
ന്യൂയോർക്ക്: ആവേശത്തിന്റെ ഓളപ്പരപ്പിൽ തുഴയെറിഞ്ഞും ചെണ്ടമേളത്തിന്റെ താളത്തിൽ ആരവമുയർത്തിയും അമേരിക്കൻ മലയാളികൾക്ക് മറക്കാനാവാത്ത അനുഭവമായി ന്യൂയോർക്ക് മലയാളി ബോട്ട് റേസ്. മലയാളം ഗ്ലോബൽ വോയ്സിന്റെ നേതൃത്വത്തിൽ നോർത്ത് ഹെമ്പ്സ്റ്റഡ് ബീച്ച് പാർക്കിൽ നടന്ന ആവേശകരമായ മത്സരത്തിൽ അഞ്ചു ടീമുകൾ മാറ്റുരച്ചു. ആവേശകരമായ മത്സരത്തിൽ റോക്ക് ലാൻഡിലെ ഭാരത് ബോട്ട് ക്ലബ് രാജൻ മാരേട്ട് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി.
ലോങ്ങ് ഐലൻഡിലെ ചലഞ്ചേഴ്സ് ബോട്ട് ക്ലബ് രണ്ടാം സ്ഥാനവും ക്വീൻസിലെ ന്യു യോർക്ക് മലയാളി ബോട്ട് ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നൂറുകണക്കിന് കാണികൾ സാക്ഷികളായ വള്ളംകളി, അമേരിക്കൻ മണ്ണിൽ മലയാളികളുടെ കായിക-സാംസ്കാരിക പാരമ്പര്യത്തിന് പുതിയ അധ്യായമായി. ബീച്ചിലെ ഓളങ്ങളെ കീറിമുറിച്ച് തുഴയെറിഞ്ഞ മത്സരാർത്ഥികൾ കാണികളിൽ ആവേശത്തിന്റെ തിരയിളക്കമുയർത്തി.
രാജൻ മാരേട്ടിന്റെ സ്മരണയ്ക്കായി ലീല മാരേട്ട് സ്പോൺസർ ചെയ്തതാൻ ട്രോഫി.
മത്സരത്തിന്റെ വിശിഷ്ടാതിഥികളായി എത്തിയ North Hempstead Town Supervisor Jennifer DeSena, Town Clerk Ragini Srivastava, Assemblyman Jake Blumencranz, Legislator Scott Strauss എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. Nassau County അധികൃതരും North Hempstead Town പ്രതിനിധികളും ഉൾപ്പെടെയുള്ള പ്രമുഖർ മത്സരത്തിന് സാക്ഷികളായി.

ഒന്നാം സ്ഥാനം നേടിയ ഭാരത് ബോട്ട് ക്ലബ്ബിന് ട്രോഫി യും 1000 ഡോളറും, രണ്ടാം സ്ഥാനം നേടിയ ചലഞ്ചേഴ്സ് ബോട്ട് ക്ലബ്ബിന് 500 ഡോളറും, മൂന്നാം സ്ഥാനം നേടിയ ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബ്ബിന് 250 ഡോളറും സമ്മാനമായി ലഭിച്ചു.
ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബ് (ക്വീൻസ്), ഭാരത് ബോട്ട് ക്ലബ് (റോക്ക്ലാൻഡ് കൗണ്ടി), അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെൻ്റ് യൂണിറ്റ് (AMLEU), ചലഞ്ചേഴ്സ് ബോട്ട് ക്ലബ് (ലോംഗ് ഐലൻഡ്), ചുണ്ടൻ ബോട്ട് ക്ലബ് (നാസ കൗണ്ടി, ലോംഗ് ഐലൻഡ്) എന്നിങ്ങനെ അഞ്ചു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
2009-ൽ തുടക്കം കുറിച്ച ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബ്ൽ നിന്ന് പിന്നീട് ഭാരത് ബോട്ട് ക്ലബ് രൂപംകൊണ്ടു. തുടർന്ന് ഭാരത് ബോട്ട് ക്ലബ്ബിൽനിന്ന് വേർപെട്ടാണ് ചലഞ്ചേഴ്സ് ബോട്ട് ക്ലബ് നിലവിൽ വന്നത്.

ജേസൺ മാന്നാർ നയിക്കുന്ന ചുണ്ടൻ ബോട്ട് ക്ലബ് ഈ വർഷം രൂപംകൊണ്ട പുതിയ ടീമാണ്. മലയാളി പോലീസ് സംഘടനയുടെ നേതൃത്വത്തിൽ അണിനിരന്ന AMLEU ടീമും മത്സരത്തിന് ആവേശം പകർന്നു.
ഫ്ലോറിഡ, കാനഡ, നയാഗ്ര, ഫിലാഡൽഫിയ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. ഇതോടെ മലയാളീ ബോട്ട് റേസ് കൂടുതൽ വിപുലമായ പ്രവാസി മലയാളി സംഗമമായി വളരുമെന്ന പ്രതീക്ഷയും ശക്തമാകുന്നു.
വള്ളംകളിക്കൊപ്പം അരങ്ങേറിയ ചെണ്ടമേളവും നൃത്തപരിപാടികളും സംഗീതവിരുന്നും ആഘോഷത്തിന് സവിശേഷമായ സാംസ്കാരിക ചാരുത പകർന്നു.
ബോട്ട് റേസ് മത്സരങ്ങളുടെ ഡയമണ്ട് സ്പോൺസർമാരായ കുട്ടനാടൻ റസ്റ്റോറന്റ് കാണികൾക്ക് രുചികരമായ ഭക്ഷണം ലഭ്യമാക്കാൻ പവലിയനുകളിൽ സന്തൂർ കുട്ടനാടൻ റസ്റ്റോറന്റിന്റെ ഫുഡ് സ്റ്റാളുകളും ഒരുക്കിയിരുന്നു.

INANI പ്രസിഡന്റ് ഡോക്ടർ ഷൈല റോഷന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന INANI മെഡിക്കൽ ടീമിന്റെ നിസ്വാർത്ഥ സേവനങ്ങൾ വള്ളംകളിക്ക് ഏറെ ഊർജ്ജമേകി. കായികമത്സരത്തിന്റെ ആവേശവും കലാപരിപാടികളുടെ മികവും ഒത്തുചേർന്നപ്പോൾ, വള്ളംകളി മത്സരം എന്നതിലുപരി അമേരിക്കൻ മണ്ണിലെ മലയാളികളുടെ മഹത്തായ സാംസ്കാരിക ജലോത്സവ സംഗമമായി മാറി.
മലയാളം ഗ്ലോബൽ വോയ്സ് ഏറ്റെടുത്ത് യാഥാർഥ്യമാക്കിയ അമേരിക്കൻ മലയാളികളുടെ ദീർഘകാല സ്വപ്നത്തിന് കരുത്തേകിയത് മെഗാ സ്പോൺസറും ചീഫ് പേട്രനുമായ Joy Mekatt ന്റെയും പ്ലാറ്റിനം സ്പോൺസറും ജനറൽ കൺവീനറുമായ Shinu Joseph ന്റെയും, പ്ലാറ്റിനം സ്പോൺസറും പേട്രനും ആയ Abraham Philip CPA യുടെയും നേതൃത്വവും സംഘാടകരുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമവും ആണ്. മലയാളി ബോട്ട് ക്ലബ് സെക്രട്ടറി മാത്യു ജോഷ്വ (ബോബി), ഗ്ലോബൽ വോയ്സ് മാർക്കറ്റിങ് മാനേജർ ജോബിൻ മഠത്തിൽ, എന്നിവരുടെ സേവനവും എടുത്തു പറയേണ്ടതാണ്. എല്ലാത്തിനും ഉപരി മലയാളം ഗ്ലോബൽ വോയ്സ് ചീഫ് എഡിറ്റർ ഫിലിപ്പ് മഠത്തിലിന്റെ കോർഡിനേഷനുമാണ് പരിപാടിയുടെ വിജയത്തിൽ നിർണായകമായത്.

ഈ വർഷത്തെ വമ്പിച്ച ജനപങ്കാളിത്തവും ആവേശകരമായ പ്രതികരണവും വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെയും കാണികളെയും പങ്കെടുപ്പിച്ച് മത്സരം വിപുലമായി സംഘടിപ്പിക്കാനുള്ള സംഘാടകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്.
തുഴകളുടെ താളവും ചെണ്ടമേളത്തിന്റെ മുഴക്കവും മലയാളികളുടെ ഒരുമയുടെ ആരവവും ഒത്തുചേർന്ന ന്യൂയോർക്ക് മലയാളീ ബോട്ട് റേസ്, അമേരിക്കൻ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചുകൊണ്ട് പുതിയൊരു തുടക്കത്തിന് വഴിയൊരുക്കി.