Image

വൃക്കദാനത്തിന് ഒമ്പത് വർഷം; ഖേദമില്ലാത്ത തീരുമാനം; കലയും കാരുണ്യവും ചേർന്ന രേഖാ നായരുടെ ജീവിതയാത്ര

മീട്ടു റഹ്മത്ത് കലാം Published on 27 October, 2026
വൃക്കദാനത്തിന് ഒമ്പത് വർഷം; ഖേദമില്ലാത്ത തീരുമാനം;  കലയും കാരുണ്യവും ചേർന്ന രേഖാ നായരുടെ   ജീവിതയാത്ര

അമേരിക്കൻ മലയാളി സമൂഹത്തിൽ കല, മാധ്യമപ്രവർത്തനം, സാംസ്കാരിക പ്രവർത്തനം, സംഘടനാ നേതൃത്വം തുടങ്ങിയ മേഖലകളിൽ സാന്നിധ്യമറിയിച്ച വ്യക്തിയാണ് രേഖാ നായർ. ന്യൂയോർക്കിൽ ജനിച്ചുവളർന്ന അവർ മലയാളഭാഷയോടും കേരളീയ കലാരൂപങ്ങളോടും പുലർത്തുന്ന അടുപ്പം രണ്ടാം തലമുറ പ്രവാസികൾ എന്നും ആശ്ചര്യത്തോടെ നോക്കുന്ന ഒന്നായിരുന്നു. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പരിശീലനം നേടിയ രേഖ ന്യൂയോർക്കിൽ കലാകേന്ദ്ര എന്ന പേരിൽ നൃത്തവിദ്യാലയവും നടത്തിയിരുന്നു. ഫോമാ വനിതാഫോറം സെക്രട്ടറിയായിരിക്കെ നഴ്സിങ് സ്കോളർഷിപ്പ്, പാലിയേറ്റീവ് കെയർ തുടങ്ങിയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

എന്നാൽ, രേഖയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്ന് കലാരംഗത്തെയോ സംഘടനാപ്രവർത്തനത്തെയോ സംബന്ധിച്ചല്ല. 2017-ൽ, മറ്റൊരു  യുവതിക്ക് വൃക്കദാനം ചെയ്യാൻ അവർ തീരുമാനിച്ചു. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഒമ്പത് വർഷം പിന്നിടുമ്പോൾ ഇരുവരും സുഖമായിരിക്കുന്നു. മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് അതു ചെയ്തുകൂടാ എന്ന ചിന്തയാണ് അന്ന് രേഖയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കേരളത്തിലേക്ക് മടങ്ങിയെത്തിയ രേഖ ഇപ്പോൾ പുതിയൊരു സംരംഭത്തിന്റെ ഒരുക്കത്തിലാണ്. കാരുണ്യത്തിന്റെ അനുഭവം, കലയുടെ ലോകം, പ്രവാസജീവിതത്തിലെ മാറ്റങ്ങൾ, കുടുംബം, പുതിയ തുടക്കങ്ങൾ എന്നിവയെക്കുറിച്ച് രേഖാ നായർ സംസാരിക്കുന്നു..

2017-ൽ തികച്ചും അപരിചിതയായ ഒരാൾക്ക് വൃക്കദാനം ചെയ്യാൻ തീരുമാനിച്ചത് എങ്ങനെയാണ്?

അതൊരു മുൻകൂട്ടി ആസൂത്രണം ചെയ്ത തീരുമാനമായിരുന്നില്ല. ചില സംഭവങ്ങൾ തുടർച്ചയായി ഉണ്ടായതിന്റെ ഫലമായാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. ചിറമ്മേൽ അച്ചന്റെ പ്രസംഗമാണ് വഴിത്തിരിവായത്. വൃക്കദാനം ചെയ്ത അനുഭവം അദ്ദേഹം അമേരിക്കയിലെത്തിയപ്പോൾ സംസാരിച്ചതും അദ്ദേഹത്തിന്റെ ജീവിതത്തിൽ അതുകൊണ്ട് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു മനസ്സിലാക്കിയതും എന്നെ സ്വാധീനിച്ചു.

2017 ജനുവരിയിലാണ് വൃക്കമാറ്റിവയ്ക്കൽ ആവശ്യമായിരുന്ന ഒരു യുവതിയെക്കുറിച്ച് അറിയുന്നത്. ഞാൻ നേരിട്ട് അവരെ ബന്ധപ്പെട്ടു. എനിക്ക് സഹായിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ചെയ്തുകൂടാ എന്നായിരുന്നു ചിന്ത. എന്റെ ഒരു അവയവം ദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവിതം രക്ഷിക്കാൻ കഴിയുമെങ്കിൽ, അതിൽനിന്ന് എനിക്ക് എന്താണ് നഷ്ടപ്പെടുന്നത് എന്നായിരുന്നു ഞാൻ എന്നോടുതന്നെ ചോദിച്ചത്.

പരിശോധനകൾ നടത്തിയപ്പോൾ എന്റെ വൃക്ക അവർക്കു യോജിക്കുമെന്ന് കണ്ടെത്തി. ദാതാവാകാൻ കഴിയുമെന്ന് ഉറപ്പായാൽ വൃക്ക നൽകാമെന്ന് ഞാൻ വാക്കുകൊടുത്തിരുന്നു. ആ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകണമെന്ന് പിന്നീട് ഒരുഘട്ടത്തിലും തോന്നിയിട്ടില്ല.

ആ യുവതിയുടെ ജീവിതസാഹചര്യം തീരുമാനത്തെ കൂടുതൽ സ്വാധീനിച്ചിരുന്നോ?

തീർച്ചയായും. ഞങ്ങൾ ഏകദേശം സമപ്രായക്കാരായിരുന്നു.  അവർക്ക് അന്ന് ഒൻപത് വയസ്സുള്ള ഒരു മകളുമുണ്ടായിരുന്നു. വൃക്കമാറ്റിവയ്ക്കൽ നടന്നില്ലെങ്കിൽ അവരുടെ ജീവിതം എത്രത്തോളം പ്രതിസന്ധിയിലാകുമെന്നു മനസ്സിലാക്കിയപ്പോൾ സഹായിക്കണമെന്ന തോന്നൽ കൂടുതൽ ശക്തമായി.

ഒരു കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റാൻ കഴിയുന്ന കാര്യമായിരുന്നു അത്. സഹായിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെങ്കിൽ എന്തുകൊണ്ട് മാറിനിൽക്കണം എന്നതിനപ്പുറം വലിയ തത്ത്വചിന്തകളൊന്നും ഉണ്ടായിരുന്നില്ല. അത് നടപ്പാക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹമായാണ് കാണുന്നത്.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രതികരണം എങ്ങനെയായിരുന്നു?

എല്ലാവരും ഒരുപോലെ പിന്തുണച്ചിരുന്നില്ല. അന്ന് അവയവദാനത്തെക്കുറിച്ച് പലർക്കും വ്യക്തമായ അറിവില്ലായിരുന്നു.  നമ്മുടെ ഒരു വൃക്ക മറ്റൊരാൾക്ക് നൽകുന്നതോടെ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും പലരും കരുതിയിരുന്നു. അതുകൊണ്ടുതന്നെ എന്തിനാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്ന് ചോദിച്ചവരുണ്ടായിരുന്നു.

എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും സ്വാഭാവികമായ ആശങ്കകളുണ്ടായിരുന്നു. ഏതൊരു ശസ്ത്രക്രിയയിലും അപകടസാധ്യതയുണ്ടല്ലോ. എന്നാൽ, അമേരിക്കപോലൊരു രാജ്യത്ത് വിശദമായ ആരോഗ്യപരിശോധനകൾക്കുശേഷമാണ് ദാതാവാകാൻ അനുമതി ലഭിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ തീരുമാനം ഉറച്ചതായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ഭയങ്ങൾ എന്റെ തീരുമാനത്തെ മാറ്റിയില്ല.

ചില കാര്യങ്ങൾ ചെയ്യണമെന്ന് മനസ്സിൽ തോന്നുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കഴിയണം.

ശസ്ത്രക്രിയയ്ക്കുശേഷം ഒമ്പത് വർഷം പിന്നിട്ടിരിക്കുന്നു. ഇപ്പോഴത്തെ ആരോഗ്യസ്ഥിതി എങ്ങനെയാണ്?

ഞങ്ങൾ രണ്ടുപേരും സുഖമായിരിക്കുന്നു. ശസ്ത്രക്രിയ നടന്നത് 2017 ജൂലൈ 11-നാണ്. ആ അനുഭവം ഒട്ടും എളുപ്പമായിരുന്നില്ല. പരിശോധനകളും മറ്റു നടപടിക്രമങ്ങളുമെല്ലാം കടന്നുപോകേണ്ടിവന്നു. അതിനിടെ പലരുടെയും പ്രതികരണങ്ങളും ആശങ്കകളും നേരിടേണ്ടിവന്നു.

എന്നാൽ ഇത്രയും വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായി അതിനെ കാണുന്നു. ശസ്ത്രക്രിയയ്ക്കുശേഷവും ഞാൻ നൃത്തം ചെയ്തിട്ടുണ്ട്, ജോലിക്കുപോയിട്ടുണ്ട്, യാത്ര ചെയ്തിട്ടുണ്ട്. എന്റെ ദൈനംദിന ജീവിതത്തിൽ നിയന്ത്രണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. വ്യക്തിപരമായി എനിക്ക് അതൊരു നല്ല അനുഭവമാണ്.

എന്നാൽ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി വ്യത്യസ്തമാണ്. അവയവദാനത്തെക്കുറിച്ച് ആലോചിക്കുന്നവർ വിദഗ്ധരായ ഡോക്ടർമാരുടെ നിർദേശവും പരിശോധനകളും അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കേണ്ടത്.

താങ്കളുടെ  അനുഭവം മറ്റുള്ളവരിൽ അവയവദാനത്തെക്കുറിച്ചുള്ള ധാരണ മാറ്റാൻ സഹായിച്ചിട്ടുണ്ടോ?

അതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യങ്ങളിലൊന്ന്. എന്റെ വൃക്കദാനത്തിനുശേഷം അവയവദാനത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ കൂടുതൽ പേർ തയ്യാറായതായി തോന്നിയിട്ടുണ്ട്. സ്വന്തം കുടുംബത്തിലോ പരിചയവലയത്തിലോ വൃക്കമാറ്റിവയ്ക്കൽ ആവശ്യമായവരുണ്ടെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാനും ദാതാക്കളെ കണ്ടെത്താനുള്ള സാധ്യതകൾ അന്വേഷിക്കാനും ആളുകൾ മുന്നോട്ടുവന്നു.

അമേരിക്കൻ മലയാളി സമൂഹത്തിൽത്തന്നെ തുടർന്നുള്ള വർഷങ്ങളിൽ വിജയകരമായ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. അവയവദാനം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാൻ പോലും മടിച്ചിരുന്നവർ കൂടുതൽ തുറന്ന മനസ്സോടെ ഈ വിഷയത്തെ സമീപിക്കുന്നത് നല്ല മാറ്റമാണ്.

ഞാൻ ഇതൊന്നും പ്രശസ്തിക്കുവേണ്ടി ചെയ്തതല്ല. എന്നാൽ എന്റെ അനുഭവം മറ്റൊരാൾക്ക് ധൈര്യം നൽകുകയോ അവയവദാനത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിൽ സന്തോഷമുണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് എന്റെ ഭാഗത്തുനിന്ന് കഴിയുന്ന പിന്തുണ നൽകാൻ എപ്പോഴും തയ്യാറാണ്.

ന്യൂയോർക്കിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ മലയാളഭാഷയോടും കേരളീയ സംസ്കാരത്തോടും ഇത്രയധികം അടുപ്പം തോന്നിയത് എങ്ങനെയാണ്?

ഞാൻ വളർന്ന കാലത്ത് ഇന്നത്തെപ്പോലെ മലയാളം പഠിക്കാനുള്ള സൗകര്യങ്ങൾ അമേരിക്കയിൽ വ്യാപകമായിരുന്നില്ല. മലയാളം സ്കൂളുകളും സാംസ്കാരിക പരിപാടികളും വളരെ പരിമിതമായിരുന്നു. എങ്കിലും മാതാപിതാക്കൾക്കും കുടുംബത്തിനും നമ്മുടെ ഭാഷയോടും സംസ്കാരത്തോടുമുള്ള അടുപ്പം കുട്ടികളിലേക്കും പകരാൻ കഴിഞ്ഞിരുന്നു.

അമേരിക്കയിൽ ജനിച്ചുവളരുന്ന രണ്ടാം തലമുറയ്ക്ക് ഇംഗ്ലീഷാണ് സ്വാഭാവികമായ ആശയവിനിമയഭാഷ. കുട്ടികൾക്ക് അവിടത്തെ സമൂഹത്തിൽ എളുപ്പം ഇണങ്ങിച്ചേരാൻ കഴിയണമെന്നായിരുന്നു ആദ്യകാല പ്രവാസികളായ പല മാതാപിതാക്കളുടെയും ആഗ്രഹം. അതിനാൽ മലയാളത്തിന് വേണ്ടത്ര പ്രാധാന്യം നൽകാൻ കഴിയാതിരുന്ന സാഹചര്യങ്ങളുണ്ടായിരുന്നിരിക്കാം.

എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറിയിട്ടുണ്ട്. മലയാളം പഠിപ്പിക്കുന്ന സ്കൂളുകൾ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾ, കലാപരിപാടികൾ, നൃത്ത-സംഗീത പരിശീലനം എന്നിവയിലൂടെ പുതിയ തലമുറയ്ക്ക് സ്വന്തം വേരുകളുമായി ബന്ധം പുലർത്താൻ കൂടുതൽ അവസരങ്ങളുണ്ട്. ഭാഷയും സംസ്കാരവും അടുത്ത തലമുറയ്ക്ക് കൈമാറുന്നതിൽ കുടുംബത്തിനും സമൂഹത്തിനും വലിയ പങ്കുണ്ട്.

നൃത്തം ജീവിതത്തിന്റെ ഭാഗമായത് എങ്ങനെയാണ്?

ആറാമത്തെ വയസ്സുമുതൽ ശ്രീമതി ചന്ദ്രിക കുറുപ്പിന്റെ കീഴിലാണ് ഞാൻ നൃത്തം പഠിച്ചത്. എന്റെ പ്രധാന ഗുരു അവരാണ്. അന്ന് അവർക്ക് നിരവധി വിദ്യാർഥികളുണ്ടായിരുന്നു. കുട്ടിക്കാലത്ത് നൃത്തം എന്റെ പ്രധാന ഹോബികളിലൊന്നായിരുന്നു. ഭരതനാട്യവും മോഹിനിയാട്ടവുമാണ് കൂടുതൽ പരിശീലിച്ചിട്ടുള്ളത്. മറ്റു നൃത്തരൂപങ്ങളിലും പരിശീലനം നേടിയിട്ടുണ്ട്.

അന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കാനും നൃത്തം അവതരിപ്പിക്കാനും അവസരങ്ങൾ ലഭിച്ചിരുന്നു. നൃത്തം ഒരു കലാപരിശീലനം മാത്രമായിരുന്നില്ല; എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പഠനവും ജോലിയും കുടുംബജീവിതവുമെല്ലാം മുന്നോട്ടുപോയപ്പോഴും കലയോടുള്ള താൽപര്യം നിലനിന്നു.

ന്യൂയോർക്കിൽ കലാകേന്ദ്ര എന്ന പേരിൽ നൃത്തവിദ്യാലയം നടത്തിയിരുന്നല്ലോ. അതിനെക്കുറിച്ച് പറയാമോ?

നൃത്തത്തോടുള്ള താൽപര്യത്തിന്റെ തുടർച്ചയായാണ് ന്യൂയോർക്കിൽ കലാകേന്ദ്ര ആരംഭിച്ചത്. വിദ്യാർഥികൾക്ക് നൃത്തം പഠിപ്പിക്കാനും കേരളീയ കലാരൂപങ്ങളുമായി അവരെ ബന്ധിപ്പിക്കാനും അതിലൂടെ കഴിഞ്ഞു. വീട്ടിൽ വിദ്യാർഥികൾ എത്തി പരിശീലനം നടത്തുന്ന രീതിയിലും ക്ലാസുകൾ നടത്തിയിരുന്നു.

കുടുംബത്തോടൊപ്പം കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതോടെ 2020-ൽ കലാകേന്ദ്രയുടെ പ്രവർത്തനം അവസാനിപ്പിച്ചു. അത് എനിക്ക് പ്രിയപ്പെട്ട ഒരു സംരംഭമായിരുന്നു. വിദ്യാർഥികളുമായി ചെലവഴിച്ച സമയവും നൃത്തം പഠിപ്പിച്ച അനുഭവങ്ങളും ഇന്നും വിലപ്പെട്ടതാണ്.

