Image

'എന്റെ അച്ഛൻ തട്ടുകടക്കാരനല്ലേ, അവൻ ജഡ്ജിയുടെ മകനല്ലേ'; സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം; 17 കാരൻ കാർ ഓടിച്ചത് 104 കി.മീ വേഗത്തിൽ

Published on 25 October, 2026
'എന്റെ അച്ഛൻ തട്ടുകടക്കാരനല്ലേ, അവൻ ജഡ്ജിയുടെ മകനല്ലേ'; സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം; 17 കാരൻ കാർ ഓടിച്ചത് 104 കി.മീ വേഗത്തിൽ

കൊച്ചി: ചേരാനല്ലൂര്‍ അപകടത്തില്‍ പ്രതിഷേധവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് ജയബാലകൃഷ്ണന്റെ മക്കള്‍ ഉപരോധം ഇരിക്കുന്നത്. അപകടത്തിന് കാരണക്കാരനായ 17കാരന് ജാമ്യം അനുവദിച്ചതിലും പിതാവായ ജില്ലാ ജഡ്ജിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുമാണ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. 

അച്ഛന്‍റെ മൃതശരീരം വിട്ട് കിട്ടും മുമ്പാണ് വണ്ടിയിടിച്ചുകൊന്നവന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതെന്ന് മക്കള്‍ രൂക്ഷമായി പറഞ്ഞു. തങ്ങളുടെ അച്ഛന്‍ തട്ടുകടക്കാരന്‍ ആയതുകൊണ്ടല്ലേ. അവന്‍ ജഡ്ജിയുടെ മകനല്ലേ. രണ്ട് ഇവിടെ രണ്ട് നിയമം ആണോ. ഇത്രയും സമയം വന്നിരുന്നിട്ടും ഒരക്ഷരം പൊലീസുകാര്‍ പ്രതികരിച്ചിട്ടില്ലെന്നും മക്കള്‍ പറയുന്നു.

'ഞങ്ങള്‍ ഇത്രസമയം ഇരുന്നിട്ടും ഏമാന്മാര്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഞാനും എന്റെ അച്ഛനും ഒരുനാള്‍ ഇവിടെ പരാതി കൊടുക്കാന്‍ വന്നപ്പോള്‍ ഇവര്‍ പെരുമാറിയതിന്റെ വീഡിയോ ഇപ്പോഴും എന്റെ കയ്യിലുണ്ട്. അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്. ഇവരോട് എന്റെ അച്ഛനെ കൊന്നവരെ എന്തിന് വിട്ടുവെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടിയില്ല. എന്റെ അച്ഛന്റെ ചിതപോലും കത്തി തീര്‍ന്നിട്ടില്ല. എന്നിട്ടാ്ണ് ഇവിടെ വന്ന് സംസാരിക്കുന്നത്. അവര്‍ക്ക് മനുഷ്യത്വം ഇല്ല. നീതിക്കായി ഏതറ്റം വരെയും പോകും. കാരണം ഞങ്ങള്‍ക്ക് ഒറ്റ തന്തയേ ഉള്ളൂ. അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്', മക്കള്‍ പറഞ്ഞു.

ഇതിനിടെ പ്രതിയായ 17 കാരനെ ജാമ്യം നൽകി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്‍റെ മകൾ തളർന്നുവീണു. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ മകളടക്കമുള്ള കുടുംബാംഗങ്ങൾ കുത്തിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് മകൾ തള‍ർന്നുവീണത്.

 അതേസമയം, വാഹനാപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കേസിൽ പ്രതിയായ 17കാരൻ ഓടിച്ച കാർ അമിത വേഗത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.104 കിലോമീറ്റർ സ്പീഡിൽ ആണ് കാര്‍ ഓടിച്ചതെന്നാണ് നിഗമനം. വേഗതയുടെ ദൃശ്യങ്ങൾ 17കാരരന്‍റെ മൊബൈലിൽ കണ്ടെത്തി. പ്രതിക്കെതിരെ 181,183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം രാത്രി വൈകിയും തുടരുകയാണ്. പ്രതിഷേധവുമായി കൂടുതൽ സംഘടനകൾ രംഗത്ത് വരുന്നുണ്ട്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

അപകടത്തിന് പിന്നാലെ പിടിയിലായ 17കാരന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിലാണ് കുടുംബത്തിന്‍റെ പ്രതിഷേധം. 17 കാരന്‍റെ അച്ഛനായ ജഡ്ജിക്കെതിരെ കേസെടുക്കണമെന്നടക്കമുള്ള ആവശ്യങ്ങളാണ് കുടുംബം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ജഡ്ജി അപകടത്തിന് പിന്നാലെ ധാർഷ്ട്യത്തോടെ സംസാരിച്ചെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്നാണ് ജഡ്ജി പറഞ്ഞതെന്നും സംഭവത്തിൽ ജഡ്ജിക്കെതിരേയും കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.

 നേരത്തെ സി പി എം, ഡി വൈ എഫ് ഐ, ബി ജെപി, യുവമോർച്ച പ്രവർത്തകരും വിവിധ സമയങ്ങളിലായി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. ജഡ്ജിയുടെ സ്വാധീനത്തിലാണ് 17 കാരനായ മകന് പൊലീസ്, സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നാണ് ആരോപണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക