Image

ഷൂട്ടൗട്ട് അറ്റ് വഡാല സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു, മരണം ബാത്‌റൂമില്‍ തലയടിച്ച് വീണതിനുപിന്നാലെ

Published on 31 October, 2026
 ഷൂട്ടൗട്ട് അറ്റ് വഡാല സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു, മരണം ബാത്‌റൂമില്‍ തലയടിച്ച് വീണതിനുപിന്നാലെ

 

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ സഞ്ജയ് ഗുപ്ത(59) മുംബൈയിലെ വസതിയില്‍ അന്തരിച്ചു. 'കാണ്ടേ', 'ഷൂട്ട്ഔട്ട് അറ്റ് വഡാല', 'ജസ്ബ', 'കാബില്‍' തുടങ്ങിയ പ്രശസ്തമായ ആക്ഷന്‍, ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. വീട്ടിലെ ബാത്‌റൂമില്‍ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് വെര്‍സോവ പോലീസ് അറിയിച്ചു.

സഞ്ജയ് ഗുപ്തയുടെ മരണവാര്‍ത്ത കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകനായ മിലാപ് സവേരിയും ചലച്ചിത്ര നിര്‍മ്മാതാവ് അശോക് പണ്ഡിറ്റും സ്ഥിരീകരിച്ചു. മികച്ച ഒരു കഥാകൃത്തും ഊര്‍ജ്ജസ്വലനായ ചലച്ചിത്രകാരനുമായിരുന്നു സഞ്ജയ് ഗുപ്തയെന്നും അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്നും അശോക്  പണ്ഡിറ്റ് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. അനു ലേഖിയാണ് സഞ്ജയ് ഗുപ്തയുടെ ഭാര്യ. നേരത്തെ വിവാഹമോചനം നേടിയ ഇരുവരും പിന്നീട് വീണ്ടും വിവാഹിതരാകുകയായിരുന്നു.

1994-ല്‍ പുറത്തിറങ്ങിയ 'ആതിഷ്: ഫീല്‍ ദി ഫയര്‍' എന്ന ചിത്രത്തിലൂടെയാണ് തന്റെ 22-ാം വയസ്സില്‍ സഞ്ജയ് ഗുപ്ത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2002-ല്‍ അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, ലക്കി അലി, മഹേഷ് മഞ്ജരേക്കര്‍ തുടങ്ങിയവര്‍ അണിനിരന്ന കാണ്ടേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഈ ചിത്രത്തിലൂടെ ബോളിവുഡ് ഗ്യാങ്സ്റ്റര്‍-ത്രില്ലര്‍ സിനിമകളില്‍ അദ്ദേഹം സ്വന്തമായ സ്ഥാനം നേടിയെടുത്തു.

തന്റെ 25 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തെ ജയപരാജയങ്ങള്‍ നിറഞ്ഞ ഒന്നായാണ് സഞ്ജയ് ഗുപ്ത വിശേഷിപ്പിച്ചത്. നടന്‍ സഞ്ജയ് ദത്തുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ചലച്ചിത്ര മേഖലയിലുള്ള ഭൂരിഭാഗം ആളുകളും പ്രവര്‍ത്തിക്കാന്‍ മടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് നാലുവര്‍ഷത്തോളം സിനിമയില്‍നിന്ന് മാറിനില്‍ക്കേണ്ടി വന്നു. സിനിമ ഉപേക്ഷിക്കാന്‍പോലും വിചാരിച്ച അദ്ദേഹം ഖണ്ടാലയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ മകന്റെ ജനനത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്താന്‍ തീരുമാനിച്ച അദ്ദേഹം നിര്‍മ്മാതാവ് ഏക്താ കപൂര്‍, അഭിനേതാക്കളായ അനില്‍ കപൂര്‍, ജോണ്‍ എബ്രഹാം എന്നിവരുടെ പിന്തുണയോടെ വീണ്ടും സജീവമായി.

2013-ല്‍ പുറത്തിറങ്ങിയ ഷൂട്ട്ഔട്ട് അറ്റ് വഡാല എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹം തുടര്‍ന്ന് ജസ്ബ (2015), കാബില്‍ (2017) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പിന്നീട് മുംബൈ സാഗ, വിസ്‌ഫോട്, ദ മിറാന്‍ഡ ബ്രദേഴ്‌സ് എന്നീ സിനിമകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത് ബോളിവുഡ് ക്രൈം- ത്രില്ലര്‍ സിനിമകളില്‍ തന്റേതായ മുദ്ര പതിപ്പിച്ചാണ് സഞ്ജയ് ഗുപ്ത വിടവാങ്ങിയത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക