
എഡ്മണ്ടൻ: കനേഡിയൻ മിറർ റിഫ്ലക്ഷൻ 2026-ന്റെ ഭാഗമായി എഡ്മണ്ടൺ ബോണിഡൂൺ കമ്മ്യൂണിറ്റി ഹാളിൽ കുട്ടികൾക്കായി “ഭയമില്ലാതെ എങ്ങനെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യാം” എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു.
നിരവധി വിദ്യാർത്ഥികൾ കുടുംബാംഗങ്ങളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. ഗവൺമെന്റ് ഓഫ് ആൽബർട്ടയുടെ സീനിയർ പ്രോഗ്രാം ആൻഡ് പോളിസി അഡ്വൈസർ ഡോ. ടിബു തോമസ് ക്ലാസുകൾ നയിച്ചു.

കനേഡിയൻ മിറർ കോർഡിനേറ്റർ ശ്രീ. രാജീവ് നായർ സ്വാഗതപ്രഭാഷണം നടത്തി. ശ്രീ. കൃഷ്ണ കൈപ്പഞ്ചേരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കനേഡിയൻ മിറർ മാനേജിംഗ് ഡയറക്ടർ ശ്രീ. ജോൺസൺ കുരുവിള നന്ദിപ്രകാശനം നടത്തി.
തുടർന്ന് “അഗ്നി ദ മാജിക്കൽ ഓർക്കസ്ട്ര” അവതരിപ്പിച്ച സംഗീതവിരുന്നും ടി-സ്റ്റുഡിയോ, നടന ഡാൻസ് അക്കാദമി എന്നിവ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.
വാർത്ത : ജോസഫ് ജോൺ കാൽഗറി