടുകൾ ലഭിച്ചിരുന്നു.

യുഎഇ വിദേശകാര്യ സഹമന്ത്രി ലാന നുസൈബെയുടെ സ്ഥാനാർഥിത്വം ആദ്യ ആറു ഘട്ടങ്ങളിലായി നിലനിന്ന അനിശ്ചിതത്വം മറികടക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ നുസൈബെയ്ക്ക് ഏഴ് അനുകൂല വോട്ടുകളും ആറ് എതിർ വോട്ടുകളും രണ്ട് നിഷ്പക്ഷ വോട്ടുകളും ലഭിച്ചു. നാലാം സ്ഥാനത്താണ് അവർ.

അർജന്റീനക്കാരനും അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) മേധാവിയുമായ റാഫേൽ ഗ്രോസി, ഗയാനയുടെ മുൻ വിദേശകാര്യ മന്ത്രി കരോലിൻ റോഡ്രിഗസ്-ബിർക്കറ്റ് എന്നിവരാണ് നുസൈബെയ്ക്ക് മുന്നിലുള്ള മറ്റ് സ്ഥാനാർഥികൾ.

വോട്ടെടുപ്പിൽ 'പ്രോത്സാഹിപ്പിക്കുക' എന്നത് അനുകൂല വോട്ടായും 'നിരുത്സാഹപ്പെടുത്തുക' എന്നത് എതിർ വോട്ടായും 'അഭിപ്രായമില്ല' എന്നത് നിഷ്പക്ഷ വോട്ടായുമാണ് കണക്കാക്കുന്നത്.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി ഈ വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കേണ്ടതുണ്ട്. ഒക്ടോബറിൽ സുരക്ഷാ സമിതിയുടെ അധ്യക്ഷയായിരുന്ന ഗ്രീസിന്റെ പ്രതിനിധി അഗ്ലായ ബാല്ത, സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകി.

അടുത്ത മാസം സുരക്ഷാ സമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ലാത്വിയയ്ക്ക് തിരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കാനുള്ള സമ്മർദമുണ്ടാകും. സുരക്ഷാ സമിതിയിലെ 15 അംഗങ്ങളിൽ കുറഞ്ഞത് പത്ത് പേരുടെ പിന്തുണയും സ്ഥിരാംഗങ്ങളിൽനിന്ന് വീറ്റോ ഇല്ലാത്തതുമാണ് സ്ഥാനാർഥിക്ക് ആവശ്യമായത്. സുരക്ഷാ സമിതിയുടെ ശുപാർശ പൊതുസഭ അംഗീകരിക്കുന്നതോടെയാണ് നിയമനം പൂർത്തിയാകുക.

ഐക്യരാഷ്ട്രസഭയുടെ 80 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഒമ്പത് പുരുഷന്മാരാണ് സെക്രട്ടറി ജനറൽ പദവി വഹിച്ചത്. അടുത്ത സെക്രട്ടറി ജനറലായി ഒരു വനിതയെ തിരഞ്ഞെടുക്കണമെന്ന ആവശ്യം ആഗോളതലത്തിൽ ശക്തമാണ്.

ലാറ്റിനമേരിക്കയ്ക്കും കരീബിയൻ മേഖലയ്ക്കും അടുത്ത സെക്രട്ടറി ജനറൽ പദവി ലഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 1991ൽ ജാവിയർ പെരസ് ഡി കുയേലർ കാലാവധി പൂർത്തിയാക്കിയതിനുശേഷം ഈ മേഖലയിൽനിന്ന് ആരും പദവിയിലെത്തിയിട്ടില്ല.

ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സെലാക് (CELAC) പ്രതിനിധികൾ മേഖലയുടെ അവകാശവാദം ഉന്നയിച്ച് സുരക്ഷാ സമിതിക്ക് മുന്നിൽ രംഗത്തെത്തി. ഭൂമിശാസ്ത്രപരമായ തുല്യപ്രാതിനിധ്യവും വൈവിധ്യമാർന്ന നേതൃത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേഖലയിൽനിന്നുള്ള ഒരാൾ സെക്രട്ടറി ജനറലാകേണ്ട സമയമായെന്ന് ഉറുഗ്വേയുടെ പ്രതിനിധി ലോറ ഡുപുയ് ലാസെർ വ്യക്തമാക്കി.

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ ഗ്രോസി ഒൻപത് അനുകൂല വോട്ടുകളും നാല് എതിർ വോട്ടുകളും നേടി. ബിർക്കറ്റിന് എട്ട് അനുകൂല വോട്ടുകളും ആറ് എതിർ വോട്ടുകളും ലഭിച്ചു.

മുൻ യുഎൻ അണ്ടർ സെക്രട്ടറി ജനറലും ഉഗാണ്ടൻ വിദേശകാര്യ മന്ത്രിയുമായ ഒലാരു ഒട്ടുന്നുവിന് നാല് അനുകൂല വോട്ടുകളും 11 എതിർ വോട്ടുകളും ലഭിച്ചു. ഇക്വഡോറിന്റെ മുൻ വിദേശകാര്യ മന്ത്രിയും പൊതുസഭയുടെ മുൻ അധ്യക്ഷയുമായ മരിയ ഫെർണാണ്ട എസ്പിനോസയ്ക്ക് രണ്ട് അനുകൂല വോട്ടുകളും പത്ത് എതിർ വോട്ടുകളും ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക