Image

മാറുമറയ്ക്കൽ: ആവശ്യമോ- അവകാശമോ? (ഉമ)

Published on 29 October, 2026
മാറുമറയ്ക്കൽ: ആവശ്യമോ- അവകാശമോ? (ഉമ)

മാറു മറയ്ക്കാനുള്ള അവകാശത്തിനും മുലക്കരത്തിനെതിരെയും ശക്തമായ സമരം ചെയ്ത സ്ത്രീകളുടെ ചരിത്രം ഉറങ്ങുന്ന, ചരിത്രത്തിലൂടെ അവരിപ്പോഴും ജീവിക്കുന്ന നാടാണ് നമ്മുടെ കൊച്ചുകേരളം.

അതേ കേരളത്തിലെ ഇന്നത്തെ പലസ്ത്രീകളുടേയും (സെലിബ്രറ്റികൾ എന്ന ലേബലുകാരും, അല്ലാതെ ചിലരും) വസ്ത്രധാരണം കാണുമ്പോൾ എനിക്കു തോന്നുന്നത് അവർ 19ാം നൂറ്റാണ്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു എന്നാണ്.

ഇന്ത്യാചരിത്രത്തിലെ തന്നെ ആദ്യത്തെ സ്ത്രീപക്ഷ-ജാതിവിരുദ്ധ പ്രക്ഷോഭത്തിലൂടെ മാറുമറയ്ക്കാനുള്ള അവകാശം നേടിയെടുത്ത സ്ത്രീകളെക്കുറിച്ചോർത്ത് ഇന്നത്തെ സ്ത്രീകൾ അഭിമാനിക്കുകയാണോ അതോ അനഭിമതർ ആവുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

19 ആം നൂറ്റാണ്ടിൽ 1813 മുതൽ 1859 വരെയുള്ള കാലഘട്ടത്തിൽ സാമൂഹികവും ജാതീയവും ആയ അസമത്വത്തന്റെയും ആത്യാചാരങ്ങളുടെയും ഭാഗമായി താണജാതിയിലുള്ള സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം അന്നത്തെ തിരവിതാംകൂറിൽ ഇല്ലായിരുന്നു.

ഉയർന്ന ജാതിക്കാർക്ക് അതായത് അന്നത്തെ സോ കാൾഡ് മേലാളന്മാരുടെ മുന്നിൽ കീഴടങ്ങലിന്റെയും ആദരവിന്റെയും അടയാളമായി മാറു തുറന്നിടുന്നത് നിർബന്ധമാക്കിയിരുന്നു.

1813 മുതൽ 1859 വരെ ഉള്ള നീണ്ടകാലയളവിലെ പ്രശസ്തമായ "ചാന്നാർ ലഹള" അല്ലെങ്കിൽ "മേൽമുണ്ടു സമരം" അല്ലെങ്കിൽ "മാറുമറയ്ക്കൽ സമരം" എല്ലാസ്ത്രീകൾക്കും മേൽമുണ്ടു ധരിക്കാനുള്ള അവകാശത്തിനായി നാടാർ (ചാന്നാർ) സ്ത്രീകൾ തുടങ്ങിയ അതിശക്തമായ പ്രക്ഷോഭം ആയിരുന്നു.

സാമൂഹികമായ തട്ടുതിരിവുകൾ കർശനമായി നടപ്പിലാക്കാൻ പൊതുഇടങ്ങളിലെ വസ്ത്രധാരണത്തെ ആയുധമാക്കിയ നാടുവാഴിത്ത ജാതിനിയമങ്ങളെയാണ് ഈ സമരം ചോദ്യം ചെയ്തത്.

നാടാർ ഉൾപ്പടെ ഉള്ള താണജാതിക്കാർ മാത്രമായിരുന്നില്ല ഈ ക്രൂരമായ അനീതിക്ക് ഇരയാക്കപ്പെട്ടത്.
നായർ സ്ത്രീകൾക്കും സവർണ്ണമേലാളരായ ബ്രാഹ്മൺ പുരുഷന്മാരുടെ മുന്നിൽ മാറുമറയ്ക്കാനുള്ള അവകാശം നിഷേധിക്കപെട്ടു. 
ദൈവത്തിന് മുന്നിലുള്ള സമ്പൂർണ്ണ സമർപ്പണത്തിന്റെയും വിനയത്തിന്റെയും അടയാളമായി, ഉയർന്ന ജാതിക്കാരായ ബ്രാഹ്മണ സ്ത്രീകൾ (നമ്പൂതിരി അന്തർജനങ്ങൾ) പോലും വീടിനു പുറത്തിറങ്ങുമ്പോൾ ശരീരം മറച്ച് വസ്ത്രം ധരിക്കുകയും, അവരുടെ മുഖം മറച്ച് മറക്കുട ഉപയോഗിക്കുകയും ചെയ്യുമ്പോഴും ക്ഷേത്രങ്ങൾക്കുള്ളിലോ,  പ്രതിഷ്ഠയ്ക്ക് മുന്നിലോ തങ്ങളുടെ മേൽമുണ്ട് മാറ്റി മാറു തുറന്നിടണമെന്ന് യാഥാസ്ഥിതിക ആചാരങ്ങൾ അനുശാസിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിൽ മേൽമുണ്ട് ധരിക്കുക എന്നത് മാന്യതയുടെ ഒരു സാർവത്രിക മാനദണ്ഡമായി കണക്കാക്കപ്പെട്ടിരുന്നില്ല. പകരം ഉയർന്ന അധികാരങ്ങൾക്ക് മുന്നിൽ അത് രാജാവോ, ഉയർന്ന ജാതിക്കാരോ, ക്ഷേത്രത്തിലെ ദൈവമോ ആകട്ടെ, ശരീരത്തിന്റെ മുകൾഭാഗം മറയ്ക്കാതിരിക്കുന്നതായിരുന്നു സ്വാഭാവികമായ ആദര സൂചകമായി കണ്ടിരുന്നത്.  മേൽമുണ്ട് ഉപയോഗത്തിൽ താഴ്ന്ന ജാതിക്കാരുമായി ഉയർന്ന ജാതിക്കാർക്കുള്ള വ്യത്യാസം ഉയർന്ന ജാതിയിലെ സ്ത്രീകൾ ആരാധനയുടെയും ഭക്തിയുടെയും ഭാഗമായി ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം സ്വമേധയാ മേൽവസ്ത്രം മാറ്റിയിരുന്നപ്പോൾ, താഴ്ന്ന ജാതിയിലെ സ്ത്രീകൾ പൊതുഇടങ്ങളിൽ എവിടെയും മാറു തുറന്നിട്ടു നടക്കാൻ നിയമപരമായി നിർബന്ധിതരായിരുന്നു. താഴ്ന്ന ജാതിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുണ്യകർമ്മമായിരുന്നില്ല, മറിച്ച് ഭരണകൂടം അവരുടെ മേൽ അടിച്ചേൽപ്പിച്ച ജാതീയമായ അടിച്ചമർത്തലിന്റെ അടയാളമായിരുന്നു.

ഭൂപ്രഭുത്വ കാലത്തെ കേരളത്തിലെ വസ്ത്രധാരണ നിയമങ്ങൾ ഒരിക്കലും വ്യക്തിപരമായ ധാർമ്മികതയുടെയോ മാന്യതയുടെയോ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് ആചാരപരമായ ശുദ്ധിയും ജാതീയമായ തട്ടുതിരിവുകളും നിലനിർത്താനും നടപ്പിലാക്കാനുമുള്ള ഒരു ഭരണഘടനാപരമായ ആയുധമായിരുന്നു എന്ന് ഈ വ്യത്യാസം വ്യക്തമാക്കുന്നു.

ഓരോ സമരങ്ങളും ലഹളകളും തുടക്കംകുറിക്കുന്നത് സാമൂഹിക അനീതിയും അസമത്വവും സഹനത്തിനും അപ്പുറവും അത്യാചാരങ്ങളും ആകുമ്പോഴാണ്.

18 ആം നൂറ്റാണ്ടുമുതൽ നിലനിന്നിരുന്ന വളരേ ക്രൂരവും അപമാനകരവും ആയ ഒരു അത്യാചാരം ആയിരുന്നു താണജാതിയിലെ സ്ത്രീകൾക്ക്മേൽ ചുമത്തിയിരുന്ന മുലക്കരം.

തിരുവിതാംകൂറിൽ നിലനിന്നിരുന്ന  മുലക്കരം (Breast Tax) കൃത്യമായി ഏത് വർഷമാണ് പ്രാബല്യത്തിൽ വന്നത് എന്നതിന് കൃത്യമായ ചരിത്രരേഖകൾ ലഭ്യമല്ല. എങ്കിലും ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, തിരുവിതാംകൂർ രാജ്യം അതിന്റെ സാമ്രാജ്യത്വ വികസനത്തിനും യുദ്ധച്ചെലവുകൾക്കുമായി വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട 1747-ഓടെയാണ് ഈ നികുതി ഉൾപ്പെടെയുള്ള അനേകം വിചിത്രമായ നികുതികൾ (Poll taxes) ജനങ്ങളുടെ മേൽ ചുമത്തപ്പെടുന്നത്.

തുടർന്ന് 19 ആം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഈ നികുതി സംപ്രദായം അതീവകർശനമാക്കി നടപ്പിലാക്കി.
സാമൂഹികമായ അനീതി കൂടുതൽ ശക്തമാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി, താഴ്ന്ന ജാതിക്കാരായ സ്ത്രീകൾ മേൽമുണ്ട് ധരിക്കാൻ ആഗ്രഹിക്കുന്ന പക്ഷം രാജ്യം 
'മുലക്കരം' എന്ന പേരിൽ ഒരു വ്യവസ്ഥാപിത നികുതി ചുമത്തിയിരുന്നു. ഏറ്റവും ക്രൂരവും അപമാനകരവും ആയി സ്ത്രീകളുടെ സ്തനങ്ങളുടെ വലുപ്പം നോക്കി സർക്കാർ ഉദ്യോഗസ്ഥർ അതിക്രൂരമായ രീതിയിലായിരുന്നു ഈ നികുതി നിശ്ചയിച്ചിരുന്നത്.

മുലക്കരവും തലക്കരവും:
താഴ്ന്ന ജാതിയിലുള്ള പുരുഷന്മാർ അധ്വാനിക്കാൻ പ്രായമാകുമ്പോൾ (ഏകദേശം 14 വയസ്സ്) അവർക്ക് മേൽ ചുമത്തിയിരുന്ന നികുതിയാണ് "തലക്കരം". 
ഇതിന്റെ സ്ത്രീകളുടെ പതിപ്പായിരുന്നു "മുലക്കരം". പ്രായപൂർത്തിയാകുന്നതോടെ താഴ്ന്ന ജാതിയിലെ സ്ത്രീകൾ ഈ നികുതി നൽകാൻ ബാധ്യസ്ഥരായിരുന്നു.

മുലക്കരം പിരിക്കാനെത്തിയ രാജാവിന്റെ സൈനികർക്ക് 1803 ചേർത്തലയിൽ നിന്നുള്ള നങ്ങേലി എന്ന താഴ്ന്ന ജാതിക്കാരിയായ സ്ത്രീ, മുലക്കരത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി സ്വന്തം സ്തനങ്ങൾ മുറിച്ചുമാറ്റി വാഴയിലയിൽ വച്ചുകൊടുത്തു.  കരം പിരിവിനെത്തിയവരുടെ മുന്നിൽ  നങ്ങേലി രക്തം വാർന്നു മരിക്കുകയും ചെയ്തു. പ്രതിരോധത്തിന്റെ പ്രതീകാത്മക രക്തസാക്ഷിയായി അവർ മാറി.

തുർന്ന് 1813 ൽ തിരുവിതാംകൂറിലെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ ജോൺ മൺറോ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അനുവാദം നൽകിക്കൊണ്ട് ഉത്തരവിറക്കി. എന്നാൽ ഉയർന്ന ജാതിക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഈ ഉത്തരവ് പിൻവലിക്കാൻ അദ്ദേഹം നിർബന്ധിതനായി.

അതിനുശേഷം ചാന്നാർ ലഹള ശക്തമായിത്തുടരർന്നു. 1822 ചാന്നാർ (നാടാർ) സ്ത്രീകൾ പരസ്യമായി മേൽമുണ്ട് ധരിക്കാൻ തുടങ്ങിയത് ഉയർന്ന ജാതിക്കാരായ പുരുഷന്മാരുടെ ക്രൂരമായ പ്രതികാര നടപടികൾക്കും കലാപങ്ങൾക്കും കായികമായ ആക്രമണങ്ങൾക്കും കാരണമായി.

1858–1859 മാന്യമായി വസ്ത്രം ധരിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി ക്രിസ്ത്യൻ മിഷണറിമാരുടെയും ബ്രിട്ടീഷ് അധികാരികളുടെയും പിന്തുണയോടെ ചാന്നാർ (നാടാർ) സ്ത്രീകൾ പോരാട്ടം തുടർന്നതോടെ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായി.

അതിന് അവസാനം ആയതും സ്ത്രീകൾ മാറുമറയ്ക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം നേടിയെടുത്തതും 1859 ജൂലൈ 26-ന്പുറപ്പെടുവിച്ച രാജകീയ വിളംബരത്തോടെയാണ് മാറുമറയ്ക്കാനുള്ള അവകാശം പൂർണ്ണമായി അംഗീകരിക്കപ്പെടുകയും ഈ ക്രൂരമായ നികുതി സംപ്രദായം ഇല്ലാതാവുകയും ചെയ്തത്.(എങ്കിലും തുടക്കത്തിൽ ഉയർന്ന ജാതിക്കാരുടെ വസ്ത്രധാരണ രീതികൾ അനുകരിക്കുന്നതിൽ വിലക്കുകളുണ്ടായിരുന്നു). പിന്നീട് അയ്യങ്കാളിയെപ്പോലുള്ള നേതാക്കളുടെ പിന്തുണയോടെ 1910-കളോടെ ഈ നിയന്ത്രണങ്ങൾ പൂർണ്ണമായും ഇല്ലാതായി.

പിന്നെയുമ വർഷങ്ങൾക്കുശേഷം 1865-ലെ ഒരു രാജകീയ വിളംബരത്തിലൂടെ ആണ് തിരുവിതാംകൂറിലെ നായർ സ്ത്രീകൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാൻ അനുവാദം നൽകപ്പെട്ടത്

ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും ആദ്യത്തെ ശക്തമായ ജാതി-വിരുദ്ധ-സ്ത്രീപക്ഷ മുന്നേറ്റങ്ങളിലൊന്നായിട്ടാണ് മാറുമറയ്ക്കൽ സമരം കണക്കാക്കപ്പെടുന്നത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഘടനാപരമായ അപമാനങ്ങളെ തകർത്ത ഈ സമരം, പിൽക്കാലത്ത് രൂപപ്പെട്ട വിശാലമായ കേരള നവോത്ഥാനപ്രസ്ഥാനത്തിന് അടിത്തറയിട്ട ഒരു മുൻഗാമി കൂടിയായി മാറി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക