Image

നിഴൽ (കവിത:ഡോ. ആനി പോൾ )

Published on 31 October, 2026
നിഴൽ (കവിത:ഡോ. ആനി പോൾ )

നിഴലേ, നീയെൻ പ്രിയ കൂട്ടുകാരി,
കൈകോർത്തു നാം വഴിയിലൂടെ നടന്നു;
തളർന്നൊരു മരത്തണലിൽ നിന്നപ്പോൾ,
നീയുമെൻ അരികിൽ മിണ്ടാതെ നിന്നു.

തണലൊരു കുളിരായി എന്നെ തഴുകി,
നിനവൊരു തെന്നലായി അരികിൽ വന്നു;
ഇലകൾക്കിടയിലെ വെയിൽത്തുണ്ടുകളിൽ,
നിന്നെ ഞാൻ വീണ്ടും തിരഞ്ഞുനിന്നു.

എൻ ചുവടുകൾക്കൊപ്പം നീ ചുവടുവച്ചു,
എൻ മൗനത്തിലും നീ കൂട്ടിരുന്നു;
വെയിൽ മാഞ്ഞ നേരം നീ മറഞ്ഞെങ്കിലും,
പുലരിയിൽ വീണ്ടും എന്നെ തേടിവന്നു.

നിലാവിൻ വഴിയേ ഞാൻ നടന്നപ്പോൾ,
രാവിന്റെ മൗനം എന്നെ പുണർന്നു;
ഇലകളിലൂടെ നിലാവുതിർന്നപ്പോൾ,
മൗനത്തിൽ മധുരസ്മരണകൾ പൂത്തു.

മുറ്റത്തെ മുല്ലകൾ മെല്ലെ ചിരിച്ചു,
മന്ദമാരുതൻ മുടിയിഴ തഴുകി;
നിലാവിൽ നീയെൻ അരികിൽ തെളിഞ്ഞു,
പഴയ കൂട്ടുകാരീ, ഞാൻ പുഞ്ചിരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക