Image

ഭൗതിക വിജയങ്ങളേക്കാള്‍ പ്രധാനം ദൈവിക അനുസരണം: ഐ.പി.എല്‍. 650-ാമത് പ്രതിവാര പ്രാര്‍ത്ഥനായോഗം ശ്രദ്ധേയമായി.

പി പി ചെറിയാന്‍ Published on 28 October, 2026
ഭൗതിക വിജയങ്ങളേക്കാള്‍ പ്രധാനം ദൈവിക അനുസരണം: ഐ.പി.എല്‍. 650-ാമത് പ്രതിവാര പ്രാര്‍ത്ഥനായോഗം ശ്രദ്ധേയമായി.

ഡെട്രോയിറ്റ്: ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ (IPL) 650-ാമത് പ്രതിവാര ഓണ്‍ലൈന്‍ പ്രാര്‍ത്ഥനായോഗം ചൊവ്വാഴ്ച വൈകീട്ട് (ഒക്ടോബര്‍ 27) ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു.

ന്യൂജേഴ്സി റാന്‍ഡോള്‍ഫ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. പ്രതേഷ് ഉമ്മന്‍ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ബൈബിളിലെ ശൗല്‍ രാജാവിന്റെ ചരിത്രപരമായ ജീവിതത്തെയും ദൈവനിയോഗത്തിന്റെ ഗൗരവത്തെയും ആസ്പദമാക്കി അദ്ദേഹം നല്‍കിയ സന്ദേശം പങ്കെടുത്തവര്‍ക്ക് വലിയ ആത്മീയ ഉണര്‍വ്വേകി.

ശക്തനായ ഭരണാധികാരിയും മികച്ച സൈനിക നേതൃത്വം നല്‍കിയ വ്യക്തിയുമായിരുന്നെങ്കിലും, കേവലം ഭൗതിക ശക്തിയോ അധികാരമോ കൊണ്ട് ദൈവിക നിയോഗം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ശൗലിന്റെ ജീവിതം വ്യക്തമാക്കുന്നുവെന്ന് പ്രഭാഷണത്തില്‍ ചൂണ്ടിക്കാണിച്ചു. ഒന്നാം ശമൂവേല്‍ 15-ാം അധ്യായത്തില്‍ കാണുന്നതുപോലെ, പ്രവാചകനായ ശമൂവേല്‍ മുഖേന ലഭിച്ച ദൈവിക കല്പനകള്‍ ഭാഗികമായി മാത്രം അനുസരിക്കുകയും സ്വന്തം സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തതാണ് ശൗലിന്റെ പതനത്തിന് കാരണമായത്. സ്ഥാനമാനങ്ങള്‍ എത്ര ഉയര്‍ന്നതാണെങ്കിലും ദൈവിക കല്പനകള്‍ക്ക് കീഴടങ്ങുകയാണ് പ്രധാനം. ദൈവം നല്‍കിയ പദവിയേക്കാള്‍ പ്രധാനം, ആ സ്ഥാനത്തിരുന്ന് അവിടുത്തെ ഹിതത്തോട് എത്രത്തോളം വിശ്വസ്തത പുലര്‍ത്തുന്നു എന്നതാണെന്ന് യോഗം വിലയിരുത്തി.

ഡെട്രോയിറ്റില്‍ നിന്നുള്ള സി. വി. സാമുവല്‍ സ്വാഗത പ്രസംഗവും ആമുഖ സന്ദേശവും നല്‍കി യോഗം ആരംഭിച്ചു. ബെത്ലഹേം, പി.എ.യില്‍ നിന്നുള്ള ഡോ. അലക്‌സ് തോമസ് ആരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിക്കുകയും, ന്യൂജേഴ്സിയില്‍ നിന്നുള്ള ശ്രീമതി ബീന മാത്യു 1 ശമുവേല്‍ 15: 22-26 ഭാഗങ്ങള്‍ വായിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൂസ്റ്റണില്‍ നിന്നുള്ള ജോസഫ് ടി. ജോര്‍ജ് (രാജു) മധ്യസ്ഥ പ്രാര്‍ത്ഥന നയിച്ചു.

ഹൂസ്റ്റണില്‍ നിന്നുള്ള ടി. എ. മാത്യു നന്ദി രേഖപ്പെടുത്തുകയും വരാനിരിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ചുള്ള അറിയിപ്പുകള്‍ പങ്കുവെക്കുകയും ചെയ്തു. ഹൂസ്റ്റണ്‍ സോവേഴ്സ് ഹാര്‍വെസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. കെ. ബി. കുരുവിളയുടെ സമാപന പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി യോഗം പരിസമാപ്തിയിലായി. ഹൂസ്റ്റണില്‍ നിന്നുള്ള ഷിജു ജോര്‍ജ്ജ്, ജോസഫ് ടി. ജോര്‍ജ് (രാജു) എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ ഏകോപിപ്പിച്ചു.

വരുന്ന ആഴ്ചയിലെ (നവംബര്‍ 03, 2026) 651-ാമത് പ്രാര്‍ത്ഥനായോഗത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഇവാ. മോന്‍സി കെ. അബ്രഹാം വചനസന്ദേശം നല്‍കുന്നതും, ഹൂസ്റ്റണില്‍ നിന്നുള്ള മറിയാമ്മ അബ്രഹാം (ലളിത) മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതുമായിരിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക