
1956 ല്‍ ഭാഷാടിസ്ഥാനത്തില്‍ അതുവരെ ഛിന്നഭിന്നമായി കിടന്നിരുന്ന ഭൂപ്രദേശങ്ങള്‍ സംസ്ഥാനങ്ങളായി ക്രമീകരിക്കപ്പെട്ടതിനു ശേഷമാണ് സസ്യശ്യാമളകോമളമായ കേരളം രൂപീകൃതമായത്. കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ എന്നീ മൂന്നു പ്രദേശങ്ങള്‍ സംയോജിപ്പിച്ചാണ് 1956 നവംബര്‍ മൂന്നാം തിയ്യതി കേരളപ്പിറവി ഉണ്ടായത്. അതിനു മുമ്പ്, തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്നു തിരുകൊച്ചിയും പിന്നീട് തിരുകൊച്ചിയും മദിരാശിയുടെ ഭാഗമായിരുന്ന മലബാറും കൂടിചേര്‍ന്നാണ് ആധുനിക കേരളം രൂപീകൃതമായത്. ഏകദേശം 15035 ചതുരശ്ര മൈലില്‍ ഒതുങ്ങുന്ന ഈ കൊച്ചു കേരളം തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, തേക്ക്, വീട്ടി, റബ്ബര്‍ എന്നീ മരങ്ങളാലും, പച്ച പുതച്ചുകിടക്കുന്ന നെല്പാടങ്ങളാലും, മരച്ചീനി, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, ചീര, മുരിങ്ങ എന്നീ പച്ചക്കറി തോട്ടങ്ങളാലും വിദേശികളെ ആകര്‍ഷിക്കുന്നതില്‍ അതിശയോക്തിയില്ല. വേനല്‍ച്ചൂടും അതിവര്‍ഷവും ഒഴിച്ചാല്‍ മിതശീതോഷ്ണമായ ഭൂപ്രകൃതി ആവാസയോഗ്യതയ്ക്ക് മാറ്റു കൂട്ടുന്നു. പ്രാചീനകാലംതൊട്ട് രുചിവര്ദ്ധനയ്ക്ക് ആവശ്യമായ കശുവണ്ടി, ഏലം, കറുവാപ്പട്ട, കരയാമ്പൂ എന്നീ പലവ്യജ്ഞനങ്ങളാല് സമൃദ്ധമായ കേരളം 'The Treasure Land of the East'എന്നാണല്ലൊ പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നത്.
പുരാതനകാലം തോട്ടേ ഫെനീഷ്യല് കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റേയും അറബിക്കടലിന്റേയും തീരങ്ങളില്‍ തിങ്ങികിടന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. പ്ലീനി എന്ന സഞ്ചാരി കേരളത്തെ 'First Emporium of India' എന്നാണ് വാഴ്ത്തിയത്. അത് A.D. ഒന്നാം ശതാബ്ദത്തോടെയാണെന്നാണ് അനുമാനം. ആദ്യമായി വിദേശീയര്‍ വന്നിറങ്ങിയ തുറമുഖം കൊടുങ്ങല്ലൂര്‍(Cranganore)ആണെന്ന് നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണപ്രാന്തത്തിലുള്ള 'പൂവാര്‍' എന്ന ചെറു ഗ്രാമത്തിലാണ് സോളമന് മഹാരാജാവ് കച്ചവടക്കപ്പലുകള്‍ ഇറക്കിയതെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. റോമന്‍, ഡാനിഷ്, പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, ചൈനീസ് എന്നീ വിദേശികള്‍ അവരവരുടെ കോളനികള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ വെമ്പല്‍ കൂട്ടി. കൊടുങ്ങല്ലൂരില്‍ ആഗസ്റ്റ്സ് രാജാവിന്റെ ബഹുമാനാര്‍ത്ഥം ഒരു മന്ദിരം സ്ഥാപിച്ചതായി പുരാതന ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നു. മറ്റു രാജ്യങ്ങളിലെ മതവിധ്വംസനത്തിന്നിരയായവര്ക്ക് ഒരു അഭയസ്ഥാനമായും കേരളം വര്‍ത്തിച്ചിട്ടുണ്ട്. 'പെണ്ണുകാണാന്‍ വരുന്നവര്‍ പെണ്ണിനേയും തട്ടിക്കൊണ്ടുപോയി' എന്ന പഴമൊഴിപോലെ, കാലക്രമേണ ഈ വിദേശികള്‍ രാജ്യഭരണം തന്നെ കയ്യേറിയത് ഒരു ചരിത്ര യാഥാര്‍ത്ഥ്യം!
പുരാതനകാലംതൊട്ട് പരദേശികളുമായി സമ്പര്‍ക്കമുണ്ടായിട്ടും, കേരളീയരായ വ്യത്യസ്ഥ മതക്കാര്‍ അവരവരുടെ ജീവിതരീതികള്‍ക്കും, മൂല്യങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും കോട്ടം വരുത്താതെ തനതായി സൂക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, ഒപ്പം നാനാത്വത്തിലും ഏകത്വം പുലര്‍ത്താനും ആദിശങ്കരാചാര്യര്‍ വളരെ ചെറുപ്പത്തില്‍ തന്നെ സന്യാസം സ്വീകരിച്ച്, കാല്‍നടയായി കാലടി മുതല്‍ കാശ്മീരം വരെ സഞ്ചരിച്ച് മഠങ്ങള്‍ സ്ഥാപിച്ച് ഹൈന്ദവസംസ്ക്കാരം പ്രചരിപ്പിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു അഹം ബ്രഹ്മാസ്മി എ്ന്നു തുടങ്ങിയ മഹത് ഘോഷണങ്ങള്‍ നടത്തുവാന്‍ തക്ക സംപ്രാപ്തനായിരുന്നു അക്കാലത്തില്‍ സമാധിയടഞ്ഞ ഈ തത്വചിന്തകള്‍. ഹിന്ദു മതത്തിലെ പോരായ്മകള്‍ തീര്‍ക്കാന്‍ ഭൂജാതനായ മറ്റൊരു ഋഷിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവന്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന ചിന്താസരണിയിലൂടെ സാമൂഹ്യ സൗഹാര്‍ദ്ദത്തില്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. അതിനുമുമ്പ് ശുദ്ധ ആര്യവംശാനുഗാമികളായി നമ്പൂതിരി വംശജരെ കണക്കാക്കി. പൗരോഹിത്യവും, പാണ്ഡിത്യവും, നര്മ്മവിശാരതയും ഒരു കാലത്ത് അവരുടെ കുത്തകയായിരുന്നു. നമ്പൂതിരി ഗൃഹങ്ങളെ ഇല്ലം എന്നും സ്ത്രീകളെ 'അന്തര്‍ജനങ്ങള്‍' എന്ന പേരിലും അറിയപ്പെട്ടു. കേരളത്തിലെ പ്രബലരായ നായര്‍ സമൂഹത്തില്‍ ഒരു മക്കത്തായ സമ്പ്രദായ പ്രകാരം തലമുതിര്‍ന്ന തറവാട്ടമ്മയുടെ ആദ്യപുത്രനെയാണ് കാരണവരായി ഗൗനിച്ചിരുന്നത്. ഈഴവന് എന്നറിയപ്പെട്ട മറ്റൊരു പ്രബല ഹിന്ദുസമുദായക്കാരുടെ മുഖ്യതൊഴില്‍ കൃഷിയായിരുന്നു.
സംഖ്യാബലത്തിലും സംഘബലത്തിലും പ്രമുഖമായ മറ്റൊരു മതമാണ് ക്രിസ്തുമതം. ഭാരതത്തില്‍ തന്നെ ഏറ്റവും കൃസ്തീയ സ്വാധീനമുള്ള ഒരു പ്രദേശമാണ് കൊല്ലം. 1293 A.D. യില്‍ കൊല്ലം സന്ദര്‍ശിച്ച മാര്‍ക്കൊപോളൊ നെസ്റ്റോറിയന്‍ കൃസ്താനികളേയും യൂഹരേയും കൊല്ലത്തു കണ്ടതായ പരാമര്‍ശമുണ്ട്. ക്രിസ്തുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും യഹൂദന്മാരുടെ ജൂതമതത്തിന്റെയും ആദിമകേന്ദ്രം കൊടുങ്ങല്ലൂരു തന്നെ. 7-ാം നൂറ്റാണ്ട് സി.ഇ.യില്‍ ഇസ്ലാം മതം ആദ്യമായി കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. 14-ാം നൂറ്റാണ്ടില്‍ കൊല്ലത്ത് 5 മുസ്ലീം ദേവാലയങ്ങള്‍ ഉള്ളതായി അറിയുന്നു. എന്നാല്‍ മാവേലിക്കരുടെ പ്രാന്തപ്രദേശങ്ങളില്‍ നടന്ന പുരാവസ്തു ഗവേഷണം, ഈ പ്രദേശങ്ങളും ഒരു കാലത്ത് ബുദ്ധമത സ്വാധീന മേഖലയായിരുന്നുന്നെന്നും കാണുന്നു. ബുദ്ധദേവന്റെ വിഗ്രഹങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കുമിളി പ്രാന്തപ്രദേശങ്ങളിലെ കുന്നിന് പുറ നിവാസികളുടെ ആചാരസമ്പ്രാദയങ്ങളും മാമൂലുകളും ഗവേഷക ജിജ്ഞാസയും താല്പര്യാതിശയവും ഉളവാക്കിയിരുന്നു. അത്തരക്കാരിലുള്ള ഒരു വര്‍ഗ്ഗക്കാര്‍ പണ്ടാരന്മാര് എന്ന പേരിലാണ് അറിയപ്പെട്ടത്. അലഞ്ഞുതിരിയുന്ന ഈ കൂട്ടര് നായാട്ടില്‍ അമ്പും വില്ലും മറ്റു പ്രാകൃതായുധങ്ങളും ചടുലമായി പ്രയോഗിച്ചു വന്നു. വനോല്പന്നങ്ങള് മാത്രം ഭുജിച്ച് ഗുഹകള്‍ ആവാസകേന്ദ്രങ്ങളാക്കി ജീവിച്ചു. തേനും മെഴുക്കും മറ്റും കൈമാറി പകരം ഉപ്പും തീപ്പെട്ടിയും മറ്റും വാങ്ങി ജീവിത സാന്ധാരണം കഴിച്ചു. ഏലക്കാതോട്ടങ്ങളില് 'ഊരാളികള്‍' എന്നറിയപ്പെട്ടവരാണ് വസിച്ചിരുന്നത്. അവരെ അത്യപൂര്‍വ്വമായി സമതല പ്രദേശങ്ങളിലും ഗ്രാമച്ചന്തകളിലും ദൃശ്യമാവാറുണ്ട്.
കേരളത്തിന്റെ തനതായ നൃത്തരൂപങ്ങളാണല്ലോ ഓട്ടന്തുള്ളലും കഥകളിയും. ചമല്ക്കാര പൂര്‍ണ്ണമായ ഈ നൃത്തരൂപങ്ങളുടെ സങ്കീര്‍ണ്ണത കൈവരിക്കാന്‍ നീണ്ട അദ്ധ്യയന പരിശ്രമം അത്യന്താപേക്ഷിതമാണ്. പുരാണോതിഹാസങ്ങളാണ് പ്രധാന കഥാതന്തു. ചാക്യാര്‍ക്കൂത്ത്, മോഹിയാട്ടം എന്നീ കലാരൂപങ്ങളും കീര്ത്തികേട്ടവതന്നെ. തിരുവോണാഘോഷങ്ങള്‍, ആറന്മുള വള്ളംകളി, തൃശ്ശൂര്‍പൂരം, കേരളത്തനിമയാര്‍ന്ന മുണ്ടും വേഷ്ടിയുമണിഞ്ഞ് ഓട്ടുവിളക്കിനു ചുറ്റുമുള്ള തരുണീമണികളുടെ തിരുവാതിരക്കളി എന്നിവ കേരളത്തിനു സ്വന്തം തന്നെ. ആനക്കൊമ്പും ഇതരമൃഗങ്ങളുടെ കൊമ്പും കൊണ്ടുള്ള കരകൗശലവസ്തുക്കളും, ആറന്മുള കണ്ണാടിയും, സ്വര്‍ണ്ണവും വെളളിയും കൊണ്ടുള്ള ചിത്രപണികളോടുകൂടിയ പട്ടാംബരങ്ങളും സുപ്രധാനം തന്നെ.
ഈസ്റ്റര്‍, ക്രിസ്തുമസ്, കുരുത്തോല പെരുന്നാള്‍ എന്നീ ക്രിസ്തീയ ആഘോഷങ്ങളും, ഈദ്, ബക്രീദ്, മുഹറം മുതലായ മുഹമ്മദീയ പെരുന്നാളും, കലാ സാംസ്കാരിക പരിപാടികളും കേരളത്തിന്റെ സമ്പുഷ്ടത വിളിച്ചോതുന്നു.
പലപ്പോഴായി കുടുംബമൊന്നിച്ച് കേരളത്തില്‍ പോകുമ്പോള്‍ ഞങ്ങള്‍ ഗകണ്ട്, ആസ്വദിച്ച ചില സന്ദര്‍ശന കേന്ദ്രങ്ങള്‍: തേയിലതോട്ടങ്ങള്‍, അണക്കെട്ടുകള്‍, അക്വേറിയം, ചീനവലകള്‍, ഫാക്റ്ററികള്‍, മ്യൂസിയങ്ങള്‍, കാഴ്ചബംഗളാവുകള്, ആനക്കോട്ട, വെള്ളച്ചാട്ടങ്ങള്‍, അമ്പലങ്ങള്‍, പള്ളികള്‍.
ഈ ലേഖനം പൂര്ണ്ണവിരാമമിടുന്നതിനു മുമ്പ് കേരളത്തെക്കുറിച്ചുള്ള ചില പാട്ടുകളും ഇതാ:
*കേരളം, കേരളം, കേളിക്കൊട്ടുയരുന്ന കേരളം.
*മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്.
*കൈരളി കൈരള കാവ്യകൈരളി
*സഹ്യസാനുശ്രുതിചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം.
*നമസ്തെ കൈരളി നടന ഗാന കേളി.
* ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ 'കേരള' എന്ന പ്രസിദ്ധീകരണത്തോടും ശ്രീ.ഏ.ശ്രീധരമേനോന്റെ 'കേരളചരിത്രം' എന്ന കൃതിയോടും ശ്രീ,കെ.എം. പണിക്കരുടെ 'ഇന്ത്യ പാസ്റ്റ് ആന്റ് പ്രസന്റ്' എന്ന രചനയോടും കടപ്പാട്.