
’വായനക്കാരേ വരുന്നു,ഞാൻ നമ്മൾക്കൊരായിരം കൂട്ടങ്ങളില്ലേ പറയുവാൻ..’
എന്ന് ചോദിച്ചു കൊണ്ട് മലയാള സാഹിത്യ ലോകത്തേയ്ക്ക് കടന്നു വന്ന വയലാർ മലയാളിയുടെ മനസ്സ് അവരറിയാതെ കീഴടക്കുകയായിരുന്നു, കവിതയായി, ചലച്ചിത്ര ഗാനങ്ങളായി, നാടക ഗാനങ്ങളായി ആ തൂലിക അത്ഭുതം സൃഷ്ടിച്ചു. വിട പറഞ്ഞ് അൻപത്തിയൊന്ന് വർഷം കഴിയുമ്പോഴും ഇന്നും മലയാളിയുടെ മനസ്സിൽ , നാവിൻ തുമ്പിൽ ദിവസം ഒരു തവണയെങ്കിലും അനശ്വരമായ ആ വരികൾ കടന്നു വരാതിരിക്കില്ല.
"ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..." എന്ന് പാടി മലയാളി മനസ്സിനെ പ്രണയത്തിലും വിപ്ലവത്തിലും ഒരു പോലെ ചേർത്തു നിർത്തി പ്രിയ കവി വയലാർ രാമവർമ്മ. 1975 ഒക്ടോബർ 27-ന് പുന്നപ്ര-വയലാർ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെയാണ് ആ വിപ്ലവഗായകൻ വിടപറഞ്ഞത്. യാദൃച്ഛികമാണെങ്കിലും കാലത്തിന്റെ കാവ്യനീതിയാകാം അന്നേ ദിവസം തന്നെ വയലാറിന്റെ ചരമ ദിനവും കടന്നു വന്നത്. എല്ലാ വർഷവും തുലാം പത്തിന് ഒക്ടോബർ 27-ന് രാവിലെ വയലാറിന്റെ വീടായ വയലാർ രാഘവപ്പറമ്പിലും ഉച്ചയ്ക്ക് ശേഷം വയലാർ സമര ഭൂമിയിലും വയലാർ അനുസ്മരണവും കവിയരങ്ങും നടന്നു വരുന്നു.
കേരളത്തിന്റെ പല ഭാഗങളിൽ നിന്നും എത്രയോ കവികൾ, സഹൃദയർ, അവിടെ എത്തി ഓർമ്മകൾ പങ്കു വെക്കുന്നു, കവിയരങ്ങിൽ കവിതകൾ അവതരിപ്പിക്കുന്നു...അതിനു മുമ്പുള്ള ദിവസങ്ങളിലും വയലാർ ഫാൻസ് ഉൾപ്പെടെയുള്ള സാംസ്ക്കാരിക സംഘടനകളുടെ വയലാർ അനുസ്മരണം, വയലാറിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധ പുരസ്ക്കാരങ്ങളുട്വെ വിതരണം ഒക്കെയായി ഒരാഴ്ച്ച മുമ്പ തന്നെ വയലാർ അനുസ്മരണങ്ങൾ ആരംഭിക്കും.
ഈ വർഷത്തെ വയലാർ ദിനത്തിൽ എനിക്ക് വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്ന കാര്യം കേരള സാബർമതി സാംസ്കാരിക വേദി ഏർപ്പെടുത്തിയ വയലാർ സ്മൃതി പുരസ്കാരത്തിൽ എന്റെ മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ എന്ന ഓർമ്മക്കുറിപ്പുകൾക്ക് സ്പെഷ്യൽ ജൂറി പുരസ്ക്കാരം ലഭിച്ചു എന്നതാണ്. കഴിഞ്ഞ ദിവസം മാരാരിക്കുളത്ത് നടന്ന ചടങ്ങിൽ മുൻമന്ത്രി പി.പ്രസാദ് സാറിൽ നിന്നും ആ പുരസ്ക്കാരം ഏറ്റ് വാങ്ങുമ്പോൾ സദസ്സിലെന്ന പോലെ എന്റെ മനസ്സിലും പ്രിയ കവിയുടെ ഓർമ്മകൾ നിറഞ്ഞു .
