
പി.വി. ആല്‍ബി
'ജ്ഞാനം കപട ഹൃദയത്തില്‍ പ്രവേശിക്കുകയില്ല.
പാപത്തിന് അടിമയായ ശരീരത്തില്‍ വസിക്കുകയില്ല' (ബൈബിള്‍)
മൂന്നുനൂറ്റാണ്ടുകളില്‍ ജീവിച്ച, ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ശക്തനായിരുന്ന, 123 വയസ്സുവരെ ജീവിച്ച, ഹഠയോഗയിലെ അത്യുന്നത പദവി നേടിയ സ്വാമി ഭുവയുടെ സുഹൃത്തും, ലോകനാഥ് യോഗയുടെ പ്രചാരകനായ, ഇപ്പോള്‍ തെക്കേ അമേരിക്കയിലെ ചിലിയില്‍ ലോകനാഥ് യോഗയ്ക്കു തുടക്കമിട്ട യോഗീരാജ് തന്‍മോയി ഷോമിന്റെ സുഹൃത്തും ആയിരുന്ന യോഗ ഗുരു കൂവള്ളൂരിനോടൊപ്പം ഒന്നരമാസത്തിലേറെ ഒരുമിച്ചു താമസിക്കാന്‍ കഴിഞ്ഞ എനിക്ക് അദ്ദേഹത്തിന്റെ ആത്മകഥ എഴുതാനുള്ള ഭാഗ്യം ലഭിച്ചത് ഒരു നിമിത്തമായി ഞാന്‍ കരുതുന്നു. അദ്ദേഹത്തോടൊപ്പം കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്തില്‍പ്പെട്ട ഇരവിമംഗലത്തെ കൂവള്ളൂര്‍ വീട്ടില്‍ താമസിച്ച നാളുകള്‍ ഒരുയുഗം എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്. അമേരിക്ക എന്ന വന്‍ഭൂഖണ്ഡത്തില്‍ സ്ഥിരതാമസക്കാരനായ എഴുപത്തിയഞ്ച് വയസ്സു കഴിഞ്ഞ അദ്ദേഹം ഒന്നരയേക്കര്‍ വരുന്ന സ്ഥലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ നേരിട്ടു കാണാന്‍ കഴിഞ്ഞു. സര്‍വ്വകലകളിലും പ്രാവീണ്യം നേടിയ, ഇന്നത്തെ ലോകത്തു ജീവിക്കുന്ന മനുഷ്യര്‍ക്ക് ചിന്തിക്കാന്‍പോലും പറ്റാത്ത ഒരു മഹാപ്രതിഭ. എന്നാല്‍ സാധാരണക്കാരുടെ ദൃഷ്ടിയില് വളരെ സാധുവായ ഒരു മനുഷ്യന്. ആ നാട്ടിലുള്ള എല്ലാവര്ക്കും അദ്ദേഹത്തെ നല്ല പരിചയമാണ്. അതിനു പ്രത്യേക കാരണങ്ങളുമുണ്ട്. അവ പിന്നീട് പ്രതിപാദിക്കാം.
കലകളില്‍ ഏറ്റവും മഹത്തായ കലയേത് എന്ന എന്റെ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ - പാചകകല! മറ്റു പലതിലുമെന്നപോലെ ഗുരു കൂവള്ളൂര്‍ തന്റെ ഉന്നതമായ കഴിവ് തെളിയിച്ചിട്ടുള്ള ഒന്നാണ് ഇതും. തന്റെ പിതാവ് പാചക കലയില്‍ അറിയപ്പെട്ടിരുന്നയാളും, നാട്ടില്‍ അഞ്ഞൂറിലധികം സദ്യകള്‍ക്ക് പാചകം ചെയ്തിട്ടുള്ളയാളും, കടപ്ലാമറ്റം സെന്റ് മേരീസ് ചര്‍ച്ചില്‍ വിശുദ്ധനെന്ന് നാമകരണം ചെയ്യാനിരിക്കുന്ന പുണ്യശ്ലോകനായ കുട്ടന് തറപ്പേല്‍ ബ. യൗസേപ്പച്ചന്റെ മരണശേഷം നത്താറുണ്ടായിരുന്ന ശ്രാത്തത്തിന് തുടക്കം മുതല്‍ നേതൃത്വം നല്കിയതും ഗുരു കൂവള്ളൂരിന്റെ പിതാവ് പാപ്പച്ചന് ചേട്ടന് എന്നു വിളിച്ചിരുന്ന കെ.റ്റി. ജോസഫ് കൂവള്ളൂര്‍ അല്ലാതെ മറ്റാരും ആയിരുന്നില്ല. കുട്ടന് തറപ്പേല്‍ യൗസേപ്പച്ചന്‍ തന്റെ പിതാവിനെ വളരെയധികം സ്നേഹച്ചിരുന്നുവെന്നും അച്ചന്റെ ജ്യേഷ്ഠസഹോദരന് കുട്ടന് തറപ്പേല്‍ വര്‍ക്കിസാര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും തന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു എന്നും ഗുരു കൂവള്ളൂര്‍ പറയുകയുണ്ടായി. തന്റെ വക പുരയിടത്തിലൂടെയുള്ള, വീടിന്റെ തെക്കുവശത്തുള്ള ഒരു തൊണ്ടിലൂടെയാണ് പാളയത്തുനിന്നും കുട്ടന് തറപ്പേല്‍ കുടുംബാംഗങ്ങള്‍ കാല്‍നടയായി കടപ്ലാമറ്റത്തിന് പോയിരുന്നത്.

Guru Koovalloor with Legendary Yogi Raj Tonmoy Shome , Founder of Loknath Yoga Chile ( Photo taken 2008).
ഇലക്കാടുപഞ്ചായത്തു പ്രസിഡന്റുകൂടിയായിരുന്ന കുട്ടന് തറപ്പേല്‍ വര്‍ക്കിസാര്‍ (ജോര്‍ജ് തോമസ്) കടപ്ലാമറ്റം സ്കൂളില്‍ അധ്യാപകനായിരുന്നു. പഞ്ചായത്തു പ്രസിഡന്റിന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് കൂവള്ളൂര്‍ പാപ്പച്ചന് ചേട്ടന് ആയിരുന്നുവെന്ന് പിന്നീടു ഞാന്‍ ഇന്റര്‍വ്യൂ ചെയ്ത പ്രായമായ ആള്ക്കാര് പറഞ്ഞു. കടപ്ലാമറ്റം പാളയം റോഡ് നിര്‍മ്മിക്കാന്‍ ഏറ്റവും കൂടുതല്‍ മുന്‍കൈ എടുത്തത് കുട്ടന് തറപ്പേല്‍ അച്ചന് ആയിരുന്നുവെന്നും, പ്രസ്തുത റോഡിന് ഏറ്റവും കൂടുതല്‍ സ്ഥലം പ്രതിഫലം വാങ്ങാതെ കൊടുത്തതും കെ.റ്റി. ജോസഫ് കൂവള്ളൂര്‍ ആയിരുന്നു എങ്കിലും കടപ്ലാമറ്റം പഞ്ചായത്തില്‍ അധികാരത്തില്‍ വന്ന ആരും കൂവള്ളൂര്‍ക്കുന്ന് എന്നോ കുട്ടന് തറപ്പേല്‍ കുന്ന് എന്നോ ചേര്‍ക്കാതെ വന്നത് ഒരുപക്ഷേ വിവരമുള്ളവരുടെ അഭാവമാണെന്നാണ് ജി.കെ. പറയുന്നത്. കൂവള്ളൂര്‍ കുന്നില്‍ തന്റെ പിതാവ് പ്രതിഫലം വാങ്ങാതെ വിട്ടുകൊടുത്ത സ്ഥലം നാലുഫര്ലോങ്ങ് ദൂരമുണ്ട്. അതേസമയം അക്കാലത്ത് അറിയപ്പെട്ടിരുന്ന സമ്പന്നനായ ജേക്കബ് ചെറിയാന് മങ്ങന്താനത്തിന്റെ വീട്ടിലേയ്ക്കുള്ള വഴിക്ക് മങ്ങന്താനത്തു കവല എന്ന് പേരിട്ടു. സ്ഥലം വിട്ടുകൊടുത്തത് മറ്റുള്ളവര്‍ ആയിരുന്നിട്ടുകൂടി. ഇത് അനീതി ആണെന്നാണ് ഗുരുവിന്റെ പക്ഷം.
എവിടെയാണെങ്കിലും കൈയ്യൂക്കും, പിടിപാടുമുള്ളവര്‍ അവരുടെ പേരുകള്‍ നിലനിര്‍ത്താന്‍ സ്മാരകങ്ങള്‍ വരെ പണിയുന്ന അവസ്ഥയാണ് കേരളത്തില്‍. കൂട്ടന് തറപ്പേല്‍ ബ.യൗസേപ്പച്ചന്റെ നാമകരണം നടത്തുന്നതിനുമുന്‍പ് കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോനയില്‍ മാറിമാറിവരുന്ന വൈദികര്‍ കടപ്ലാമറ്റം - പാളയം റോഡിന് കൂവള്ളൂര്‍ - കുട്ടന് തറപ്പേല്‍ ജംഗ്ഷന് എന്നെങ്കിലും ഇട്ടിരുന്നെങ്കില്‍ എന്നാണ് ജി.കെ.യുടെ പക്ഷം. തന്റെ പിതാവ് കൂവള്ളൂര്‍ കുന്നില്‍ കോളനിക്കു സ്ഥലം കൊടുത്തിട്ട്് അതുപോലും പഞ്ചായത്ത് മൂടിവച്ചിരിക്കുകയാണ്. കേരളത്തിലെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ പരിണതഫലമാണ് ഇവയെല്ലാം എന്നാണ് ഗുരുവിന്റെ പക്ഷം.
പണ്ടുകാലത്ത് വൈദികരെ എല്ലാവരും മാനിച്ചിരുന്നു. അവര്‍ നിസ്വാര്‍ത്ഥമായി ജനനന്മയ്ക്കുവേണ്ടി വേല ചെയ്തിരുന്നു ബ. കുട്ടന് തറപ്പേല്‍ യൗസേപ്പച്ചന്റെ പരിശ്രമഫലമാണ് മരങ്ങാട്ടുപിള്ളി - കടപ്ലാമറ്റം കുമ്മണ്ണൂര്‍ റോഡും, കടപ്ലാമറ്റം പാളയം റോഡും. അമേരിക്കയിലാണെങ്കില്‍ സ്ഥലം നല്‍കിയവരുടെയെല്ലാം പേരുകള്‍ നിലനിര്‍ത്തുന്നതിന് ഓരോ വീട്ടുകാരുടെ മുമ്പില്‍വരെ പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ (സൈന്‍) സിറ്റി തന്നെ വയ്ക്കാറുണ്ട്. ചിലര്‍ പണം മുടക്കിയും വയ്പിക്കാറുമുണ്ട്. അറിയപ്പെടുന്നവരുടെ പേരില്‍ സ്ട്രീറ്റുകള്‍ തന്നെയുണ്ട്.
കേരളത്തിലെ മാറിമാറി വരുന്ന സര്ക്കാരുടെകളുടെ നിസ്സംഗതയും, ഒരുകാലത്ത് പ്രതാപമുണ്ടായിരുന്ന പള്ളി വികാരിമാരുടെ വിലയിടിവും, പഞ്ചായത്ത് അധികാരികളുടെ വിവരമില്ലായ്മയും, ഒരു പഞ്ചായത്തില്‍ മാനിക്കേണ്ടവരെ മാനിക്കാതിരിക്കാന്‍ കാരണമാകുന്നു. വിവരമുള്ള പഞ്ചായത്തു മെമ്പര്‍മാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് കൂവള്ളൂര്‍ കുന്നും, കോളനിയും, കുട്ടന്‍തറപ്പേല്‍ കുന്നും എല്ലാം അറിയപ്പെട്ടേനേ. ഇത്രയും കാര്യങ്ങള്‍ വികാരവിക്ഷുബ്ധനായി പറഞ്ഞകൂടെ, വിവരമുള്ള ഒരു പഞ്ചായത്ത് ഭരണസമിതിയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ ആ പഞ്ചായത്ത് കേരള ഗവണ്മെന്റിന്റെ ഔദാര്യം നോക്കാതെതന്നെ പഞ്ചായത്തിന് സ്വയം പര്യാപ്തമാകാനുള്ള ആശയങ്ങള്‍ ഗുരുകൂവള്ളൂര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. തന്റെ അടുത്ത സുഹൃത്തായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുകൂടിയായിരുന്ന ജോര്‍ജ് കുര്യന് എന്ന ഒരു എഴുത്തുകാരന് ന്യൂജേഴ്സിയില്‍ ജീവിച്ചിരുന്നു. അദ്ദേഹവും ഞാനും കൂടി കേരളത്തിലെ ഓരോ പഞ്ചായത്തും സാമ്പത്തികമായി സ്വയം പര്യാപ്തമാകുന്നതിന് ഒരു പദ്ധതിയും പ്ലാന്‍ ചെയ്തായിരുന്നു. കേരളത്തിലെ ജനങ്ങളുടെ അധികാരക്കൊതിമൂലം ഞങ്ങള്‍ പ്ലാന്‍ ചെയ്തത് വേണ്ടെന്നുവച്ചു. 'പന്നിയുടെ മുമ്പില്‍ വജ്രം ഇട്ടുകൊടുത്തിട്ടെന്തുകാര്യം', എന്ന് ബൈബിളില്‍ പറയുന്നതുപോലെയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്. 'അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിക്കും.' എന്നു പറഞ്ഞതുപോലെയാണ് കേരളത്തിലെ മിക്ക പഞ്ചായത്തു മെമ്പര്‍മാരും. അവര്‍ക്ക് അവരുടെ പവര്‍ എന്താണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പലതും ചെയ്യാന്‍ കഴിയുമായിരുന്നു എന്നാണ് ഗുരുവിന്റെ ഭാഷ്യം.

Guru Koovalloor paid a special Tribute to Legendary Hatha Yoga Master Swami Buaji Maharaj who lived 122 years. Community leaders like Mr. Alex Koshy Vilanilam, Santhigram Kerala Ayurveda founder Dr. Gopinathan Nair and his team from New Jersey, Novelist late Sri George Kurian, Journalist Philip Maret, and many other well known community leaders and yoga experts participated the event, including Swami Buaji's daughter late Premalatha and her husband Rajaram. ( Photo taken in 2009).
ഇത്രയുമായപ്പോള്‍ ഒരു പഞ്ചായത്തില്‍ പണമുണ്ടാക്കാനുള്ള എളുപ്പമാര്‍ഗ്ഗങ്ങളില്‍ ഒന്ന് ചൂണ്ടിക്കാണിക്കാമോ എന്ന് അദ്ദേഹത്തിന്റെ ആത്മകഥ എഴുതാന്‍ തുടങ്ങിയ ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു. ശരി, പറയാം എന്ന് ഗുരു. 'ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലാന്‍ ചെയ്തതില്‍ ഒന്നായിരുന്നു ഒരു പ്രദേശത്ത് വഴിവെട്ടുമ്പോള്‍ ആ വഴിക്ക് കൂടുതല്‍ സ്ഥലം കൊടുക്കുന്നവര്‍ക്ക് - പ്രതിഫലം പറ്റാതെ കൊടുക്കുന്നവര്‍ക്ക് - അവരുടെ പേരോ, വീട്ടുപേരോ നിലനിര്‍ത്താന്‍ വഴിയുടെ പേര്, അല്ലെങ്കില്‍ സ്ട്രീറ്റ് നെയിം, കൊടുക്കുക എന്നത്. സമ്പന്നരാണ് ഇത്തരത്തില്‍ തങ്ങളുടെ പേര് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അവരോട് ന്യായമായ ഒരു തുകയും ആവശ്യപ്പെട്ടാല്‍ കിട്ടിയെന്നിരിക്കും. ചിലപ്പോള്‍ പഞ്ചായത്തിലെ ചോട്ടാനേതാവോ, സഖാവോ, സ്വപ്നത്തില്‍പോലും കരുതാത്ത തുക അവരുടെ പേരു നിലനിര്‍ത്താന്‍ പഞ്ചായത്തിന് കൊടുത്തെന്നിരിക്കും. പിണറായിയുടെയോ, വി.ഡി സതീശന്റെയോ, ചെന്നിത്തലയുടെയോ പുറകെ ഫണ്ട് അന്വേഷിച്ചു തുടരെ തുടരെ തിരുവനന്തപുരത്തിന് കാറുപിടിച്ചുപോകേണ്ട ആവശ്യവുമില്ല. ഫണ്ട് സ്വന്തം പ്രദേശത്തുതന്നെ സ്വരൂപിക്കാന്‍ കഴിയും. പക്ഷേ, ഒരുകാര്യം, സാധാരണഗതിയില്‍ ഇത്തരത്തില്‍ ഫണ്ടുകിട്ടിയാല് ആ തുക നേതാവിന്റെ പോക്കറ്റില്‍ പോയെന്നിരിക്കും. അതു തടയാന്‍ സുതാര്യത വരുത്തേണ്ടത് ജനങ്ങളാണ്.
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ കടപ്ലാമറ്റംപള്ളിയുടെ തിരുനാള്‍ 1991 ല്‍ നടത്തിയ കാര്യം ഗുരു കൂവള്ളൂര്‍ ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്തു. തന്റെ മോന് ജനിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍, കുട്ടി ജനിക്കുകയാണെങ്കില്‍ തന്റെ പിതാവിന്റെ പേരു തന്നെ കൊടുക്കുമെന്നും, കടപ്ലാമറ്റം മുത്തിയമ്മയ്ക്ക് അടിമവയ്ക്കുമെന്നും, ഒരു തിരുനാള്‍ ഏറ്റെടുത്തു നടത്താമെന്നും ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. കുട്ടിയെ അബോര്‍ട്ടു ചെയ്യാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് നേര്‍ച്ച നേര്‍ന്നത്. ഏതായാലും ഒരു കുഴപ്പവുംകൂടാതെ മകന് ഭൂജാതനായി. ഇന്ന് അവന് ഒരു കുട്ടിയുടെ പിതാവുകൂടിയാണ്. വിശ്വാസമുണ്ടെങ്കില്‍ ഏതു കാര്യവും സാധിക്കുമെന്നതിന് തെളിവ്.
പക്ഷേ, തിരുനാള്‍ സാധാരണരീതിയില്‍ നടത്താനിരുന്ന തന്റെ അവസാനത്തെ ചില്ലിക്കാശുവരെ പള്ളിക്കുവേണ്ടിയും, പള്ളിയുടെ ഹാള്‍ പണിയുന്നതിനും, എന്തിനേറെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പണിയുന്നതിനും വൈദികന് ചോദിച്ചതെല്ലാം തന്നെ കൊടുക്കേണ്ടി വന്ന അതിദയനീയമായ കഥ ഇവിടെ രേഖപ്പെടുത്തിയാള് അത് ക്രിസ്തീയ സഭയ്ക്കുതന്നെ ക്ഷീണമായതിനാല് എഴുതുന്നില്ല. കൊടുത്ത, ചിലവാക്കിയ പണത്തിനു രസീതുകളുമില്ല. എല്ലാം ഫോറിന് പണമല്ലേ, പോരട്ടെ എന്ന് അതുമായി ബന്ധപ്പെട്ടവരെല്ലാം കരുതി. ഏതായാലും അന്നത്തെ വൈദികന് ഇന്നു ജീവിച്ചിരിപ്പില്ല. അതു ഭാഗ്യമായി. ഈയിടെ നരേന്ദ്രമോദിയുടെ ഗവണ്മെന്റ് നടപ്പിലാക്കിയ Foreign Contribution Regulation Act (FCRA) വാസ്തവത്തില്‍ ഇത്തരത്തിലുള്ള പണം തട്ടിപ്പുകള്‍ തടയുന്നതിനുവേണ്ടിയുള്ളതാണെന്നറിയുമ്പോള് ആശ്വാസമുണ്ട്. ഇനിയെങ്കിലും വൈദികരും ഭരണതലപ്പത്തിരിക്കുന്നവരും പണം അടിച്ചുമാറ്റി തങ്ങളുടെ കീശകള്‍ നിറയ്ക്കുന്ന പ്രവണത എന്നന്നേയ്ക്കുമായി കേരളത്തില്‍ നിന്നും പിഴുതെറിയട്ടെ എന്നാണ് അമേരിക്കയില്‍ ജസ്റ്റീസ് ഫോര്‍ ഓള് എന്ന പ്രസ്ഥാനത്തിന്റെ ചെയര്മാന് പദം അലങ്കരിച്ച ഗുരു കൂവള്ളൂര്‍ പറയുന്നത്.
പഞ്ചായത്തുകള്‍ക്ക് പണമുണ്ടാക്കാനുള്ള മറ്റൊരു മാര്‍ഗം ഗുരു പറഞ്ഞത് ഓരോ വീട്ടുകാര്‍ക്കും അവരുടെ വീട്ടുപേര്, അല്ലെങ്കില്‍ വീട്ടുനമ്പര്‍ ഉള്ള നെയിം ബോര്‍ഡുകള്‍ വച്ചാല്‍ ഗൂഗില്‍ മാപ്പിലൂടെ വീടുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാവും പക്ഷേ, അതിന് ഓരോ വീട്ടുകാരില്‍ നിന്നും, താല്പര്യമുണ്ടെങ്കില് നല്ലൊരു തുക വാങ്ങാനും കഴിയും. തന്റെ പിതാവിന്റെ കുടുംബ പേരു നിലനിര്‍ത്താന്‍ നല്ലൊരു തുക വരെ മുടക്കാന്‍ ഗുരു കൂവള്ളൂര്‍ ഒരുക്കാമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. കൂവള്ളൂര്‍ കുന്നിലെ കക്കൂസ് ഇല്ലാത്തവര്‍ക്കുവേണ്ടി കക്കൂസ് നിര്‍മ്മിക്കുന്നതിനും, സഹായമായിവരെ പണം പഞ്ചായത്തു മെമ്പറെയും പ്രസിഡന്റിനെയും ഏല്പിച്ചിട്ട് അതൊന്നും പഞ്ചായത്തില്‍ രേഖപ്പെടുത്തുകയോ ആരെയെങ്കിലും അറിയിക്കുകയോ ചെയ്തിട്ടില്ല.
മുന്‍ പഞ്ചായത്തു പ്രസിഡന്റ് ആവശ്യപ്പെട്ടിട്ട് പാലിയേറ്റീവ് കെയര്‍ എന്ന പേരില്‍ പോലും തന്റെ അത്യാവശ്യകാര്യങ്ങള്‍ പോലും മാറ്റി വച്ച് തുക നല്‍കിയിട്ട് പഞ്ചായത്തില്‍ താന്‍ രജിസ്റ്റര്‍ ചെയ്ത ജനന സര്‍ട്ടിഫിക്കറ്റുവരെ കാണുന്നില്ല എന്നു പറഞ്ഞാല്‍ കേരളത്തിലെ ചൂഷണവ്യവസ്ഥ എത്ര ഹീനമാണെന്നു പറയേണ്ടതില്ലല്ലോ.

Guru Koovalloor sitting with late Legendary Swami Buaji Maharaj who lived 122 years. ( Photo taken from Canada on January 12th, 2010. Swami Ji went to Samadhi in July 2010.
ചുരുക്കത്തില്‍, ഒരു പഞ്ചായത്ത് സ്വയം പര്യാപ്തമാകുന്നതിനുള്ള പണം പഞ്ചായത്തില്‍ത്തന്നെ ഉണ്ടാക്കാന്‍ കഴിയുന്നതാണ്. ഒരുപാലം നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ ആ പാലത്തിന് സ്ഥലം വിട്ടുകൊടുക്കുന്നവരുടെ പേരു നിലനിര്‍ത്താന്‍ പാലത്തിനു വീട്ടുപേരു നല്കിയാല് പോലും പഞ്ചായത്തിന്റെ ഖജനാവില്‍ പണം വരും.. ഇങ്ങിനെ ജനപങ്കാളിത്തത്തിലൂടെ ഒരു പ്രദേശത്തിന്റെ പേര്, നിലനിര്‍ത്താന്‍ വരെ കഴിയും. വാസ്തവത്തില്‍ അമേരിക്കയില്‍ ഏറെക്കുറെ 40 വര്‍ഷത്തോളം ജീവിച്ച എനിക്കുപോലും പെന്ഷന് ഇല്ല. അതേസമയം പഞ്ചായത്തില്‍ മെമ്പറായവര്ക്ക് പെന്ഷന്! ഇവരൊക്കെ വാസ്തവത്തില്‍ സാമ്പത്തികശാസ്ത്രത്തെപ്പറ്റി യാതൊരു അറിവുമില്ലാത്ത, ചൂഷകവര്‍ഗ്ഗം അല്ലാതെ ഇവര്‍ക്ക് എന്തു പേരു നല്‍കണം. കേരളത്തിലെ മന്ദബുദ്ധികളായ രാഷ്ട്രീയനേതാക്കന്മാര് മന്ത്രിമാരാകണമെന്നില്ല പഞ്ചായത്ത് പ്രസിഡന്റോ, എന്തിനേറെ മെമ്പര്‍മാര്‍ വരെ അധികാരം കിട്ടിയാല്‍ ഓടുന്നത് അമേരിക്കയിലേയ്ക്കാണ്. അവര്‍ക്ക് സ്വീകരണം നല്കുന്ന കുറെ സംഘടനക്കാരും അമേരിക്കയില്‍ ഉണ്ടെന്നതാണ് സത്യം. ഏതായാലും ചിലവും, യാത്രകൂലിയുമെല്ലാം ഇവിടുത്തെ സംഘടനാനേതാക്കള്‍ വഹിച്ചുകൊള്ളും, കാരണം ഇവിടുത്തെ സംഘടനാനേതാക്കള്‍ നാട്ടില്‍ ചെല്ലുമ്പോള്‍ അവരെ അറിയണമെങ്കില്‍, അവരുടെ കാര്യം സാധിക്കണമെങ്കില്‍ ഒരു പഞ്ചായത്തു മെമ്പര്‍ എങ്കിലും വേണം. പള്ളികളിലെയും അവസ്ഥ ഇതുതന്നെയാണ്.
ഈ ലോകത്ത്, പ്രത്യേകിച്ച് കേരളത്തില്‍, നീതിയുണ്ടോ, നിയമമുണ്ടോ, നിങ്ങള്ത്തന്നെ ആലോചിച്ചുനോക്കുക എന്നാണ് കേരളത്തിലെ മലയാളികളോട് ഗുരു കൂവള്ളൂരിന് പറയാനുള്ളത്. അര്‍ഹിക്കുന്നവരെ വേണ്ടവിധം മാനിക്കുക. അതില്‍ തെറ്റില്ല. ഇത്രയും എഴുതിയതില്‍ നിന്നും കേരളത്തിലുള്ളവര്‍ മുഴുവന്‍ ഇത്തരക്കാരാണെന്നല്ല, ചതിയും, ക്രൂരതയും കളവും ഉള്ളവര്‍ വളരെ കുറവാണ്. നല്ല ആളുകളും സാധാരണക്കാര്‍ക്കുവേണ്ടി ജീവന്‍വരെ ത്യജിക്കാന്‍ തയ്യാറുള്ളവരും ലോകത്തില്‍ വളരെ കുറവാണ്. സാമാന്യജനങ്ങള്‍ പൊതുവെ നല്ലവരാണെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. സഹികെട്ടുകഴിയുമ്പോള്‍ മാത്രമേ പൊതുജനം ഉണരുകയുള്ളൂ. ഓരോ പൗരന്മാരും രാജ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരുന്നുവെങ്കില് മണ്ണുമാഫിയകളും, ഭൂമാഫിയകളും ഭക്ഷണത്തില്‍ മാരകമായ വിഷം ചേര്‍ക്കുന്നവരും, തട്ടിപ്പുകാരും, വഞ്ചിക്കുന്നവരുമെല്ലാം രക്ഷയില്ലാതെ കേരളത്തില്‍ നിന്നും പാലായനം ചെയ്തെനേ.
ഈയിടെയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് രണ്ടാംതവണ അധികാരത്തില്‍ വന്നതോടെ പണ്ടുമുതല്‍ ജനങ്ങളെ ചൂഷണം ചെയ്തിരുന്ന തട്ടിപ്പുകാരെ ഓരോന്നോരോന്നായി പിടിക്കാന്‍ തുടങ്ങി എന്നകാര്യം ജി.കെ. പറയുകയുണ്ടായി.
ഇതിനിടെ ഇരവിമംഗലത്തെ 'കൂവള്ളൂര്‍' ഭവനത്തില്‍ ഞങ്ങള്‍ ഇരുവരും മാത്രമായി കഴിഞ്ഞ ഒന്നരമാസക്കാലത്തിനിടെ അദ്ദേഹത്തിന്റെ പാചക കലയിലുള്ള വൈദഗ്ധ്യം നേരിട്ട് കണ്ടറിയാനും, അനുഭവിച്ചറിയാനും എനിക്കു കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു.
ഒന്നര ഏക്കര്‍ വരുന്ന വളപ്പില്‍ കൃഷിപ്പണിക്കായി വരുന്ന അയല്പക്കത്തുക്കാരായ സ്ത്രീകള്‍ക്ക് അമേരിക്ക എന്ന വലിയ രാജ്യത്തുനിന്നും വന്ന് ഒന്നരമാസക്കാലമായി വീട്ടുവളപ്പില്‍ നിന്നും പുറത്തുപോലും പോകാത്ത എഴുപത്തിയഞ്ചുവയസ്സുകാരനും ഒരു എഴുത്തുകാരനും എങ്ങിനെ ജീവിക്കുന്നു എന്നറിയാന്‍ ജിജ്ഞാസ ഉള്ളതുപോലെ തോന്നി. പറമ്പില്‍ പണിതുകൊണ്ടിരിക്കുന്ന അവര്‍ ഞങ്ങളെ ഇടയ്ക്കിടെ നിരീക്ഷിച്ചിരുന്നു.
ഗുരുവിന്റെ ഡ്രൈവറായിരുന്ന ഒരു സഹായിയുടെ ഭാര്യ പണിക്കാരില്‍ ഒരാളായിരുന്നു. അവര്‍ ഈ സംശയം നേരിട്ടു പ്രകടിപ്പിക്കുകയുണ്ടായി. അവര്‍ക്കെല്ലാം അറിയാം ഗുരു കൂവള്ളൂര്‍ ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന ആളാണെന്ന്.
'ആല്‍ബീ, നമുക്കിന്ന് ബീറ്റ്റൂട്ട് ഉച്ചയ്ക്കത്തെ ലഞ്ചിന് കൂട്ടാന്‍ വച്ചാലോ? വിശപ്പിന്റെ വിളി വരുന്നതിനു മുമ്പേ ഗുരുവിന്റെ ചോദ്യം. എനിക്ക് സമ്മതമാണ്! നൂറു കൈകളാണ് ഈ 'നളന്'! ഒരടുപ്പില്‍ അരി കഴുകി വേവിക്കാന്‍ വെക്കുന്നു. മറ്റൊരടുപ്പില്‍ പാന്‍ ചൂടാകുമ്പോള്ത്തന്നെ ബീറ്റ് റൂട്ട് തൊലികളഞ്ഞ് അരിഞ്ഞിടുന്നു. ഉടനടി മറ്റ് ഉപദംശങ്ങള്‍ തയാറാക്കുന്നു. പാചകത്തിന്റെ മൂല്യവര്‍ദ്ധനയുടെ (Value addition) ആശയം ഗുരുവില്‍ ഉദിക്കുന്നത് പൊടുന്നനെ ആകും. പിന്നെ ചില പൊടിക്കൈ പ്രയോഗങ്ങളാണ്! കൊതിപ്പിക്കുന്ന സുഗന്ധം അടുക്കളയില്‍ നിന്ന് പ്രസരിക്കും. സഹായത്തിനെങ്ങാനും ചെന്നാല്‍ അടുപ്പിക്കുന്ന പ്രശ്നമില്ല. കറിവേപ്പില, പച്ചമുളക്, വെണ്ടക്കാ, മാങ്ങ, തേങ്ങാ, ചേന, മത്തങ്ങാ, കുമ്പളങ്ങാ, ചീനിക്കിഴങ്ങ്, കപ്പ, ചക്ക, കശുവണ്ടി, കാപ്പിക്കുരു, നാരങ്ങാ, മുരിങ്ങക്കാ, നേന്ത്രക്കായ പലതരത്തിലുള്ളത്, ചേമ്പ്, കാച്ചില്, ഇഞ്ചി ജി.കെയുടെ പറമ്പില്‍ എല്ലാംതന്നെയുണ്ട്. എന്തിനേറെ നല്ല മധുരമുള്ള കരിമ്പുവരെ ധാരാളം ഞാന്‍ കാണാത്ത ഒരു പ്രത്യേക ഐറ്റം കണ്ടത് കൂര്‍ക്ക. ഇതിന്റെയെല്ലാം രുചി അനുഭവിച്ചറിയാന്‍ എനിക്കു കഴിഞ്ഞു.
അദ്ദേഹവുമായുള്ള ഒരുദിവസം എനിക്ക് ഒരുയുഗം പോലെ അനുഭവപ്പെട്ടു. അടുക്കള വാതിലില്‍ നിന്ന് അഭിമുഖസംഭാഷണം തുടങ്ങാം. വിഷയം മിക്കവാറും അമേരക്കിയില്‍ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന വമ്പിച്ച നിയമപോരാട്ടത്തെപ്പറ്റിയോ, യോഗയിലെ ലോക പ്രശസ്ത ആചാര്യനായിരുന്ന സ്വാമി ഭുവയെയും കൊണ്ട് മഞ്ഞിന്റെ നടുവിലൂടെ ന്യൂയോര്‍ക്കില്‍ നിന്നും കാനഡയിലേയ്ക്ക് കാറോടിച്ചു പോയ സാഹസികമായ യാത്രയെപ്പറ്റിയോ, സ്വാമി ഭുവയോടും, അദ്ദേഹത്തിന്റെ മകള്‍ പ്രേമ ലെതയോടും മരുമകന് രാജാറാമിനോടുമൊത്ത് അവരുടെ മകള്‍ മധുവന്തിയെ അന്വേഷിച്ച് പോകുന്നതും, അവരോടൊത്ത് ഹോട്ടില്‍ ഒരുമിച്ചു താമസിച്ചതും എല്ലാം എഴുതിയാല്‍ തീരാത്തത്ര സംഭവങ്ങളാണ്. ഇതിനിടെ അമേരിക്കയിലെയും ഇന്‍ഡ്യയിലെയും രാഷ്ട്രീയ നീക്കങ്ങളെപ്പറ്റിയും ഒക്കെ ആയിരിക്കും. സങ്കല്പ്പിക്കാനാകാത്തവേഗത്തില് ചോറും കറികളുമെല്ലാം റെഡിയായി! ഒന്‍പതു വര്‍ഷക്കാലം തനിയേ പാചകം ചെയ്ത സ്വന്തം മിടുക്കിനെക്കുറിച്ച് അഭിമാനിച്ചിരുന്ന എന്റെ കാറ്റുപോയി.
ഒരേസമയം നിരവധികാര്യങ്ങള്‍ ചെയ്യുന്നതിലെ ഗുരു കൂവള്ളൂരിന്റെ പ്രാഗല്ഭ്യം ഞാന്‍ അടുത്തറിഞ്ഞ മഹാന്മാരായ മറ്റാരിലും കാണാന്‍ കഴിഞ്ഞിട്ടില്ല. ചിലപ്പോള്‍ ഇദ്ദേഹത്തിന് കിട്ടിയിട്ടുള്ള സിദ്ധികള്‍ ഇദ്ദേഹവും പ്രകൃതിയും തമ്മിലുള്ള യോഗാത്മകമായ ഏതോ നിഗൂഢബന്ധത്താല് ആണെന്നു തോന്നിപ്പോകും. മറ്റൊരാള്‍ക്ക് മനസ്സിലാക്കാനാവാത്ത രീതിയിലാണ് പലപ്പോഴും ഇദ്ദേഹത്തിന്റെ പ്രവൃത്തികള്‍. പക്ഷേ ഏതുകാര്യവും കൃത്യമായ ലക്ഷ്യത്തില്‍ വളരെ വേഗം എത്തിക്കുന്നതിന് അദ്ദേഹത്തിനു കഴിയുന്നു. ഇതുകണ്ട് ഞാന്‍ പലപ്പോഴും അന്ധാളിച്ചു പോയിട്ടുണ്ട്.
ഒരു ദിവസം പെട്ടെന്ന് ഗുരു കൂവള്ളൂര്‍ അപ്രതീക്ഷിതമായി പറഞ്ഞു. ആല്‍ബി സാറേ, ഇന്നു നമുക്ക് സമീപപ്രദേശത്തുള്ള മൂന്ന് അമ്പലങ്ങളില്‍ പോകണം. അവിടുത്തെ അമ്പലത്തില്‍ കയറണം, പൂജാരിമാരെകാണണം, സാധിക്കുമെങ്കില്‍ അവരോടൊപ്പം നിന്ന് ഫോട്ടോയും എടുക്കണം. ഞാന്‍ അല്ഭുതപ്പെട്ടുപോയെങ്കിലും ഞാന്‍ റെഡി എന്നു പറഞ്ഞു. ഇവിടെ ഒരുകാര്യം പറഞ്ഞുകൊള്ളട്ടെ, പ്രായത്തില്‍ ഇരുപതുവയസ്സു കുറവുള്ള എന്നെ അദ്ദേഹം വിളിച്ചിരുന്നത് 'ആല്‍ബി സാര്‍' എന്നാണ്. ഞാന്‍ പലേടത്തും ആല്‍ബീ എന്ന് എഴുതിയിട്ടുണ്ടെങ്കില്‍ കൂടി ആള്ക്കാരെമാനിക്കാന് അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. അദ്ദേഹം മനസ്സില്‍ പ്ലാന്‍ ചെയ്തിരുന്നതുപോലെ തന്നെ ആദ്യം പോയത് മാഞ്ഞൂര്‍ പഞ്ചായത്തിലുള്ള ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലേയ്ക്കാണ്. കൂവള്ളൂര്‍ ഭവനത്തിന്റെ കിഴക്കുഭാഗത്താണ് ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത് എന്നും രാവിലെ ഇരവിമംഗലത്തുള്ള വീട്ടില്‍ ഇരുന്നാല്‍ ക്ഷേത്രത്തില്‍ നിന്നുമുള്ള ഭക്തിഗാനം കേള്‍ക്കാം. രാവിലെ പത്തു മണിയോടെ ഇരവിമംഗലത്തുള്ള ടെമ്പിളിലേയ്ക്കാണ് ആദ്യം പോയത്. എവിടെ നിന്നോ വലിയൊരു മഴ അപ്രതീക്ഷിതമായി വന്നെങ്കിലും അമ്പലത്തില്‍ ചെന്നപ്പോഴേ മഴ നിന്നു. രാജീവ് മറ്റപ്പള്ളി എന്ന കാര്യസ്ഥനെ ചെന്നപാടേ പുറത്തു നില്ക്കുന്നതു കണ്ടു. ഗുരു കൂവള്ളൂരിനെ ഞാന്‍ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കൂടെ നിന്ന് ഞാന്‍ ഫോട്ടോ എടുത്തു. ടെമ്പിളിനകത്തു കയറാമോ എന്നു ചോദിച്ചു. പക്ഷേ, ഷര്‍ട്ട് ഊരണം. അങ്ങനെ അകത്തും കയറി. ഈ സംഭവത്തിനുശേഷം ഇരവിമംഗലം ടെമ്പിളിന്റെ കാര്യസ്ഥന് രാജീവ് മറ്റപ്പള്ളിയും ഗുരു കൂവള്ളൂരും വളരെ അടുത്ത സുഹൃത്തുക്കളായിമാറി.
അടുത്തതായി മാഞ്ഞൂര്‍ പഞ്ചായത്തിലുള്ള ആദിത്യപുരം സൂര്യദേവക്ഷേത്രത്തിലും പോകണമെന്ന് ഗുരുവിന് ആഗ്രഹം. ഓട്ടോറിക്ഷ ഓടിക്കുന്ന ശശി ഹിന്ദുവായതിനാല്‍ ആ ടെമ്പിളില്‍ കയറുന്നതിനും അവിടുത്തെ പൂജാരിയും അന്തേവാസികളുമായി സംസാരിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും പ്രായസമുണ്ടായില്ല. ഇതു കഴിഞ്ഞ് ശ്രീ മള്ളിയൂര്‍ മഹാഗണപതിക്ഷേത്രത്തിലും പോകണമെന്ന് ഗുരുവിന് ആഗ്രഹം. മഴ ആയിരുന്നു എങ്കിലും യാതൊരു തടസ്സങ്ങളുമില്ലാതെ ഗുരു അകത്തുകയറി. പ്രസിദ്ധനായ ബ്രഹ്മശ്രീ മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി (മള്ളിയൂര്‍ ഭാഗവത ഹംസം)യുടെ മകന് പരമേശ്വരന് നമ്പൂതിരിയെയും ഗുരു ദര്‍ശിക്കുകയുണ്ടായി എന്നുതന്നെയല്ല അവര്‍ പിന്നീട് സുഹൃത്തുക്കളുമായി മാറി. സമീപഭാവിയില്‍ മള്ളിയൂര്‍ ടെമ്പിളില്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഗുരു ഉല്‍ബോധിപ്പിച്ചു.
തുടരും...
Read More: https://www.emalayalee.com/writer/114