
ചില ദുരന്തങ്ങൾ നമ്മെ ദുഃഖിപ്പിക്കുക മാത്രമല്ല, നമ്മുടെ മനസ്സാക്ഷിക്കു മുന്നിൽ അസ്വസ്ഥമാക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. മക്കളെ നാം സ്നേഹിക്കുന്നുണ്ടോ എന്നതല്ല ചോദ്യം; ആ സ്നേഹം അവരെ നല്ല മനുഷ്യരായി വളർത്താൻ പര്യാപ്തമാണോ എന്നതാണ്.
നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് യുവാക്കളുടെ ജീവൻ പൊലിഞ്ഞ ദുരന്തവും, കൊച്ചി ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് കുടുംബത്തിന്റെ അന്നത്തിനായി തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്ണൻ മരിച്ച സംഭവവും നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു. ആഡംബരത്തിന്റെ തിളക്കത്തിനപ്പുറം, മറ്റുള്ളവരുടെ ജീവന് വിലകൽപ്പിക്കാത്ത ഒരു മനോഭാവം വളർന്നുവരുന്നുണ്ടോ എന്ന ചോദ്യം ഈ സംഭവങ്ങൾ ഉയർത്തുന്നു. ഇത് പോലെ നിരവധി ജീവനുകൾ ആണ് ഇന്ന് റോഡുകളിൽ പൊലിയുന്നത്.
ഇവ കേവലം വാഹനാപകടങ്ങൾ മാത്രമാണോ? അതോ പണത്തിന്റെ അഹങ്കാരവും വളർത്തുദോഷവും ലഹരിയുടെ സ്വാധീനവും സാമൂഹിക ഉത്തരവാദിത്തമില്ലായ്മയും ചേർന്നുണ്ടാക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പുകളോ?
രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ച് ചീറിപ്പായുന്ന ആഡംബരവാഹനത്തിനുള്ളിൽ ചിലപ്പോൾ യുവത്വത്തിന്റെ ആവേശമുണ്ടാകാം. സുഹൃത്തുക്കളുടെ ആർപ്പുവിളികളുണ്ടാകാം. വേഗതയിൽ സ്വന്തം കഴിവ് തെളിയിക്കാനുള്ള വ്യഗ്രതയുണ്ടാകാം. എന്നാൽ ആ വാഹനത്തിന്റെ ചക്രങ്ങൾക്കടിയിൽ മറ്റൊരാളുടെ ജീവിതം തകർന്നുവീഴാമെന്ന ചിന്ത അവരിൽ ഉണ്ടാകുന്നുണ്ടോ? റോഡ് ഒരു റേസിങ് ട്രാക്കല്ലെന്നും അവിടെ യാത്ര ചെയ്യുന്ന ഓരോ മനുഷ്യനും വിലപ്പെട്ട ഒരു ജീവിതത്തിന്റെ ഉടമയാണെന്നും അവർ ഓർക്കുന്നുണ്ടോ?
മക്കൾക്ക് വിലകൂടിയ വാഹനങ്ങൾ വാങ്ങിക്കൊടുക്കാം. ആഡംബരജീവിതം ഒരുക്കാം. വിദേശവിദ്യാഭ്യാസവും മികച്ച സൗകര്യങ്ങളും നൽകാം. എന്നാൽ മറ്റുള്ളവരുടെ വേദന തിരിച്ചറിയാനുള്ള മനസ്സും തെറ്റും ശരിയും വേർതിരിച്ചറിയാനുള്ള വിവേകവും പണംകൊണ്ട് വാങ്ങാനാകുമോ?
സ്നേഹം എന്നത് മക്കൾ ആവശ്യപ്പെടുന്നതെല്ലാം നൽകുന്നതല്ല. അവർ തെറ്റുമ്പോൾ തിരുത്തുകയും അതിരുകൾ ലംഘിക്കുമ്പോൾ തടയുകയും ചെയ്യുന്നതും സ്നേഹത്തിന്റെ ഭാഗമാണ്. മക്കളുടെ തെറ്റുകളെ ന്യായീകരിക്കുകയും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, അറിയാതെ നാം അവരുടെ തെറ്റുകൾക്ക് വളംവയ്ക്കുകയല്ലേ ചെയ്യുന്നത്?
എല്ലാ സമ്പന്നരുടെയും മക്കളെയും ഒരേ കണ്ണിലൂടെ കാണുന്നത് നീതിയല്ല. സമ്പത്ത് കുറ്റമല്ല; അധികാരവും കുറ്റമല്ല. എന്നാൽ സമ്പത്തും അധികാരവും തങ്ങൾക്ക് എന്തും ചെയ്യാനുള്ള അവകാശം നൽകുന്നുവെന്ന് ചിലർ കരുതുന്നുവെങ്കിൽ, അത് തിരുത്തപ്പെടേണ്ട മനോഭാവമാണ്. അത് സമൂഹത്തിന് വളരെ ദോഷം ചെയ്യുന്നതുമാണ് .
ചേരാനല്ലൂരിൽ ജീവൻ നഷ്ടപ്പെട്ട ജയബാലകൃഷ്ണനെപ്പോലുള്ളവർക്ക് ജീവിതം ഓരോ ദിവസത്തെയും അധ്വാനമാണ്. ഒരു തട്ടുകടയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ കുടുംബം പോറ്റാൻ ശ്രമിക്കുന്ന ഒരാൾക്ക് ഓരോ ദിവസവും വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ജീവിതവും പ്രതീക്ഷകളും അധ്വാനവുമെല്ലാം ഒരു അപകടത്തിൽ അവസാനിച്ചു. ഇത് പോലെ നിത്യേന നിരവധി ജീവനുകൾ നിമ്മുടെ റോഡുകളിൽ നഷ്ടപ്പെടുന്നു.
ഒരു വശത്ത് കുടുംബത്തിന്റെ അന്നത്തിനായി രാവും പകലും അധ്വാനിക്കുന്ന മനുഷ്യർ. മറുവശത്ത്, വാഹനത്തിന്റെ വിലയും വേഗതയും അധികാരവും കൊണ്ട് ജീവിതത്തെ അളക്കുന്ന മറ്റു ചിലർ. ഈ വൈരുധ്യം നമ്മുടെ സമൂഹത്തിന്റെ മനസ്സാക്ഷിയെ വേദനിപ്പിക്കേണ്ടതാണ്.
മരിച്ചുപോകുന്ന ആ മനുഷ്യർക്ക് ഇനി മടങ്ങിവരാനാവില്ല. അവരെ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരു വരുമാനമാർഗം മാത്രമല്ല; ജീവിതത്തിന്റെ താങ്ങും തണലുമാണ്. ഒരു കുടുംബത്തിന്റെ അത്താണി ഇല്ലാതാകുമ്പോൾ അതിന്റെ ആഘാതം എത്ര ആഴമുള്ളതാണെന്ന് പുറത്തുനിന്ന് നോക്കുന്നവർക്ക് പൂർണമായി മനസ്സിലാക്കാനാവില്ല. അത് അനുഭവിച്ചു അറിയുന്നവർക്ക് മാത്രമേ അറിയുകയുള്ളൂ.
യുവത്വം ആവേശത്തിന്റെ കാലമാണ്. പുതിയ അനുഭവങ്ങൾ തേടാനും സ്വന്തം കഴിവുകൾ തെളിയിക്കാനും ആഗ്രഹിക്കുന്ന കാലം. എന്നാൽ ആ ആവേശം ലഹരിയുടെയും അമിതവേഗത്തിന്റെയും നിയന്ത്രണമില്ലാത്ത ജീവിതത്തിന്റെയും പിടിയിലാകുമ്പോൾ, അതിന്റെ വില ചിലപ്പോൾ ഒരു ജീവൻ തന്നെയായിരിക്കും. നിരവധി യുവാക്കൾ ആണ് പല റോഡ് അപകങ്ങങ്ങളിൽ ആയി മരിക്കുന്നത്. ഇത് നിത്യേന കൂടി വരുകയാണ്.
ലഹരി എല്ലാ അപകടങ്ങൾക്കും കാരണമാണെന്ന് പറയാനാവില്ല. എന്നാൽ ലഹരിയുടെ സ്വാധീനത്തിൽ തീരുമാനശേഷിയും നിയന്ത്രണബോധവും നഷ്ടപ്പെടുമ്പോൾ അപകടസാധ്യത വർധിക്കുന്നു. അതുകൊണ്ടുതന്നെ യുവാക്കളെ കുറ്റപ്പെടുത്തുക മാത്രമല്ല, അവരെ ശരിയായ ദിശയിൽ നയിക്കുകയും അപകടകരമായ പെരുമാറ്റങ്ങളെ തടയുകയും വേണം. ഡ്രൈവിങ് ലൈസെൻസ് ഇല്ലാത്ത യുവാക്കളെ വാഹനങ്ങൾ ഓടിക്കുവാൻ അനുവദിക്കുകയും അരുത്. ഇതിനൊക്കെ നിയമങ്ങൾ ഉണ്ട് പക്ഷേ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വമാണ്. കുറ്റം ചെയ്തവൻ സമ്പന്നനാണോ സാധാരണക്കാരനാണോ എന്നതല്ല പ്രധാനം; അയാൾ ചെയ്ത പ്രവൃത്തിയും അതിന്റെ പ്രത്യാഘാതവുമാണ് പ്രധാനം. ഓരോ സംഭവത്തിലും തെളിവുകളുടെ അടിസ്ഥാനത്തിൽ നീതി നടപ്പാക്കപ്പെടണം. കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുണ്ടാകരുത്.
അതുപോലെ, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിനും ഉത്തരവാദിത്തമുണ്ട്. റോഡ് സുരക്ഷാനിയമങ്ങൾ കർശനമായി നടപ്പാക്കണം. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, അപകടകരമായ മത്സരയോട്ടം എന്നിവയ്ക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. മാതാപിതാക്കൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സമൂഹത്തിനും യുവാക്കളിൽ ഉത്തരവാദിത്വബോധം വളർത്തുന്നതിൽ പങ്കുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരു സബ്ജെക്ട് ആയി തന്നെ ഇങ്ങനെയുള്ള വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കണം.
നഷ്ടപ്പെട്ട ജീവനുകൾക്ക് പകരം നൽകാൻ ഒരു സമ്പത്തിനും കഴിയില്ല. നഷ്ടപ്പെട്ട ജീവനെ തിരിച്ചുകൊണ്ടുവരാൻ ഒരു ആഡംബരവാഹനത്തിനും കഴിയില്ല. കണ്ണീരിൽ മുങ്ങിയ ഒരു കുടുംബത്തിന്റെ ലോകം പഴയതുപോലെയാക്കാൻ ഒരു ക്ഷമാപണത്തിനും കഴിയില്ല.
അതുകൊണ്ട്, അടുത്ത തവണ ഒരു യുവാവ് വാഹനത്തിന്റെ താക്കോൽ കൈയിൽ വാങ്ങുമ്പോൾ മാതാപിതാക്കൾ അവനോട് ഒരു ചോദ്യം കൂടി ചോദിക്കണം, “മോനേ, ഈ വാഹനം ഓടിക്കാനുള്ള കഴിവ് നിനക്കുണ്ട്. പക്ഷേ, മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും നിനക്കുണ്ടെന്ന് നീ മനസ്സിലാക്കുന്നുണ്ടോ?”
യുവത്വം ഒരു കുടുംബത്തിന്റെ മാത്രം പ്രതീക്ഷയല്ല; അത് നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. അവരുടെ കൈകളിലാണ് നാളെയുടെ സ്വപ്നങ്ങളും രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും. ആ യുവത്വം അമിതവേഗത്തിന്റെയും ലഹരിയുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും പേരിൽ റോഡുകളിൽ പൊലിഞ്ഞുവീഴുമ്പോൾ നഷ്ടമാകുന്നത് കുറെ ജീവനുകൾ മാത്രമല്ല, ഒരു രാജ്യത്തിന്റെ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടിയാണ്.
റോഡുകൾ യാത്രയ്ക്കുള്ളതാണ്, യുവത്വങ്ങളെ കുഴിച്ചുമൂടാനുള്ളതല്ല. പണത്തിന്റെ അഹങ്കാരത്തേക്കാൾ വലുതാകട്ടെ മനുഷ്യജീവന്റെ വില; വേഗതയുടെ ആവേശത്തേക്കാൾ ശക്തമാകട്ടെ ഉത്തരവാദിത്തബോധം.