അമേരിക്കയിലെ മാധ്യമപ്രവർത്തനവും സംഘടനാപ്രവർത്തനവും എങ്ങനെയാണ് ഓർക്കുന്നത്?

മലയാളത്തിൽ സംസാരിക്കാനും എഴുതാനും കഴിഞ്ഞത് മാധ്യമരംഗത്തേക്കുള്ള വഴികൾ തുറന്നു. ഏഷ്യാനെറ്റ്, പ്രവാസി ചാനൽ, മഴവിൽ എഫ്.എം. റേഡിയോ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാർത്താ അവതരണവും മറ്റു പ്രവർത്തനങ്ങളും നടത്താൻ അവസരം ലഭിച്ചു.

സംഘടനാപ്രവർത്തനത്തിലും സജീവമായിരുന്നു. ഫോമാ വനിതാഫോറം സെക്രട്ടറിയായി പ്രവർത്തിച്ച കാലം പ്രത്യേകിച്ചും ഓർക്കുന്നു. നഴ്സിങ് സ്കോളർഷിപ്പ്, പാലിയേറ്റീവ് കെയർ തുടങ്ങിയ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞത് സംതൃപ്തി നൽകുന്നു. സ്ത്രീകളെയും യുവാക്കളെയും സംഘടനാപ്രവർത്തനത്തിലേക്ക് കൂടുതൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യവും അന്ന് തിരിച്ചറിഞ്ഞു.

സംഘടനാപ്രവർത്തനം എന്നത് താൽപര്യവും സമയവും ആവശ്യപ്പെടുന്ന ഒന്നാണ്. വീടും ജോലിയും കുടുംബവും കൈകാര്യം ചെയ്യുന്നതിനൊപ്പം പൊതുപ്രവർത്തനത്തിനും സമയം കണ്ടെത്താൻ മനസ്സുണ്ടാകണം. കുടുംബത്തിന്റെ പിന്തുണയും പ്രധാനമാണ്.

അമേരിക്കയിൽവെച്ചുള്ള പരിചയം വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

എന്റെ ഭർത്താവ് നിഷാന്ത് നായരെ അമേരിക്കയിൽ താമസിച്ചിരുന്ന സമയത്താണ് പരിചയപ്പെട്ടത്. 2004-ൽ അദ്ദേഹം അവിടെ IT മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു അസോസിയേഷന്റെ പരിപാടിയിൽവെച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. ആ പരിചയം പിന്നീട് വിവാഹത്തിലേക്ക് എത്തി. വിവാഹശേഷം ഏകദേശം 15 വർഷത്തോളം ഞങ്ങൾ അമേരിക്കയിൽ താമസിച്ചു.

അദ്ദേഹം ഐ.ടി. മേഖലയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നു. പിന്നീട് ഞങ്ങൾ ഇരുവരും കൗണ്ടിയിലും ജോലി ചെയ്തു. അതേസമയം, നാട്ടിൽ അദ്ദേഹത്തിന് ബിസിനസ് സംരംഭങ്ങളുണ്ടായിരുന്നു.

അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതിനു പിന്നിലെ പ്രധാന കാരണം എന്തായിരുന്നു?

കുട്ടികളെ നാട്ടിൽ പഠിപ്പിക്കണമെന്നത് ഭർത്താവിന്റെ ആഗ്രഹമായിരുന്നു. അതോടൊപ്പം നാട്ടിലെ കുടുംബപരമായ ഉത്തരവാദിത്തങ്ങളും പ്രധാനമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മരിച്ചതിനുശേഷം നാട്ടിലെ ബിസിനസുകളുടെയും മറ്റു കാര്യങ്ങളുടെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായി. അമേരിക്കയിൽ തുടർന്നുകൊണ്ട് അതെല്ലാം കൈകാര്യം ചെയ്യുക എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് കേരളത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്.

2020-ലാണ് മടങ്ങാനുള്ള തീരുമാനം എടുത്തത്. കോവിഡ് കാലത്തെ സാഹചര്യങ്ങൾ കാരണം മാറ്റം ഘട്ടംഘട്ടമായിട്ടാണ് നടന്നത്. 2021 ആയപ്പോഴേക്കും ഞങ്ങൾ കേരളത്തിലേക്ക് പൂർണമായി മാറി.ഇപ്പോൾ അദ്ദേഹം നാട്ടിൽ ഫോർ സ്റ്റാർ ഹോട്ടലും കൺസ്ട്രക്ഷൻ ബിസിനസും നടത്തുന്നു.

ന്യൂയോർക്ക് എനിക്ക് ഇപ്പോഴും ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. എന്നാൽ ജീവിതത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ ഇടങ്ങളുമായി പൊരുത്തപ്പെടാനും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കഴിയണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അമേരിക്കയിൽനിന്ന് നേരിട്ട് കേരളത്തിലേക്ക് വന്നപ്പോൾ സാംസ്കാരികമായും തൊഴിൽപരമായും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടായോ?

വ്യത്യാസങ്ങളുണ്ടെന്നത് നിഷേധിക്കാനാവില്ല. അമേരിക്കയിലെയും കേരളത്തിലെയും ജീവിതരീതികളും തൊഴിൽസംസ്കാരവും വ്യത്യസ്തമാണ്. കേരളത്തിലെത്തിയശേഷം ഒരു ബാങ്കിൽ ജോലി ചെയ്തിരുന്നു. അമേരിക്കയിൽ വർഷങ്ങളോളം ജോലി ചെയ്ത അനുഭവമുണ്ടായിരുന്നെങ്കിലും ഇവിടത്തെ തൊഴിൽസംസ്കാരം വേറിട്ടതാണെന്ന് മനസ്സിലായി.

എന്നാൽ അതിനെ അംഗീകരിച്ച് പൊരുത്തപ്പെടാൻ മനസ്സുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്ന പലരും റോഡ്, കാലാവസ്ഥ, ജീവിതസൗകര്യങ്ങൾ തുടങ്ങി പല കാര്യങ്ങളിലും ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. എനിക്കും വ്യത്യാസങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ എവിടെയായാലും ജീവിതത്തോട് പൊരുത്തപ്പെടാൻ കഴിയണമെന്നാണ് എന്റെ കാഴ്ചപ്പാട്.

എന്റെ വളർച്ചയും മാതാപിതാക്കൾ നൽകിയ ആത്മവിശ്വാസവുമാകാം അതിന് സഹായിച്ചത്. എന്നെ എവിടെ കൊണ്ടുപോയി നിർത്തിയാലും അവിടെ ജീവിക്കാൻ സാധിക്കും. അമേരിക്കയിലെ ജീവിതത്തെ ഞാൻ സ്നേഹിക്കുന്നു; അതേസമയം കേരളത്തിലെ ജീവിതത്തെയും സ്വീകരിക്കാൻ കഴിയുന്നു.

കല, മാധ്യമപ്രവർത്തനം, സംഘടനാപ്രവർത്തനം എന്നിവയിൽനിന്ന് മാറി പുതിയ സംരംഭത്തിലേക്ക് കടക്കുമ്പോൾ എന്താണ് ഏറ്റവും പ്രധാനമായി കാണുന്നത്?

ജീവിതത്തിൽ ഓരോ ഘട്ടത്തിനും ഓരോ മുൻഗണനകളുണ്ടാകും. അമേരിക്കയിൽ താമസിച്ചിരുന്നപ്പോൾ മാധ്യമപ്രവർത്തനവും നൃത്തവും സംഘടനാപ്രവർത്തനവും ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളായിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം കേരളത്തിലാണ്. പുതിയ സംരംഭത്തിന് കൂടുതൽ സമയം നൽകേണ്ട ഘട്ടമാണിത്.

സംഘടനാപ്രവർത്തനത്തിൽ ഇപ്പോൾ അമേരിക്കയിലുണ്ടായിരുന്നത്ര സജീവമല്ല. എന്നാൽ സമൂഹത്തിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കഴിയുന്ന സഹായം നൽകാൻ മടിയില്ല. മറ്റുള്ളവർക്കു പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യുക എന്ന മനോഭാവം ജീവിതത്തിൽ തുടരണം എന്നാണ് ആഗ്രഹം.

കേരളത്തിലെത്തിയശേഷം ഇപ്പോൾ എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?

ഇപ്പോൾ പുക്കാട്ടുപടിയിൽ ഒരു യൂണിസെക്സ് സലൂൺ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ്. ഒരു പങ്കാളിയോടൊപ്പമാണ് സംരംഭം തുടങ്ങുന്നത്. പുതിയ സംരംഭം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ജീവിതത്തിൽ ഓരോ ഘട്ടത്തിലും മുൻഗണനകൾ മാറും. അമേരിക്കയിൽ നൃത്തം, മാധ്യമപ്രവർത്തനം, സംഘടനാപ്രവർത്തനം എന്നിവയ്ക്ക് കൂടുതൽ സമയം നൽകിയിരുന്നെങ്കിൽ ഇപ്പോൾ കുടുംബത്തിനും പുതിയ സംരംഭത്തിനുമാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.

മക്കളുടെ വിദ്യാഭ്യാസവും താൽപര്യങ്ങളും എങ്ങനെയാണ്?

മകൾ ദേവി പ്ലസ് വണ്ണിലും മകൻ സൂരജ് ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇരുവരും എറണാകുളത്തെ വിദ്യോദയ സ്കൂളിലാണ്. മകൾ ഏകദേശം അഞ്ചു വർഷത്തോളം നൃത്തം അഭ്യസിച്ചിരുന്നു. മകന് ഫുട്ബോളിനോടാണ് കൂടുതൽ താൽപര്യം. അമേരിക്കയിൽ വളർന്ന അനുഭവവും കേരളത്തിലെ വിദ്യാഭ്യാസവും ജീവിതരീതികളും അടുത്തറിയാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നതിൽ സന്തോഷമുണ്ട്.

പിന്നിട്ട വഴിയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും സംതൃപ്തി നൽകുന്ന തീരുമാനം ഏതാണ്?

സംശയമില്ല, വൃക്കദാനം തന്നെയാണ്. മറ്റൊരാളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു എന്ന ചിന്ത വലിയ സംതൃപ്തി നൽകുന്നു. അത് ചെയ്തതിൽ ഇന്നുവരെ ഖേദം തോന്നിയിട്ടില്ല. മറിച്ച്, ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായാണ് അതിനെ കാണുന്നത്.

എല്ലാ തീരുമാനങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തായിരിക്കണമെന്നില്ല. ചിലപ്പോൾ മനസ്സിൽ ഒരു നല്ല ചിന്ത വരും. അത് നടപ്പാക്കാൻ നമുക്ക് കഴിയുന്ന സാഹചര്യമുണ്ടെങ്കിൽ മുന്നോട്ടുപോകണം. മറ്റൊരാൾക്ക് സഹായം ആവശ്യമുള്ളപ്പോൾ നമുക്ക് അതിനുള്ള കഴിവുണ്ടെങ്കിൽ കഴിയുന്നത്ര സഹായിക്കുക. അതാണ് ഞാൻ വിശ്വസിക്കുന്നത്.

എന്റെ അനുഭവം മറ്റുള്ളവരെയും അവയവദാനത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിൽ സന്തോഷമുണ്ട്. അതിനായി വലിയ പ്രസംഗങ്ങളോ പ്രചാരണമോ ആവശ്യമില്ല. ചിലപ്പോൾ നമ്മുടെ ജീവിതത്തിലെ ഒരു തീരുമാനം തന്നെ മറ്റൊരാൾക്ക് പ്രചോദനമാകാം.
 

Join WhatsApp News
Matt 2026-10-27 21:37:26
We are living in a world where compassion, empathy, and love have become increasingly rare commodities. Without genuine compassion for a fellow human being, it is difficult to make the selfless decision to donate an organ. One of my favorite Bible verses is, "Love your neighbor as yourself." Yet, it is often one of the most difficult teachings to practice, even for those who preach it regularly. The beauty of this message is that it transcends all barriers of religion, race, and culture. Sometimes, when I remind my Christian friends of this verse and point out that my neighbor may be a Muslim, the reaction is often immediate and revealing. In your case, a priest helped influence your decision with no prejudice and no concern for religious taboos. That makes your act even more admirable. Ms. Reha Nair, words are insufficient to express my appreciation for what you have done for another human being. Your decision reflects the highest values of humanity, kindness, and selfless love. Not long ago, I watched a moving segment on America's Got Talent in which two mothers and a young man were brought together on stage. The heart of one mother's deceased son had been donated to another young man, and until that moment they had never met. It was an incredibly emotional and inspiring scene that left a lasting impression on me. Your story evokes the same feelings of admiration and hope. Acts such as yours remind us that humanity is still alive and well in our world. I wish you and your family good health, happiness, and many blessings in the years to come. https://youtu.be/ViqUKsgwlf4?si=rQl01u4yW4DYLo7Q
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക