Image

സഞ്ചാരികൾ നാം... (ദ്വിതീയാക്ഷരപ്രാസ കവിത: അൻവർ ഷാ ഉമയനല്ലൂർ)

Published on 26 October, 2026
സഞ്ചാരികൾ നാം... (ദ്വിതീയാക്ഷരപ്രാസ കവിത: അൻവർ ഷാ ഉമയനല്ലൂർ)

പുഞ്ചിരിയേകുവാനിന്നേ കഴിയൂ; നിൻ
സഞ്ചാരവീഥിയുണർത്തുന്നു സാദരം;
മഞ്ചാടിവർണ്ണത്തിലെഴുതുന്ന ഗാഥയാൽ
സഞ്ചാരിമാത്രമെന്നോതുന്നു പുലരികൾ.

പഞ്ചാമൃതംപോലെയമ്മതന്നമൃത്, നിൻ
ചെഞ്ചുണ്ടിനാൽ നുകർന്നില്ലെയാ ശൈശവം
പിഞ്ചിളം കരളിലുന്മേഷം പകർന്നതും;
നെഞ്ചിൽത്തളിർക്കുന്നതില്ലെ നിൻ ബാല്യവും?

തഞ്ചത്തിലെല്ലാം മറക്കുന്നു, നാം, വൃഥാ
മഞ്ചൽച്ചുമക്കുവാൻ കാത്തിരിപ്പൂ സദാ
വഞ്ചനാലോകമായിരുളുന്ന കാലമേ,
നെഞ്ചുണർത്തുന്നു; നിൻ വാർദ്ധ്യക്യ കാലവും.

ബഞ്ചിലിരുന്നു പഠിച്ചകാലത്തു നാം
നെഞ്ചേറ്റിയൊരുപാടു കാരുണ്യ,കടമകൾ
ഇഞ്ചികടിച്ചപോലിന്നിൻ തലമുറ
പഞ്ചാബിലേക്കകറ്റീടുന്നു നന്മകൾ.

പുഞ്ചിരിക്കില്ല,നാ,മാർത്തിപ്പണത്തിനായ്
നെഞ്ചിൻ നെരിപ്പോടുലയ്ക്കുന്നതാംവിധം
അഞ്ചരയ്ക്കവസാന വണ്ടിയിൽക്കേറ്റുവാൻ
സഞ്ചിയും തൂക്കിയിരിക്കുന്ന മക്കളായ്.

പഞ്ചസാരയ്ക്കായ് കരഞ്ഞ നിൻ ശൈശവം
മഞ്ച് വാങ്ങിക്കാൻ ശഠിച്ച നിൻ ബാല്യകം
ഇഞ്ചുകളേറേ വളർന്ന നിൻ യൗവ്വനം
നെഞ്ചുരുകിയൻപോടുണർത്തുന്നു തായ്മനം.

അഞ്ചുനേരം നീ നമസ്ക്കരിപ്പെങ്കിലും
നഞ്ചുനിറഞ്ഞതാം ഹൃദയത്തെയറിയുവോൻ
പുഞ്ചിരിയുണരാത്ത മാതാപിതാക്കൾതൻ
നെഞ്ചുരുകുന്നതറിയുന്നതറിയുക.

പഞ്ചഗുസ്തിയ്ക്കല്ല; സഹനാർദ്ര ജീവിത-
വഞ്ചിതുഴഞ്ഞക്കരേക്കന്നയച്ചവർ
സഞ്ചിത സംസ്ക്കാരമോതിയുണർത്തിയോർ
തുഞ്ചത്തു മിഴിനീരുമായിന്നു,നീറുന്നു.

പഞ്ചതന്ത്രക്കഥയല്ലെന്റെ ലോകമേ,
ഇഞ്ചിഞ്ചായിത്തളരുന്നു മനസ്സുകൾ
ചഞ്ചല ചിത്തരായ്ത്തീരുന്നു യുവതകൾ
നെഞ്ചി,ലിറ്റില്ലയിന്നലിവിൻ പുലരികൾ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക