Image

ബെഥെസ്ദ മിനിസ്ട്രീസ് ഇന്റര്‍നാഷണലിന്റെ ആരാധനാസന്ധ്യയും സൗഹൃദസംഗമവും ഫ്‌ലോറിഡയില്‍

സജി കരിമ്പന്നൂര്‍ Published on 31 October, 2026
ബെഥെസ്ദ മിനിസ്ട്രീസ് ഇന്റര്‍നാഷണലിന്റെ ആരാധനാസന്ധ്യയും സൗഹൃദസംഗമവും ഫ്‌ലോറിഡയില്‍

ഫ്‌ലോറിഡ: പ്രാര്‍ഥനയുടെ ശാന്തതയില്‍ ഹൃദയങ്ങളെ ചേര്‍ത്തുനിര്‍ത്താനും ദൈവസ്‌നേഹത്തിന്റെ സാന്ത്വനം പങ്കുവയ്ക്കാനുമായി ബെഥെസ്ദ മിനിസ്ട്രീസ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ആരാധനാസന്ധ്യ സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്ന് ഞായറാഴ്ച വൈകിട്ട് ഏഴിന് ക്‌നായി തൊമ്മന്‍ ഹാളില്‍ നടക്കുന്ന സംഗമത്തില്‍ കേരളത്തിലെ പുതുപ്പള്ളിയില്‍ നിന്നുള്ള ഇവാഞ്ചലിസ്റ്റ് കെ. പി. രാജന്‍ പങ്കെടുക്കും.

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ആത്മീയ ചിന്തകള്‍ക്ക് ഇടമൊരുക്കുന്ന ഈ സന്ധ്യ, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും കൂട്ടായ്മയാകും. ദൈവസന്നിധിയില്‍ പ്രാര്‍ഥനയോടെ ഒത്തുചേരാനും ക്രൈസ്തവ സ്‌നേഹത്തിന്റെ ഊഷ്മളത പങ്കിടാനും ഏവരെയും സംഘാടകര്‍ ക്ഷണിച്ചു.

ആരാധനയ്ക്ക് മുന്നോടിയായി വൈകിട്ട് 6.30 മുതല്‍ ചായയും ലഘുഭക്ഷണവും ഒരുക്കിയുള്ള സൗഹൃദ സംഗമം നടക്കും. പരിചയങ്ങള്‍ പുതുക്കാനും സാഹോദര്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുള്ള ഈ വേളയില്‍ സുഹൃത്തുക്കളും വിശ്വാസികളും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. പരിപാടിക്ക് സഹകരിക്കുന്ന പ്രിയ സുഹൃത്ത് ജോസ് സ്റ്റീഫന്‍ കിഴക്കനടിയിലിന് പ്രത്യേക നന്ദിയും അറിയിച്ചു.

പ്രാര്‍ഥനയും സാഹോദര്യവും സംഗമിക്കുന്ന ഈ ആരാധനാസന്ധ്യയ്ക്ക് ഫ്‌ലോറിഡയിലെ 'ക്‌നായി തൊമ്മന്‍ ഹാള്‍' (Knai Thomman Hall, 225 North Dover Road, Florida 33527) വേദിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടാമ്പയിലെ പാസ്റ്റര്‍ ജോണ്‍സണ്‍ ജോണുമായി (813-362-4249) ബന്ധപ്പെടാവുന്നതാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക