Image

അ(ന)ന്തരം (കവിത: രമാ പിഷാരടി)

Published on 25 October, 2026
അ(ന)ന്തരം (കവിത: രമാ പിഷാരടി)

കൊഴിയുന്നു മഞ്ചാടി, പഴയഗ്രാമത്തിൻ്റെ

വഴികളിന്നോർമ്മകൾ മാത്രമായി

പഴയ ഞാനില്ല, നീയില്ല പണ്ടേപ്പോലെ

മഴമരത്തണൽ മാത്രമിന്നുമുണ്ട്

 

കടൽ ശാന്തമെങ്കിലും, പ്രളയജാലത്തിൻ്റെ

ഭ്രമലയം തീരത്തിലിന്നുമുണ്ട്

നദിയൊഴുക്കിൻ മന്ദഹാസത്തിനരികിലായ്

കയമതൊന്നന്നുമുണ്ടായിരുന്നു

 

പഴിപറഞ്ഞോരോയിടങ്ങളിൽ ചേരി-

ചേർന്നൊടുവിലെ വാക്കും മരിച്ചു വീണു

മരവിച്ച വാക്കിനെ കാന്തത്തിലെന്ന പോൽ

പരിപാലനം ചെയ്ത  ഭൂമിപോലെ

 

വിറകൊള്ളുമാവാക്ക് കയ്യാലെടുത്തു നീർ-

ക്കണമൊന്നിലായ് ചേർത്ത് നെയ്തിടുമ്പോൾ

ഹൃദയമില്ലാത്ത പോൽ നിന്നവർക്കപ്പുറം

കനവൊന്ന് തന്നതാകാശമാണ്

 

നിറയെ നക്ഷത്രങ്ങൾ കൺപീലിനനവിൻ്റെ

കഥയിലുണ്ടായിരുന്നാപ്രാർത്ഥന

ഇരുളുന്ന കാലം കടക്കുന്ന നേരത്ത്

മുഖപടങ്ങൾ തീയെറിഞ്ഞ് പോയി

 

അരികിലൊരു മഴമരത്തണലുണ്ട്

വാക്കുണ്ട്, ഹൃദയമുള്ളോർ കേട്ട് നില്പതുണ്ട്

ഇനിയെന്ത്, നാളെയെന്നോർക്കാതെ പാടുന്ന

ഒരു പക്ഷിയുണ്ടതിൽ കൂട്ടിനായി..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക