
അത്‌ലറ്റിക്‌സില്‍ ബഹ്‌റൈന്‍ ഏതാനും വര്‍ഷമായി ഏഷ്യന്‍ തലത്തില്‍ വന്‍ ശക്തിയാണ്. ഇതിനു കാരണമായി ഉയര്‍ത്തിക്കാട്ടുന്നത് ആഫ്രിക്കന്‍ താരങ്ങളുടെ കുടിയേറ്റമാണ്. ഇതുപറയുമ്പോള്‍ ആഫ്രിക്കന്‍ താരങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ദേശീയ ടീമുകളിലും എത്തിപ്പെട്ടിട്ടില്ലേ എന്നു ചോദിക്കാം. അതുപോലെ യു.എസ്., കാനഡ ടീമുകളില്‍ ജമൈക്കന്‍ താരങ്ങള്‍ എത്രയോയുണ്ട്. ഇപ്പോള്‍ വിദേശത്തുള്ള ഇന്ത്യന്‍ വംശജരായ ഫുട്‌ബോള്‍ താരങ്ങളെ എത്തിച്ച് ദേശീയ ടീം ശക്തിപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. പക്ഷേ, സംസ്ഥാന സ്‌ക്കൂള്‍ കായികമേളകളില്‍ ഇതര സംസ്ഥാന താരങ്ങളുടെ സാന്നിധ്യത്തെ വേറിട്ടു കാണണം.
മികച്ച താരങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി കേരളത്തില്‍ മത്സരിച്ചാല്‍ വാശികൂ ടും. നമ്മുടെ കുട്ടികളുടെ നിലവാരവും മെച്ചപ്പെടും. സത്യം തന്നേ. പക്ഷേ, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന താരങ്ങളില്‍ പലരുടെയും പ്രായം കൂടുതലാണെന്ന ആക്ഷേപം വ്യാപകമാണ്. കഴിഞ്ഞ സംസ്ഥാന സ്‌ക്കൂള്‍ കായിക മേളകളിലൊക്കെ ഇതു സംബന്ധിച്ച പരാതി ഉയര്‍ന്നിരുന്നു. പക്ഷേ, ഇത്തവണ വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടികളിലേക്ക് കടക്കുകയാണ്. പരാതി ഉയര്‍ന്നാല്‍ പ്രസ്തുത താരത്തിന്റെ പ്രായം എല്ലുപരിശോധനയിലൂടെ ഉറപ്പു വരുത്തിയിട്ടേ വിജയികളെ പ്രഖ്യാപിക്കുകയുള്ളൂ എന്ന കര്‍ശന നിലപാട് വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന്‍ സ്വീകരിച്ചു. നല്ല കാര്യം. പക്ഷേ, ചോദ്യങ്ങള്‍ ബാക്കി.
റവന്യൂ ജില്ലാതല മത്സരങ്ങള്‍ നടന്നപ്പോള്‍ തന്നെ ചില വിദ്യാര്‍ത്ഥികളുടെ പ്രായം സംബന്ധിച്ച പരാതി ഉയര്‍ന്നിരുന്നു. അപ്പോള്‍ തന്നെ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തരുതായിരുന്നോ?ഫൈനല്‍ ഓടിയ മറ്റു കുട്ടികളെക്കാള്‍ ബഹുദൂരം മുന്നില്‍ ഒരു താരം ഫിനിഷ് ചെയ്യുമ്പോള്‍ സംശയം ബലപ്പെടും. ഉത്തേജക പരിശോധനയും പ്രായ പരിശോധനയും കര്‍ശനമാക്കിയാല്‍ മാത്രമേ സംസ്ഥാന സ്‌ക്കൂള്‍ കായികമേളയിലെ യഥാര്‍ത്ഥ പ്രതിഭകളെ തിരിച്ചറിയാന്‍ കഴിയൂ.
സ്‌കൂള്‍ കായികമേളയില്‍ മികച്ച സ്‌ക്കൂള്‍ ആയി തിരഞ്ഞെടുക്കപ്പെടുവാന്‍ ഇതര സംസ്ഥാന താരങ്ങളെ സ്‌ക്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്ന പ്രവണത നല്ലതാണോ? നമ്മള്‍ തിരഞ്ഞെടുക്കുന്നത് സംസ്ഥാനത്തെ മികച്ച സ്‌ക്കൂളിനെയല്ലേ? അതില്‍ ഇതര സംസ്ഥാന താരങ്ങള്‍ ഉള്‍പ്പെടുന്നത് ശരിയാണോ? ഇതര സംസ്ഥാനക്കാരായ മാതാപിതാക്കള്‍ കേരളത്തില്‍ ജോലി നോക്കുമ്പോള്‍ മക്കള്‍ ഇവിടെ സ്‌ക്കൂളില്‍ ചേര്‍ന്നു പഠിക്കുന്നത് സ്വാഭാവികം. അവരെ മത്സരിപ്പിക്കുകയും വേണം. ഏതെങ്കിലും പ്രത്യേക കാരണത്താല്‍ ഇതര സംസ്ഥാനത്തെ കുട്ടികള്‍ കേരളത്തില്‍ ബന്ധു വീട്ടില്‍ നിന്നു പഠിക്കുന്നതും മനസ്സിലാക്കാം. അതുപോലലല്ലോ താരങ്ങളെ ഇറക്കുമതി ചെയ്യുന്നത്?
ഒരു സ്‌ക്കൂളില്‍ മലയാളി താരങ്ങളുടെ നിലവാരം ഉയര്‍ത്താനായി ഇതര സംസ്ഥാന താരങ്ങളെ പ്രസ്തുത സ്‌ക്കൂളില്‍ ചേര്‍ത്തുകൊള്ളട്ടെ. അവര്‍ മത്സരിച്ചോട്ടെ. പക്ഷേ, അവര്‍ക്കു കിട്ടുന്ന മെഡലും പോയിന്റും മികച്ച സ്‌ക്കൂളിനെ നിശ്ചയിക്കുവാന്‍ കണക്കിലെടുക്കരുത്. ഇങ്ങനെയൊരു തീരുമാനം ഉണ്ടായാല്‍ ഈ പ്രവണത മാറും. കേവലം ആധാറിനെ അടിസ്ഥാനമാക്കി ജനനതീയതി നിശ്ചയിക്കുന്നതും ശരിയല്ല. ചില താരങ്ങള്‍ക്ക് വ്യത്യസ്ത ജനനത്തീയതി സൂചിപ്പിക്കുന്ന ഒന്നിലധികം ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.
2016 ല്‍ സംസ്ഥാന സ്‌ക്കൂള്‍ കായികമേളയില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌ക്കൂള്‍ ടീമില്‍ ഏതാനും മണിപ്പൂര്‍ താരങ്ങള്‍ ഉണ്ടായിരുന്നു. 2017ല്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌ക്കൂള്‍ ടീമില്‍ ഒരു ഗുജറാത്തി താരം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 2018 ല്‍ സെന്റ് ജോര്‍ജ് സ്‌ക്കൂള്‍ ഒന്‍പത് മണിപ്പൂര്‍ താരങ്ങളെ ടീമിലെടുത്തതോടെയാണ് പരാതികള്‍ ശക്തമായത്. ഇത്തവണ കോരുത്തോട് സി.കെ.എം.എച്ച്. എസ്.എസിലെ ഇതര സംസ്ഥാന താരങ്ങളെക്കുറിച്ചാണ് പരാതി. കേരളത്തിലെ താരങ്ങളെ അണിനിരത്തിയാണ് കോരുത്തോട് സ്‌ക്കൂളിനെ കെ.പി. തോമസ് സംസ്ഥാന ചാമ്പ്യന്‍മാരാക്കിയത് എന്ന് ഓര്‍ക്കുക.