
തന്റെ ആദ്യകാല സിനിമകളില്‍ താന്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതുമായ ചില രംഗങ്ങള്‍ ചെയ്തിരുന്നുവെന്ന് നടന് ശിവകാര്ത്തികേയന്. തനിക്ക് ഇത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്നും എന്നാല്‍ കഥ ആവശ്യപ്പെടുന്നതാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്ന് ശിവകാര്ത്തികേയന് പറഞ്ഞു. ഇപ്പോഴിതാ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മദ്യപാന, പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ശിവകാര്ത്തികേയന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
'എന്റെ ആദ്യകാല സിനിമകളില്‍ ഞാന്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതുമായ ചില രംഗങ്ങള്‍ ചെയ്തിരുന്നു. അതിനുശേഷം, കഥാപാത്രങ്ങള്‍ക്ക് അങ്ങനെയൊന്ന് ആവശ്യമില്ലാത്തപ്പോഴെല്ലാം ഞാന്‍ ഈ രംഗങ്ങള്‍ ഒഴിവാക്കി. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെ ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞ് സംവിധായകരെ ഭയപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല'.
കഥയ്ക്ക് ആവശ്യമാണെങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ചെയ്യും. എനിക്ക് പുകയോട് അലര്‍ജിയുണ്ട്. മദ്യപിക്കുന്ന രംഗങ്ങളാണെങ്കില്‍ ഞാന്‍ ജീരകവെള്ളമാണ് ആവശ്യപ്പെടാറുള്ളത്. അതിനാല്‍, എന്റെ സിനിമകളില്‍ ഞാന്‍ സ്ഥിരമായി ഈ രീതിയാണ് പിന്തുടരുന്നത്. സംവിധായകരാരും എന്നെ നിര്‍ബന്ധിച്ചിട്ടുമില്ല', ശിവകാര്ത്തികേയന് പറഞ്ഞു.
അതേസമയം, സേയോണ്‍ ആണ് ഇനി വരാനിരിക്കുന്ന ശിവകാര്ത്തികേയന് ചിത്രം. അമരന്റെ വമ്പന്‍ വിജത്തിന് ശേഷം വീണ്ടും ശിവകാര്‍ത്തികേയനുമായി കമല്‍ ഹാസന്റെ രാജ്കമല് ഫിലിംസ് കൈകോര്‍ക്കുന്ന സിനിമയാണിത്. ഒരു റൂറല്‍ മാസ് എന്റര്ടെയ്നര് ആണ് സിനിമയെന്നാണ് റിപ്പോര്‍ട്ട്. തായ് കിഴവി എന്ന ചിത്രം ഒരുക്കിയ ശിവകുമാര്‍ മുരുഗേശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണന് ആണ് സിനിമയ്ക്കായി സംഗീതം നല്‍കുന്നത്.