
ടൊവിനോ തോമസിന്റെ റൊമാന്റിക് ഫാന്റസി ചിത്രം 'മുമ്പേ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. സൈജു ശ്രീധരന് സംവിധാനം ചെയ്യുന്ന ചിത്രത്തിനു നവാഗതയായ ടീന തോമസാണു തിരക്കഥ ഒരുക്കിയത്. മേഘനാ മനോജാണ് ടൊവിനോയുടെ നായിക. വിനയ് ഫോര്‍ട്ട്, കിരണ്‍ പീതാംബരന് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
വ്യത്യസ്തവും തീവ്രവുമായ ഫാന്റസി പ്രണയകഥയാണ് 'മുമ്പേ' എന്ന് ടൊവിനോ തോമസ് നേരത്തെ വിശേഷിപ്പിച്ചിരുന്നു. കോസ്മിക് വോംഹോളില്‍ നില്ക്കുന്ന ടൊവിനോയുടെയും അതിലേക്ക് വീഴുന്ന യുവതിയുടെയും മോഷന്‍ പോസ്റ്റര്‍ 2024-ല്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. 'നഷ്ടപ്പെട്ടവളെ തിരികെ പിടിക്കാന്‍ നിങ്ങള്‍ എത്ര ദൂരം പോകും' എന്ന ക്യാപ്ഷന്‍ കാലഘട്ടങ്ങളെ അതിജീവിക്കുന്ന പ്രണയകഥയാണെന്ന സൂചനയാണു നല്‍കുന്നത്.
ടൊവിനോ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടൊവിനോയും സഹോദരന് ടിംഗ്സ്റ്റണ്‍ തോമസും പനോരമ സ്റ്റുഡിയോസും ഡോള്‍വിന്‍ കുര്യാക്കോസിന്റെ തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.