വയലാറുകാരുടെയും ചേർത്തലക്കാരുടെയും മാത്രമല്ല ലോകമാകെയുള്ള മലയാളികളുടെയും ഹൃദയ വികാരമായ വയലാറിനെക്കുറിച്ചുള്ള ഓർമ്മകൾ ലോകത്തെവിടെയും നടക്കുന്നു. അതു തന്നെയാണ് വയലാർ രാമവർമ്മയെന്ന അനശ്വരകവി മനുഷ്യ മനസ്സുകളിൽ സൃഷ്ടിച്ച സ്വാധീനം..
1928-ൽ ചേർത്തലയിലെ വയലാർ ഗ്രാമത്തിൽ ജനിച്ച്, വളരെ ചെറുപ്പത്തിൽത്തന്നെ കാവ്യലോകത്തേക്ക് കടന്നുവന്ന രാമവർമ്മ, മലയാള സാഹിത്യത്തിൽ ഒരു പുതിയ യുഗത്തിനാണ് തുടക്കം കുറിച്ചത്. ദന്തഗോപുരങ്ങളിൽ നിന്നും കവിതയെ മണ്ണിലേയ്ക്കും സാധാരണക്കാരന്റെ മനസ്സിലേക്കും കൊണ്ടുവന്നത് വയലാറായിരുന്നു.
'പാദമുദ്രകൾ', 'സർഗ്ഗസംഗീതം', 'മുളങ്കാട്' തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെ പ്രതിഭ തെളിയിച്ച് പിന്നീട് സിനിമയിലേക്ക് ചുവടുവെച്ചതോടെയാണ് വയലാർ കൂടുതൽ ജനകീയനായതെന്ന് പറയാം. 1956-ൽ 'കൂടപ്പിറപ്പ്' എന്ന ചിത്രത്തിലെ "തുമ്പി തുമ്പി വാ വാ..." എന്ന ഗാനത്തിലൂടെ ആരംഭിച്ച ആ ജൈത്രയാത്ര, പിന്നീട് ദേവരാജൻ മാസ്റ്ററുമായി ചേർന്നപ്പോൾ പിറന്നത് മലയാളികൾ നെഞ്ചേറ്റിയ ആയിരത്തിലധികം അനശ്വര ഗാനങ്ങളായിരുന്നു.
കാലത്തെ വെല്ലുന്ന ദാർശനികതയും പ്രണയവും വിരഹവും ഭക്തിയും യുക്തിയും വിപ്ലവവും അദ്ദേഹത്തിന്റെ തൂലികത്തുമ്പിൽ നിന്ന് ഒരേപോലെ ഒഴുകിയിറങ്ങി. ഭാരതീയ തത്ത്വചിന്തകളെയും പുരാണങ്ങളെയും ഏറ്റവും ലളിതമായി സാധാരണക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 'ബലികുടീരങ്ങളേ...', 'സഖാക്കളേ മുന്നോട്ട്...' തുടങ്ങിയ വരികളിലൂടെ വയലാർ വിപ്ലവവീര്യത്തിന് പുതിയ ഭാവം നൽകി.
47 വർഷത്തെ ഹ്രസ്വമായ ജീവിതത്തിനിടയിലാണ് ഇത്രയേറെ കാവ്യസമ്പത്ത് അദ്ദേഹം കൈരളിക്ക് സമ്മാനിച്ചത്. വയലാർ യാത്രയായപ്പോൾ കവി ഒ.എൻ.വി. കുറുപ്പ് എഴുതിയതുപോലെ, "പാതി പാടും മുൻപേ വീണ ഏതോ കിളിനാദമായി" അത് മലയാളി മനസ്സുകളിൽ ഇന്നും നൊമ്പരമായി അവശേഷിക്കുന്നു.
പ്രിയ കവി ഏഴാച്ചേരി ചോദിച്ചതു പോലെ,
‘’ഒരു കുറി പിന്നെയും വരിക നീ മലയാള
കവിത തൻ കരി മുകിൽ മുത്തേ..
നീ കൂടിയുണ്ടായിരുന്നെങ്കിൽ മറ്റെങ്ങ്
നീയിവിടെ തന്നെയില്ലേ..’’
അതെ , പ്രിയകവി വയലാർ ഇപ്പോഴും ഇവിടെ എവിടെയോ ഒക്കെ തന്നെയുണ്ട്..നമ്മുടെ ഹൃദയത്തിന്റയുള്ളിൽ അനശ്വര കാവ്യധാരയായി , അനുപമ ഗാന മധുരമായി നിറഞ്ഞു നിൽപ്പുണ്ട്.