
പ്രഥമ കിഷോര്‍കുമാര്‍ പുരസ്കാരം നേടിയ കഥാസമാഹാരമാണ് 'അടിമവംശം'. പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ രതീദേവിയുടെ ശ്രദ്ധേയമായ കഥാസമാഹാരമാണിത്. സാമൂഹികമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള വിഷയങ്ങളെ ഈ കഥകളിൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്നു.
മനുഷ്യചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ അടിമത്തത്തെയും, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അതിജീവന പോരാട്ടങ്ങളെയും കേന്ദ്രീകരിച്ചാണ് ഈ കഥകൾ വികസിക്കുന്നത്. അധികാരവർഗ്ഗത്തിന്റെ ചൂഷണങ്ങളും സാധാരണക്കാരായ മനുഷ്യരുടെ അവകാശലംഘനങ്ങളും ഇതിൽ ശക്തമായി പ്രതിഫലിക്കുന്നു.
ഒരു മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിലുള്ള രതീദേവിയുടെ അനുഭവങ്ങളും ഉൾക്കാഴ്ചകളും ഈ കൃതിക്ക് വലിയ തോതിൽ കരുത്ത് പകരുന്നുണ്ട്. ജയിലിലെ സ്ത്രീ തടവുകാർ നേരിടുന്ന ചൂഷണങ്ങൾക്കെതിരെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും നിരന്തരം ശബ്ദമുയർത്തിയ വ്യക്തിയാണ് എഴുത്തുകാരി.
ഈ ലോകത്ത് നിലനിൽക്കുന്ന വ്യവസ്ഥകൾ മുഴുവൻ പുരുഷാധിപത്യത്തിൻ്റേതാണെന്ന കാര്യത്തിൽ തർക്കമുണ്ടാവാൻ വഴിയില്ല. ചരിത്രത്തിൽ സ്ത്രീകളോളം പീഡിക്കപ്പെട്ട മറ്റൊരു വർഗ്ഗവും ഇല്ല. ഈ പീഡനത്തിൻ്റെ കയ്പ് കുടിച്ചാണ് സ്ത്രീകൾ ഇന്നലെ ജീവിച്ചതും ഇന്ന് ജീവിക്കുന്നതും. നാളെ തീർച്ചയായും ഇതിനൊരു മാറ്റം ഉണ്ടാവാതെ തരമില്ല.

"ചരിത്രത്തിലേറ്റവും കൂടുതൽ പീഡനമേറ്റിട്ടുള്ള, ഏൽക്കുന്ന ഞാനുൾപ്പെടുന്ന എൻ്റെ വർഗ്ഗത്തിന് " എന്നു പറഞ്ഞാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. എൻ്റെ വർഗ്ഗം എന്നതുകൊണ്ട് കഥാകാരി വിവക്ഷിക്കുന്നത് സ്ത്രീയും പുരുഷനും ഉൾപ്പെടുന്ന മനുഷ്യവർഗ്ഗം തന്നെയാണെന്ന് ഇതിലെ കഥകൾ സൂചിപ്പിക്കുന്നു. അല്ലെങ്കിൽ രതീദേവി തുടക്കത്തിൽത്തന്നെ എ. അയ്യപ്പൻ്റെ വരികൾ ഉദ്ധരിക്കുമായിരുന്നില്ലല്ലോ. ആ വരികൾ ഇങ്ങനെയാണ്.
'ഒരു നക്ഷത്രം
കൊത്തിക്കൊണ്ടു തരുവാൻ
എൻ്റെ കൈകളിൽ നിന്നും
പറന്ന പ്രാവ്
ശിരസ്സിലൂടെ
തുളച്ചുകയറിയ
ഒരമ്പുമായി
എൻ്റെ
കൈകളിലേക്ക്തന്നെ
മരിച്ചു വീണു.'
കരളിൽ കൊരുത്തെടുത്ത വേദനകളും ആ വേദനകളിൽ നിന്ന് രക്ഷപെടാനായി എഴുതിവെച്ച കവിതകളും ചിതലുകൾ തിന്നുകളഞ്ഞു. ഡയറിയുടെ അവശേഷിച്ച തുണ്ടുകളിൽ നിന്ന് ഓർമ്മകളിലൂടെ അനുഭവങ്ങൾ കഥയായി പരിണമിക്കുകയാണ് 'ചിതലുകൾ' എന്ന കഥയിൽ. ട്യൂഷന്മാസ്റ്ററായും സൈക്യാട്രിസ്റ്റായും കാമുകനായും ഭർത്താവായും പേരില്ലാത്ത അനേകം രൂപകങ്ങളായും ആർദ്രമനസ്സൂകളെ കാർന്നു തിന്നുന്ന ചിതലുകൾ സമൂഹത്തിൽ എന്നും ഉണ്ടായിട്ടുണ്ട്. ഡയറിയിൽ നിന്ന് സ്മൃതിമണ്ഡലങ്ങളിലേക്ക് പടർന്നു കയറി ഓർമ്മകളെ ഒന്നൊന്നായി തിന്ന്, അവസാനം സ്ത്രീകളുടെ വേദനകളായി അവളിലൂടെത്തന്നെ പുനർജ്ജനിക്കുന്ന ചിതലുകളെ കാണാം. മുറിക്കപ്പെട്ട ഓർമ്മയിലൂടെ അനുഭവങ്ങൾ കഥയായപ്പോൾ ഈ കഥ വായനക്കാർക്കും മുറിപ്പെടുത്തുന്ന അനുഭവമായി മാറും.
പുരുഷൻ്റെ എത്ര ഉയർന്ന അറിവുപോലും സ്ത്രിയെ മാംസത്തിൽ നിന്നു മോചിപ്പിക്കുന്നില്ലായെന്ന് 'അടിമവംശം' എന്ന കഥയിൽ പറയുന്നു. അടിമവംശം രാജ്യം സ്ഥാപിച്ചത് ചരിത്രമാണ്. രാജാക്കന്മാരിലും അടിമകൾ!. ബലിമൃഗങ്ങളുടെ നിസ്സഹായതയാണ് അടിമവംശത്തിലെ പെൺകുട്ടിക്ക് തൻ്റെ വംശത്തിൻ്റെ മുഖത്തു കാണാനാവുന്നത്. മനുഷ്യൻ്റെ മാംസദാഹം തീഷ്ണമാകുമ്പോൾ, അത് ശമിപ്പിക്കാനായി ഇറച്ചിവെട്ടുകാരനും വേശ്യയും ഉണ്ടാകുന്നു. വേശ്യകൾ ഉണ്ടാവുകയല്ല ഉണ്ടാക്കപ്പെടുകയാണ്.
ബ്രഹ്മണ്യത്തിൻ്റെയും പുരുഷമേൽക്കോയ്മയുടെയും ഉല്പന്നമായ ദേവദാസി സമ്പ്രദായത്തിലൂടെ വേശ്യയായി തീർന്ന ദേവമ്മയുടെ ജീവിതവും ആത്മഹത്യയുമാണ് 'ദേവമ്മയുടെ മരണം' എന്ന കഥ പറയുന്നത്. കർണ്ണാടകത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ദുരാചാരത്തിൻ്റെ ദൈന്യമാർന്ന ആവിഷ്ക്കാരമാണ് ദേവമ്മയുടെ മരണം. ഇഹലോക ദുരിതങ്ങൾക്ക് പരലോക പരിഹാരം ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും അതിലൂടെ വീണ്ടും നിസ്സഹായരെ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. ദേവമ്മ മരിക്കാനുപയോഗിച്ച വിലകൂടിയ സാരി അഴിച്ചെടുത്ത് മറ്റൊരാൾക്കു കൊടുത്ത് അടുത്തവളെയും പുരുഷലോകം ഒരു വളർത്തു മൃഗമാക്കുന്നത് കഥയിൽ ഞെട്ടലോടെ വായിക്കാം.
'അകപ്പൊരുൾ' എന്ന കഥയിൽ സ്വന്തമായ അന്വേഷണത്തിനൊടുവിൽ വർമ്മയും, അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങി വിനീതയും ഒരു ആശ്രമത്തിലെത്തപ്പെടുന്നു. എല്ലാം വിധിയായി കരുതി ജന്മം മുഴുവൻ പ്രാർത്ഥനയിൽ കളയുന്ന നിഷ്ക്രിയത്വത്തിൻ്റെ വക്താവാണ് വർമ്മസ്വാമി. ആകസ്മികമായ ഈ കൂടിക്കാഴ്ച ഒരു കുടുംബബന്ധത്തിന് വഴിയൊരുക്കുമെന്ന് സ്വാമി കരുതുന്നു. പക്ഷേ വിനീതയ്ക്ക് യോജിക്കാൻ പറ്റുന്നില്ല. മുറിപ്പെടുത്തിയ ഒരു പ്രേമബന്ധത്തിൻ്റെ വേദനകളിൽ നിന്ന് മൂകമായി വേദനിക്കുന്ന സൗഹൃദത്തിൽ നിന്ന് ഒരു നവസമൂഹ നിർമ്മിതിക്കായി ചുറ്റും നിലവിളികൾ ഉയരുമ്പോൾ നിങ്ങൾക്ക് എത്ര നേരമാണ് കണ്ണടച്ചിരിക്കാനാവുക എന്ന് ചോദിച്ചു കൊണ്ട് വിനീത പുറപ്പെടുന്നത് കാണുമ്പോൾ കർമ്മമേഖലയിൽ ഊർജ്ജസ്വലരാകാൻ വായനക്കാർക്ക് പ്രചോദിതരാകും.
ആശയങ്ങൾ ആശയങ്ങളായിത്തന്നെ നിൽക്കുമ്പോൾ അതിന് ജീവിതവുമായി ബന്ധമില്ല. മനുഷ്യൻ്റെ ജീവിതത്തിലേക്ക് പ്രായോഗികമായി കടന്നുവരുമ്പോഴാണ് അത് ജീവത്താകുന്നത്. സാമ്പത്തികശാസ്ത്ര പുസ്തകത്തിലെ സമത്വം എന്നത് തൻ്റെ ജീവിതവുമായി പൊരുത്തപ്പെടാതെ അകന്നു പോകുന്നതായി 'ശിരോലിഖിതം' എന്ന കഥയിലെ പെൺകുട്ടി തിരിച്ചറിയുന്നു. കഥയിൽ അവികസിതമായ ഒരു സമൂഹത്തിലെ ദാരിദ്ര്യത്തിൻ്റെയും സ്വപ്നരാഹിത്യത്തിൻ്റെയും യന്ത്രസംസ്കൃതിയുടെയും ദുരന്തസാക്ഷ്യമായിത്തീരുന്നു ഈ പെൺകുട്ടി.
ചരിത്രത്തെ അധാരമാക്കി എഴുതിയ 'സുൽത്താന റസിയ' എന്ന കഥയിൽ അപവാദത്താൽ പിടിക്കപ്പെട്ട് സുൽത്താന റസിയയുടെ അടിമയായ ആലംഖാന് തൻ്റെ ജീവൻ നഷ്ടപ്പെടുന്നു. തൻ്റെയും തൻ്റെ പിതാവിൻ്റെയും സിംഹാസനം ഉറപ്പിക്കാൻ തന്നാലാവുന്നതു ചെയ്ത അലിഖാൻ്റെ ജീവൻ രക്ഷിക്കാൻ റസിയയ്ക്കാവുന്നില്ല. അധികാരങ്ങൾ തമ്മിലുള്ള സമ്മർദ്ദങ്ങളിൽ പെട്ട് തകർന്നു പോകുന്ന ആലംഖാൻ ഒരു പക്ഷേ നാം ജനങ്ങൾ തന്നെയാണ്. എന്നും തോൽക്കുന്നത് സാധാരണ ജനങ്ങളാണ്. വലിയ വ്യത്യാസം ഇല്ലാതെ ചരിത്രം ഇന്നും ആവർത്തിക്കപ്പെടുന്നു.
ആശയങ്ങളുടെ പരാജയം വ്യക്തികളുടെ ദുരന്തമായിത്തീരുമ്പോൾ വ്യക്തികൾ പരസ്പരം താങ്ങായി നിന്ന് ആ പ്രതിസന്ധിയെ നേരിടേണ്ടതുണ്ട് എന്ന് പറയുന്ന 'അളകയുടെ മിത്രങ്ങൾ', പുരാണത്തെ ആധാരമാക്കി എഴുതിയ 'സംവാദം', ചുറ്റും ആർത്തലയ്ക്കുന്ന അനാഥത്വത്തിൻ്റെ നിലവിളികൾ ഉലച്ച അമ്മുവിൻ്റെ ജീവിതം പറയുന്ന 'അനാഥരുടെ നിലവിളി', ഇന്നലെകളുടെ ആരോഗ്യപരമായ രാഷ്ട്രീയത്തിൽ നിന്ന് ജീർണ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയതിൻ്റെ ദുരന്തം വ്യക്തമാക്കുന്ന 'പരിണാമത്തിലെ സ്മാരകങ്ങൾ' എന്നീ കഥകളും ഈ സമാഹാരത്തിൽ വായിക്കാം.
മലയാള എഴുത്തുകാരിയായ രതീദേവി (Rethy Devi) രചിച്ച ശ്രദ്ധേയമായ നോവലാണ് 'മഗ്ദലീനയുടെ (എന്റെയും) പെൺസുവിശേഷം'. ഇതിൻ്റെ ഇംഗ്ളീഷ് പരിഭാഷ 'The Gospel of Mary Magdalen and Me' 2014-ൽ ബുക്കർ പ്രൈസ് നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചതിലൂടെ രതീദേവി അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിയായി.
രണ്ടായിരത്തിലധികം വർഷം മുൻപ് ജീവിച്ചിരുന്ന മഗ്ദലീനയും 21-ാം നൂറ്റാണ്ടിൽ ജീവിക്കുന്ന ലക്ഷ്മി എന്ന സ്ത്രീയുമായി നടത്തുന്ന സംഭാഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് നോവൽ മുന്നോട്ട് പോകുന്നത്. ആത്മീയത, പ്രണയം, ഏകാന്തത എന്നിവയെല്ലാം ഒരു പെണ്ണിന്റെ കാഴ്ചപ്പാടിലൂടെയും അനുഭവത്തിലൂടെയും ഈ നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ഗ്രീൻ ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഫ്രഞ്ച് വിപ്ലവം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മഹത്തായ ആശയങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചുവെങ്കിലും അതില്‍ സ്ത്രീകള്‍ക്ക് അത്തരം അവകാശങ്ങളൊന്നും നല്കാന് തയ്യാറായിരുന്നില്ല. അവരെ പൗരരായി കാണാന്‍ ആണധികാരം കൂട്ടാക്കിയില്ല. ഫ്രഞ്ച് വിപ്ലവ കാലത്ത് ലിംഗസമത്വത്തിനായി വാദിക്കുകയും അതിൻ്റെ പേരില്‍ വധശിക്ഷ നേരിടേണ്ടിവരികയും ചെയ്ത ഒളിംപേ ഡി ഗൗജസിയുടെ ജീവിതം അതിൻ്റെ ദൃഷ്ടാന്തമാണ്. ആ ജീവിതവും അവരുടെ പോരാട്ടവും അവരുടെ കാഴ്ചപ്പാടുകളും വിവരിക്കുന്ന കൃതിയാണ് 'സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം' എന്ന രതീദേവിയുടെ ഏറ്റവും പുതിയ പുസ്തകം.
ഈ കഥാസമാഹാരത്തിൻ്റെ ആദ്യപതിപ്പ് കാക്കനാടൻ്റെ അവതാരികയോടെ 1996 ആഗസ്റ്റിലും രണ്ടാം പതിപ്പ് 2012 ആഗസ്റ്റിലും പ്രസിദ്ധീകരിച്ചു. തുടർന്നുള്ള പതിപ്പുകൾ പത്തനംതിട്ടയിൽ നിന്നുള്ള സാഹിതി പബ്ളിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിഷക്കരിച്ച പുതിയ പതിപ്പ് കൈരളി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കും. സി. ഗോപിനാഥൻ എഴുതിയ കഥകളേക്കുറിച്ചുള്ള പഠനം അനുബന്ധമായി ചേർത്തിട്ടുണ്ട്. theeram.org യാണ് പുസ്തകം പബ്ളിഷ് ചെയ്തിരിക്കുന്നത്. 112 പേജുകളുള്ള പത്തു കഥകളുടെ ഈ പുസ്തകത്തിൻ്റെ വില 100 രൂപയാണ്.

രതീദേവി
ആലപ്പുഴ ജില്ലയില്‍ താമരക്കുളത്തു ജനനം. അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷനിലും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനിലും ഇന്റര്‍നാഷണല്‍ വിമന്‍സ് ഓര്‍ഗനൈസേഷനിലും സജീവമായിരുന്നു. നിയമപഠനത്തിനുശേഷം മനുഷ്യാവകാശം, പരിസ്ഥിതി മേഖലകളിലും, ജയിലുകളിലെ സ്ത്രീതടവുകാര്ക്കുനേരെ പോലീസ് നടത്തുന്ന ചൂഷണത്തിനെതിരെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. സാംസ്കാരിക നവോത്ഥാനവേദിയുടെ പ്രസിഡൻ്റും കെ. വേണു നടത്തിയിരുന്ന സമീക്ഷ എന്ന പത്രത്തിന്റെ കോളമിസ്റ്റും ആയിരുന്നു.
അടിമവംശം (കഥാസമാഹാരം), മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം (നോവൽ), സ്ത്രീ സ്വത്വം സ്വാതന്ത്രം (ലേഖനസമാഹാരം) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കവിതാ സമാഹാരവും ലേഖന സമാഹാരവും ഉടൻ പ്രസിദ്ധീകരിക്കും. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ അമേരിക്കയിലെ ചിക്കാഗോയിൽ കുടുംബ സമേതം താമസിക്കുന്നു. സാഹിത്യ സാംസ്കാരിക മേഖലകളിൽ സജീവമാണ്.
ഇ-മെയിൽ: retheedevy@gmail.com