
ചില നേതൃത്വങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഓര്‍മകള്‍ അവശേഷിപ്പിക്കും. മറ്റു ചിലത് സംഘടനയുടെ ഭാവിയിലേക്കുള്ള വഴികളില്‍ പുതിയ അടയാളങ്ങള്‍ പതിപ്പിച്ചുകൊണ്ടായിരിക്കും പടിയിറങ്ങുക. അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ എടുത്തുപറയേണ്ടത് വളര്‍ച്ചയുടെയും സംഘടനാ പരിഷ്കാരങ്ങളുടെയും സേവന പ്രവര്‍ത്തനങ്ങളുടെയും ഈടുറ്റ അധ്യായമാണ്.
85 അംഗസംഘടനകളുണ്ടായിരുന്ന ഫോമയെ 102അംഗസംഘടനകളുടെ പിന്തുണയുള്ള വിപുലമായ ഫെഡറേഷനായി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ശ്രദ്ധേയമായ നേട്ടമാണ്. അംഗസംഘടനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം സംഘടനയുടെ ജനാധിപത്യ അടിത്തറ ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ബേബി മണക്കുന്നേലും സംഘവും നല്കിയ പ്രാധാന്യം എടുത്തുപറയേണ്ടതാണ്.
ജനാധിപത്യത്തിന് കരുത്തേകിയ ബൈലോ ഭേദഗതി
സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന തിരിച്ചറിവില്‍ നടപ്പാക്കിയ ബൈലോ ഭേദഗതികള്‍ ബേബി മണക്കുന്നേലിന്റെ നേതൃത്വകാലത്തെ പ്രധാന നേട്ടങ്ങളിലൊന്നാണ്. 2025 ഒക്ടോബര്‍ 25-ന് ഫിലഡല്ഫിയയില് നടന്ന മിഡ് ടേം ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച 15 ഇന ഭേദഗതികള്‍ ഐകകണ്ഠ്യേന അംഗീകരിക്കപ്പെട്ടത് സംഘടനയുടെ ഭാവിവളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന തീരുമാനമായി.
പ്രധാനമായും റീജിയനുകളുടെ ഭൂമിശാസ്ത്രപരമായ പുനഃക്രമീകരണത്തിലൂടെ അംഗസംഘടനകള്‍ക്ക് കൂടുതല്‍ പ്രാദേശിക പങ്കാളിത്തവും സൗകര്യപ്രദമായ ഭാവികാല പ്രവര്‍ത്തന സാഹചര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം. മണിക്കൂറുകള്‍ യാത്രചെയ്ത് സംഘടനാ പരിപാടികളില്‍ പങ്കെടുക്കേണ്ടിവരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിലൂടെ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കും. ജനറല്‍ ബോഡിയുടെ അംഗീകാരത്തോടെ 17 റീജിയനുകളായി നടപ്പാക്കിയ ഈ പരിഷ്കാരം സംഘടനയുടെ സുതാര്യമായ വളര്‍ച്ചയ്ക്കും ജനാധിപത്യപരമായ മുന്നേറ്റത്തിനും സഹായകമായ ചുവടുവയ്പാണ്.
ചരിത്രത്തിന്റെ മണ്ണില്‍ രണ്ട് പ്രധാന കണ്‍വന്‍ഷനുകള്‍
ഫോമയുടെ ചരിത്രത്തില്‍ പ്രാധാന്യമേറിയ രണ്ട് പരിപാടികളായിരുന്നു കേരളത്തില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനും സംഘടനയുടെ ജന്മനാടായ ഹൂസ്റ്റണില്‍ അരങ്ങേറിയ ഒന്‍പതാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനും. കേരള കണ്‍വന്‍ഷനിലൂടെ നാട്ടുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയപ്പോള്‍, ഹൂസ്റ്റണിലെ ദേശീയ കുടുംബസംഗമം അമേരിക്കന്‍ മലയാളികളുടെ സംഘടനാ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി. നാഷണല്‍ കണ്വന്ഷന് ലഭിച്ച സ്പോണ്ര്ഷിപ്പ് സപ്പോര്‍ട്ടും രജിസ്ട്രേഷന്റെ മികവും കണ്വന്ഷന് ഭംഗിയായി നടത്തുവാന്‍ സഹായിച്ചുവെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതികള്‍ക്കുള്ള ഗോ ഫണ്ടും ഹെല്‍പ്പിങ് ഹാന്‍ഡ്സും കൂടാതെ ഏകദേശം 79,000 ഡോളര്‍ നാഷണല്‍ കണ്വന്ഷന് ശേഷം മിച്ചം വയ്ക്കാന്‍ സാധിച്ചു. ആയിരക്കണക്കിന് മലയാളികള്‍ പങ്കെടുത്ത കണ്വന്ഷന് വിജയകരമാക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തില്‍ നടന്നത്. കലാ-സാംസ്കാരിക പരിപാടികള്‍, കുടുംബസംഗമങ്ങള്‍, വിവിധ മേഖലകളിലെ പ്രതിനിധികളുടെ പങ്കാളിത്തം എന്നിവയിലൂടെ സംഘടനയുടെ കൂട്ടായ്മയ്ക്ക് പുതിയ ഊര്‍ജം പകരാന്‍ ഈ പരിപാടികള്‍ക്ക് കഴിഞ്ഞു.
ചോദ്യങ്ങള്‍ക്കു മുന്നില്‍ തുറന്ന സമീപനം
സംഘടനയുടെ തിരഞ്ഞെടുപ്പ് നടപടികളുടെ സാധുത, റീജിയന് വിഭജനം, ബൈലോ ഭേദഗതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് പൊതുവേദികളില്‍ മറുപടി നല്കാന് ബേബി മണക്കുന്നേല്‍ തയ്യാറായി. ചില അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും സംഘടനയുടെ ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ വിശദീകരിക്കുകയും അംഗസംഘടനകളുടെ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ സമീപനത്തിന്റെ സവിശേഷത.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോഴും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായിരുന്നു ഭരണസമിതിയുടെ ശ്രദ്ധ. അഭിപ്രായവ്യത്യാസങ്ങളെ മാറ്റിനിര്‍ത്തി സംഘടനയുടെ ഐക്യവും തുടര്‍ച്ചയും ഉറപ്പാക്കുകയെന്നത് ഏതൊരു നേതൃത്വത്തിന്റെയും പ്രധാന ഉത്തരവാദിത്വമാണ്. ഈ പശ്ചാത്തലത്തില്‍ ബേബി മണക്കുന്നേലിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്.
സേവനപ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയുടെ സന്ദേശം
ചാരിറ്റി പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സഹായങ്ങളും ഫോമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമാണ്. മുന്‍ ഭരണസമിതിയുടെ ഹെല്‍പ്പിങ് ഹാന്‍ഡ്സ് പദ്ധതിക്ക് തുടര്‍ച്ച നല്‍കിയതിനൊപ്പം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും മറ്റ് സഹായപ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ ഭരണസമിതി ശ്രദ്ധിച്ചു. 'അമ്മയോടൊപ്പം' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഭാവിയിലും തുടരണമെന്ന നിലപാടും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരത നല്‍കുന്നതാണ്.
കേരളത്തിലെ വിവിധ ജില്ലകളില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായിട്ടും ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വേണ്ടി 50,000 രൂപ മാറ്റി വയ്ക്കുകയും ഇതു കൂടാതെ രണ്ട് വീടുകളുടെ ഓഫര്‍ ലഭിച്ചതുകൊണ്ട് ഏഴു വീടുകള്‍ പൂര്‍ണ്ണമായും നിര്‍മ്മിക്കുന്നതിനുള്ള പണം സമാഹിരിക്കുവാന് സാധിച്ചു. വിവിധ ജില്ലകളിലായി അഞ്ചു വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി സഹകരിച്ച ഏവര്‍ക്കും ബേബി മണക്കുന്നേല്‍ നന്ദി അറിയിച്ചു. 2024-2026 എക്സിക്യൂട്ടീവ് കമ്മറ്റി പൊതുസമക്ഷം വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി നടപ്പാക്കിയിട്ടുണ്ട്. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിക്കും സാധിക്കുമാറാകട്ടെ എന്ന് ബേബി മണക്കുന്നേല്‍ ആശംസിച്ചു.
വനിതാഫോറത്തിന്റെയും യൂത്ത് ഫോറത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കിയതും ശ്രദ്ധേയമാണ്. വനിതകള്‍ക്ക് സ്വതന്ത്രമായി നേതൃത്വവും സംഘാടനമികവും പ്രകടിപ്പിക്കാന്‍ അവസരം നല്കുന്ന പരിപാടികള്‍ സംഘടനയുടെ സാമൂഹിക ഇടപെടലുകള്‍ക്ക് പുതിയ തലങ്ങള്‍ തുറന്നു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി റിട്ടയര്‍മെന്റ് സൗകര്യം ഒരുക്കുന്നതുള്‍പ്പെടെയുള്ള ആശയങ്ങള്‍ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പ്രതീക്ഷകളും നല്കുന്നു. വിശേഷാവസരങ്ങളിലും വേര്‍പാടുകളുടെ വേദനകളിലും ഫോമയുടെ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതില്‍ ബേബി മണക്കുന്നേല്‍ പുലര്‍ത്തിയ ശ്രദ്ധയും സംഘടനയുടെ മാനുഷികമുഖത്തെ അടയാളപ്പെടുത്തുന്നു.
പുതിയ നേതൃത്വത്തിന് വഴിമാറി, സൗഹൃദത്തിന്റെ കൈത്തിരിയുമായി
ഫാമിലി കണ്‍വന്‍ഷനുശേഷം ചിക്കാഗോയില്‍ സംഘടിപ്പിച്ച സൗഹൃദസംഗമം ബേബി മണക്കുന്നേലിന്റെ നേതൃത്വകാലത്തെ മറ്റൊരു ശ്രദ്ധേയമായ അധ്യായമാണ്. ഫോമയുടെ ഇന്നലകളെ ഓര്‍ത്തെടുക്കാനും ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നാളെയിലേക്കുള്ള ആശയങ്ങള്‍ പങ്കുവയ്ക്കാനും അവസരമൊരുക്കിയ സംഗമം സംഘടനയുടെ ഐക്യത്തിന് പുതിയ ഊര്‍ജം പകര്‍ന്നു.
പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ കൂട്ടായ്മ അധികാരക്കൈമാറ്റത്തിനപ്പുറം സൗഹൃദത്തിന്റെയും സംഘടനാ തുടര്‍ച്ചയുടെയും സന്ദേശമാണ് നല്‍കിയത്. തുടര്‍ന്ന് പുതിയ നേതൃത്വത്തിന് ചുമതല കൈമാറുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്ത ബേബി മണക്കുന്നേല്‍, സംഘടനയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പിന്തുണയുമായി മാറി.
സംഘടനയുടെ വളര്‍ച്ച ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ല; വിവിധ കാലഘട്ടങ്ങളിലെ നേതൃത്വങ്ങളുടെയും പ്രവര്‍ത്തകരുടെയും അംഗസംഘടനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ആ കൂട്ടായ്മയ്ക്ക് പുതിയ ദിശയും ഊര്‍ജവും നല്കാന് കഴിഞ്ഞുവെന്നതാണ് ബേബി മണക്കുന്നേലിന്റെ നേതൃത്വകാലത്തിന്റെ പ്രസക്തി.
102-ലേറെ അംഗസംഘടനകളുടെ കരുത്തും ജനാധിപത്യപരിഷ്കാരങ്ങളുടെ പിന്തുണയും സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും ഏറ്റുവാങ്ങി ഫോമ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോള്‍, ബേബി മണക്കുന്നേലിന്റെ രണ്ടുവര്‍ഷത്തെ നേതൃത്വം സംഘടനയുടെ വളര്‍ച്ചയുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരിടം നേടുന്നു.