
പഠിക്കുന്ന കാലത്ത് കൂട്ടുകാരൊത്ത് മാറ്റിനി കണ്ടു വരുമ്പോൾ വഴിയോരത്ത് ഒരു കാക്കാലത്തി. അവൾ മുന്നിൽ തത്തയെയും വച്ച് മുറുക്കി ചുവപ്പിച്ച് ഇരിക്കുന്നുണ്ട്. കൈനോട്ടം, മുഖലക്ഷണം. തത്തയെകൊണ്ട് കാർഡ് എടുപ്പിച്ചുള്ള ഫലം അങ്ങനെ ഭാവി പ്രവചനങ്ങളുടെ ഹോൾസെയിൽ ബിസനസ്സ് പൊടി പൊടിക്കുന്നു. അവളുടെ അടുത്ത് ശിവ പാർവതിമാരുടെ ഫോട്ടോയും വച്ചിട്ടുണ്ട്. കൂടെയുള്ള കൂട്ടുകാരൻ "ഡാ ചരക്കാണല്ലോ ഒരു കൈ നോക്കുന്നോ?" അവൻ അർത്ഥം വച്ച് ചിരിച്ചു. ശരിയാണ് നല്ല കളർഫുൾ വസ്ത്രങ്ങളും മൂക്കത്ത് മിന്നുന്ന മൂക്കുത്തിയും. കവിളിൽ മുഖക്കുരു പൊട്ടി മുളക്കുന്നുണ്ടെങ്കിലും സുന്ദരിയാണ്.
ഞങ്ങൾ മൂന്നുപേരിൽ എന്നെ നോക്കി അവൾ മന്ദഹസിച്ചു.കണ്ണ് കൊണ്ട് അവളുടെ അടുത്തിരിക്കാൻ പറഞ്ഞു. അവളുടെ കൂടെയുണ്ടായിരുന്ന പ്രായം ചെന്ന സ്ത്രീ അവളുടെ ചെവിയിൽ എന്തോ പറഞ്ഞു. അത് ശ്രദ്ധിച്ച അവൾ എന്റെ മുഖത്തേക്ക് നോക്കി. ഹോ എന്തൊരു നോട്ടം. ഒത്തിരി മഷി എഴുതിയ അവളുടെ കണ്ണുകളിൽ ഒരു സംശയം. കോളേജ് പിള്ളേരാണ് കാശ് തരില്ലെന്ന് എന്റെ അമ്മ പറയുകയാണ്. “ഇവന്റെ കൈ നോക്കാൻ കിട്ടുന്നത് നിങ്ങളുടെ ഭാഗ്യമാണ്. കാശു അങ്ങോട്ട് കൊടുക്കണം” കൂട്ടുകാരൻ തട്ടിവിട്ടു. .അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ശരി കൈ നോക്കിയിട്ട് കാശ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാം.കൂട്ടുക്കാരൻ എന്നോട് ചോദിച്ചു എന്തിനാടെ ശിവ-പാർവതി-മാരുടെ പടം. ഹസ്തശാസ്ത്രം ആദ്യമായി മനുഷ്യരാശിക്ക് വെളിപ്പെടുത്തിക്കൊടുത്തത് ശിവനും പാർവതിയുമാണത്രെ. പിന്നീട് ഋഷിമാർ ഈ അറിവ് ക്രോഡീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ഈ അറിവിന്റെ ഗുരുക്കന്മാരായി ഈ ദൈവിക ദമ്പതികളെ കണക്കാക്കുന്നതിനാൽ, കൈനോട്ടക്കാർ അവരുടെ തൊഴിലിടങ്ങളിൽ ഇവരുടെ ചിത്രം വെച്ച് ആദരവ് പ്രകടിപ്പിക്കുന്നു.
"കൈനീട്ടണം" സ്നേഹനിർഭരമായി അവൾ പറഞ്ഞു. കൈനീട്ടാം പകരം എന്തെങ്കിലും തരണമെന്ന് പറഞ്ഞു കൈ അവളുടെ മുന്നിൽ നീട്ടി. വളരെ മനോഹരമായി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. "തന്നിരിക്കും". കയ്യിലെ രേഖ നോക്കി ശാസ്ത്രം പറയുന്നത് കൂടാതെ വേറെ എന്തെങ്കിലും അവനു കൊടുക്കുമോ എന്ന് കൂട്ടുകാരൻ വീണ്ടും ഇടപെട്ടപ്പോൾ അവൾ രൗദ്രഭാവത്തിൽ അവനെ നോക്കി. എന്നാൽ എന്നെ നോക്കി മന്ദഹസിച്ചു. അവളുടെ ചൂണ്ടാണി വിരലിലെ നഖം വെട്ടാതെ കൂർപ്പിച്ച് നിറുത്തിയിരുന്നു. അവൾ വളരെ മൃദുലമായി എന്റെ കൈത്തലങ്ങൾ പിടിച്ചു. നഖം കൊണ്ട് കൈരേഖകളിൽ വരഞ്ഞു. എന്നിട്ട് അർദ്ധനിലീമ നേത്രങ്ങൾ മേലോട്ടുറപ്പിച്ച് "ശിവനെ ലക്ഷ്മി നാരായണ" എന്ന് മന്ത്രിച്ചു. പിന്നെ അവളുടെ ജോലി തുടർന്നു.
ഒരാളുടെ ഉള്ളംകൈയിൽ ധാരാളം രേഖകൾ ഉണ്ട്. ഓരോന്നും ഓരോ ഫലം പറയുന്നതാണ്. നിങ്ങളെപ്പോലെ പഠിക്കുന്ന കുട്ടികളുടെ രേഖകൾ തെളിഞ്ഞും മാഞ്ഞും ഇരിക്കും. നിങ്ങളെപോലെയുള്ളവരുടെ രണ്ടു രേഖകൾ ആണ് ഞാൻ നോക്കി ഫലം പറയാറുള്ളത്. അത് അവർക്ക് തൃപ്തികരവുമാണ്. അവയാണ് ഹൃദയരേഖയും, സൂര്യരേഖയും. ഹൃദയരേഖ പ്രണയം, വികാരങ്ങൾ, മാനസികാവസ്ഥ, വിവാഹജീവിതം എന്നിവയെ വ്യക്തമാക്കുന്നു.നിങ്ങൾക്ക് പ്രണയത്തെപ്പറ്റി അറിഞ്ഞാൽ മതിയല്ലോ അതേപോലെ സൂര്യരേഖ ഇതാ ഈ മോതിരവിരലിന് താഴെയായി കാണുന്ന രേഖയാണ്. ഇത് പ്രശസ്തി, കലകളോടുള്ള താല്പര്യം, സമൂഹത്തിലെ പദവി എന്നിവയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ഈ രേഖ ഉച്ചസ്ഥായിൽ ആണ്. കലാരംഗത്ത് നിങ്ങൾ പ്രശസ്തി നേടും. കലയുണ്ടെങ്കിൽ കാമിനിയും കാണുമല്ലോ നിങ്ങളുടെ ഹൃദയരേഖയിൽ ധാരാളം പെൺകുട്ടികളെ കാണുന്നു. അവരിൽ ഒരാൾ പ്രേതമാണ്. അതുകേൾക്കലും ഞാൻ കൈ പിൻവലിച്ചു. കൂട്ടുകാർ പേടിക്കാൻ തുടങ്ങി. നീ മനുഷ്യസ്ത്രീകളെ വിട്ട് പ്രേതങ്ങളെ പ്രേമിച്ച് നടക്കയാണോ? കാക്കാലത്തിയുടെ മുഖത്ത് ലജ്ജ പുരണ്ട പുഞ്ചിരി പരന്നു. അപ്പോൾ വിടർന്ന നുണക്കുഴികളിലേക്ക് മുഖകുരുക്കളിൽ നിന്ന് ഒന്ന് രണ്ടെണ്ണം മറിഞ്ഞുവീണു.
ഞങ്ങൾ ചോദിച്ചു. നിങ്ങൾക്കെങ്ങനെ അറിയാം ഇവന്റെ പ്രണയഭാജനങ്ങളിൽ ഒരാൾ പ്രേതമാണെന്നു.?
അയാളുടെ കൈരേഖ പ്രകാരം ഒരു സ്ത്രീയുടെ ആത്മാവ് ഇയാളുമായി ബന്ധപ്പെട്ടിരിക്കും. അവർ മരിച്ചുപോയ ആരോ ആയിരിക്കും.
എന്നുവച്ചാൽ ഇപ്പോൾ ഇവൻ കാണുന്ന പെൺകുട്ടികളിൽ ഒരാൾ പ്രേതമാണെന്ന്. ഞങ്ങൾ എങ്ങനെ വിശ്വസിക്കും.
കാക്കാലത്തി പറഞ്ഞു ഞാൻ വാദിക്കാനൊന്നും ഇല്ല. കൈ മുഴുവൻ നോക്കി ഫലം പറയുന്നത് കേൾക്കാൻ ക്ഷമയില്ലെങ്കിൽ നിങ്ങൾ സ്ഥലം വിടുക. പണം തരേണ്ട.
കൂട്ടുകാരിൽ ഒരു കുരുത്തംകെട്ടവൻ അവളോട് ചോദിച്ചു നിങ്ങൾ പ്രേതമല്ലല്ലോ?
അവളുടെ കണ്ണുകളിൽ നിന്നും അഗ്നിചീളുകൾ ചിതറി. നിങ്ങൾ ഇപ്പോൾ ഇവിടെ നിന്നും പോകണം. അവൾ ആജ്ഞാപിച്ചു.
ഞങ്ങൾ നീട്ടിയ പണം അവൾ വാങ്ങിയില്ല. എന്റെ പ്രവചനം തെറ്റാറില്ല. നിങ്ങൾ ഇപ്പോൾ കാണുന്ന പെൺകുട്ടികളിൽ ഒരാൾ പ്രേതമാണ്. അവൾ വിളിച്ചുപറഞ്ഞു.
എല്ലാവരുടെ ഉള്ളിലും കുറേശ്ശേ ഭയം പടരാൻ തുടങ്ങി. ഞാൻ കൂട്ടുകാരോട് പറഞ്ഞു കാക്കാലത്തി പറഞ്ഞപോലെ സംശയിക്കാൻ എനിക്ക് ആരുമില്ല.നിന്റെ പ്രണയപ്പട്ടിക എടുക്കു നോക്കട്ടെ ആരായിരിക്കും അവൾ. പട്ടികയിലെ പേരുകളിൽ പല ജാതിക്കാരും കുറച്ചു മുതിർന്നവരുമുണ്ട്. പെൺകുട്ടികളുടെ എണ്ണം കണ്ടു ഒരു കൂട്ടുകാരൻ പറഞ്ഞു നിന്നെപോലുള്ളവരെ നേരെയാക്കാൻ കാലം ചിലപ്പോൾ ചെയ്യുന്ന വേലകളാണ് ഇതൊക്കെ. ഒരു ആൺകുട്ടി ഒരു പെൺകുട്ടിയെ മാത്രമേ പ്രേമിക്കാവു. കണ്ടവരെയൊക്കെ പ്രേമിച്ച് നടക്കുന്ന നിനക്ക് മനസ്സാക്ഷിയുണ്ടോ? ഏതെങ്കിലും പ്രേതം പിടിച്ച് ചാവ്? കൂട്ടുകാരിൽ പലരും കർശനമായി പറഞ്ഞു. നാളെമുതൽ ആരെയും കാണരുത്.
പിറ്റേദിവസം കോളേജിൽ പോകുമ്പോൾ ശിവന്റെ അമ്പലത്തിൽ കയറാമെന്നു കരുതി. അവിടെ ‘സവ്യാപസവ്യം' അല്ലെങ്കിൽ 'മുക്കാൽ വട്ടം പ്രദിക്ഷണം വച്ചപ്പോൾ ഇന്ദ്രേച്ചിയെ കണ്ടു. “എന്ന് വന്നു” എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു "ചന്ദ്രേട്ടന് അവധി, അപ്പോൾ തോന്നി വീട്ടിൽ വന്നു എല്ലാവരെയും കാണാമെന്നു." തനിക്ക് സുഖമല്ലേ ? കഥ എഴുത്തൊക്കെ നടക്കുന്നോ? എന്നിട്ട് അവർ പറഞ്ഞു അവരുടെ ഭർത്താവിന്റെ വീടിനടുത്ത് ഇവിടെയുള്ള കോളേജിൽ പഠിച്ചിരുന്ന ഒരു പെൺകുട്ടി കുറെ നാൾ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. അവൾക്ക് ഒരു ചെറുക്കനെ ഇഷ്ടമായിരുന്നു. ചെറുക്കനും കവിത ചൊല്ലി അവളെ ഭ്രമിപ്പിച്ച് നടന്നു. ചെറുക്കൻ എല്ലാവരെയും പ്രണയിച്ച്നടന്നിരുന്ന ഒരു കള്ളകൃഷ്ണൻ. അവൻ അവളോട് ആത്മാർത്ഥത കാണിച്ചില്ല. ആ പെൺകുട്ടിയുടെ ആത്മാവ് അവളുടെ അനിയത്തിയിൽ കുടികൊണ്ടിരിക്കയാണ്. ആ ആൺകുട്ടിയോട് പ്രതികാരം ചോദിക്കാൻ.അവൾ ആ ചെറുക്കനെ പ്രണയിച്ച് എവിടെയെങ്കിലും കൊണ്ട് പോയി കൊല്ലുമെന്ന് പ്രശ്നത്തിൽ കണ്ടുവെന്നും പറഞ്ഞു വീട്ടുകാർ പരിഭ്രമിച്ചിരിക്കയാണ്. എന്താണ് ആ കുട്ടിയുടെ പേര്? “സുധർമ്മ...” അവളുടെ ചേച്ചിയുടെ “സുമന”.
പിന്നെയൊന്നും കേൾക്കാൻ ശക്തിയുണ്ടായില്ല. കോളേജിൽ പോകേണ്ടെന്നു വച്ച് കാക്കാലത്തിയെ കാണാൻ പോയി. മുഴുവൻ നോക്കി പറയുന്നതിന് മുന്നേ അവളോട് വഴക്കിട്ട് പോന്നില്ലേ? എവിടെ വച്ചാണ് മരണം എന്നവൾക്ക് കണ്ടുപിടിയ്ക്കാനാകുമോ എന്ന് ചോദിക്കാം.
ശുഭം