
തുലാ മഴയിൽ
വീണ്ടും
ഓർമ്മച്ചെപ്പ്
തട്ടി മറിഞ്ഞു നനഞ്ഞു
കുതിർന്നപ്പോൾ
ഹൃദയം പണയം നൽകി
ആകാശത്തോടവൾ
കടം ചോദിച്ചത് ഒന്ന് മാത്രം
ആത്മാവായ
ഒരു നക്ഷത്രം .
അന്യർയ്ക്കായി ഉദിച്ച്
അന്യന്റെ ആകാശം
മാത്രം
വർണ്ണാഭമാക്കിയ
ഒരു നക്ഷത്രം.
സ്വയം വെളിച്ചമായുരുകിത്തീരവേ .
സ്വന്തം ആകാശത്തിലെ
തമോഗർത്തത്തിൽ
അറിയാതെ
വീണു പോയൊരു
വിപ്ലവ നക്ഷത്രം.
താനില്ലാതായ ഭൂമിയിൽ
തനിക്കു മാത്രമേ
വിലയുണ്ടായിരുന്നുള്ളൂ
എന്ന് വ്യഥ പൂണ്ട
നക്ഷത്രം.
ആകാശ ജാലകത്തിനും
ഭൂമി വാതിലിനുമിടയിൽ
ഓർമ്മകൾക്കും
മറവികൾക്കുമിടയിൽ
മരണം പോലെ
തനിയെ
ഒരു ജീവിതം
കുരുങ്ങിപ്പോയതറിഞ്ഞ
ഒരേകാന്ത നക്ഷത്രം.